സാഹിത്യനഗരിക്ക് അഭിവാദ്യങ്ങൾ

ലോകവ്യാപാര ഭൂപടത്തിൽ നൂറ്റാണ്ടുകൾക്കുമുമ്പ് അടയാളപ്പെടുത്തപ്പെട്ട കോഴിക്കോട് ഇപ്പോൾ ആഗോള സാഹിത്യ നഗരങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്കാരിക സംഘടന (യുനെസ്കോ)യുടെ പട്ടികയിൽ കോഴിക്കോടിനെ ഉൾപ്പെടുത്തിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ നടന്നു. ലോകത്തെ സർഗാത്മക നഗരങ്ങളുടേതായ പട്ടികയിൽ യുനെസ്കോ പുതുതായി ചേർത്ത 55 സ്ഥലങ്ങളിലൊന്നാണ് കേരളത്തിന്റെ ഈ പ്രിയനഗരം-ഇന്ത്യയിൽനിന്നുള്ള ഏക സാഹിത്യനഗരം. ലോക സംഗീത നഗരങ്ങളിൽ ഗ്വാളിയറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ കോഴിക്കോട്ട് നടന്ന വിളംബരത്തിനുപിന്നാലെ, സാഹിത്യനഗര പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം ജൂലൈ ആദ്യവാരത്തിൽ പോർചുഗലിലെ ബ്രാഗ നഗരത്തിൽ നടക്കും.

ചരിത്രത്തിൽ മുമ്പേ ഇടമുറപ്പിച്ച ഈ നാഗരികകേന്ദ്രം വർത്തമാനകാല ഭൂപടത്തിൽ അക്ഷരധന്യതയിലൂടെ വീണ്ടും വരവറിയിക്കുകയാണ്. 62 പൊതു ലൈബ്രറികളടക്കം 540ലധികം വായനശാലകൾ, ഓരോ രണ്ട് കിലോമീറ്ററിനുള്ളിലും ഓരോ ലൈബ്രറി, എഴുപതിലധികം പുസ്തക പ്രസാധനാലയങ്ങൾ, സാമൂഹിക ജീവിതത്തിന്റെ അവശ്യഭാഗമായുള്ള പുസ്തകമേളകളും സാഹിത്യ-സാംസ്കാരിക പരിപാടികളും, സാഹിത്യ സംസ്കാരത്തെ പുഷ്ടിപ്പെടുത്തുന്ന അനേകം സ്ഥാപനങ്ങൾ, സാഹിത്യ പരിപാടികൾ സംഘടിപ്പിക്കുന്നതിലെ അനുഭവപരിചയം തുടങ്ങിയ വിവിധ പരിഗണനകളാണ് കോഴിക്കോടിന്റെ സാഹിത്യനഗരപദവിക്ക് ആധാരമായത്. എസ്.കെ. പൊറ്റെക്കാട്ടും വൈക്കം മുഹമ്മദ് ബഷീറും കെ.എ. കൊടുങ്ങല്ലൂരും എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും യു.എ. ഖാദറും തിക്കോടിയനും പി. വത്സലയും ഉറൂബൂം കെ.ടി. മുഹമ്മദും സഞ്ജയനും കുഞ്ഞുണ്ണിമാഷും എൻ.എൻ. കക്കാടുമടക്കം എത്രയോ മഹാരഥന്മാർ കർമഭൂമിയായി തെരഞ്ഞെടുത്ത സ്ഥലമാണ് കോഴിക്കോട്. അവർ പകർത്തിയ അനുഭവങ്ങൾ, അനുഭൂതികൾ ഏറെയും ഈ നഗരത്തിന്റെ സമ്മാനമാണ്.

രണ്ട് ജ്ഞാനപീഠ ജേതാക്കൾ കോഴിക്കോടിന് സ്വന്തം. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രചിക്കപ്പെട്ട ആദ്യകാല മാപ്പിളപ്പാട്ടായ ‘മുഹിയുദ്ദീൻ മാല’ മുതൽ പത്തൊമ്പതാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘കുന്ദലത’യും (അപ്പുനെടുങ്ങാടി), ‘ഇന്ദുലേഖ’യും (ഒ. ചന്തുമേനോൻ) മുതൽ, ഇന്ന് ആനുകാലികങ്ങളിലൂടെ കൈരളിയെ ധന്യമാക്കുന്ന പുതുകാല രചനകൾ വരെ, കോഴിക്കോടിന്റെ ജീവവായുവേറ്റ കൃതികൾ അനേകം. എന്നാൽ, സാഹിത്യരംഗത്തെ അതികായരുടെ സാന്നിധ്യത്തിനും പ്രസാധകരുടെ പെരുപ്പത്തിനും പത്ര പ്രസിദ്ധീകരണങ്ങളുടെ ആധിക്യത്തിനുമപ്പുറം കോഴിക്കോടിനെ സാഹിത്യനഗരമാക്കുന്ന മറ്റൊരു സവിശേഷതയുണ്ട്. സാഹിത്യത്തെയും സാഹിത്യകാരന്മാരെയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പൊതുസമൂഹമാണത്. ഗ്രന്ഥശാലകളുടെയും വായനശാലകളുടെയും എണ്ണംപോലെ ശ്രദ്ധേയമാണ് അവ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണവും. സാഹിത്യത്തെ മാത്രമല്ല, സംഗീതത്തെയും സിനിമയെയും നാടകത്തെയും മറ്റ് സാംസ്കാരിക വിനിമയങ്ങളെയും ചിഹ്നങ്ങളെയും അറിഞ്ഞ് അംഗീകരിക്കുന്ന ജനങ്ങൾ. രാഷ്ട്രീയക്കാർക്കും അധികാര കേന്ദ്രങ്ങൾക്കും നൽകുന്നതിലേറെ ബഹുമാനം എഴുത്തിനും എഴുത്തുകാർക്കും നൽകുന്നവർ.

ആകാശവാണി എന്ന സർക്കാർ സ്ഥാപനത്തിന് ജനകീയ സാംസ്കാരികതയുടെ ഈട് നൽകിയവർ. കേരള ഗ്രന്ഥശാല സംഘം 1958ലാണ് രജിസ്റ്റർ ചെയ്യപ്പെട്ടതെങ്കിൽ, കോഴിക്കോട്ട് 1937ൽ മലബാർ വായനശാലാ സമ്മേളനം നടന്നു. 149 വായനശാലകൾ, 300 പ്രതിനിധികൾ അതിൽ പങ്കെടുത്തു. കോഴിക്കോട്ടെ പബ്ലിക് ലൈബ്രറി 1927 മുതൽ നിലവിലുണ്ട്. നൂറ്റാണ്ടുകൾക്കപ്പുറത്ത് രേവതിപ്പട്ടത്താനം പണ്ഡിതസദസ്സും ‘പതിനെട്ടര കവി’കളും ആട്ടക്കഥകളും സാധാരണക്കാരുടെ ജീവിതത്തിൽനിന്ന് വളരെ അകലെയായിരുന്നില്ല. മാപ്പിളപ്പാട്ട് കവികൾ നിരക്ഷരരോട് വളരെ ശക്തമായി സംവദിച്ചു.

മനുഷ്യന്റെ അന്തസ്സും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിച്ചും സാസ്കാരിക ബഹുത്വം ആഘോഷിച്ചുമാണ് കോഴിക്കോടിന്റെ അക്ഷരലോകം ജനകീയമായതെന്ന് പറയാം. കേരളത്തിലെ ഇതര പ്രദേശങ്ങളിൽനിന്ന് കോഴിക്കോട്ടേക്ക് കുടിയേറിയ സാഹിത്യപ്രവർത്തകർ ധാരാളമുണ്ട്. അപരരെ സ്നേഹിച്ചുകൊണ്ടാണ് കോഴിക്കോട് സാഹിത്യരചനയെ ഉത്സവമാക്കിയത്.

സാമ്രാജ്യത്വവിരുദ്ധ കവിതകൾ എഴുതിയ സൈനുദ്ദീൻ മഖ്ദൂമുമാര്‍ കോഴിക്കോട് സാമൂതിരിക്ക് പ്രിയപ്പെട്ടവരായി; പോർചുഗീസ് അധിനിവേശത്തോടെ കോഴിക്കോടൻ ആതിഥ്യം ചൂഷണം ചെയ്തുകൊണ്ടാരംഭിച്ച വൈദേശികാധിപത്യത്തോട് കലഹിച്ച് കോഴിക്കോട് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ മുന്നിൽ നിന്നു. അക്കാലത്ത് ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് അവിടം മുഴുവൻ വായനശാലകളുണ്ടായത്.

ഫലസ്തീൻ മോചനത്തിനുവേണ്ടിയും പൗരത്വ നിയമത്തിനെതിരെയുമെല്ലാം സാംസ്കാരിക പ്രതിരോധത്തിന്റെ മുന്നിൽ നിന്നിട്ടുണ്ട് കോഴിക്കോട്. ഇപ്പോൾ സാഹിത്യ നഗരപദവി ലഭിക്കുമ്പോൾ അത് സ്വതഃസിദ്ധമായ മാനവിക മൂല്യങ്ങളോടുള്ള പ്രതിബദ്ധത ഒന്നുകൂടി ഉറപ്പിക്കാൻ അവസരമാകട്ടെ. ഇതൊരു ഉത്തരവാദിത്തം കൂടിയാണ്. പ്രതിമ നിർമാണത്തിനും ശതാബ്ദിച്ചടങ്ങുകൾക്കുമപ്പുറം മാനവിക, സാംസ്കാരിക ധന്യത കൂടുതൽ പ്രസരിപ്പിച്ചുകൊണ്ടാകട്ടെ ഇന്ത്യയിലെ പ്രഥമ സാഹിത്യനഗരം ആ പദവി ഏൽക്കുന്നത്. 

Tags:    
News Summary - unesco city of literature kozhikkode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.