കൊടുംവേനലിനെയും വരൾച്ചയെയും ചെറുക്കാൻ സംസ്ഥാന സർക്കാർ കൃത്രിമ മഴയെക്കുറിച്ച് ആലോചിച്ചത് കൃത്യം രണ്ടു വർഷം മുമ്പാണ്. 2017 മാർച്ച് ഏഴിന് ചേർന്ന നിയമസഭ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇൗ ആശയം മുന്നോട ്ടുവെച്ചത്. തലേ വർഷത്തെ മഴക്കുറവ്, വേനൽ മഴയുടെ അഭാവം തുടങ്ങി ഒേട്ടറെ കാരണങ്ങളാൽ മൺസൂൺ വരെ മുന്നോട്ടു പോക ുന്നതിന് മറ്റൊരു പോംവഴിയും ഇല്ലാത്ത സാഹചര്യത്തിലായിരുന്നു ഇങ്ങനെ ഒരു ചർച്ച. 2016 മാർച്ച് -ഏപ്രിൽ മാസങ്ങളിൽ ആയിരുന്നല്ലോ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടിയ താപനില േരഖപ്പെടുത്തിയത്. 2017 ലും ഇതാവർത്തിക്കാമെന്ന ആശങ്കയും സർക്കാറിനുണ്ടായിരുന്നിരിക്കണം. പക്ഷേ, വിദഗ്ധർ അത്തരമൊരു ആശയത്തിെൻറ പ്രായോഗികത തള്ളിയതോടെ ആ ചർച്ച അധികം നീണ്ടില്ല. ആ വർഷം കേരളം വരൾച്ചയുടെ ദുരിതത്തിൽ ആഴ്ന്നുപോകുകയും ചെയ്തു. തൊട്ടടുത്ത വർഷം ഇൗ നാട് സാക്ഷ്യംവഹിച്ചത് ഏറ്റവും വലിയ പ്രളയത്തിനാണ്. ആ ദുരിതക്കയത്തിൽനിന്ന് പൂർണമായും കരകയറും മുമ്പ്, ഇപ്പോഴിതാ വരൾച്ചയുടെ വ്യക്തമായ സൂചന നൽകി കേരളത്തിൽ ഉഷ്ണക്കാറ്റ് വീശിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അസാധാരണ കാലാവസ്ഥ പ്രതിഭാസങ്ങളുടെ തുടർച്ചയായി വേണം മലബാർ മേഖലയിൽ ഇപ്പോൾ താരതമ്യേന ശക്തമായ ഇൗ താപവാത പ്രവാഹത്തെ കാണാൻ.
ശരാശരി ഉൗഷ്മാവിനെക്കാൾ അഞ്ച് ഡിഗ്രി ഉയർന്ന അളവിൽ തുടർച്ചയായി അഞ്ചു ദിവസം ചൂട് അനുഭവപ്പെട്ടാൽ അതിനെ ഉഷ്ണ തരംഗമായി കണക്കാക്കാമെന്നാണ് വിദഗ്ധ മതം. കോഴിക്കോടും പാലക്കാടും ഇത്തരത്തിൽ ചൂടും ആർദ്രത കൂടിയ കാലാവസ്ഥയും അനുഭവപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഉഷ്ണതരംഗങ്ങൾക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ വർഷം തെലങ്കാനയിലും രാജസ്ഥാനിലും വലിയ തോതിൽ ഉഷ്ണതരംഗങ്ങൾ ആഞ്ഞടിച്ചിരുന്നു. 400 ലധികം പേരാണ് അന്നവിടെ മരിച്ചുവീണത്. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് ഉഷ്ണതരംഗത്തിൽ 8000ത്തിലധികം പേർ മരിച്ചുവെന്നാണ് കണക്ക്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാവുന്ന പ്രകൃതി പ്രതിഭാസം കൂടിയാണിത്. എന്നിട്ടും അത് ഭരണ കൂടത്തിെൻറ പ്രകൃതി ദുരന്തങ്ങളുടെ പട്ടികയിൽ ഇനിയും ഉൾപ്പെട്ടിട്ടില്ല. അഥവാ, ആഗോളതാപനത്തിെൻറയും കാലാവസ്ഥ വൃതിയാനത്തിെൻറയും പ്രതിഫലനമെന്നോണം ഒരു ദശകത്തിലധികമായി രാജ്യത്ത് അനുഭവപ്പെടുന്ന അസാധാരണ പ്രതിഭാസത്തെ അഭിമുഖീകരിക്കുന്നതിനുള്ള നടപടികളൊന്നും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടിെല്ലന്ന് ചുരുക്കം. അതത് സമയങ്ങളിൽ കാലാവസ്ഥ ഗവേഷണ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പുകൾക്കും അതിെൻറ ചുവടുപിടിച്ചുള്ള ആരോഗ്യ ജാഗ്രതാ സന്ദേശങ്ങൾക്കുമപ്പുറം, മാറുന്ന കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള പദ്ധതികൾ ഇനിയും ആവിഷ്കരിച്ചിട്ടു വേണം.
കാലാവസ്ഥാ നിർണയത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് താപനില. താപനിലയിലുണ്ടാവുന്ന അപ്രതീക്ഷിതവും അസാധാരണവുമായ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ ദൂരവ്യാപകമായ ദുരന്തങ്ങൾക്ക് വഴിവെക്കും. കടലിലും തിരയിലും ഇൗ മാറ്റങ്ങൾ ഇന്ന് പ്രകടമാണ്. കടൽനിരപ്പ് ക്രമാതീതമായി വർധിച്ച് ചില ദേശങ്ങൾ തന്നെ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായതും എൽനിനോ പോലുള്ള പ്രതിഭാസങ്ങളും നമുക്ക് മുന്നിലുണ്ട്. ഇതിെൻറയൊക്കെ അനുരണനങ്ങൾ തന്നെയാണ് ഇൗ ഉഷ്ണതരംഗങ്ങളും എന്ന് സമർഥിക്കുന്ന നിരവധി പഠനങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ഇൗ കാലാവസ്ഥക്കനുസൃതമായ ക്രമീകരണങ്ങൾ ശീലിക്കുക എന്നതാണ് ഇൗ സാഹചര്യത്തിലെ ഏറ്റവും വലിയ പ്രതിരോധം. ഇൗ മാറ്റങ്ങൾക്കു പിന്നിൽ മനുഷ്യകരങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിന് തടയിടുക എന്നതാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം. മറ്റൊന്ന്, കാലങ്ങളായി തുടർന്നുവരുന്ന ജീവിതശൈലികളിലുള്ള സമഗ്രമായ മാറ്റങ്ങളാണ്. സന്തുലിതമായ കാലാവസ്ഥയിൽനിന്നും അതിതീവ്ര കാലാവസ്ഥയിലേക്ക് കേരളം മാറിയിരിക്കുന്നു എന്ന യാഥാർഥ്യം നാം ഉൾക്കൊണ്ടേ മതിയാവൂ. ഇൗ മാറ്റങ്ങൾക്കനുസരിച്ച് നമ്മുടെ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ സമയക്രമങ്ങളടക്കം പുനർനിശ്ചയിക്കേണ്ടതുണ്ട്. ഇതിനായി അത്യുഷ്ണ രാജ്യങ്ങളേയും അതിശൈത്യ ദേശങ്ങളേയും മാതൃകയാക്കാവുന്നതാണ്. സൂര്യാതപമേൽക്കാൻ സാധ്യതയുള്ള തൊഴിലിടങ്ങളിൽ ഇപ്പോഴത്തെ ഉഷ്ണതരംഗ പശ്ചാത്തലത്തിൽ സമയക്രമം പുനർനിശ്ചയിച്ചത് പര്യാപ്തമാവില്ല. സമയക്രമീകരണങ്ങളിലുള്ള ഇൗ മാറ്റം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. ആരോഗ്യമേഖലയിൽ കാലങ്ങളായുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കും അഴിച്ചുപണി ഇൗ ഘട്ടത്തിൽ ആവശ്യമാണ്. സംസ്ഥാനത്തും ചിക്കൻപോക്സ് പടരുകയാണ്. ഏതാനും പേർ മരണപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാറിയ സാഹചര്യത്തിൽ പുതിയ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഇൗ മാറ്റം സമസ്ത മേഖലയിലും അനിവാര്യമാണ്. അത്തരത്തിലുള്ള ഒരു പുതിയ ‘പഞ്ചാംഗ’ത്തിലൂടെ മാത്രമേ അസാധാരണ കാലാവസ്ഥാ പ്രതിഭാസങ്ങളെ നമുക്ക് അതിജീവിക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.