ഒരു ജനാധിപത്യ രോഗനിർണയം

ഇന്ത്യൻ രാഷ്​ട്രീയത്തിലും പാർലമെന്ററി പ്രക്രിയകളിലും വന്നിരിക്കുന്ന അമ്പരപ്പിക്കുന്ന മാറ്റങ്ങളെ മുൻ ഉപരാഷ്​ട്രപതിയും പ്രമുഖ നയതന്ത്രജ്ഞനുമായ ഡോ. ഹാമിദ്​ അൻസാരി വിശകലനം ചെയ്യുന്നു

കഴിഞ്ഞ മാസം രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങളിലൊന്നിൽ വന്ന ലേഖനത്തിൽ പുതുതായി രൂപമെടുക്കുന്ന സാധ്യതകളെ ഹ്രസ്വമായി അവതരിപ്പിക്കുന്നതിങ്ങനെ: ‘‘പ്രസിഡന്റ് ഭരണത്തിന്റെ ഇന്ത്യൻ രൂപമായ സ്വേച്ഛാധിപത്യം സൃഷ്ടിച്ചെടുക്കാൻ പാർലമെന്റിലെ ഭൂരിപക്ഷം ബുൾഡോസറായി പ്രയോഗിക്കപ്പെടുകയാണ്.

വരാനിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരോദ്ഘാടന ചടങ്ങോടെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ യഥാർഥ പ്രസിഡന്റായി പ്രധാനമന്ത്രി അഭിഷിക്തനാകുന്നത് ഒരു വ്യക്തിയുടെ അഹംബോധത്തിലുപരി മറ്റു പലതിനെയും പ്രതിനിധാനം ചെയ്യുന്നു’’.

വർഷങ്ങൾക്കു മുമ്പാണ് ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ലെവിറ്റ്സ്കിയും സിബ്‍ലാറ്റും ചേർന്നെഴുതിയ പുസ്തകം ഞാൻ വായിച്ച് മാറ്റിവെച്ചത്. ഇന്ത്യയെക്കുറിച്ച് അതിൽ പരാമർശമൊന്നുമില്ലെന്നതായിരുന്നു അന്നത്തെ സന്തോഷം. ലക്ഷ്യമിട്ടത് നേടിയെടുക്കാൻ കുടിലമായ ഉപായങ്ങൾ ഉപയോഗിക്കപ്പെടുമെന്ന് തരിമ്പു പോലും ഞാനന്ന്​ മനസ്സിൽ കരുതിയിരുന്നില്ല.

കരുതലോടെ രൂപപ്പെടുത്തിയെടുത്ത നമ്മുടെ പാർലമെന്ററി സംവിധാനം ഒ​ട്ടേറെ ലക്ഷ്യങ്ങളുള്ളതായിരുന്നു: നിയമനിർമാണം, ഭരണനിർവഹണ സമിതിയുടെ ഉത്തരവാദിത്തബോധം, നികുതി നിർദേശങ്ങൾക്ക് അംഗീകാരം നൽകൽ, രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളുടെ നിയന്ത്രണം, പൊതുപ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യൽ എന്നിങ്ങനെ.

ഇന്ത്യയെന്നാൽ, ‘സംസ്ഥാനങ്ങളുടെ ഒരു ഐക്യരാജ്യമാണെന്നും ഭരണഘടനയുടെ 11ാം ഭാഗത്തിലെ വകുപ്പുകളാകും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലെ ബന്ധങ്ങളെ ഭരിക്കുകയെന്നുമാണ്’ അത് വ്യക്തമാക്കുന്നത്.

സാമൂഹിക ജനാധിപത്യമെന്ന തുടർലക്ഷ്യം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്നിലൂന്നിയതാണെന്ന് ബി.ആർ. അംബേദ്കർ ഉറപ്പിച്ചുപറഞ്ഞു. നിയമനിർമാണ സഭ, ഭരണനിർവഹണ സമിതി, ജുഡീഷ്യറി എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുമ്പോഴാണ് അത് സാധ്യമാകുക.

ഈ മൗലിക തത്ത്വങ്ങൾ ഭരണഘടനയുടെ ആമുഖത്തിലും വ്യക്തമാക്കുന്നുണ്ട്. അടിസ്ഥാനഘടന തത്ത്വത്തിൽ സുപ്രീംകോടതിയും ഇതുതന്നെ അടിവരയിടുന്നു.

അപചയ സൂചനകൾ

ഈ അടിസ്ഥാന വിഷയങ്ങളിൽതന്നെ കാര്യക്ഷമമായി പ്രവർത്തിക്കുകയെന്നതായിരുന്നു പ്രധാന വെല്ലുവിളി. കഴിഞ്ഞ ഒരുവർഷത്തെ, ഒരു പതിറ്റാണ്ടിലെ കണക്കുകളും ഓരോ സമ്മേളനകാലത്തെയും സഭ ചേരലുകളും വെച്ചുനോക്കിയാൽ വളർച്ചക്കുപകരം തളർച്ചയാണ് പ്രവർത്തനരംഗത്ത് കണ്ടുകൊണ്ടിരിക്കുന്നതെന്ന് കണക്കുകൾ പറയുന്നു.

സൂക്ഷ്മപരിശോധന, ഉത്തരവാദിത്തം, മേൽനോട്ടം എന്നിവക്കുള്ള സംവിധാനമെന്ന നിലക്ക് ഇതിന്റെ കാര്യക്ഷമത നഷ്ടമായെന്നത് ലളിതമായ സത്യം. പകരം, പ്രതിപക്ഷത്തിന് എളുപ്പം സഭ തടസ്സപ്പെടുത്താവുന്ന ഉപകരണങ്ങളും കാപട്യമില്ലാത്തവിധം സർക്കാറുകളുടെ ഉത്തരവാദിത്തമൊഴിയലുകളുമാകുമ്പോൾ ഇതുതന്നെയല്ലേ ശരിയെന്ന് വരും.

എല്ലാറ്റിലുമുപരി, അതത് സമയത്തെ നേതൃത്വം പഠിച്ചുപയോഗിക്കുന്ന മൗനം കൊണ്ടോ അസാന്നിധ്യം കൊണ്ടോ മറ്റു ചിലപ്പോൾ രണ്ടുംകൊണ്ടോ ഇതിന് നിയമസാധുതയും ലഭിക്കുന്നു. സ്റ്റാൻഡിങ് കമ്മിറ്റികളുടെ മന്ദതതന്നെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. വിഷയങ്ങളിൽ സൂക്ഷ്മ പരിശോധന, ചർച്ച, എതിർപ്പ് എന്നിവയെല്ലാം അതോടെ ഇല്ലാതായിത്തീരുന്നു.

അതത് സമയത്ത് തെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് മാറ്റിനിർത്തിയാൽ കാര്യങ്ങൾ താളംതെറ്റുന്നതും അനുബന്ധമായ പ്രത്യാഘാതങ്ങളും കാര്യബോധമുള്ളവരിൽ ആധിയുണ്ടാക്കുന്നതാണ്. സിവിൽ സമൂഹത്തിൽ ഇതിന്റെയെല്ലാം പകരക്കാരനായി സ്വയം അവരോധിച്ചുനിൽക്കുന്ന സമൂഹമാധ്യമങ്ങൾ പാർലമെന്ററി പ്രാതിനിധ്യത്തിന് പരിപൂരകമാകുന്നതിൽ ഒരേസമയം അനുഗുണവും പ്രതിലോമപരവുമായി മാറുന്നുണ്ട്.

ഒരു രാഷ്ട്രമീമാംസകൻ പറഞ്ഞതിങ്ങനെ: ‘‘വിശദീകരിച്ചുപറയുമ്പോൾ പാർലമെന്റ് കൂടുതൽ പ്രാതിനിധ്യമുള്ളതായിട്ടുണ്ടാകാമെങ്കിലും നിയമനിർമാണം, ഭരണനിർവഹണം എന്നിവയിൽ അത് പ്രതികരണമറ്റതായി മാറിയിട്ടുണ്ട്.

ഒന്നിച്ചുനിന്ന് ഉത്തരവാദിത്തം ഒഴിവാകുന്നതാണിപ്പോൾ പ്രവണത’’. പാർലമെന്റ് ഉദ്ഘാടനച്ചടങ്ങിൽ കണ്ടതുപോലെ മതപരമായ പുതിയ അഭിനിവേശങ്ങൾകൂടി ചേർത്തുനിർത്തുന്നത് ഇതി​നെ അരക്കിട്ടുറപ്പിക്കുന്നു.

ഈ നീക്കങ്ങൾ അധികാരകേന്ദ്രീകരണം, വ്യക്തിനിഷ്ഠത എന്നിവയിലൂന്നിയ ഒരു പദ്ധതിയാണ് സൂചിപ്പിക്കുന്നത്. സമീപകാല ചരിത്രത്തിൽ അത്ര പരിചിതമല്ലാത്ത ‘ഫ്യൂറർ’, ‘സഈം’ പോലുള്ള പ്രതിച്ഛായ ഇത് നിർമിച്ചെടുക്കുന്നു.

അനുബന്ധമായി, തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാൻ സർക്കാർ സ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തുന്നു. അതുവഴി പൊതുജനപ്രീണനത്തിൽനിന്ന് തെരഞ്ഞെടുപ്പ് ഏകാധിപത്യത്തിലേക്ക് കാര്യങ്ങൾ മാറിമറിയുന്നു. രണ്ടും ഭരണഘടന സത്തയെ വെല്ലുവിളിക്കുന്നതാണെന്ന് ​വേറെ കാര്യം.

ഈ പ്രവണതയുടെ ഒരു പ്രത്യാഘാതം എന്തെന്ന് പറയുന്നതാണ് അടുത്തിടെ ഒരു സംഘം ഉദ്യോഗസ്ഥർ പ്രസിഡന്റിന് എഴുതിയ കത്തിലെ വരികൾ. സിവിൽ സർവിസിന്റെ സ്വഭാവവും പ്രവർത്തനരീതിയുംതന്നെ സർക്കാർ മാറ്റിമറിക്കുകയാണെന്നാണ് അവരുടെ ഉത്കണ്ഠ.

ഉദ്യോഗസ്ഥർ ‘ഒന്നിലേറെ പേർക്ക് കടപ്പെട്ടിരിക്കേണ്ടിവരുന്നതുമൂലം കുരുങ്ങുന്നു’വെന്നും നിഷ്പക്ഷമായി പ്രവർത്തിക്കാൻ സാധിക്കാതെ വരുന്നുവെന്നും അതിൽ പറയുന്നു.

ഹിന്ദുത്വയും വികസനവും

ഇന്ത്യൻ രാഷ്ട്രനയത്തിലെ സ്വഭാവമാറ്റം പൊതുജനത്തിനിടയിൽ ആധി പെരുക്കാനിടയാക്കിയെന്നു മാത്രമല്ല, വിദേശനിരീക്ഷകർപോലും ഇത് സവിശേഷമായി ശ്രദ്ധിക്കുകയും ചെയ്യുന്നു. എഡിറ്റോറിയൽ പേജിലെ ഒരു പ്രതികരണം ഇങ്ങനെ: ‘‘ഇന്ത്യയിലെ ഹിന്ദുത്വ ദേശീയത രാജ്യത്തിന്റെ ബഹുസ്വര മതേതര ജനാധിപത്യത്തിനുള്ള ചരമക്കുറിയാണ്’’.

കഴിഞ്ഞ വർഷം പുറത്തിറക്കിയ പുസ്തകത്തിൽ ക്രിസ്റ്റഫ് ജാഫർലോട്ട് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ വിശകലനം ചെയ്യുന്നുണ്ട്- ഇസ്രായേലി പണ്ഡിതൻ സമീ സ്മൂഹയുടെ വംശീയവും ഭാഷാപരവും മതപരവും മറ്റു സാംസ്കാരികവുമായ സവിശേഷതകൾ തങ്ങൾക്ക് അധീശത്വം നൽകുന്നുവെന്നും ഇതരർ വംശാധിഷ്ഠിത രാജ്യത്തിന്റെ ഐക്യത്തിനും നിലനിൽപിനും വെല്ലുവിളിയാണെന്നും പ്രചരിപ്പിക്കുന്ന വംശീയ ജനാധിപത്യ സിദ്ധാന്തം- അടിസ്ഥാനമാക്കിയാണ് ഈ അപഗ്രഥനം.

ദേശീയതയും ഹിന്ദുത്വയും തമ്മിലെ കൂട്ടുകെട്ട് ഈ നവ ആധിപത്യത്തിന്റെ നട്ടെല്ലായി നിൽക്കുന്നത് ഭാരതീയ ജനത പാർട്ടിക്ക് ചെറുതായൊന്നുമല്ല സഹായമാകുന്നത്. ഹിന്ദുത്വയും വികസനവും ഒന്നിച്ചുനിൽക്കുന്ന കരുത്തുള്ള ഒരു പ്രതിച്ഛായകൂടി ഇത് മുന്നോട്ടുവെക്കുന്നു. സുഹാസ് പാൽഷികർ ഇതേക്കുറിച്ച് ചൂണ്ടിക്കാട്ടുന്നത്: ‘‘രാജ്യം പരിഹാരം തേടുന്ന പ്രശ്നങ്ങളുടെ നടുക്കാണെന്ന് ബുദ്ധിജീവികൾ പറഞ്ഞുവെക്കുന്നത് ബി.ജെ.പിയെ സന്തോഷിപ്പിക്കുന്നു.

കാരണം, അത് ബി.ജെ.പിക്ക് വലിയ മേൽക്കൈയാണ് ഉറപ്പാക്കുന്നത്. അനുബന്ധമായി, ബി.ജെ.പി വിരുദ്ധർ അതോടെ ദേശവിരുദ്ധർ കൂടിയാണെന്നു വരുന്നു. സ്വതന്ത്രാർഥത്തിൽ രണ്ട് ആശയങ്ങളും- ഹിന്ദുത്വയും വികസനവും- ശക്തിയേറിയ രാഷ്ട്രീയ സംവാദ വിഷയങ്ങളാണ്. രണ്ടിനെയും ഒന്നി​ച്ചുചേർക്കുകവഴി നരേന്ദ്ര മോദി തന്റെ ആവനാഴിയി​ലെ ഒരായുധമായി ഇതിനെ മാറ്റിയെടുക്കുകയാണ്’’.

ആരാധനസ്വഭാവത്തോടെ, ഒരിക്കലും പിഴവ് അരുതാത്ത ഈ ബിംബനിർമാണം കൂടുതൽ കരുത്ത് കൈവന്നത് ജി20 ഉച്ചകോടിയിൽ അധ്യക്ഷപദവി കൂടി കൈവന്നപ്പോഴാണ്. ഇന്ത്യ വിശ്വഗുരുവാണെന്ന മിത്തുമായി പൊതുജനത്തെ, വിശിഷ്യാ മധ്യവർഗത്തെ മാസ്മരിക വലയത്തിൽ നിർത്താനാണ് മുഴുവൻ ശ്രമവും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമിടിഞ്ഞും തൊഴിലില്ലായ്മ കുത്തനെ കൂടിയും യഥാർഥത്തിൽ സംഭവിക്കുന്നതാകട്ടെ, നേർവിപരീതമാണു താനും.

ഒരു പാർലമെന്റ് മന്ദിരവും ചില ചോദ്യങ്ങളും

പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടത് അതിന്റെ പ്രവർത്തനം കൂടുതൽ അർഥവത്താക്കുന്നതിന് ഒരു നിർദേശവുമില്ലാതെയായിരുന്നു. ഇരുസഭകളും ഔദ്യോഗികമായി തുല്യമാണെന്ന സന്ദേശം എടുത്തുകളഞ്ഞതായും തോന്നുന്നു. ലോക്സഭ സ്പീക്കർക്ക് തന്റെ പ്രഭാഷണത്തിൽ 90-100 പ്രവൃത്തി ദിനങ്ങൾ ആക്കണമെന്ന നിർദേശം വെക്കാമായിരുന്നു.

ഇരുസഭകളിലും എല്ലാ ആഴ്ചയും ഓരോ മണിക്കൂർ പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേള ഉണ്ടാകണമെന്നും സമിതി സംവിധാനത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും അതുവഴി ജനങ്ങളിൽ വിശ്വാസ്യത ഉയർത്താനും നടപടികളും​ ആവശ്യപ്പെടാമായിരുന്നു. പാർലമെന്റ് അംഗങ്ങൾക്ക് കൂടുതൽ മികച്ച ഓഫിസ് സംവിധാനത്തിന് അപ്പോൾ ന്യായമാകുമായിരുന്നു. എന്നാൽ, അതൊന്നുമുണ്ടായില്ല.

അപ്പോൾപിന്നെ, പുതിയ മന്ദിരം കൂടുതൽ പ്രവർത്തനോന്മുഖവും നിർമാണാത്മകവുമായ ഒരു പാർല​മെന്റ് വാഗ്ദാനം ചെയ്യുന്നുണ്ടോ? രാജ്യത്ത് ജനാധിപത്യ പ്രക്രിയയെ അത് ശക്തിപ്പെടുത്തുമോ?

പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞ, ‘ഓരോ ഇന്ത്യക്കാരനിലും ഉത്തരവാദിത്തബോധം ഉണർത്തു’മെന്നത് പുതിയ മന്ദിരത്തിലിരിക്കുകയും അതിന് നേതൃത്വം നൽകുകയും ചെയ്യുന്നവരിൽ ഉണ്ടാകുമോ? ‘വിജയകരമായ ജനാധിപത്യ പ്രവർത്തനത്തിന് മുൻകൂറായി വേണ്ട ഉപാധികൾ’ എന്ന പേരിൽ അംബേദ്കർ 1952 ഡിസംബറിൽ നടത്തിയ പ്രസംഗം അദ്ദേഹം ഓർത്തെടുക്കുമോ?

(കടപ്പാട്: ദ ഹിന്ദു)

Tags:    
News Summary - A democratic diagnosis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.