എന്നിട്ടും ഞാനിപ്പോഴും ഓണമുണ്ണുന്നു

ഓണം സന്തോഷത്തിന്‍െറ കാലമാണ്. ഏതു സങ്കടവും മറന്ന് എല്ലാവരും ഒന്നിച്ച് ആടിപ്പാടി, സദ്യയുണ്ട് സന്തോഷത്തോടെ നടക്കുന്ന ദിവസങ്ങള്‍. രണ്ടു വര്‍ഷംമുമ്പാണ് എനിക്ക് അസുഖം വരുന്നത്. ആ അസുഖത്തിന്‍െറ സമയത്തുമുണ്ടായിരുന്നു ഒരു ഓണക്കാലം. പതിവുപോലെ ചുറ്റിലും ഓണക്കളം തീര്‍ത്ത വീടുകള്‍, സദ്യവട്ടങ്ങളുടെ  രുചിഭേദങ്ങള്‍, അങ്ങനെയങ്ങനെ... ഓണത്തിന് എന്നെ കാണാന്‍ നിരവധി പേര്‍ വന്നിരുന്നു, പലയിടങ്ങളില്‍നിന്ന് ഓണവിശേഷങ്ങളും ആശംസകളുമായി. പക്ഷേ, എന്നെ വന്നുകണ്ട പലരും വല്ലാത്ത വിഷാദത്തോടുകൂടി എന്നെ നോക്കുമ്പോള്‍ അവരുടെ കണ്ണില്‍ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നു ‘അടുത്ത ഓണത്തിന് ഇനി ഉണ്ടാവില്ല ല്ളേ’ എന്ന് ചോദിക്കാതെ ചോദിക്കുന്നത്. പക്ഷേ, എന്‍െറ മനസ്സില്‍ അങ്ങനെയൊരു തോന്നല്‍ ഉണ്ടായിട്ടേയില്ലായിരുന്നു. എന്നെ ചികിത്സിച്ച ഡോ. ഗംഗാധരന്‍ തന്ന ഉറപ്പായിരിക്കാം ചിലപ്പോള്‍ അതിന് കാരണം. ഒരു വല്ലാത്ത ധൈര്യമായിരുന്നു എനിക്ക്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് നല്ല വിശ്വാസമുണ്ടായിരുന്നു. എങ്കിലും പലപ്പോഴും ചില സംശയങ്ങള്‍ ബാക്കികിടന്നു, ഇനിയും എനിക്ക് ഓണം ആഘോഷിക്കാനാകുമോ എന്ന്. പക്ഷേ, അതിനുശേഷവും ഞാന്‍ ഓണമുണ്ടു. അടുത്ത ഓണവുമുണ്ണുന്നു. ‘അടുത്ത ഓണത്തിന് ഇനി ഉണ്ടാവില്ല ല്ളേ’ എന്ന് ചോദിക്കാതെ ചോദിച്ചവരൊക്കെ ഇപ്പോഴും അവിടവിടങ്ങളിലായുണ്ട്.

ഓണക്കാലത്ത് നമ്മുടെ വീടിന്‍െറ തൊട്ടടുത്തുള്ള കിണറിന്‍െറ കരയിലും കുളക്കരയിലുമൊക്കെ ഭയങ്കര ചിരിയും കളിയും വര്‍ത്തമാനവുമൊക്കെയുണ്ടാകും. അതിന്‍െറ കാരണം ഓണം എന്നുള്ളതിന്‍െറ സന്തോഷമാണ്, അത് അന്ന്, എന്‍െറ കുട്ടിക്കാലത്ത്, ഒരമ്പത്തഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ്. അതുവരെയില്ലാത്ത ഒരു സന്തോഷം നമ്മുടെ കൂട്ടുകാരിലൊക്കെ അപ്പൊ നമ്മള്‍ കാണുകയാണ്. നാട്ടിന്‍പുറമായതുകൊണ്ട് അവിടെയാകെ കായ വറുത്തതിന്‍െറയും ശര്‍ക്കരവരട്ടിയുടെയും പായസത്തിന്‍െറയുമെല്ലാം മണമിങ്ങനെ ഒഴുകി നടക്കും. പൂക്കൂടകളില്‍ പൂക്കള്‍ ശേഖരിക്കാന്‍വേണ്ടി കുട്ടികള്‍ നടക്കുന്നതു കാണാം. സുന്ദരന്മാരും സുന്ദരികളുമായി എല്ലാവരും വീടിന്‍െറ മുറ്റത്ത് പൂക്കളമിടും. ഓണത്തിന് രണ്ടാഴ്ച മുമ്പുതന്നെ വീടുകളിലൊക്കെ മണ്ണ് ചവിട്ടിക്കുഴക്കുന്നതും ഞങ്ങളുടെ ഗ്രാമത്തിലെ കാഴ്ചയായിരുന്നു, അത് തൃക്കാക്കരയപ്പനെ ഉണ്ടാക്കാനാണ്. അന്നൊക്കെ ഓണക്കോടിയുടുത്ത് കുട്ടികളൊക്കെ ഓടി വരുന്നതുകാണാം.  ഒരു ഉത്സാഹമായിരുന്നു എല്ലാവര്‍ക്കും ഓണം. ഞങ്ങള്‍ കൂത്തുപറമ്പിലാണ്, ഇരിഞ്ഞാലക്കുടക്കടുത്ത് ഒരു ചെറിയ ഗ്രാമം. അവിടെ ഓണക്കാലത്ത് ഞങ്ങളും പുറത്തുശേരിക്കാരും തമ്മില്‍ പന്തുകളിക്കും, അതായിരുന്നു അന്നത്തെ ഓണക്കാലത്തെ പ്രധാന വിനോദം. പുറത്തുശേരിക്കാര്‍ ഞങ്ങള്‍ക്ക് ഒരു കത്തയക്കും. ‘ഞങ്ങള്‍ നിങ്ങളുമായി കളിക്കാനാഗ്രഹിക്കുന്നു, തിരുവോണത്തിന്‍െറയന്ന് ഉച്ചകഴിഞ്ഞ് ഗ്രൗണ്ടില്‍ ഏറ്റുമുട്ടാം’ എന്നൊക്കെയായിരിക്കും അതില്‍. അങ്ങനെ ഞങ്ങള്‍ ഏറ്റുമുട്ടലിന് തയാറായി തിരിച്ചും കത്തയക്കും. അങ്ങനെ കളി നടക്കും.

ഞങ്ങളുടെ അയല്‍പക്കത്ത് കൂത്തുപാലക്കല്‍ നാണു മൂശാരിയുടെ വീടുണ്ട്. അവിടെ കുറെ സ്ത്രീകള്‍ ഒരുമിച്ച് കൂടും. എന്നിട്ട് ഓണക്കളി തുടങ്ങും. ആ ഓണക്കളി കാണാന്‍വേണ്ടി കുറെ ആളുകള്‍ വന്നിരിക്കും. അവിടെ ഞാനുമുണ്ടാകും കളികാണാന്‍. അന്ന് ആള്‍ക്കാര്‍ക്കു മുന്നില്‍ നാണംകുണുങ്ങുകയൊന്നും ചെയ്യാതെ തന്‍േറടത്തോടെയാണ് അവര്‍ കളിക്കാറ്. ഓണത്തിനോട് അവര്‍ക്കുണ്ടായിരുന്ന അഭിനിവേശംകൊണ്ടായിരുന്നു അത്. വട്ടമിട്ടുള്ള ആ ഓണക്കളിക്ക് നടുവില്‍ നാണു മൂശാരിയുടെ മകന്‍ രാജന്‍ ഇരിക്കും. അവന് എന്‍െറ പ്രായമാണ്. അവന് ചുറ്റും അവര്‍ പാട്ടുപാടിക്കളിക്കുമ്പോള്‍ മനസ്സില്‍ ഞാന്‍ വല്ലാതെ ആഗ്രഹിച്ചുപോയിട്ടുണ്ട് അതിന് നടുവില്‍ ഒരുവട്ടമെങ്കിലും ഒന്നിരിക്കാന്‍. ‘ഒന്നോണം തിരുവോണം, രണ്ടോണം ഞണ്ടും ഞവുണീം, മൂന്നോണം മുക്കീം മൂളീം, നാലോണം നക്കീം തോര്‍ത്തീം’ എന്നായിരുന്നു ഓണത്തിന് അന്നത്തെ ചൊല്ല്. വയറുനിറച്ച് ആഹാരം കഴിക്കുന്നത്, ഇഷ്ടപ്പെട്ട പലഹാരം കഴിക്കുന്നത് ഒക്കെ അന്ന് ഓണത്തിന് മാത്രമാണ്. വിശപ്പുമാറാത്ത ഒരുപാടാളുകള്‍ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു, നല്ല ആഹാരം കഴിക്കാനില്ലാത്ത നിരവധി പേര്‍. എങ്കിലും ഓണമായാല്‍ അവര്‍ എവിടെനിന്നെങ്കിലും പണം കണ്ടത്തെി സദ്യയുണ്ടാക്കി കഴിക്കും.

കാലം മാറി. പട്ടിണിയും പരിവട്ടവുമെല്ലാം ഒരുവിധം പോയി. ഓണത്തിന് മാത്രമുണ്ടാക്കിയിരുന്ന പായസമൊക്കെ എന്നുമിപ്പോള്‍ ചുറ്റിലും ഇന്‍സ്റ്റെന്‍റായിട്ട് കാണാം. തൃക്കാക്കരയപ്പന്‍ വരെ കടയില്‍നിന്ന് വാങ്ങാന്‍ കിട്ടും.  ഇപ്പൊ മുനിസിപ്പാലിറ്റിയും പഞ്ചായത്തുമൊക്കെയാണ് ഓണം ഏറ്റെടുത്തിരിക്കുന്നത്.  പൂപറിക്കാന്‍ പണ്ട് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ ഗ്രാമങ്ങളില്‍ ഉച്ചകഴിഞ്ഞ് ഇറങ്ങുന്നത് ഓണക്കാലത്തെ സുഖമുള്ള കാഴ്ചയായിരുന്നു. ഇന്നതൊക്കെ നമുക്ക് നാണക്കേടായി മാറി. ദാരിദ്ര്യം ഉണ്ടെങ്കിലേ ഓണത്തിന് പ്രസക്തിയുള്ളൂ. ഇടക്കിടക്ക് പുതുവസ്ത്രം വാങ്ങി മാറ്റി മാറ്റിയിടുന്ന നമുക്ക് എന്ത് ഓണക്കോടി. ഓണം ഇപ്പോള്‍ കൂടുതല്‍ ആഘോഷിക്കുന്നത് വിദേശത്താണ്. പഴയ ഓണമോര്‍മകളുമായി പോയ മലയാളികള്‍ അതിന്‍െറ മാധുര്യം മനസ്സില്‍ സൂക്ഷിച്ച് ഇന്നും അവിടെ ഓണമാഘോഷിക്കുന്നു. തുമ്പപ്പൂക്കള്‍പോലും നെടുവീര്‍പ്പിടുകയാണ്, നമ്മുടെ ഓണപ്പൂക്കളം കണ്ട്. ഞങ്ങളും പണ്ട് ഇതിന്‍െറയൊരു ഭാഗമായിരുന്നല്ലോ എന്നോര്‍ത്ത്. ഇത്തവണത്തെ എന്‍െറ ഓണസദ്യ രാഷ്ട്രപതിഭവനിലാണ്; മുഖ്യമന്ത്രിയും കൂടെയുണ്ടാവും.

 

തയാറാക്കിയത്: പ്രമോദ് ഗംഗാധരന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT