ചൈനക്കെതിരെ പുതിയ തെളിവുകൾ


ഭരണകൂട ഭീകരതയും വംശഹത്യയും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന ഇക്കാലത്തുപോലും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഒരു വെളിപ്പെടുത്തൽ കഴിഞ്ഞദിവസം ഉണ്ടായി. കമ്യൂണിസ്റ്റ് ചൈന ഉയിഗൂറുകാരോട് കാട്ടുന്ന മനുഷ്യത്വരഹിതമായ ചെയ്തികൾക്ക് അവിടത്തെ ഔദ്യോഗിക രേഖകളിൽനിന്നുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.

2017-18 കാലത്ത് സിൻജ്യങ് തടവറകളിൽ നടന്ന പീഡനമുറകളുടെയും മർദനപദ്ധതികളുടെയും അധികൃത ഉത്തരവുകളുടെയും ഭീഷണി പ്രസംഗങ്ങളുടെയും ദൃശ്യങ്ങളടക്കമുള്ള, പത്ത് ഗിഗാബൈറ്റിലേറെ വരുന്ന തെളിവുകൾ പൊലീസിന്റെ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്ത് ചോർത്തി പുറത്തെത്തിക്കുകയായിരുന്നു. അകത്തുനിന്നുതന്നെ ചോർന്നതെന്ന നിലക്ക് അനിഷേധ്യവും ആധികാരികവുമാണ് ഈ വിവരങ്ങൾ.

ചൈനയിൽ ഉയിഗൂർ മുസ്‍ലിംകൾക്കെതിരെ കൂട്ട തടങ്കൽ നടപടികളും വംശീയവേട്ടയും ഉന്മൂലനവും നടക്കുന്നു എന്ന് പലകുറി ആരോപണമുയർന്നതാണ്. അപ്പോഴെല്ലാം അടച്ച് നിഷേധിക്കുകയായിരുന്നു ചൈനീസ് അധികൃതർ. ഉയിഗൂറുകാർക്ക് പുനർവിദ്യാഭ്യാസവും തൊഴിൽ പരിശീലനവും തീവ്രവാദത്തിനെതിരായ ബോധവത്കരണവുമൊക്കെയാണ് സർക്കാർ നൽകുന്നതെന്ന് വിശദീകരിക്കപ്പെട്ടു.

2017ൽ പ്രസിഡന്റ് ഷി ജിൻപിങ്ങിന് കീഴിൽ തുടങ്ങിയ വിവിധ തടങ്കൽപാളയങ്ങളിൽ അടുത്തവർഷത്തോടെ പത്തുലക്ഷം ഉയിഗൂറുകാർ തടവിലടക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടിയോടും ഭൂരിപക്ഷ ഹാൻ സംസ്കാരത്തോടും വിധേയത്വം വളർത്താൻ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളിലൂടെ ജനങ്ങൾക്കുമേൽ സമ്മർദം ചെലുത്തി. രക്ഷപ്പെട്ട് നാടുവിട്ടവരുടെ അനുഭവസാക്ഷ്യങ്ങളും ഏതാനും മാധ്യമ റിപ്പോർട്ടുകളും ഉപഗ്രഹ ചിത്രങ്ങളും ഈ ഉയിഗൂർവേട്ടയുടെ സൂചനകളായി നേരത്തേ പുറത്തുവന്നിരുന്നു. 'സിൻജ്യങ് പേപ്പേഴ്സ്' എന്നറിയപ്പെട്ട ആ രേഖകൾക്ക് പിന്നാലെ അന്താരാഷ്ട്ര മാധ്യമ കൺസോർട്യം (ഐ.സി.ഐ.ജെ) വഴി 2019ൽ വെളിച്ചത്തുവന്ന 'ചൈനാ കേബ്ൾസ്', തടങ്കൽപാളയങ്ങളുടെ നടത്തിപ്പുരീതികളെയും രഹസ്യ നിരീക്ഷണ സംവിധാനങ്ങളെയും കുറിച്ചുള്ള വിവരങ്ങളായിരുന്നു. ഓരോ തവണ തെളിവുകൾ പുറത്തുവരുമ്പോഴും തങ്ങൾ നടപ്പാക്കുന്നത് 'പുനർവിദ്യാഭ്യാസം' മാത്രമാണെന്ന പല്ലവി ചൈനീസ് അധികൃതർ ആവർത്തിച്ചു.

എന്നാൽ, ഈ അവകാശവാദത്തിന്റെ മുനയൊടിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന, 'സിൻജ്യങ് പൊലീസ് ഫയൽസ്' എന്ന് പേരിട്ട രേഖകൾ. ഹാക്കർമാരിൽനിന്ന് ചൈനാ ഗവേഷകൻ ഏഡ്രിയൻ സെൻസിന് അയച്ചുകിട്ടിയ ഈ ഔദ്യോഗിക രഹസ്യരേഖകൾ അദ്ദേഹം മാധ്യമസ്ഥാപനങ്ങൾക്ക് നൽകി. തടങ്കൽപാളയങ്ങളിൽനിന്നുള്ള ഔദ്യോഗിക വിവരങ്ങളെന്ന നിലക്ക് ഏറെ വിലപ്പെട്ടതാണിവ.

ഉയിഗൂറുകാർക്ക് നൽകുന്നത് പുനർവിദ്യാഭ്യാസവും പരിശീലനവുമല്ല, അടിച്ചമർത്തലും വംശഹത്യയുമാണെന്ന് കാണിക്കുന്ന ഖണ്ഡിതമായ തെളിവായി നിരീക്ഷകർ ഇവയെ കാണുന്നു -മനുഷ്യാവകാശ ലംഘനങ്ങളുടെ, മർദനമുറകളുടെ, സാംസ്കാരിക ഉന്മൂലനത്തിന്റെയൊക്കെ ആധികാരിക സാക്ഷ്യങ്ങൾ.

'ചൈനാ കേബ്ൾസ്' പുറത്തുവന്നതിന് പിന്നാലെ 2021ൽ അമേരിക്ക ചൈനക്കെതിരെ വ്യാപാര ഉപരോധം തുടങ്ങിയിരുന്നു. കൂടുതൽ കൃത്യമായ പുതിയ തെളിവുകൾ ഇപ്പോൾ ലഭ്യമായതോടെ ലോകസമൂഹത്തിന് ഇനിയും നിശ്ശബ്ദത പാലിക്കാൻ പറ്റാതാവുകയാണ്. ഈ രേഖകൾ ചോർന്ന സമയത്തുതന്നെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമീഷണർ മിഷേൽ ബാഷ് ലേ ചൈനയിൽ പര്യടനത്തിലായിരുന്നു. 'രാഷ്ട്രീയ ശരി'കളിൽനിന്ന് ഒട്ടും വിട്ടുപോകാതെയാണെങ്കിലും അവർ നടത്തിയ പ്രസ്താവനയിൽ മനുഷ്യാവകാശ മേഖലയിൽ കൂടുതൽ ശ്രദ്ധചെലുത്താൻ ചൈന തയാറാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.

ആരോപണങ്ങളെ രാഷ്ട്രീയ പ്രതികരണങ്ങളിലൂടെ മാത്രം നേരിടാമെന്ന ചൈനയുടെ നയം മാറ്റിച്ച്, തിരുത്തൽ നടപടികളിലേക്ക് ആ രാജ്യത്തെ എത്തിക്കാൻ ലോകരാജ്യങ്ങൾക്ക് കഴിയുമോ എന്ന് കാണാനിരിക്കുന്നേയുള്ളൂ. എന്നാൽ, ചൈനയെ കുറ്റപ്പെടുത്തുന്ന വൻശക്തി രാഷ്ട്രങ്ങളുടെ സ്വന്തം ചെയ്തികൾ അവരുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നുണ്ട്.

ടിയാനൻമെൻ കൂട്ടക്കൊലയുടെ വാർഷികത്തിന് ചൈനക്കുമേൽ വിമർശനം ചൊരിഞ്ഞ പടിഞ്ഞാറൻ നാടുകൾ, ഫലസ്തീനിലും മറ്റും തുടർച്ചയായി കൊലപരമ്പരകൾ നടത്തിവരുന്ന മർദക ഭരണകൂടങ്ങളെ ന്യായീകരിക്കുന്നവരാണ്. ചൈന തായ്‍വാനുമേൽ ആധിപത്യം സ്ഥാപിക്കുന്നതിനെ ആക്ഷേപിക്കുന്ന അമേരിക്ക, ഭൂഗോളത്തിൽ പരക്കേ സ്വന്തം സൈനികത്താവളങ്ങൾ സ്ഥാപിച്ച് നിലനിർത്തുന്ന രാജ്യമാണ്.

ഗ്വണ്ടാനമോയിലെയും അബൂഗുറൈബിലെയും തടവറകളിൽ അതിനിഷ്ഠുരമായ പീഡനമുറകൾ നയമാക്കിയിരുന്ന അമേരിക്ക അതേപ്പറ്റി ഒന്നും പറയാതെ ചൈനയുടെ പൈശാചികതയെപ്പറ്റി രോഷം കൊള്ളുമ്പോൾ അതിലെ ആത്മാർഥത സംശയാസ്പദമാകുന്നു. ഇങ്ങനെ ആരോപകരുടെ തെറ്റുകൾ ആരോപിതർക്ക് തുണയാകുന്ന അവസ്ഥ ആഗോള നീതിവ്യവസ്ഥയുടെ സഹജ ദൗർബല്യമായിരിക്കുന്നു.

എങ്കിൽപോലും, കടുത്ത മനുഷ്യാവകാശ നിഷേധത്തിന്റെയും വംശീയ ഉന്മൂലനത്തിന്റെയും തെളിവുകൾക്ക് മുമ്പിൽ ലോകമനസ്സാക്ഷിക്ക് ഇനിയും മൗനം തുടരാനാകില്ല. ഐക്യരാഷ്ട്രസഭക്കും നിഷ്പക്ഷ രാഷ്ട്രങ്ങൾക്കും ഈ വിഷയത്തിൽ ഇടപെടാൻ കഴിയേണ്ടതുണ്ട്.


Tags:    
News Summary - xinjiang police files: new evidence against china

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.