ആരാധനാലയ നിയമത്തെ ചരിത്രത്തിന് പിന്നിൽ നിർത്തരുത്


‘അയോധ്യ-ബാബരി സിറഫ് ജാൻകി ഹേ, കാശി-മഥുര അബ് ബാക്കി ഹേ’ -1980കളുടെ ഉത്തരാർധത്തിൽ രാജ്യത്ത് ഹിന്ദുത്വവാദികൾ മുഴക്കിയ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യമായിരുന്നു ഇത്. അയോധ്യയും ബാബരി മസ്ജിദും കേവലം മുന്നൊരുക്കം മാത്രം, കാശിയിലെ ഗ്യാൻവാപിയും മഥുരയിലെ ശാഹി ഈദ് ഗാഹും ബാക്കി കിടക്കുന്നു എന്നായിരുന്നു ആ ആക്രോശത്തിന്റെ അർഥം. ബാബരി മസ്ജിദ് ഏതുനിമിഷവും കർസേവയിലൂടെ തകർക്കപ്പെടുമെന്ന ഘട്ടമായിരുന്നു അത്; ബാബരി ഭൂമിക്കുവേണ്ടി കോടതിക്കകത്തും പുറത്തും നടന്നുകൊണ്ടിരുന്ന അതിരൂക്ഷ മുറവിളികൾക്ക് സമാന്തരമായി ഈ മുദ്രാവാക്യം കൂടി ശക്തമായി ഉയർന്നപ്പോൾ, അയോധ്യക്കു സമാനമായ പുതിയ തർക്കങ്ങളും കലാപങ്ങളും ഒഴിവാക്കാനായി അന്നത്തെ കേന്ദ്രസർക്കാർ അടിയന്തരമായൊരു ഇടപെടൽ നടത്തി. അതാണ് ആരാധനാലയ സംരക്ഷണ നിയമം എന്നറിയപ്പെടുന്ന ‘പ്ലേസസ് ഒാഫ് ​േവർഷിപ് ആക്ട് -1991’.

രാജ്യത്തെ ആരാധനാലയങ്ങളുടെ സ്വഭാവം 1947 ആഗസ്റ്റ് 15ന് ഉണ്ടായിരുന്ന അവസ്ഥയിൽതന്നെ നിലനിർത്തുമെന്നതായിരുന്നു ആ നിയമം. മേലിൽ ഒരു ആരാധനാലയത്തിനെതിരെയും തർക്കമുന്നയിച്ച് ആർക്കും കോടതിയിൽ പോവാൻ കഴിയില്ല എന്നതായിരുന്നു ആ നിയമം നൽകിയ പരിരക്ഷ. അത്​ ഒഴിച്ചുനിർത്തിയത് അതിനകം വിവാദത്തിലേക്കു കൈവിട്ടുപോയ ബാബരി മസ്ജിദ് വിഷയം മാത്രം. ബാബരിഭൂമിക്കപ്പുറം മറ്റനേകം ഭീകര ‘കർസേവ’കൾ ഒഴിവാക്കുന്നതിനു നരസിംഹ റാവു സർക്കാർ നടത്തിയ നീക്കമായിരുന്നു അത്​. അതില്ലായിരുന്നുവെങ്കിൽ, ‘അധിനിവേശ’ത്തിന്റെ വ്യാജചരിത്രവാദങ്ങളുടെ പിൻബലത്തിൽ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ പല ആരാധനാലയങ്ങളും ഹിന്ദുത്വ വംശീയവാദികൾ പണ്ടേ വിഴുങ്ങിയേനെ. എന്നാൽ, ആ നിയമത്തെ ദുർബലമാക്കാനും അതുവഴി ഹിന്ദുത്വയുടെ ഉന്മാദ രാഷ്ട്രീയത്തിന് ഊർജം പകരാനും ഭരണകൂടം ഒത്താശ ചെയ്യുന്നതായി സമീപകാലത്തെ പല അനുഭവങ്ങളും വ്യക്തമാക്കുന്നു.

ഗ്യാൻവാപി മസ്ജിദിന്റെയും യു.പിയിലെ തന്നെ സംഭൽ ശാഹി മസ്ജിദിന്റെയും ഉടമാവകാശത്തെ ചൊല്ലി തർക്കങ്ങളുണ്ടാക്കാനുള്ള നിയമവ്യവഹാരങ്ങൾ ആരാധനാലയ നിയമം പൊളിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. അജ്മീർ ദർഗയുടെ കാര്യത്തിലും ഇതാവർത്തിച്ചിരിക്കുന്നു. മൂന്നിടത്തും സംഭവിച്ചത് ഏതാണ്ട് ഒരേ കാര്യമാണ്: ആദ്യം ഒരു ഹിന്ദുത്വ സംഘടന മുസ്​ലിം ആരാധനാലയങ്ങളുടെ മേൽ തർക്കമുന്നയിക്കുന്നു. തർക്കസ്ഥലം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ പോകുന്നു; ആരാധനാലയ നിയമത്തെ പൂർണമായും അവഗണിച്ച്, വിഷയം കോടതി പരിഗണിക്കുന്നു; ഭരണകൂടവും കേന്ദ്ര സർക്കാറിന് കീഴിലുള്ള എ.എസ്.ഐയും സർവേക്ക് സന്നദ്ധമെന്ന് അറിയിക്കുന്നു. അതോടെ ചിത്രം പൂർത്തിയായി. ഗ്യാൻവാപിയുടെ ഉദാഹരണമെടുക്കുക.

1997ൽ, ആരാധനാലയ നിയമം ചൂണ്ടിക്കാട്ടി കോടതി തള്ളിയതാണ് ഗ്യാൻവാപി സംബന്ധിച്ച തർക്കവാദം. എന്നാൽ, 2019ൽ ബാബരി ഭൂമി കേസിൽ ക്ഷേത്ര ട്രസ്റ്റിന് അനുകൂലമായ സുപ്രീംകോടതി വിധി വന്നതോടെ ഹിന്ദുത്വർ ഗ്യാൻവാപി കേസ് വീണ്ടും ഉയർത്തിക്കൊണ്ടുവന്നു. ഗ്യാൻവാപിയിൽ ആർക്കിയോളജിക്കൽ സർവേ നടത്തണമെന്ന ഹരജിയുമായി വിജയ് ശങ്കർ റസ്തോഗി എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. വാദം അംഗീകരിച്ച കോടതി സർവേക്കായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശവും നൽകി. വിഷയം പിന്നീട് അലഹബാദ് ഹൈകോടതിയിലും സുപ്രീംകോടതിയിലുമെത്തി. ഇവിടെയെല്ലാം ഹരജിക്കാർക്ക് അനുകൂലമായിരുന്നു സർക്കാറും നീതിപീഠവും. എത്രത്തോളമെന്നാൽ, ആരാധനാലയ നിയമത്തെപ്പോലും വെല്ലുവിളിക്കുംവിധമുള്ള പരാമർശങ്ങളും പരമോന്നത നീതിപീഠത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ഒരു സ്ഥലത്തിന്റെയോ വസ്തുവിന്റെയോ മതപരമായ സ്വഭാവം പരിശോധിക്കുന്നതിനെ ആരാധനാലയ നിയമം ചോദ്യം ചെയ്യുന്നില്ലെന്നാണ് അന്നത്തെ സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചത്.

അത്യന്തം അപകടകരമായ ആ പ്രസ്താവത്തിന്റെ മറപറ്റിയാണിപ്പോൾ സംഭലിലും അജ്മീറിലുമെല്ലാം പരിശോധനക്കായുള്ള ഹരജികൾ കോടതികളിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. ഗ്യാൻവാപിയിൽ പിന്നീടെന്ത് സംഭവിച്ചുവെന്നത് നാം കണ്ടു: മസ്ജിദിന് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നുവെന്ന്​ എ.എസ്.ഐ റിപ്പോർട്ട് നൽകി. വാരാണസി ജില്ല കോടതി ഗ്യാൻവാപിയിൽ പൂജക്ക് അനുമതി നൽകുകയുംചെയ്തു. സമാന വഴികളുടെ സൂചനതന്നെയാണിപ്പോൾ സംഭലിൽനിന്നും അജ്മീറിൽനിന്നുമെല്ലാം പുറത്തുവരുന്നത്. കാരണം, എ.എസ്.ഐ സംബന്ധിച്ച് ബാബരി ഭൂമിയിലും ഗ്യാൻവാപിയിലും ചെയ്തതുപോലെ ക്ഷേത്രാവശിഷ്ടങ്ങൾ ‘കണ്ടെത്താൻ’ അവർക്ക് പ്രയാസമുണ്ടാകില്ല. മഥുര ശാഹി ഈദ് ഗാഹ് മുമ്പ് ക്ഷേത്രഭാഗമായിരുന്നുവെന്ന് അവർ ഇതിനകംതന്നെ ഒരു വിവരാവകാശ ചോദ്യത്തിന് മറുപടിയായി നൽകിയിട്ടുണ്ട്. ഹിന്ദുത്വക്ക് അനുകൂലമായ റിപ്പോർട്ട് ഒരുക്കാൻ അവർ എന്നേ സജ്ജമെന്നർഥം.

ആരാധനാലയ നിയമത്തെ ദുർബലമാക്കാനും അതുവഴി ഹിന്ദുത്വ അജണ്ടയിലേക്ക് വഴിതുറക്കാനുമുള്ള ഭരണകൂടത്തിന്റെ നീക്കങ്ങൾ വലിയ വേഗത്തിൽ മുന്നോട്ടുപോകുമ്പോൾ, ഈ നിയമത്തെ പൂർണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങളും വിധ്വംസകശക്തികൾ സമാന്തരമായി ചെയ്തുവരുന്നു. 2021 മാർച്ചിൽ, ആരാധനാലയ നിയമം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്, അശ്വിനികുമാർ ഉപാധ്യായ എന്ന ബി.ജെ.പി നേതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹരജി ഫയലിൽ സ്വീകരിച്ച ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ ബെഞ്ച്, വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് നോട്ടീസ് അയച്ചു. വിഷയമിപ്പോൾ കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ പരിഗണനയിലാണ്. ആരാധനാലയ നിയമം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ എതിർത്ത ഏക പാർട്ടി ബി.ജെ.പിയായിരുന്നു.

സ്വാഭാവികമായും, ഈ ഹരജിയോട് കേന്ദ്രസർക്കാറിന്റെ നിലപാട് എന്തായിരിക്കുമെന്ന് വ്യക്തം. ചുരുക്കത്തിൽ, പ്രത്യക്ഷ കർസേവയൊന്നുമില്ലാതെത്തന്നെ ഹിന്ദുത്വ ഭരണകൂടത്തിന്റെ തണലിൽ മുസ്​ലിം ആരാധനാലയങ്ങളുടെ മേലുള്ള കൈയേറ്റം തുടരുകയാണ്. ജുഡീഷ്യറിയും ഈ ‘കർസേവ’ക്ക് കൂട്ടുനിൽക്കുന്നുവെന്നതാണ് ഏറെ ഖേദകരം. അതിന് വഴിമരുന്നാകുന്നതാകട്ടെ, ഗ്യാൻവാപി വിധിയിൽ ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ പരാമർശവും. ഇക്കാര്യത്തിൽ പരമോന്നത നീതിപീഠം വ്യക്തത വരുത്തി, ആരാധനാലയ നിയമത്തിന്റെ അന്തഃസത്ത മുറുകെ പിടിക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം, അപകടകരമായ സ്ഥിതിവിശേഷമായിരിക്കും രാജ്യത്ത് ഉടലെടുക്കുക എന്നതിൽ തർക്കമില്ല.

Tags:    
News Summary - The Places of Worship Act-1991 should not be left behind in history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.