ഇന്ത്യൻ പശ്ചാത്തലത്തിൽ സോഷ്യലിസം എന്നാൽ പ്രാഥമികമായി അർഥമാക്കുന്നത് വംശം, മതം, ലിംഗഭേദം എന്നിവ പരിഗണിക്കാതെ അവസരസമത്വം പ്രദാനം ചെയ്യുന്നതും സ്വകാര്യമേഖലയെ പ്രവർത്തിക്കുന്നതിൽനിന്ന് തടയാത്തതുമായ ഒരു ക്ഷേമ രാഷ്ട്രമാണ്.
രാജ്യം ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാർഷികത്തലേന്ന് ചീഫ് ജസ്റ്റിസ്, സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഒരു വിധിപ്രഖ്യാപനം നടത്തി.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ‘സോഷ്യലിസ്റ്റ്’, ‘സെക്കുലർ’ എന്നീ പദങ്ങൾ ഉൾപ്പെടുത്തിയതിനെ ചോദ്യംചെയ്യുന്ന ഹരജി തള്ളിക്കൊണ്ട് സ്ഥിതിസമത്വവും മതനിരപേക്ഷതയും ഇന്ത്യൻ ഭരണഘടനയുടെ അടിത്തറയുടെ ഭാഗമാണെന്നായിരുന്നു വിധി.
1949 നവംബർ 26ന് അംഗീകരിച്ച, 1950 ജനുവരി 26ന് നിലവിൽ വന്ന ഭരണഘടനയുടെ ആമുഖം ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായാണ് പ്രഖ്യാപിച്ചിരുന്നത്. സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ പദങ്ങൾ ഉപയോഗിക്കരുതെന്നത് ഭരണഘടനാ അസംബ്ലി ബോധപൂർവമെടുത്ത തീരുമാനമായിരുന്നു. എന്തെന്നാൽ, ആ രണ്ട് ആശയങ്ങളും ഇന്ത്യൻ സാഹചര്യത്തിൽ നിർവചിക്കപ്പെട്ടിരുന്നില്ല.
പിന്നീട് 1976ൽ ആഭ്യന്തര അടിയന്തരാവസ്ഥക്കാലത്ത് നടത്തിയ, കേന്ദ്രസർക്കാറിന്റെ അധികാരങ്ങളെ വിപുലീകരിച്ച 42ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ആമുഖത്തിൽ ഈ വാക്കുകൾ ഉൾക്കൊള്ളിച്ചത്. അതോടെ ആമുഖത്തിൽ പരമാധികാര ജനാധിപത്യ റിപ്പബ്ലിക് എന്നത് പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് എന്നായി മാറി.
42ാം ഭേദഗതിയിലൂടെ കൊണ്ടുവന്ന പല മാറ്റങ്ങളും ഭരണഘടനയുടെ 43, 44 ഭേദഗതികളിലൂടെ ഒഴിവാക്കിയെങ്കിലും ആമുഖത്തിൽ ഉൾക്കൊള്ളിച്ച സ്ഥിതിസമത്വ മതനിരപേക്ഷ എന്നീ വാക്കുകളെ സ്പർശിച്ചില്ല.
സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ഉൾക്കൊള്ളിച്ച് 44 വർഷങ്ങൾക്ക് ശേഷം 2020 ജൂലൈയിൽ ആ നടപടിയെ ചോദ്യംചെയ്ത് സുപ്രീംകോടതി അഭിഭാഷകൻ ഡോ. ബൽറാം സിങ് പെറ്റിഷൻ ഫയൽ ചെയ്തു. ഹിന്ദുത്വ വിഷയങ്ങൾക്കായി നിരന്തരം വ്യവഹാരം നടത്തുന്ന മറ്റു രണ്ടുപേർ -മുൻ നിയമമന്ത്രി സുബ്രഹ്മണ്യം സ്വാമി, അഡ്വ. അശ്വനി കുമാർ ഉപാധ്യായ എന്നിവരും സമാനമായ ഹരജികൾ സമർപ്പിച്ചിരുന്നു.
മതനിരപേക്ഷ എന്ന വാക്ക് ഭരണഘടനാ ശിൽപികൾ ആമുഖത്തിൽനിന്ന് ബോധപൂർവം ഒഴിവാക്കിയതാണെന്നും സ്ഥിതിസമത്വ എന്ന ആശയം സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സ്വാതന്ത്ര്യത്തെ വെട്ടിച്ചുരുക്കുന്നുവെന്നും അവർ വാദിച്ചു.
ഈ വാദങ്ങളെ പാടേ തള്ളിയ ഏഴു പേജുള്ള വിധിയിൽ സുപ്രീംകോടതി പറഞ്ഞു: ഹരജിക്കാരുടെ വാദങ്ങളിലെ പിഴവുകളും ബലഹീനതകളും പ്രകടവുമാണ്. ഭരണഘടനയുടെ കരട് തയാറാക്കുമ്പോൾ, മതത്തിന് വിരുദ്ധമായി വ്യാഖ്യാനിക്കപ്പെട്ടതിനാൽ മതനിരപേക്ഷം എന്ന വാക്കിന്റെ അർഥം ‘അവ്യക്തമാണെന്ന്’ കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, കാലക്രമേണ, ‘ഇന്ത്യ മതനിരപേക്ഷതക്ക് സ്വന്തമായൊരു വ്യാഖ്യാനം വികസിപ്പിച്ചെടുത്തു, അതിൽ ഭരണകൂടം ഒരു മതത്തെയും പിന്തുണക്കുന്നില്ല, ഒരു വിശ്വാസം പിൻപറ്റുന്നതിനെയും ആചരിക്കുന്നതിനെയും കുറ്റകരമായി കാണുന്നുമില്ല -കോടതി പറഞ്ഞു.
ആമുഖത്തിൽ ഉൾച്ചേർത്ത സാഹോദര്യം, സമത്വം, വ്യക്തി അന്തസ്സ്, സ്വാതന്ത്ര്യം എന്നിവയിൽ പ്രതിപാദിച്ചിരിക്കുന്ന ആദർശങ്ങൾ ഈ മതേതര ധാർമികതയെ പ്രതിഫലിപ്പിക്കുന്നു, സോഷ്യലിസം എന്ന സങ്കൽപത്തിന് ഇന്ത്യയിൽ സവിശേഷമായ അർഥമുണ്ട്. അത് സാമ്പത്തിക-സാമൂഹിക നീതിയുടെ തത്ത്വത്തെ സൂചിപ്പിക്കുന്നു. സാമ്പത്തികമോ സാമൂഹികമോ ആയ സാഹചര്യങ്ങൾ കാരണം പൗരജനങ്ങളാരും അവശതയനുഭവിക്കുന്നില്ലെന്നും വർഷങ്ങളായി അഭിവൃദ്ധി പ്രാപിക്കുകയും വികസിക്കുകയും വളരുകയും ചെയ്യുന്ന സ്വകാര്യമേഖലക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നും ഭരണകൂടം ഉറപ്പാക്കുന്നു.
ഇന്ത്യൻ പശ്ചാത്തലത്തിൽ സോഷ്യലിസം എന്നാൽ പ്രാഥമികമായി അർഥമാക്കുന്നത് വംശം, മതം, ലിംഗഭേദം എന്നിവ പരിഗണിക്കാതെ അവസരസമത്വം പ്രദാനം ചെയ്യുന്നതും സ്വകാര്യമേഖലയെ പ്രവർത്തിക്കുന്നതിൽനിന്ന് തടയാത്തതുമായ ഒരു ക്ഷേമ രാഷ്ട്രമാണ്. മതനിരപേക്ഷതയെന്നതുപോലെ ഇക്കാലത്തിനിടയിൽ ഇന്ത്യയിൽ ഒരു തനത് സോഷ്യലിസം ഉരുവപ്പെട്ടു വന്നിട്ടുണ്ട്.
സുപ്രീംകോടതിയുടെ ഉജ്ജ്വലമായ ഈ വിധിയെ സ്വാഗതംചെയ്യുന്നതിനൊപ്പം കേന്ദ്രസർക്കാറും വിവിധ സംസ്ഥാന സർക്കാറുകളും അവക്ക് കീഴിലെ വിവിധ സ്ഥാപനങ്ങളും എത്രമാത്രം മതനിരപേക്ഷതയും സോഷ്യലിസവും ഉയർത്തിപ്പിടിക്കുന്നുണ്ട് എന്ന് ജനങ്ങൾ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.
രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായം വർഷങ്ങളോളം ആരാധന നിർവഹിച്ചുപോന്ന ദേവാലയം അതിക്രമകരമായി തകർക്കപ്പെട്ടിട്ട് 32 വർഷം പൂർത്തിയാവുകയാണ്. ആ തകർക്കൽ കർമം അന്യായമായ ഒരു ക്രിമിനൽ പ്രവൃത്തിയാണെന്ന് വിലയിരുത്തിക്കൊണ്ടുതന്നെ ദേവാലയ ഭൂമിയുടെ നിയന്ത്രണം കോടതി അതേ ക്രിമിനൽ സംഘത്തിന്റെ കൈകളിലെത്തിച്ചത് നാം കണ്ടതാണ്. സമാനമായ രീതിയിൽ ന്യൂനപക്ഷ സമുദായത്തിന്റെ പല ആരാധനാലയങ്ങൾക്ക് നേരെയും കൈയേറ്റ ഗൂഢാലോചനകൾ നടക്കുന്നു. ഇത്തരം സംഭവങ്ങളിൽ മതനിരപേക്ഷ രാജ്യത്തെ ഭരണകൂടവും കോടതിയും വർഗീയ ശക്തികൾക്ക് പ്രചോദനം പകരുന്ന നിലപാടുകളുമെടുക്കുന്നു. ഇതല്ല, ഭരണഘടനയിൽ എഴുതിച്ചേർക്കപ്പെട്ട മതനിരപേക്ഷത എന്ന പദംകൊണ്ടർഥമാക്കുന്നത് എന്ന് അതിനെ ലംഘിക്കുന്ന ശക്തികളെ ഓർമിപ്പിക്കുക തന്നെ വേണം.
സ്ഥിതിസമത്വത്തിന്റെ കാര്യവും ഒട്ടും ആശ്വാസ്യമല്ല. വർഗീയവിദ്വേഷം കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ വളർച്ച നേടിയിരിക്കുന്നത് അസമത്വവും പട്ടിണിയുമാണ്. ബില്യനർമാരുടെ എണ്ണം രാജ്യത്ത് വർധിച്ചിട്ടുണ്ട്. തൊഴിലില്ലാത്തവരുടെയും വീടില്ലാതെ വഴിയോരത്ത് ഉറങ്ങാനും വാഹനം കയറി ചതഞ്ഞരയപ്പെടാനും വിധിക്കപ്പെട്ടവരുടെയും എണ്ണം കുത്തനെ കുതിച്ചുയരുന്നു. കാർഷിക സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നു എന്നവകാശപ്പെടുന്ന രാജ്യത്ത് കർഷകർക്ക് കടക്കെണിയിൽനിന്നും ആത്മഹത്യാ മുനമ്പിൽനിന്നും മുക്തിയില്ലാത്ത സാഹചര്യം. മതനിരപേക്ഷതയും സ്ഥിതിസമത്വവും ഭരണഘടനാ ആമുഖത്തിൽ നിലനിർത്തണമെന്ന് വിധിച്ച കോടതി അതിന്റെ ദൗത്യം നിർവഹിച്ചിരിക്കുന്നു. രാജ്യത്തെ ആ മൂല്യങ്ങൾക്കനുസൃതമായി നിലനിർത്തുക എന്ന ദൗത്യം പൗരജനങ്ങളാണ് ഇനി ഏറ്റെടുക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.