രാജ്യമൊട്ടുക്ക് യുവാക്കൾക്കിടയിൽ കടുത്ത നിരാശബോധം സൃഷ്ടിക്കുന്ന ഗുരുതര പ്രശ്നമാണ് തൊഴിലില്ലായ്മയുടെ അതിവേഗതയിലുള്ള പെരുപ്പം.
കോവിഡ് 19 അതിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾകൂടി കടക്കുകയും സമ്പദ്വ്യവസ്ഥ ലോക്ഡൗണിന് വിധേയപ്പെടുകയും ചെയ്തതോടെ, തൊഴിലില്ലാപ്പടയുടെ ദൈർഘ്യം കൂടുതൽ നീണ്ടു. നരേന്ദ്ര മോദി പ്രധാനമന്ത്രിസ്ഥാനത്തെത്തുന്നതിനുമുമ്പ് ഇന്ത്യയിലെ അഭ്യസ്ഥവിദ്യരും അല്ലാത്തവരുമായ യുവജനങ്ങൾക്ക് നൽകിയൊരു വാഗ്ദാനം ഇത്തരമൊരു അവസരത്തിൽ ഓർത്തെടുത്തെങ്കിൽ, അതിൽ എന്താണിത്ര അസ്വാഭാവികത? എന്തായിരുന്നു ഈ വാഗ്ദാനമെന്നോ? അധികാരത്തിലെത്തിയാൽ ഉടൻ ഓരോ വർഷവും രണ്ടുകോടി വീതം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്. ഈ വാഗ്ദാനം യാഥാർഥ്യമാക്കിയിരുന്നെങ്കിൽ മോദി ഭരണം നിലവിൽ വന്ന് എട്ടു വർഷം പൂർത്തിയാക്കുമ്പോൾ, 16 കോടി പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കുമായിരുന്നില്ലേ? ഇതു നടന്നില്ലെന്നു മാത്രമല്ല, ദേശീയതലത്തിൽ വിവരശേഖരണം നടത്തുന്ന ഔദ്യോഗിക ഏജൻസിയായ എൽ.എസ്.ഒയും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷനും തയാറാക്കിയ തൊഴിലില്ലായ്മ സംബന്ധമായ യഥാർഥ വസ്തുതകളും കണക്കുകളും പൂഴ്ത്തിവെക്കുകയുമാണുണ്ടായത്. രഹസ്യമായി മാധ്യമങ്ങൾ ചോർത്തിയെടുത്ത കണക്കുകൾ പ്രകാരം തൊഴിലില്ലായ്മ ഇപ്പോൾ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 45 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഔദ്യോഗിക കണക്കുകളനുസരിച്ചുതന്നെ സർക്കാർ സ്ഥാപനങ്ങളിൽ മാത്രം എട്ടുലക്ഷത്തിലേറെ ഒഴിവുകളുണ്ട്. അവ നികത്താൻ സർക്കാറിന് താൽപര്യമില്ലതാനും. രാഷ്ട്രീയ കാപട്യത്തിന്റെയും ഭരണരംഗത്തെ അഴിമതിയുടെയും പേരിൽ കോൺഗ്രസ് സർക്കാറുകളെ പ്രതിക്കൂട്ടിൽ നിർത്തി അധികാരം പിടിച്ച ബി.ജെ.പിയും പാർട്ടിയുടെ അനിഷേധ്യ നേതാവും ഭരണത്തിൽ എട്ടാം വർഷം കടക്കുമ്പോൾ ദാരിദ്ര്യം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, രൂപയുടെ മൂല്യത്തകർച്ച, സാമ്പത്തിക അസമത്വങ്ങൾ, മതത്തിന്റെയും ജാതിഭേദങ്ങളുടെയും പേരിൽ നടമാടുന്ന മാരകമായ ഏറ്റുമുട്ടലുകളും ഭരണകൂട ഭീകരതയും സർവകാല റെക്കോഡിലെത്തിനിൽക്കുകയാണ്.
ആഗോള സമ്പദ് വ്യവസ്ഥയാകെത്തന്നെ പണപ്പെരുപ്പത്തിന്റെയും തൊഴിലില്ലായ്മയുടെയും നിക്ഷേപത്തകർച്ചയുടെയും പ്രതിസന്ധികളിലാണെന്നിരിക്കെ, ആഗോളീകരണത്തിന്റെ പ്രത്യാഘാതമെന്ന നിലയിൽ ഇന്ത്യക്കും ഇതിന്റെയെല്ലാം ഭാരം പേറേണ്ടതായി വന്നിരിക്കുകയാണ്. മോദിഭരണകൂടത്തിന്റെ ലക്ഷ്യം തെറ്റിയ ഡിമോണിറ്റൈസേഷനും ജി.എസ്.ടി പരിഷ്കാരവും രാജ്യത്തിന്റെ ആഭ്യന്തര സമ്പദ്വ്യവസ്ഥയെ തകർച്ചയിലേക്കെടുത്തെറിഞ്ഞിരിക്കുകയാണ്. ആഭ്യന്തര രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രതിസന്ധികളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ഏകാധിപത്യ, ഫാഷിസ്റ്റ് ഭരണാധികാരികൾ പലവിധ അടവുകളും പയറ്റിയതിന്റെ അനുഭവങ്ങൾ ചരിത്രത്തിന്റെ ഏടുകൾ പരതിയാൽ ധാരാളം കണ്ടെത്താനാകും. അധികാരത്തിൽ തുടരുന്നതിനുവേണ്ടിമാത്രം ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പേരിൽ ആവർത്തിച്ച് ആണയിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘ്പരിവാറും സ്വന്തം പരാജയങ്ങൾ മൂടിവെക്കാനുള്ള ആയുധമെന്ന നിലയിൽ പുറത്തെടുത്തതാണ് അഗ്നിപഥ് പദ്ധതി.
രാജ്യരക്ഷാ മേഖലയിലെ ജീവനക്കാരിൽ യുവത്വം ഉറപ്പുവരുത്താനും കൂടുതൽ യുവാക്കൾക്ക് വിവിധ സായുധസേന വിഭാഗങ്ങളിൽ തൊഴിലവസരങ്ങൾ നൽകാനും സൈനികസേവന തുറകളിൽ പരിശീലനം നൽകാനും താൽക്കാലികാടിസ്ഥാനത്തിലെങ്കിലും തൊഴിലില്ലായ്മയുടെ ഗൗരവ സ്വഭാവത്തിൽ അയവുവരുത്താനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി എന്നതാണ് എതിർക്കുന്നവർക്കുള്ള മറുപടിയായി സർക്കാർ വക്താക്കൾ പറയുന്നത്. പദ്ധതിയുടെ താൽക്കാലിക സ്വഭാവം തന്നെയാണ് തൊഴിൽ തേടി വർഷങ്ങളോളം കാത്തിരിക്കുന്ന അഭ്യസ്തവിദ്യരും അല്ലാത്തവരുമായ ലക്ഷക്കണക്കിന് യുവാക്കളെ പ്രകോപിപ്പിക്കുകയും അക്രമത്തിലേക്കു നയിക്കുകയും ചെയ്തിട്ടുള്ളത്. ഔദ്യോഗിക ഏജൻസികളും ദേശീയ മുഖ്യധാരാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് യുവാക്കളുടെ പ്രതിഷേധത്തിനുപിന്നിൽ പരപ്രേരണ ഇല്ലെന്നും സ്വയമേവ പൊട്ടിപ്പുറപ്പെട്ട ഭയാശങ്കകളുടെ സ്വാഭാവിക പ്രതിഫലനമായിരുന്നു പ്രക്ഷോഭങ്ങൾ എന്നുമാണ്. കേന്ദ്രഭരണകൂടത്തെ രാഷ്ട്രീയമായി എതിർക്കാൻ കോപ്പുകൂട്ടിനിന്നിരുന്ന പ്രതിപക്ഷ പാർട്ടികൾ ഈ സാധ്യത മനസ്സിലാക്കി രംഗത്തുവന്നത് ഏറെ വൈകിയാണ്.
തൊഴിലില്ലായ്മയിൽനിന്ന് ഗ്രാമീണ ജനതക്ക് ഒരു പരിധിവരെയെങ്കിലും ആശ്വാസമേകാൻ മുൻ യു.പി.എ സർക്കാർ തുടങ്ങിവെച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഒരു നഗരമേഖലാ പതിപ്പായി സ്ഥിരം ജോലിയും സ്ഥിര വരുമാനവും സ്വസ്ഥമായ കുടുംബജീവിതവും പ്രതീക്ഷിച്ചിരുന്ന യുവാക്കൾക്ക് അഗ്നിപഥിനെ തോന്നിച്ചെങ്കിലും അതിശയിക്കേണ്ടതില്ല. മാത്രമല്ല, ഇത്തരമൊരു യുക്തിരഹിതമായ ധാരണയാണ് ഔദ്യോഗിക വക്താക്കളുടെ വിശദീകരണങ്ങളിൽനിന്ന് ലഭിച്ചിരുന്നതും. 2022ൽ ഈ പദ്ധതി ആരംഭിക്കുന്നപക്ഷം 46,000 പേർക്ക് പുതിയ തൊഴിലവസരങ്ങൾ തുറന്നുകിട്ടുമെന്നും നിയമനം ഏറ്റവുമുയർന്ന തോതിലെത്തുന്നതോടെ ഇത് പ്രതിവർഷം 1,50,000 വരെയായി വർധിക്കുമെന്നുമാണ് അവകാശപ്പെടുന്നത്. അതേ അവസരത്തിൽ പൂർണമായോ ഭാഗികമായോ തൊഴിലില്ലാപ്പടയിൽ അണിചേരുക ചുരുങ്ങിയത് ദശലക്ഷങ്ങളാണ്. തൊഴിലില്ലായ്മ പൂർണമായ അർഥത്തിൽ പരിഹരിക്കണമെന്നുണ്ടെങ്കിൽ ഓരോ മാസവും ചുരുങ്ങിയത് 15 ലക്ഷം വീതം പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തേണ്ടിവരും. അതായത്, പൂർണതയിലെത്തിയ അഗ്നിപഥ് ലക്ഷ്യമിടുന്നതിന്റെ എത്രയോ മടങ്ങ്.
വസ്തുതകൾ ഈ വിധത്തിലായിരിക്കെ, പട്ടാള മേധാവികൾ മാധ്യമങ്ങൾക്കുമുന്നിൽ നേരിട്ടെത്തി തൊഴിൽസാധ്യതകൾ സൃഷ്ടിക്കാനുള്ള അഗ്നിപഥിന്റെ ശേഷിയെക്കുറിച്ച് വാചാലമാകുമ്പോൾ സാമാന്യബുദ്ധിയുള്ളവർ പ്രതിഷേധിക്കുന്നതിൽ എന്താണ് തെറ്റ്? രാജ്യരക്ഷ സൈനിക മേഖലകളിൽ യുവാക്കൾക്ക് അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നീതീകരണമായി റഷ്യൻ ആക്രമണം നേരിടുന്നതിൽ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിക്കുണ്ടായ തിരിച്ചടികൾ വരെയാണ് സർക്കാർ, സംഘ്പരിവാർ വൃത്തങ്ങൾ തട്ടിവിടുന്നത്. ഇതിനിടെ, കേന്ദ്രമന്ത്രി ബി.ജെ.പിയിലെ കിഷൻ റെഡ്ഡിയും ബി.ജെ.പി ജനറൽ സെക്രട്ടറി വിജയ് വർഗിയയും നടത്തിയ പരാമർശങ്ങളും യുവാക്കളുടെ കോപവും നിരാശയും ആളിക്കത്തിച്ചു. കിഷൻ റെഡ്ഡിയുടെ വാഗ്ദാനം, അഗ്നിപഥിന്റെ സേവനകാലാവധി അവസാനിക്കുന്നതോടെ, അലക്കുകാരുടെയും ഗാർഹിക തൊഴിലാളികളുടെയും മാത്രമല്ല, ബാർബർമാരുടെയും തൊഴിലുകൾ ചെയ്ത് അഭ്യസ്തവിദ്യരായവർ അടക്കമുള്ള യുവാക്കൾക്ക് ജീവിതമാർഗം കണ്ടെത്താമല്ലോ എന്നാണ്. വിജയ് വർഗിയയുടെ വക യുവാക്കൾക്ക് ബി.ജെ.പി ഓഫിസുകളിലെ കാവൽക്കാരുടെ ജോലിവാഗ്ദാനവും കിട്ടി. ഇത്തരം വാക്കുകൾ കേൾക്കുമ്പോൾ ഓർമയിൽ ഓടിയെത്തുന്നത് കൃത്യമായൊരു ഇംഗ്ലീഷ് ഭാഷാപ്രയോഗമാണ് -''ആഡിങ് ഇൻസൽട്ട് ടു ഇൻച്വറി''. അതായത് അപമാനത്തിനുപുറമെ പരിക്കുകൂടി അടിച്ചേൽപിക്കുക. ഇത്രയേറെ അപമാനത്തിനും മാനഹാനിക്കും വിധേയരാക്കാൻ ഇന്ത്യയിലെ അഭ്യസ്തവിദ്യരായ യുവതലമുറ എന്ത് അപരാധമാണ് ചെയ്തത് ?
അഗ്നിപഥിന് സമാനമായ റിക്രൂട്ട്മെന്റ് നടപടികൾ നിരവധി ലോകരാജ്യങ്ങൾ ഇതിനുമുമ്പും സ്വീകരിച്ചിട്ടുണ്ടെന്ന മുട്ടായുക്തിയാണ് മോദി സർക്കാറിന്റെയും അവരുടെ ഭക്തരുടെയും മറ്റൊരു വാദം. നിരവധി രാജ്യങ്ങൾ സൈനികസേവനത്തിനായി രണ്ടുവർഷത്തേക്ക് യുവാക്കളെ നിയോഗിച്ചിട്ടുണ്ടെന്നും പറയുന്നു. ഉത്തരകൊറിയ, റഷ്യ, ചൈന എന്നീ ഏകാധിപത്യ ഭരണകൂടങ്ങൾ മുതൽ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, ഇസ്രായേൽ തുടങ്ങിയ ചെറിയ ഭരണകൂടങ്ങൾ വരെ സമാനമായ നിയമനമാതൃകകൾ നടപ്പാക്കിയിട്ടുണ്ടത്രെ! നിർബന്ധിത സൈനികസേവനങ്ങൾ നടപ്പാക്കുന്നതിൽ ചൂണ്ടിക്കാണിക്കപ്പെടുന്ന ഏതെങ്കിലും ഒരു രാജ്യം, അക്ഷരാർഥത്തിൽ ജനാധിപത്യ ഭരണക്രമമാണോ പിന്തുടരുന്നതെന്നു കൂടി ഇക്കൂട്ടർ ബോധ്യപ്പെടുത്തിയാൽ നന്നായിരുന്നു.
ആഗോളതലത്തിലുള്ള പരീക്ഷണങ്ങൾ പരിശോധനാ വിധേയമാക്കുമ്പോൾ, മോദിസർക്കാർ വിഭാവനം ചെയ്ത് നടപ്പാക്കാനാരംഭിച്ചിരിക്കുന്ന അഗ്നിപഥ് പദ്ധതി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ കഴിഞ്ഞ എട്ടു വർഷക്കാലത്തിനിടയിലെ ഫാഷിസ്റ്റ് സ്വഭാവമുള്ളതാണെന്ന വിശേഷണത്തിനപ്പുറമുള്ള സ്ഥിതിവിശേഷത്തിലേക്കാണ് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ കൊണ്ടെത്തിച്ചിരിക്കുന്നതെന്ന് വ്യക്തമാകുന്നു. ഡീമോണിറ്റൈസേഷൻ മുതൽ വിവാദ കാർഷിക നിയമങ്ങൾ വരെ നരേന്ദ്ര മോദി സർക്കാറിന്റെ താളം തെറ്റിയ സാമ്പത്തിക പരിഷ്കാരങ്ങളും, മഹാമാരിയും ഉയർത്തിയ സാമ്പത്തിക പ്രതിസന്ധികൾ അതിഗുരുതരവും അസഹനീയവുമായ പതനത്തിലാണ് ഇന്ത്യയിലെ സാധാരണക്കാരെ കൊണ്ടെത്തിച്ചത്. ഈ ഘട്ടത്തിലും നിരവധി യുവാക്കൾക്ക് പ്രതീക്ഷ അവശേഷിപ്പിച്ചിരുന്നത് സാമ്പത്തിക സുരക്ഷയും സാമൂഹിക പദവിയും ഉറപ്പാണെന്നു കരുതപ്പെട്ടിരുന്ന രാജ്യരക്ഷ സേവന മേഖലകളായിരുന്നു. അഗ്നിപഥ് എന്ന പദ്ധതി ഉരുളാൻ തുടങ്ങിയതോടെ ആ പ്രതീക്ഷയും അസ്ഥാനത്തായി.
ഇതിനെല്ലാംപുറമെ, സംഘ്പരിവാർ ശക്തികൾക്കുവേണ്ടി ഒരു വിഭാഗം യുവജനങ്ങളെ ആയുധപരിശീലനം സിദ്ധിച്ചവരായി രംഗത്തിറക്കുക എന്നതാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യമെന്ന ആശങ്കയും തള്ളിക്കളയാനാവില്ല; കേന്ദ്രത്തിൽ ഭരണം കൈയാളുന്ന സർക്കാറിന്റെ ഇതുവരെയുള്ള ചെയ്തികൾ വെച്ചുനോക്കുമ്പോൾ വിശേഷിച്ചും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.