1881ൽ ബ്രിട്ടീഷിന്ത്യയിൽ ആരംഭിച്ച സെൻസസ് എന്ന കാനേഷുമാരി കണക്കെടുപ്പ് ഇക്കൊല്ലം പതിനാറാമതായി നടക്കാനിരിക്കെ 1931ലെ സെൻസസോടുകൂടി നിർത്തലാക്കിയ ജാതി കണക്കെടുപ്പ് പുനരാരംഭിക്കണമെന്ന ആവശ്യം ഒ.ബി.സി അഥവാ മറ്റു പിന്നാക്ക വിഭാഗങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായി ഉയരുകയാണ്. തദാവശ്യാർഥം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നിവേദനം നൽകിയ സംഘത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ, പ്രതിപക്ഷ നേതാവ് ആർ.ജെ.ഡിയുടെ തേജസ്വി യാദവ്, കോൺഗ്രസ് നേതാവ് അജിത് ശർമ, ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതിൻ റാം മാഞ്ചി, എം.ഐ.എമ്മിലെ അക്തറുൽ ഈമാൻ എന്നിവരടക്കം ബിഹാറിലെ സർവകക്ഷി പ്രതിനിധികളും ഉൾപ്പെട്ടിരുന്നു.
ബി.ജെ.പി നേതാവ് ജനക്റാമും ജാതി സെൻസസ് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയുണ്ടായി. ബിഹാറിൽനിന്നുള്ള കക്ഷി നേതാക്കളാണ് തൽക്കാലം പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടതെങ്കിലും ദേശീയതലത്തിൽ തന്നെ ജാതി തിരിച്ച സെൻസസ് നടത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. 1931 ലെ സെൻസസ് വരെ ജാതികളുടെ ജനസംഖ്യ വേർതിരിച്ചുകാണിക്കുന്ന കണക്കെടുപ്പ് നടത്തിയിരുന്നതാണ്. ഇപ്പോഴും പട്ടികജാതി, പട്ടികവർഗങ്ങളുടെ കണക്ക് സെൻസസിൽ നിലവിലുണ്ടുതാനും. പിന്നീടത് എന്തുകൊണ്ട് നിർത്തലാക്കി എന്നും പുനരാരംഭിച്ചാൽ എന്താണ് കുഴപ്പമെന്നും ചോദിച്ചാൽ വ്യക്തവും കൃത്യവുമായ മറുപടി ഉത്തരവാദപ്പെട്ടവരിൽനിന്ന് ലഭിക്കുക ഏറെ പ്രയാസകരമാവും.
ജാതിരഹിത ഭാരതീയ സമൂഹമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന വിശദീകരണമാണ് ഇപ്പോൾ ഭരണത്തിലിരിക്കുന്ന ഹിന്ദുത്വവാദികൾക്ക് നൽകാനുള്ളത്. ഭാരതത്തിലെ ജനങ്ങളെല്ലാം ഭാരതീയരാണെന്ന നിലപാട് ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ നട്ടെല്ലായ ആർ.എസ്.എസ് ആവർത്തിച്ചു വ്യക്തമാക്കിയതാണ്. സമീപകാലത്തായി ഇപ്പോഴത്തെ സർസംഘ്ചാലക് മോഹൻഭാഗവത് ഇന്ത്യൻ മുസ്ലിംകളെയും ഹിന്ദു സമൂഹത്തിന്റെ ഭാഗമായി എണ്ണാറുണ്ട്. മതവിശ്വാസം ഏതായാലും ഭാരതീയ ദേശീയതയെ അംഗീകരിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന വാദമാണ് അദ്ദേഹത്തിേൻറത്. അതെന്തായാലും രണ്ടു സഹസ്രാബ്ദങ്ങളെങ്കിലും പഴക്കമുള്ള ജാതീയത ഇന്ത്യൻ സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും അഭേദ്യമെന്നുതന്നെ പറയാവുന്നവിധം ഭാഗമായിക്കഴിഞ്ഞിരിക്കെ അതിന്റെ ഉന്മൂലനത്തിനുവേണ്ടി പ്രായോഗികതലത്തിൽ ഒരു നടപടിയും സ്വീകരിക്കാൻ കഴിയാതെപോയ സംഘ്പരിവാറിന് ഇപ്പോൾ െസൻസസിന്റെ കാര്യത്തിൽ മാത്രം യാഥാർഥ്യനിഷ്ഠമല്ലാത്ത നയം തുടരാനുള്ള കാരണം വേറെത്തന്നെ അന്വേഷിക്കേണ്ടിവരും. അപ്പോഴാണ് ഒ.ബി.സി ജാതികളുടെ വേർതിരിച്ച കണക്കുമാത്രം പുറത്തുവന്നുകൂടെന്ന ശാഠ്യത്തിന്റെ ഉള്ളുകള്ളി വെളിച്ചത്താവുക.
മൊത്തം ജനസംഖ്യയിൽ 25.2 ശതമാനം വരുന്ന പട്ടികജാതി/പട്ടികവർഗത്തിന്റെ വിദ്യാഭ്യാസപരവും ഉദ്യോഗപരവും നിയമനിർമാണ സഭകളിലെ പ്രാതിനിധ്യപരവുമായ സംവരണം ഭരണഘടനയുടെ ഖണ്ഡികകളിലൂടെ ഉറപ്പാക്കപ്പെട്ടിരിക്കെ അതിന്മേൽ തൊട്ടുകളിക്കുക തൽക്കാലം നടപ്പുള്ള കാര്യമല്ല. എന്നാൽ, സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കംനിൽക്കുന്ന വിഭാഗങ്ങൾ അഥവാ ഒ.ബി.സി കൂടി സംവരണത്തിന് അർഹരാണെന്ന ഭരണഘടന നൽകുന്ന ഉറപ്പ് പലപ്പോഴും പല സംസ്ഥാനങ്ങളിലും ഭരിക്കുന്നവരുടെ ഇംഗിതത്തിനൊത്ത് മാറ്റത്തിരുത്തലുകൾക്ക് ശരവ്യമായിട്ടുണ്ട്. തദ്സംബന്ധമായ പരാതികളും വിവാദങ്ങളും ഇപ്പോഴും സജീവമാണ്. ജനത സർക്കാർ നിയോഗിച്ച മണ്ഡൽ കമീഷൻ ഒ.ബി.സിയുടെ ജനസംഖ്യാനുപാതം 52 ശതമാനമാണെന്ന് കണ്ടെത്തുകയുണ്ടായി. പക്ഷേ, അതിലെ ശിപാർശകൾ അട്ടത്തുവെക്കുകയായിരുന്നു കോൺഗ്രസ് സർക്കാർ. ഭരണം വി.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള ജനതാദൾ സർക്കാറിന്റെ കൈകളിലെത്തിയപ്പോഴാണ് 27 ശതമാനം ഒ.ബി.സി സംവരണം നടപ്പാക്കാൻ നടപടി സ്വീകരിച്ചതും കോൺഗ്രസ്-ബി.ജെ.പി പാർട്ടികളിലെ സവർണർ ചേർന്ന് പ്രസ്തുത സർക്കാറിനെ അട്ടിമറിച്ചതും.
പുതിയ സെൻസസിലൂടെ മറ്റു പിന്നാക്ക സമുദായങ്ങളുടെ യഥാർഥ കണക്ക് കൺമുമ്പാകെ വന്നാൽ കേന്ദ്ര-സംസ്ഥാന സർവിസുകളിലെ സവർണ കുത്തക അനിഷേധ്യമായി വെളിപ്പെടും. ജനസംഖ്യാപരമായി ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങൾക്ക് ലഭിക്കേണ്ട ഭരണഘടനാദത്തമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിെൻറ നഗ്നമായ ചിത്രം തെളിയും. ഇതാകട്ടെ, ഏറ്റവും അലോസരപ്പെടുത്തുക സവർണ മേധാവിത്വത്തെയാവും എന്നതും സുനിശ്ചിതമാണ്. കൂടാതെ, പല സംസ്ഥാനങ്ങളിലും ചില ജാതികൾ പിടിച്ചുവാങ്ങിയ അമിത പ്രാതിനിധ്യവും ശക്തമായി ചോദ്യം ചെയ്യപ്പെടും. അപ്പോൾ പിന്നെ അത്തരമൊരു കണക്കേ ഇല്ലെന്ന് നടിക്കലാണല്ലോ ബുദ്ധി. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ്റായി ഒരു ചോദ്യത്തിനുത്തരമായി ലോക്സഭയിൽ പറഞ്ഞത്: 'എസ്.സി.എസ്.ടിയുടേതല്ലാത്ത ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് എടുക്കേണ്ടതില്ലെന്നത് സർക്കാറിന്റെ നയപരമായ തീരുമാനമാണ്.'' പക്ഷേ, നാഷനൽ സാമ്പിൾ സർവേ തുടരുന്നേടത്തോളം കാലം വിവിധ ജാതികളുടെ ജനസംഖ്യ പൂർണമായി തമസ്കരിക്കുക സാധ്യമല്ല.
കൃത്യമായ കണക്ക് ലഭ്യമാവില്ല എന്നേയുള്ളൂ. മതം തിരിച്ച കണക്ക് സെൻസസിൽ രേഖപ്പെടുത്തുന്നുണ്ടെന്നിരിക്കെ ജാതി ഒഴിവാക്കുന്നതിലെ യുക്തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. യഥാർഥത്തിൽ ഇന്ത്യക്കു വേണ്ടത് ജാതി, സമുദായഭേദം കൂടാതെ സർവ മനുഷ്യർക്കും തുല്യ സാമൂഹികനീതിയും പരിഗണനയും ഉറപ്പുവരുത്തുന്ന രാഷ്ട്രീയ സാമൂഹിക സംവിധാനമാണ്. നാൾക്കുനാൾ വിഭാഗീയതക്കും ധ്രുവീകരണത്തിനും തീപിടിപ്പിക്കാൻ നോമ്പും നോറ്റിരിക്കുന്നവർക്ക് അതേപ്പറ്റി ചിന്തിക്കാൻപോലും ആവില്ലെന്നതു വേറെ കാര്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.