ന്യൂഡൽഹി: ബജറ്റ് അവതരണത്തിൽ കാർഷിക മേഖലക്ക് മുൻഗണന നൽകിയും പ്രഖ്യാപനങ്ങൾ നടത്തിയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയുടെ വികസന യാത്രയിൽ ആദ്യ എൻജിൻ കൃഷിയാണെന്ന് വ്യക്തമാക്കിയാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. അതേസമയം, കർഷകർ ആവശ്യപ്പെടുന്ന വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാനായി നിയമ നിർമാണം, വൈദ്യുതി ചാർജ് കുറക്കൽ, വായ്പ എഴുതിത്തള്ളൽ തുടങ്ങിയ പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഉണ്ടായില്ല.
പ്രധാനമന്ത്രി ധാൻ ധാന്യ കൃഷി യോജന, ബിഹാറിൽ മഖാന (താമര വിത്ത്) ബോർഡ്, പരുത്തികൃഷി പ്രോത്സാഹിപ്പിക്കാൻ പഞ്ചവത്സര പദ്ധതി, അസമിൽ യൂറിയ പ്ലാൻറ്, പയറുവർഗങ്ങളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ ആത്മനിർഭരത പദ്ധതി, കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തൽ, പഴം- പച്ചക്കറി ഉൽപാദനവും വിപണനവും മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതി തുടങ്ങിയവയാണ് പ്രഖ്യാപനങ്ങൾ.
വിള വൈവിധ്യവത്കരണം, വിളവെടുപ്പിന് ശേഷമുള്ള സംഭരണം, വായ്പാ വിതരണം, ജലസേചനം പ്രോത്സാഹിപ്പിക്കൽ എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ധാൻ ധാന്യ കൃഷി യോജന പദ്ധതി സംസ്ഥാനങ്ങളുമായി സഹകരിച്ച് തിരഞ്ഞെടുത്ത 100 ജില്ലകൾ കേന്ദ്രീകരിച്ച് നടപ്പാക്കുമെന്നാണ് ബജറ്റിൽ പറയുന്നത്. 1.7 കോടി കർഷകർക്ക് ഉപകാരപ്പെടുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ മഖാന (താമര വിത്ത്) ബോർഡാണ് മറ്റൊരു പ്രഖ്യാപനം. സസ്യാഹാരികളുടെ പ്രോട്ടീന്‍ എന്നറിയപ്പെടുന്ന മഖാന ബിഹാറിലെ മധുബാനി, ദർഭംഗ, സീതാമർഹി, സഹർസ, കട്ടിഹാർ, പുർണിയ, കിഷൻഗഞ്ച്, അരാരിയ മേഖലകളിലാണ് ഉൽപാദനത്തിന്റെ 85 ശതമാനവും. മഖാന കർഷകർക്ക് കൈത്താങ്ങും പരിശീലന പിന്തുണയും നൽകാൻ ബോർഡിനാകുമെന്ന് മന്ത്രി വ്യക്തമാക്കി. കർഷകർ ഏറെ ഉപയോഗിക്കുന്ന ബിഹാറിലെ മിതിലാഞ്ചൽ കനാൽ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പരുത്തി കൃഷിയുടെ ഉൽപാദനക്ഷമതയിലും സുസ്ഥിരതയിലും മെച്ചപ്പെടുത്തലുകൾ സാധ്യമാക്കുമെന്നും ഇതിനായി അഞ്ച് വർഷത്തെ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽനിന്നും സ്വതന്ത്ര സമുദ്രമേഖലയിൽനിന്നുമുള്ള മത്സ്യബന്ധനത്തിന്റെ സുസ്ഥിരമായ ഉപയോഗത്തിനായി ചട്ടക്കൂട് രൂപവത്കരിക്കും. ആന്തമാൻ-നികോബാർ, ലക്ഷദ്വീപ് മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ പുതിയ സാധ്യതകൾ തുറന്നുകിട്ടുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.