യുക്രെയ്നിനു നേരെ റഷ്യ അഴിച്ചുവിട്ട ഏകപക്ഷീയമായ ആക്രമണം അവിരാമം തുടരവേ കിയവിൽനിന്ന് പുറത്തുവരുന്ന വാർത്തകൾ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. റഷ്യൻ-യുക്രെയ്ൻ അധികാരികൾ ഇതിനകം നടത്തിയ സന്ധിസംഭാഷണങ്ങൾ തീർത്തും വിഫലമായാണ് കലാശിച്ചിരിക്കുന്നത്. യുക്രെയ്ൻ വിടാൻ തീരുമാനിച്ച അഭയാർഥികൾക്ക് പരിമിത ഇടനാഴികകളൊരുക്കാൻ ചില ശ്രമങ്ങൾ നടന്നു എന്നതൊഴിച്ചാൽ മനുഷ്യക്കുരുതിക്കോ സിവിലിയൻ കേന്ദ്രങ്ങൾ ചുട്ടുനശിപ്പിക്കുന്നതിനോ സ്ഥാപനങ്ങളും എണ്ണ ശുദ്ധീകരണ ശാലകളും മറ്റും ബോംബിട്ടു തകർക്കുന്നതിനോ ഒരു കുറവും വന്നിട്ടില്ല. അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഉപരോധങ്ങൾ വ്ലാദിമിർ പുടിനെ ഒരിഞ്ചും പിന്തിരിപ്പിച്ചതായ സൂചനകളുമില്ല. യുക്രെയ്നിനെ ഒറ്റയടിക്ക് വിഴുങ്ങാനുള്ള റഷ്യയുടെ നീക്കം പാളി; പ്രതീക്ഷിച്ചതിനേക്കാൾ കനത്ത വില യുദ്ധത്തിന് നൽകേണ്ടിയും വന്നു എന്നത് ശരിയായിരിക്കെ ഉദാരവ്യവസ്ഥകളിൽ എണ്ണയും മറ്റും കൈമാറി ഇന്ത്യയെപ്പോലുള്ള സുഹൃദ് രാജ്യങ്ങളെ കൂട്ടുപിടിക്കുന്നതിൽ റഷ്യ വിജയിച്ചുകൊണ്ടിരിക്കുന്നു എന്നും സമ്മതിക്കണം. യുക്രെയ്നാവട്ടെ, ധീരോദാത്തമായ പ്രതിരോധത്തിലൂടെ ലോകശക്തികളിലൊന്നിനെ പിടിച്ചുകെട്ടാനുള്ള യത്നത്തിൽ ഇതുവരെ പരാജയപ്പെട്ടില്ല എന്നും പറയാനാവും. പക്ഷേ, ഇതിനെല്ലാമപ്പുറത്ത് പ്രാണനും ധനവും മാനവും നഷ്ടമായ സാധാരണ മനുഷ്യരുടെ അതിഭയങ്കരമായ ദുരിതങ്ങളാണ് ലോകത്തിന്റെ കണ്ണ് നനയിക്കുന്നത്. തലസ്ഥാനമായ കിയവ് നഗരത്തെ പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ട റഷ്യൻ സേന ഒടുവിൽ ഗത്യന്തരമില്ലാതെ പിന്മാറിയപ്പോൾ നഗരത്തിലെ ഒഴിഞ്ഞ തെരുവുകളിൽ അവശേഷിച്ചത് അതിക്രൂരമായി കൊലചെയ്യപ്പെട്ട സാധാരണ ജനങ്ങളുടെ മൃതദേഹങ്ങളാണെന്ന് യുക്രെയ്ൻ അധികൃതർ മാത്രമല്ല, വിവിധ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. കിയവിലും ബുച്ചയിലും പരിസരപ്രദേശങ്ങളിലുമായി ഇതിനകം 410 മൃതദേഹങ്ങൾ കണ്ടെടുത്തതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. നിരായുധരായ സിവിലിയന്മാരുടെ കൈകൾ പിന്നിലേക്ക് പിടിച്ചുകെട്ടി തലയിൽ വെടിയുണ്ടകൾ തുളച്ചുകയറിയതിന്റെ ദൃശ്യങ്ങൾ യുക്രെയ്ൻ പുറത്തുവിട്ടിട്ടുണ്ട്. തോക്കിൻ കുഴലിന്റെ മുന്നിൽ മൃഗീയമായി ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ എണ്ണവും വേണ്ടത്രയുണ്ട്. മനുഷ്യരെ കശാപ്പ് ചെയ്യുന്നവരും സ്ത്രീപീഡകരുമാണ് റഷ്യൻ പട്ടാളമെന്നാണ് യുക്രെയ്നിന്റെ കുറ്റപ്പെടുത്തൽ. സ്വാഭാവികമായും ഇതൊക്കെ പച്ചക്കള്ളമാണെന്നും യുക്രെയ്നിന്റെ വ്യാജ പ്രചാരണമാണെന്നുമാണ് പുടിൻ ഭരണകൂടത്തിന്റെ ഭാഷ്യം. അല്ലെങ്കിലും അധിനിവേശശക്തികൾ നേര് തുറന്നുപറഞ്ഞ അനുഭവങ്ങൾ പണ്ടേയില്ലല്ലോ.
ബുച്ചയിൽ സിവിലിയന്മാരുടെ നേരെ റഷ്യ നടത്തിയ അത്യാചാരങ്ങളുടെ പേരിൽ റഷ്യൻ ഭരണാധികാരി പുടിനെ യുദ്ധക്കുറ്റവാളിയായി വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടിരിക്കയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പുടിൻ വാർ ക്രിമിനലാണെന്ന കാര്യത്തിൽ ബൈഡന് സംശയമേയില്ല. എന്നാൽ, യുദ്ധക്കുറ്റവാളിയായി പുടിനെ വിചാരണ ചെയ്യാൻ കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറയുന്നു. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയാവട്ടെ, സിവിലിയൻ മരണങ്ങളെ വംശീയാക്രമണമെന്നാണ് വിശേഷിപ്പിക്കുന്നത്. വംശീയാക്രമണത്തെക്കുറിച്ച് ഒരു രാഷ്ട്രാന്തരീയ അന്വേഷണം നടത്തണമെന്ന് പോളിഷ് പ്രധാനമന്ത്രിയും ആവശ്യപ്പെട്ടിരിക്കുന്നു. ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിൽനിന്ന് റഷ്യയെ പുറത്താക്കണമെന്നാണ് അമേരിക്കയുടെ മറ്റൊരാവശ്യം. ബുച്ചയിലെ ദൃശ്യങ്ങൾ കണ്ട് ഞെട്ടിപ്പോയെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചത് എല്ലാം പച്ചക്കള്ളമാണെന്ന റഷ്യൻ അവകാശവാദത്തെ നിരാകരിക്കുന്നതാണ്. 40 ലക്ഷത്തിലധികം പൗരന്മാർ ഇതിനകം യുക്രെയ്ൻ വിട്ടത് ഏതായാലും നുണയാവില്ലല്ലോ.
സർ ചക്രവർത്തിമാരുടെ കാലം മുതൽ ഇന്നേവരെ റഷ്യ ഭരിച്ചവരുടെയൊന്നും കൈകൾ ശുദ്ധമല്ലെന്നും നരഹത്യയും മുട്ടാളത്തവും അവരുടെ രക്തത്തിൽ ഊട്ടപ്പെട്ടതാണെന്നും ചരിത്രം തെളിയിച്ചു കഴിഞ്ഞതാണ്. സോവിയറ്റ് വിപ്ലവ കാലത്തും തുടർന്നും പതിറ്റാണ്ടുകളോളം യു.എസ്.എസ്.ആർ അടക്കിഭരിച്ചപ്പോൾ ജോസഫ് സ്റ്റാലിൻ മുതൽ ബ്രഷ്നേവ് വരെയുള്ള ഭരണാധികാരികൾ മനുഷ്യത്വത്തിനു നേരെ ചെയ്തുകൂട്ടിയ കിരാതകൃത്യങ്ങൾ ആരെത്ര നിഷേധിച്ചാലും സുസ്ഥാപിത യാഥാർഥ്യങ്ങളാണ്. ഇപ്പോൾ നമ്പർ വൺ മുതലാളിത്ത ഏകാധിപതിയായ വ്ലാദിമിർ പുടിനും അതേ പാരമ്പര്യമാണ് പിന്തുടരുന്നത്. മാനവികത എന്നൊരു പദത്തിന് അവരുടെ നിഘണ്ടുവിൽ സ്ഥാനമേയില്ല. പക്ഷേ, അമേരിക്കക്കും ഒപ്പം നിൽക്കുന്നവർക്കും ഇത് ചോദ്യം ചെയ്യാനുള്ള ധാർമികാവകാശമെന്ത് എന്നന്വേഷിക്കുമ്പോഴാണ് ഉത്തരം മുട്ടുക. ജോ ബൈഡന്റെ മുൻഗാമികൾ ഇറാഖിലും അഫ്ഗാനിസ്താനിലും ശുദ്ധനുണകളുടെ പിൻബലത്തിൽ സായുധസേനയെ ഇറക്കി കാട്ടിക്കൂട്ടിയ വിക്രിയകൾ ലോകത്തിന് മറക്കാനാവുമോ? പുടിന് മുട്ടാളത്തവുമായി മുന്നോട്ടുപോവാനുള്ള ധൈര്യം നൽകുന്നതും പ്രതിയോഗികളുടെ ഇരുണ്ട ചരിത്രമല്ലേ? യുദ്ധക്കുറ്റവാളികളെ വിചാരണചെയ്യുന്ന അന്താരാഷ്ട്ര കോടതിയിൽ അമേരിക്കയോ റഷ്യയോ അംഗങ്ങളല്ലെന്നിരിക്കെ, തങ്ങൾക്ക് രസിക്കാത്ത ഏതു പ്രമേയവും വീറ്റോ ചെയ്ത പാരമ്പര്യമാണ് ഇരുശക്തികൾക്കും ഇതഃപര്യന്തമുള്ളത് എന്നതും സത്യമായിരിക്കെ പുടിനെ യുദ്ധക്കുറ്റവാളിയായി വിചാരണ ചെയ്യണമെന്ന ജോ ബൈഡന്റെ ആവശ്യം വെറും പ്രോപഗണ്ടയിൽ കവിഞ്ഞ മാനമുള്ളതല്ല. കല്ലെറിയാൻ പാപികളല്ലാത്തവർ ഇല്ലാത്ത ഒരു ലോകത്ത് നേരും നെറിയും നീതിയും പുലരണമെന്ന ആഗ്രഹം വെറും വ്യാമോഹമായി അവശേഷിക്കുകയേ ഉള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.