രാഷ്ട്രീയ സദാചാരത്തെയും പ്രബുദ്ധതയെയുംകുറിച്ച കേരളത്തിന്റെ മേനിപറച്ചിലിന് എന്തെങ്കിലും അർഥമുണ്ടായിരുന്നെങ്കിൽ 1994ലെ ഐ.എസ്.ആർ.ഒ ചാരവൃത്തി കേസിൽനിന്ന് നമ്മുടെ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും പാഠം പഠിക്കേണ്ടതായിരുന്നു. തീർത്തും വ്യാജമെന്ന് പിന്നീട് തെളിഞ്ഞ ഒരു കെട്ടുകഥ പരമാവധി വികസിപ്പിച്ചെടുത്ത് ഒരു മുഖ്യമന്ത്രിയെയും ശാസ്ത്രജ്ഞനെയും കുരിശിലേറ്റിയതിന്റെ ജാള്യതയിൽനിന്ന് ഒരു പാഠവും സംസ്ഥാനത്തെ നയിക്കുന്നവരും ഭരിക്കുന്നവരും പഠിച്ചില്ലെന്നാണ് ഇപ്പോൾ അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സോളാർ പാനൽ അന്വേഷണത്തിന്റെ വിവരങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത്.
പല വഴികളിലൂടെ ഉന്നതങ്ങളിൽ ബന്ധങ്ങൾ സ്ഥാപിച്ചെടുത്ത ഒരു സ്ത്രീ തീർത്തും സാങ്കൽപികമായ സൗരോർജ പദ്ധതിയുടെ പേരിലും മറവിലും അത്യുന്നത രാഷ്ട്രീയ നേതാക്കളെയും പ്രമുഖരെയും സമീപിച്ച് ഭീമമായ സംഖ്യകൾ തട്ടിയെടുത്തതിന്റെയും അവരെ ബ്ലാക്മെയിൽ ചെയ്ത് സ്വാർഥതാൽപര്യങ്ങൾ നേടിയെടുത്തതിന്റെയും കഥകളാണ് 2013 ഒടുവിൽ മുതൽ മലയാള മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരുന്നത്. ഉദ്വേഗജനകമായ വെളിപ്പെടുത്തലുകളെ രാപ്പകൽ ആഘോഷമാക്കുന്ന തിരക്കിൽ യഥാർഥ വസ്തുതകൾ കണ്ടെത്താൻ അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളൊന്നും ശ്രമം നടത്തിയില്ല എന്നുതന്നെ വിശ്വസിക്കാനാണ് സംഭവഗതികൾ നിർബന്ധിക്കുന്നത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലമായപ്പോൾ സംസ്ഥാന ഭരണം നിലനിർത്താനും പിടിച്ചെടുക്കാനുമുള്ള മുന്നണികളുടെ പോരാട്ടത്തിൽ ഒന്നാംതരം ആയുധമായി സോളാർ പാനൽ കെട്ടുകഥ മാറിയതിന്റെ ജുഗുപ്സാവഹമായ ചിത്രമാണ് ഏറ്റവുമൊടുവിൽ നിയമസഭ സമ്മേളനത്തിലടക്കം തെളിഞ്ഞുവന്നിരിക്കുന്നത്. ദിവസങ്ങൾക്കുമുമ്പ് വിടപറഞ്ഞുപോയ കേരളത്തിന്റെ ജനസമ്മതനായ നേതാവ് ഉമ്മൻ ചാണ്ടിയെ താഴെയിറക്കാൻ മാത്രമല്ല, അദ്ദേഹത്തിന്റെ പൊതുജീവിതംതന്നെ അവസാനിപ്പിക്കാൻ അന്നത്തെ ഇടതുപക്ഷ പ്രതിപക്ഷം സോളാർ വിവാദനായികയെ എവ്വിധം ഉപയോഗപ്പെടുത്തി എന്നതിന്റെ നേർച്ചിത്രമാണ്, ഇടതുസർക്കാർതന്നെ ഏർപ്പെടുത്തിയ സി.ബി.ഐ അന്വേഷണത്തിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്.
ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണത്തിന് പ്രത്യക്ഷ തെളിവോ സാഹചര്യത്തെളിവുകളോ ഇല്ല; ലൈംഗിക പീഡനത്തിനും സാമ്പത്തിക ഇടപാടിനും ദൃക്സാക്ഷികളെന്ന് പരാതിക്കാരി പറഞ്ഞ എല്ലാ സാക്ഷികളും ആരോപണം നിഷേധിച്ചു; പണം നൽകി തങ്ങളെക്കൊണ്ട് ക്രൈംബ്രാഞ്ചിന്റെ മുമ്പാകെ കള്ളസാക്ഷി പറയിപ്പിച്ചതാണ്; പരാതിക്കാരുടെ കത്ത് 50 ലക്ഷം രൂപ നൽകിയാണ് അവരിൽനിന്ന് നേടിയെടുത്തത് എന്നൊക്കെ സി.ബി.ഐ കണ്ടെത്തിയിരിക്കുന്നു. തന്നെയല്ല, പരാതിക്കാരി ഉമ്മൻ ചാണ്ടിയുടെ പേർ രേഖപ്പെടുത്തിയിരുന്നില്ല, അത് പിന്നീട് എഴുതിച്ചേർത്തതാണെന്ന പരാമർശവുമുണ്ട് സി.ബി.ഐ അന്വേഷണ റിപ്പോർട്ടിൽ. ഇത്രയേറെ ജനസമ്മതനെന്ന് പ്രതിപക്ഷംപോലും വാഴ്ത്തിപ്പറഞ്ഞ ഒരു ഭരണാധികാരിയെയും കുടുംബത്തെയും കണ്ണീർ കുടിപ്പിച്ച ഈ വ്യാജനിർമിതി ജനസമക്ഷം സമർപ്പിക്കാൻ മലയാളത്തിലെ ഏറ്റവും വലിയ വാർത്തചാനൽ ഉദ്യുക്തമായതിന്റെ പിന്നിലെ മറിമായവും ദുരൂഹമായി അവശേഷിക്കുന്നു.
മന്ത്രിസഭ പ്രവേശനത്തിന്റെ ഊഴവുംകാത്ത് ഭരണമുന്നണിയിൽ നിൽക്കുന്ന ഒരു ഘടകകക്ഷി എം.എൽ.എയാണ് മൊത്തം എപ്പിസോഡിലെ മുഖ്യ കഥാപാത്രം എന്ന സത്യം അനിഷേധ്യമായിരിക്കെ, അദ്ദേഹം കപട സദാചാരക്കാരനല്ലെന്ന നാട്യത്തിൽ അക്ഷോഭ്യനായി നിയമസഭയിലിരിക്കുന്നു. ക്രിമിനൽ ഗൂഢാലോചനയിൽ ഒന്നാംപ്രതി മുഖ്യമന്ത്രിപദത്തിലിരിക്കെ, അതേപ്പറ്റി സി.ബി.ഐയെക്കൊണ്ടുതന്നെ അന്വേഷിപ്പിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷം ആവശ്യപ്പെട്ടാൽ സർക്കാർ തുടർനടപടിക്ക് തയാറാണെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകുകയും ചെയ്യുന്നു. എന്നുവെച്ചാൽ, അന്വേഷണ പരമ്പര അവിരാമം നീണ്ടുപോവുന്നതിൽ ആർക്കും ബേജാറില്ല. കാരണം വ്യക്തം; ഇതിലും ഗുരുതര ആരോപണങ്ങൾ സ്ഥിരീകരിക്കുന്ന അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും അധികാരികൾക്കോ രാഷ്ട്രീയക്കാർക്കോ ഒരു ചുക്കും സംഭവിച്ചിട്ടില്ല. പിന്നെ എന്തിന് അന്വേഷണത്തിന്റെ പേരിൽ മസിൽ പിടിക്കുന്നു!
നടേ സൂചിപ്പിച്ചപോലെ രാജ്യത്തെ മൊത്തം ഗ്രസിച്ചുകഴിഞ്ഞ ധാർമികത്തകർച്ചയും സാംസ്കാരികാധഃപതനവും മൂല്യച്യുതിയുമാണ് പ്രശ്നത്തിന്റെ കാതൽ. സനാതന ധർമത്തെച്ചൊല്ലി തർക്കിക്കാനല്ലാതെ, വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ സത്യസന്ധതയും മാന്യതയും മാനവിക ഗുണങ്ങളും പുലരണമെന്ന് നയിക്കുന്നവർക്കോ ഭരിക്കുന്നവർക്കോ ഇല്ല. സമൂഹമാധ്യമങ്ങളുടെ അപ്രതിരോധ്യ കടന്നുകയറ്റത്തോടെ രംഗം പൂർവാധികം വഷളാവുകയേ ചെയ്തിട്ടുള്ളൂ. ഒരു വീണ്ടെടുപ്പ് സാധ്യമാണോ, ഈ ചളിക്കുഴിയിൽനിന്ന് സമൂഹത്തെ കരകയറ്റണമോയെന്ന് നന്മേച്ഛുക്കൾ സഗൗരവം ആലോചിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.