ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരെ ദേശീയ വനിത കമീഷൻ ൈലംഗികാതി ക്രമത്തിന് സ്വമേധയാ കേസെടുത്തിരിക്കുന്നു. പാലക്കാട് ജില്ലയിലെ മുതിർന്ന സി.പി.എം നേതാവിനെതിരെ പാർട്ടി യുവജനവിഭാഗം പ്രവർത്തകയായ യുവതി, പാർട്ടി ദേശീയ ജനറൽ സെക്രട്ടറിക്ക് നൽകിയ പരാതി പുറത്തായതോടെ തന്നെ പൊതുപ്രവർത്തകനും ജനപ്രതിനിധിയുമായ നേതാവിനെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞിരുന്നു. എന്നാൽ, പാർട്ടി പ്രവർത്തക, മുതിർന്ന നേതാവിനെതിരെ ദേശീയ സെക്രട്ടറിക്ക് നൽകിയ പരാതി എന്ന നിലയിൽ സംഭവത്തെ പാർട്ടിക്കാര്യമായി ഒതുക്കിത്തീർക്കാനുള്ള ശ്രമം നടന്നുവരുകയായിരുന്നു. എം.എൽ.എക്കെതിരെ കെ.എസ്.യു, യുവമോർച്ച സംഘടനകൾ നൽകിയ പരാതി ഡി.ജി.പി ലോക്നാഥ് ബെഹ്റ റേഞ്ച് െഎ.ജിക്ക് കൈമാറിയിട്ടുമുണ്ട്.
സ്ത്രീപീഡനക്കേസുകളുടെ സ്വാഭാവികഗതിയനുസരിച്ച് എം.എൽ.എ കേസിൽ കുടുങ്ങേണ്ടതാണ്. കഴിഞ്ഞ വർഷം ഇടതുമുന്നണി മന്ത്രിസഭയിലെ അംഗത്തെ കുരുക്കിയ കേസിനേക്കാൾ ഗൗരവമുള്ളതാണ് എം.എൽ.എക്കെതിരായ പരാതി. നടിയെ ആക്രമിച്ച കേസിൽ പ്രമുഖനടൻ ദിലീപിനെ അറ്സ്റ്റ് ചെയ്ത് 88 ദിവസം ജയിലിലടച്ചതും സമീപവാസിയായ വീട്ടമ്മയോട് ഫോണിൽ അപമര്യാദയായി പെരുമാറിയതിന് കോവളം എം.എൽ.എയെ അറസ്റ്റ് ചെയ്ത് 34 നാൾ ജയിലിലിട്ടതും ഇടതുഗവൺമെൻറിെൻറ കാലത്താണ്. കോൺഗ്രസ് എം.എൽ.എയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഭരണകക്ഷികൾ പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. നടനെ അനുകൂലിച്ചതിന് മുന്നണിക്കൊപ്പം നിൽക്കുന്ന എം.എൽ.എമാർക്ക് ശാസന ഏറ്റുവാങ്ങേണ്ടി വന്നു. എന്നാൽ , ഇക്കണ്ട ആവേശം സംസ്ഥാനസർക്കാറിനെ നയിക്കുന്ന സി.പി.എം കാണിക്കുന്നില്ലെന്നു മാത്രമല്ല, പാർട്ടി നേതൃത്വവും മന്ത്രിസഭയിലെ പ്രമുഖരുമൊക്കെ കുറ്റാരോപിതനെ രക്ഷപ്പെടുത്താൻ കച്ചമുറുക്കിയ മട്ടാണ്. ഭരണകക്ഷി എം.എൽ.എയുടെ പീഡനത്തിനെതിരെ നിയമത്തിെൻറ വഴിയിൽ നേരാംവണ്ണം മുന്നോട്ടുപോകണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തിനിറങ്ങുകയാണ് പ്രതിപക്ഷകക്ഷികൾ. സമാനമായ മറ്റൊരു പീഡനക്കേസിൽ തൃശൂർ ഇരിങ്ങാലക്കുടയിലെ ഡി.വൈ.എഫ്.െഎ നേതാവിനെസംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നുൾപ്പെടെ സസ്പെൻഡ് ചെയ്തിരിക്കുന്നു. സി.പി.എം യുവജനവിഭാഗത്തിെൻറ ലോക്കൽ കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് ജോ.സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്ന നേതാവിനെതിരെ പീഡനത്തിനിരയായ യുവതിയുടെ അമ്മ ലോക്കൽ കമ്മിറ്റിക്ക് പരാതി നൽകിയതിനെ തുടർന്നായിരുന്നു പാർട്ടിതല അന്വേഷണവും നടപടിയും. ഇയാൾക്കെതിരെ െപാലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുമുണ്ട്. ബ്ലോക്ക് നേതാവിനെതിരെ അതിവേഗം നടപടിയിലേക്കു തിരിഞ്ഞ പാർട്ടി ഷൊർണൂർ എം.എൽ.എയുടെ കാര്യത്തിൽ പുറന്തിരിഞ്ഞു നിൽക്കുകയാണ്. തികച്ചും സാേങ്കതികമായ തൊടുന്യായങ്ങൾ പറഞ്ഞാണ് സി.പി.എം ഒരു ക്രിമിനൽ കുറ്റാരോപിതനെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്.
പീഡനത്തിനിരയായ സ്ത്രീ തെളിവുസഹിതം പാർട്ടിയുടെ ജില്ല കമ്മിറ്റിയിൽ പരാതി നൽകി. അവഗണിക്കപ്പെട്ടപ്പോൾ സംസ്ഥാന സെക്രട്ടറിയെ, തുടർന്ന് വനിത പോളിറ്റ് ബ്യൂറോ അംഗത്തെ സമീപിച്ചു. എല്ലാം വിഫലമായപ്പോഴാണ് പാർട്ടിയുടെ പരമോന്നത നേതൃത്വത്തിനു പരാതി നൽകിയത്. പരാതി കൈപ്പറ്റിയതായി ദേശീയ ജനറൽ സെക്രട്ടറി ശരിവെച്ചു. മുമ്പും മാർക്സിസ്റ്റ് പാർട്ടി നേതാക്കൾക്കെതിരെ സ്ത്രീപീഡന പരാതിയുയർന്നിട്ടുണ്ട്. കണ്ണൂർ, എറണാകുളം ജില്ല സെക്രട്ടറിമാർക്കെതിരെ മുമ്പ് പരാതിയുയർന്നപ്പോൾ രണ്ടു പേരെയും പാർട്ടി ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കി. ഇപ്പോൾ പി.കെ. ശശി പീഡിപ്പിക്കാൻ ശ്രമിച്ചെന്നു ഇരയായ പാർട്ടിക്കാരിയാണ് നേതൃത്വത്തിന് നേരിട്ടു പരാതി നൽകിയത്. ക്രിമിനൽ കുറ്റമാരോപിക്കപ്പെട്ട ഒരു കേസ് മുന്നിലെത്തിയിട്ട് അത് പൊലീസിന് കൈമാറാതെ പൂഴ്ത്തിവെക്കുന്നതും പാർട്ടി തീരുമാനത്തിനു കാത്തുവെക്കുന്നതും നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കുന്ന അപരാധമാണ്. അതിഗുരുതരമായ ഇൗ വീഴ്ചക്കു മറയിട്ട് പൊലീസിനും സർക്കാറിനും പരാതി കിട്ടിയില്ലെന്ന ന്യായവുമായി ഒളിച്ചുകളി തുടരുകയാണ് സി.പി.എം നേതൃത്വം.
പാർട്ടിയിലെ ചേരിതിരിവാണ് ആരോപണത്തിനു പിറകിലെന്നാണ് എം.എൽ.എയുടെ വാദം. മണ്ഡലത്തിലേക്കു പുറത്തുനിന്നു കെട്ടിയിറക്കിയതു മുതൽ തനിക്കെതിരെ നീങ്ങുന്നവരാണ് ഇപ്പോഴത്തെ വിവാദങ്ങളുണ്ടാക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. പ്രവർത്തകരുടെ അഭിപ്രായങ്ങളെ മറികടന്ന് പുറത്തുനിന്നു കെട്ടിയേൽപിക്കപ്പെട്ട നേതാവിനെതിരെ അന്നുണ്ടായിരുന്ന ആക്ഷേപങ്ങൾ പുലരുന്നുവെന്നാണ് അതിെൻറ മറുവാദം. ഫലത്തിൽ പാർട്ടി വിഭാഗീയതയുടെയും മറ്റും കഥകളുണ്ടാക്കി പുരുഷനേതാവിനെ സംരക്ഷിക്കാൻ പെണ്ണവകാശം കവരുകയാണ് പുരോഗമന ഉദാരജനാധിപത്യവാദം വലിയ വായിൽ പറയുന്ന സി.പി.എം ചെയ്യുന്നത്. പഴയ നാട്ടുവർത്തമാനങ്ങൾ പൊടിതട്ടിയെടുത്ത് അതിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ പൊക്കിപ്പിടിച്ച് നാടാകെ പ്രക്ഷോഭം കൊണ്ടുനടക്കുന്ന പാർട്ടിയാണ്, പീഡനശ്രമങ്ങൾ തുറന്നുപറഞ്ഞുള്ള മി ടൂ കാമ്പയിൻ പ്രക്ഷോഭങ്ങൾ ലോകമെങ്ങും വ്യാപകമാകുന്ന ഇൗ കാലത്ത് പാർട്ടിനേതൃതലത്തിലുള്ള സ്ത്രീയെ അവമതിക്കുന്ന നേതാവിനെ പരസ്യമായി ന്യായീകരിക്കുന്നതും സുരക്ഷ തീർക്കുന്നതും. പാർട്ടി ചിട്ടപ്പെടുത്തുന്നതിനൊത്ത് സർക്കാർ മെഷിനറിയും തുള്ളുകയാണ്. സംസ്ഥാന വനിത കമീഷൻ ശശി കേസിൽ നടത്തിയ വിലകുറഞ്ഞ അഭിപ്രായപ്രകടനങ്ങൾ അതിെൻറ തെളിവാണ്. വനിത കമീഷന് പരാതിയൊന്നും കിട്ടാത്തതിനാൽ സ്വമേധയാ കേസെടുക്കാനാവില്ലെന്നാണ് ചെയർപേഴ്സൻ എം.സി. ജോസഫൈെൻറ നിലപാട്. എന്നാൽ, കമീഷൻ എന്താണെന്ന് അവരെ തിരുത്തിപ്പഠിപ്പിക്കുകയാണ് ദേശീയ കമീഷൻ ചെയ്തത്. അതു കൊണ്ടറിഞ്ഞെങ്കിലും പെണ്ണിെൻറ മാനം പാർട്ടിക്കാര്യമായി കൊണ്ടുനടക്കുന്ന സി.പി.എം പഠിക്കുമോ, തിരുത്തുമോ, പുരുഷസഖാവ് കവർന്ന അന്തസ്സ് വനിതസഖാവിന് മാനം തിരിച്ചു നൽകുമോ എന്നാണറിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.