ഏകാധിപത്യത്തിന്‍റെ മൂന്നാം തരംഗത്തിനു തിരികൊളുത്തിയയാളെന്നു വിശേഷിപ്പിക്കപ്പെട്ട റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ സ്വതന്ത്ര ജനാധിപത്യരാഷ്ട്രമായ യുക്രെയ്നിലേക്ക് കടന്നുകയറി ഭീകരയുദ്ധത്തിനു വട്ടംകൂട്ടുന്ന സമയത്തു പുറത്തുവന്ന ഒരു പഠനറിപ്പോർട്ട് ലോകത്തിന്‍റെ സവിശേഷ ശ്രദ്ധയർഹിക്കുന്നു. സ്വീഡനിലെ ഗോഥൻബർഗ് സർവകലാശാലയിലെ വറൈറ്റീസ് ഓഫ് ഡെമോക്രസി (വി-ഡെം) പ്രോജക്ട് പുറത്തുവിട്ട ഡെമോക്രസി റിപ്പോർട്ട് 2022 ഏകാധിപത്യത്തിന്‍റെ തരവും രീതിയും മാറിവരുകയാണെന്നും രാഷ്ട്രനേതാക്കൾ കരുത്തിന്‍റെ ബലത്തിൽ ലോകത്തെ കൂടുതൽ സ്വേച്ഛാ വാഴ്ചയിലേക്ക് കെട്ടിവലിക്കുകയാണെന്നും ബോധ്യപ്പെടുത്തുന്നു. 180 ലോകരാജ്യങ്ങളിൽനിന്നു 3700 വിദഗ്ധർ 30 ദശലക്ഷം ഡേറ്റ പോയന്‍റുകൾ പരിശോധിച്ചു തയാറാക്കിയ റിപ്പോർട്ട് കഴിഞ്ഞ ദശകത്തിൽ ലോകത്ത് ജനാധിപത്യത്തിനു വന്നുപെട്ട ആന്തരികവും ബാഹ്യവുമായ ദീനങ്ങളെ വെളിപ്പെടുത്തുകയും അതുണ്ടാക്കിയ കെടുതികൾ വിവരിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും ഊർജസ്വലമാക്കുമെന്നു കരുതിയിരുന്ന ഉള്ളടക്കങ്ങൾതന്നെ അതിന്‍റെ ദുരുപയോഗത്തിനും അട്ടിമറിക്കുമുള്ള പഴുതുകളാകാൻമാത്രം പൊള്ളയായിരുന്നുവെന്ന അനുഭവയാഥാർഥ്യങ്ങൾ റിപ്പോർട്ട് അനാവരണം ചെയ്യുന്നുണ്ട്. ലോകം പയ്യെപ്പയ്യെ ഏകാധിപത്യവാഴ്ചയുടെ ആഴത്തിലേക്കു പല വിധേന വഴുതിപ്പോയിക്കൊണ്ടിരിക്കുന്നതിന്‍റെ നേർചിത്രമാണ് വി-ഡെം റിപ്പോർട്ട്.
ആഗോളതലത്തിൽ ഏകാധിപത്യതരംഗം ശക്തിപ്പെടുകയാണെന്നും അതു ആഭ്യന്തര, രാഷ്ട്രാന്തരീയ യുദ്ധങ്ങൾക്കു ഇടയാക്കുമെന്നുമുള്ള മുന്നറിയിപ്പുകൾ നേരത്തേതന്നെ സാമൂഹികശാസ്ത്രജ്ഞരും രാഷ്ട്രീയവിശകലനവിദഗ്ധരും നൽകിയതാണ്. ആ ദിശയിലേക്കുതന്നെയാണ് ലോകത്തിന്‍റെ പോക്കെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സ്ഥിതിഗതികൾ വിലയിരുത്തിയ പുതിയ വെളിപ്പെടുത്തൽ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വി-ഡം റിപ്പോർട്ടിന് പ്രസക്തി വർധിക്കുന്നു. റിപ്പോർട്ടു പ്രകാരം ജനാധിപത്യക്രമത്തിലും മറുശബ്ദങ്ങളെ ഇല്ലാതാക്കുക, തെരഞ്ഞെടുപ്പുസംവിധാനങ്ങളെ അപ്രസക്തമാക്കുക, ജുഡീഷ്യറിയും ലജിസ്ലേച്ചറുമൊക്കെയുണ്ടെങ്കിലും ഭരണവും അധികാരനടത്തിപ്പും ഭരിക്കുന്നവരുടെ ചൊൽപടിയിലാക്കുക, സാമൂഹികധ്രുവീകരണവും തെറ്റായ വിവരനിർമിതിയും പ്രചാരവേലകളും ഗവൺമെന്‍റ് മേൽനോട്ടത്തിലും ആശീർവാദത്തിലും ഔദ്യോഗികപരിപാടിയാക്കി മാറ്റുക എന്നിവയാണിേപ്പാൾ ഏകാധിപത്യത്തിന്‍റെ പുത്തൻശൈലി. ജനാധിപത്യത്തെ കൊലചെയ്ത്, ശൈഥില്യത്തിലേക്കു ലോകത്തെ തള്ളിവീഴ്ത്തുന്ന ദുരന്തത്തിലേക്കാണ് ഈ പോക്കെന്ന് വി-ഡം പ്രോജക്ട് മുന്നറിയിപ്പ് നൽകുന്നു.
ഈ പുത്തൻ ഏകാധിപത്യത്തിനു മുന്നിൽ നടക്കുന്ന ലോകത്തെ ആറു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജനാധിപത്യവും അതിന്‍റെ കൊടിയടയാളമായ സമ്മതിദാനാവകാശ വിനിയോഗവുമൊക്കെ ഏകാധിപത്യവാഴ്ചക്ക് എങ്ങനെ ദുരുപയോഗിക്കാം എന്നതിന്‍റെ ദാരുണ ഉദാഹരണമായി മാറുകയാണ് ഇന്ത്യ എന്നു റിപ്പോർട്ടിൽ പറയുന്നു. ബഹുസ്വരവിരുദ്ധ കക്ഷികളാണ് ബ്രസീൽ, ഹംഗറി, ഇന്ത്യ, പോളണ്ട്, സെർബിയ, തുർക്കി എന്നീ ആറുരാജ്യങ്ങളിൽ ഏകാധിപത്യത്തിനു ചുക്കാൻപിടിക്കുന്നത്. ബഹുസ്വരതയെ അംഗീകരിക്കാത്ത ഈ ഭരണക്രമങ്ങളിൽ ജനാധിപത്യത്തോടു കൂറില്ലായ്മ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളോടുള്ള അവമതിപ്പ്, രാഷ്ട്രീയപ്രതിയോഗികളുടെ പൈശാചികവത്കരണം, രാഷ്ട്രീയാതിക്രമങ്ങൾ എന്നിവ കണ്ടുവരുന്നു. ഭരണകക്ഷികൾ ദേശീയതയുടെ അടഞ്ഞ വക്താക്കളായി സ്വന്തം സ്വേഛാ അജണ്ടകൾ അടിച്ചേൽപിക്കുന്നു. ഇന്ത്യ 2014ൽ ഭാരതീയ ജനതാപാർട്ടിയുടെ അധികാരലബ്ധിക്കുശേഷം തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യക്രമത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യക്രമത്തിലേക്കു മാറിയിരിക്കുന്നു. ഉദാര ജനാധിപത്യസൂചികയിൽ 2013ൽനിന്നു 23 പോയന്‍റിന് ഇന്ത്യ താഴേക്കു പതിച്ചു. കഴിഞ്ഞ പത്തുവർഷത്തെ ലോകത്തെ ഏകാധിപത്യവത്കരണകാലത്തെ ഏറ്റവും നാടകീയമായ മാറ്റമാണ് കുറഞ്ഞ കാലയളവിൽ ഇന്ത്യയിൽ സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്.
ലോകജനസംഖ്യയുടെ 44 ശതമാനത്തെ, അഥവാ, 3.4 ശതകോടി ആളുകളെ, അടക്കിഭരിക്കുന്നതായി ഈ പുതിയ ഭരണക്രമം മാറിക്കഴിഞ്ഞു. ഇതു കൂടി ചേർന്നു കഴിയുമ്പോൾ ലോകത്തെ 70 ശതമാനവും സ്വേച്ഛാവാഴ്ചയുടെ കീഴിലാവുകയാണ്. ലിബറൽ ഡെമോക്രസി വാഴുന്നതായി 34 രാജ്യങ്ങളേ ലോകത്തുള്ളൂ. തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യക്രമം കഴിഞ്ഞ വർഷം അവസാനിക്കുമ്പോൾ 55 രാജ്യങ്ങളിലുണ്ടെങ്കിലും അതനുഭവിക്കുന്ന ജനസംഖ്യ ലോകത്തെ ആകെ 16 ശതമാനമേ വരുന്നുള്ളൂ.
തെരഞ്ഞെടുപ്പ്, നിയമവാഴ്ച, ആവിഷ്കാരസ്വാതന്ത്ര്യം, സംഘടനസ്വാതന്ത്ര്യം എന്നിവ ആറു രാജ്യങ്ങളിൽ കുറയുകയും മുപ്പതോളം രാജ്യങ്ങളിൽ കൂടുകയും ചെയ്തതായിരുന്നു 2011 ലെ ചിത്രമെങ്കിൽ 2021ൽ അത് തലകുത്തനെയാണ്. 35 രാജ്യങ്ങളിൽ ഈ ജനാധിപത്യസൂചകങ്ങൾ ഗുരുതരാവസ്ഥയിലായപ്പോൾ പത്തുരാജ്യങ്ങളിലാണ് അതു മോശമാകാതെ നിൽക്കുന്നത്. കഴിഞ്ഞ പത്തുവർഷമായി 44 രാജ്യങ്ങളിൽ പൗരസമൂഹ സംഘടനകളെ ഞെക്കിക്കൊല്ലുന്നു. സന്നദ്ധ, ജീവകാരുണ്യ സംഘടനകളുടെ നേർക്ക് ഇന്ത്യയിൽ ഭരണകൂട ഉപകരണങ്ങൾ ഉപയോഗിച്ചു നടക്കുന്ന ഉപരോധനീക്കങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഇന്ത്യയടക്കം 37 രാജ്യങ്ങളിലും പൗരസമൂഹസംഘടനകളെ ഗവൺമെന്‍റ് പൂർണമായും വരുതിയിലാക്കിയിരിക്കുന്നു. സാമൂഹികധ്രുവീകരണം ആത്യന്തികതയിലാണ്. പ്രതിപക്ഷത്തെയും എതിർശബ്ദങ്ങളെയും ഭീഷണിയായി കണ്ട് ഒതുക്കുക, രാജ്യരക്ഷക്ക് എന്ന പേരിൽ ജനാധിപത്യസമ്പ്രദായങ്ങളും ചട്ടങ്ങളും അട്ടിമറിക്കുക, നമ്മൾ/അവർ ദ്വന്ദ്വം സൃഷ്ടിച്ച് ജനങ്ങളെ പരസ്പരം അകറ്റുക, പൊതുജനാഭിപ്രായത്തെ വഴിതെറ്റിക്കാനായി തെറ്റായ വിവരങ്ങളും കണക്കുകളും സമൂഹമാധ്യമങ്ങൾ വഴി ഭരണകൂടത്തിന്‍റെ പ്രോത്സാഹനത്തിൽ പ്രചരിപ്പിക്കുക എന്നിവ ഏകാധിപത്യ ഭരണകൂടങ്ങളുടെ പൊതുസ്വഭാവമായി മാറി.
എന്നാൽ, അപ്രതിരോധ്യമെന്നു തോന്നിക്കുന്ന ഈ മുന്നേറ്റത്തെ ചെറുക്കാനുള്ള ജനാധിപത്യസ്നേഹികളുടെ ശ്രമത്തെ തീരെ തല്ലിക്കെടുത്താനായിട്ടില്ല എന്നതു മാത്രമാണ് ഈ ഇരുട്ടിലും ആശ്വാസം പകരുന്നത്. ജനാധിപത്യത്തെ വഴിതെറ്റിക്കുന്നതിനെതിരായ ജനകീയപ്രക്ഷോഭങ്ങൾ രണ്ടുവർഷം മുമ്പുവരെ ശക്തിപ്രാപിച്ചു വന്നതായിരുന്നു. എന്നാൽ, കോവിഡ് മഹാമാരിയുടെ വരവിൽ അതിനു തടയിടാൻ ഏകാധിപതികൾക്കു കഴിഞ്ഞു. മഹാമാരിയുടെ പിടിയിൽനിന്നു ലോകം മോചിതമായിത്തുടങ്ങുന്ന മുറക്ക് ഏകാധിപത്യത്തിന്‍റെ വിപത്തിൽനിന്നു കുതറിച്ചാടാനുള്ള കുതിപ്പ് തുടങ്ങുമെന്നു പ്രത്യാശിക്കാം. ആ ആശ മാത്രമാണ് നിലവിലെ ആശങ്കയ്ക്കുള്ള മറുമരുന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.