ഒരു ചെറിയ ഞെട്ടലോടെയല്ലാതെ 'വൈറലായിപ്പോയി' എന്നപദം ഇപ്പോൾ ആർക്കാണ് പ്രയോഗിക്ക ാൻ കഴിയുക? നമ്മുടെ ശ്വാസകോശങ്ങളിൽ കയറിപ്പറ്റാൻ തക്കം പാർത്തിരിക്കുന്ന അദൃശ്യവും അചേതനവുമായ സ്രവങ്ങൾ നിറഞ്ഞവയാണ് എന്ന വിചാരത്തോടെയല്ലാതെ ഒരു വാതിൽപ്പിടിയോ പീ ഞ്ഞപ്പെട്ടിയോ പച്ചക്കറിസഞ്ചിയോ മറ്റെെന്തങ്കിലുമോ ആർക്കാണ് ഒന്നു തൊടാൻപോലും കഴി യുക? അക്ഷരാർഥത്തിലുള്ള ഭീതിയോടെയല്ലാതെ ഒരപരിചിതനെ ചുംബിക്കുന്നതിനെക്കുറിച്ച ോ ബസിൽ ചാടിക്കയറുന്നതിനെക്കുറിച്ചോ കുട്ടികളെ സ്കൂളിൽ വിടുന്നതിനെക്കുറിച്ചോ ആർക ്കു ചിന്തിക്കാൻ കഴിയും? അപകടസാധ്യത വിലയിരുത്തിക്കൊണ്ടല്ലാതെ വളരെ സർവസാധാരണമാ യ സന്തോഷത്തെക്കുറിച്ചുപോലും ആർക്ക് ആലോചിക്കാനാവും?
വ്യാജ എപിഡമോളജിസ്റ്റുക ളോ വൈറോളജിസ്റ്റോ സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധനോ പ്രവാചകനോ അല്ലാതെ ആരാണിപ്പോൾ നമുക്കിടയിലുള്ളത്? ഒരു അത്ഭുതം സംഭവിക്കാനായി സ്വകാര്യമായിട്ടാണെങ്കിൽപോലും പ്രാ ർഥിക്കാത്ത ഏതു ശാസ്ത്രജ്ഞനാണ് ഇപ്പോൾ ഉള്ളത്? സ്വകാര്യമായിട്ടാണെങ്കിൽപോലും ശാസ്ത്രത്തിന് കീഴൊതുങ്ങാത്ത ഏതു പുരോഹിതനാണുള്ളത്? വൈറസ് പെരുകുന്നതിനിടയിലും നഗരങ്ങളിൽ മുഴങ്ങുന്ന പക്ഷിയുടെ പാട്ടിലും ട്രാഫിക് ക്രോസിങ്ങിലെ മയിലുകളുടെ നൃത്തത്തിലും ആകാശത്തിെൻറ നിശ്ശബ്ദതയിലും ആഹ്ലാദിക്കാത്തവരായി ആരാണുള്ളത്?
ലക്ഷക്കണക്കിനോ ഒരുപക്ഷേ അതിലേറെയോ പേർ മരിക്കുമെന്നാണ് കണക്കുകൂട്ടൽ. വ്യാപാരത്തിെൻറയും അന്താരാഷ്ട്ര മൂലധനത്തിെൻറയും പാതയിലൂടെ വൈറസ് സ്വതന്ത്രമായി നടന്നുകഴിഞ്ഞു. വൈറസ് അതിെൻറ യാത്രക്കിടെ കൊണ്ടുവന്ന ഭയാനകമായ രോഗം മനുഷ്യരെ വീടുകളിലും പട്ടണങ്ങളിലും രാജ്യങ്ങളിലുമായി തളച്ചുകളഞ്ഞു. എന്നാൽ മൂലധനത്തിെൻറ ഒഴുക്കിൽനിന്നു വ്യത്യസ്തമായി, ഈ വൈറസ് തേടിക്കൊണ്ടിരിക്കുന്നത് വ്യാപനമാണ്, ലാഭമല്ല. ആയതിനാൽ അറിഞ്ഞു കൊണ്ടല്ലെങ്കിൽ പോലും ഇവിടെ ഒഴുക്ക് വിപരീത ദിശയിലാണ്. കുടിയേറ്റ നിയന്ത്രണം, ബയോമെട്രിക്സ്, സാങ്കേതിക വിദ്യയിലൂടെയുള്ള നിരീക്ഷണം, മറ്റെല്ലാ വിധത്തിലുമുള്ള േഡറ്റ അനാലിസിസ് എന്നിവയെ മുഴുവൻ പരിഹസിച്ചുകൊണ്ട് വൈറസ് ഇതുവരെ ഏറ്റവും കടുത്ത പ്രഹരമേൽപിച്ചത് ലോകത്തിലെ അതിസമ്പന്നരും കരുത്തുമുള്ള രാഷ്ട്രങ്ങളെയാണ്. മുതലാളിത്തയന്ത്രം ഒരു പ്രകമ്പനത്തോടു കൂടി നിലച്ചുപോയിരിക്കുന്നു. തൽക്കാലത്തേക്കാണെങ്കിൽ പോലും ആ യന്ത്രത്തിെൻറ ഭാഗങ്ങൾ പരിശോധിക്കാനും വിലയിരുത്താനും അതിനെ നന്നാക്കിയെടുക്കാനോ ഇനി ഒരുവേള കൂടുതൽ മെച്ചപ്പെട്ട മറ്റൊരു യന്ത്രം അന്വേഷിക്കാനോ നമുക്ക് സാവകാശം ലഭിച്ചിരിക്കുന്നു.
ഈ പകർച്ചവ്യാധിയെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ജനറൽമാരെല്ലാം യുദ്ധത്തെക്കുറിച്ചു സംസാരിക്കുന്നതിൽ തൽപരരാണ്. യുദ്ധത്തെ ഒരു രൂപകം എന്ന നിലക്കല്ല, അക്ഷരാർഥത്തിൽത്തന്നെ ഉപയോഗിക്കുന്നവർ. എന്നാൽ ഇത് ഒരു യഥാർഥ യുദ്ധമായിരുന്നുവെങ്കിൽ, അമേരിക്കയെക്കാൾ കൂടുതൽ ഏതു രാജ്യമാണ് ഇതിനു സജ്ജരായിരിക്കുക? മുഖാവരണത്തിനും കൈയുറക്കും പകരം, തോക്കുകളും ബങ്കർ ബസ്റ്ററുകളും മുങ്ങിക്കപ്പലുകളും പോർവിമാനങ്ങളും അണുബോംബുകളും ആയിരുന്നു ഇപ്പോഴത്തെ മുന്നണിപ്പോരാളികൾക്ക് ആവശ്യമെങ്കിൽ അവക്ക് വല്ല ക്ഷാമവും നേരിടുമായിരുന്നോ? വിശദീകരിക്കാൻ പ്രയാസമുള്ള ഏതോ കൗതുകത്തോടെ, ലോകത്തിെൻറ മറുപുറത്തുള്ള നമ്മളിൽ ചിലർ ഓരോ രാത്രിയിലും ന്യൂയോർക് ഗവർണറുടെ വാർത്തസമ്മേളനം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. നമ്മൾ കണക്കുകൾ പിന്തുടരുകയും അമേരിക്കയിലെ തിങ്ങിനിറഞ്ഞ ആശുപത്രികളെക്കുറിച്ചും അവിടെ അമിത ജോലിഭാരവും എന്നാൽ, കുറഞ്ഞ വേതനവും ലഭിക്കുന്ന നഴ്സുമാരെക്കുറിച്ചും കേൾക്കുകയും ചെയ്യുന്നു. കുപ്പത്തൊട്ടിയിലെ നൂലുകൊണ്ടും പഴയ മഴക്കോട്ടുകൊണ്ടും രോഗികളെ സഹായിക്കാനായി അവർക്ക് മാസ്കുകൾ നിർമിക്കേണ്ടിവരുന്നു. വെൻറിലേറ്ററുകൾക്കായി പരസ്പരം വിലപേശേണ്ടിവരുന്ന അവസ്ഥയെക്കുറിച്ചും ഒരു രോഗിയെ മരണത്തിനുവിട്ട് മറ്റൊരു രോഗിക്ക് വെൻറിലേറ്റർ കൊടുക്കേണ്ടിവരുന്ന ഡോക്ടർമാരുടെ ധർമസങ്കടത്തെക്കുറിച്ചും നാം കേൾക്കുന്നു. എന്നിട്ട് നമ്മൾ സ്വയം ചോദിക്കുന്നു; 'എെൻറ ദൈവമേ, അമേരിക്ക തന്നെയോ ഇത്?'
ഈ ദുരന്തം യഥാർഥവും നമ്മുടെ കൺമുന്നിൽ നടക്കുന്നതുമാണ്. എന്നാൽ, ഇത് പുതിയ ഒന്നല്ല. വർഷങ്ങളായി പാളത്തിൽ സാവധാനം ഓടിക്കൊണ്ടിരുന്ന ഒരു തീവണ്ടിയുടെ നാശാവശിഷ്ടങ്ങളാണിത്. രോഗികളെ കൊണ്ടുതള്ളുന്ന ദൃശ്യങ്ങൾ ആരാണ് ഓർമിക്കാത്തത്? ആശുപത്രി ഗൗണിൽ പൃഷ്ഠഭാഗം അനാവൃതമായ രോഗികൾ സ്വകാര്യമായി തെരുവുമൂലകളിൽ ഉപേക്ഷിക്കപ്പെടുന്ന ദൃശ്യങ്ങൾ. സമ്പന്നരല്ലാത്ത അമേരിക്കൻ പൗരന്മാർക്കുനേരെ ആശുപത്രി വാതിലുകൾ കൊട്ടിയടക്കപ്പെടുന്നു. അവർ എത്രമാത്രം രോഗാതുരരാണെന്നതോ എന്തുമാത്രം കഷ്ടപ്പെടുന്നുവെന്നതോ പ്രശ്നമല്ല. നന്നെ ചുരുങ്ങിയത് ഇതുവരെയെങ്കിലും അതൊരു പ്രശ്നമല്ല. എന്തുകൊണ്ടെന്നാൽ ഈ വൈറസ് യുഗത്തിൽ ഒരു ദരിദ്രെൻറ രോഗം ഒരു സമ്പന്ന സമൂഹത്തിെൻറ ആരോഗ്യത്തെ ബാധിക്കാനിടയുണ്ട്. എന്നിട്ട് ഇപ്പോൾപോലും എല്ലാവർക്കും ആരോഗ്യപരിരക്ഷക്കായി നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്ന സെനറ്റർ ബെർണി സാൻഡേഴ്സിന് വൈറ്റ് ഹൗസിലെത്താൻ സ്വന്തം പാർട്ടിയുടെ (ഡമോക്രാറ്റിക്) പോലും പിന്തുണയില്ല!
വർഷങ്ങളായി പാളങ്ങളിൽ പതുക്കെ ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ നാശാവശിഷ്ടങ്ങൾ തന്നെയാണ് ഈ ദുരന്തം. എന്നാൽ എെൻറ രാജ്യത്തിെൻറ അവസ്ഥ എന്താണ്? നാടുവാഴിത്തത്തിനും മതമൗലികവാദത്തിനും ഇടയിൽ തൂങ്ങിക്കിടക്കുന്ന, ജാതിവ്യവസ്ഥക്കും മുതലാളിത്തത്തിനും ഇടയിൽ തൂങ്ങിയാടുകയും തീവ്ര വലതു ഹിന്ദു ദേശീയതക്കാരാൽ ഭരിക്കപ്പെടുകയും ചെയ്യുന്ന എെൻറ നാടിനെക്കുറിച്ച് എന്തുപറയാം? ഡിസംബറിൽ ചൈന വൂഹാനിലെ വൈറസ്ബാധക്കെതിരെ പൊരുതിക്കൊണ്ടിരിക്കുമ്പോൾ ഇന്ത്യ ഗവൺമെൻറ് അതിെൻറ പാർലമെൻറ് പാസാക്കിയ മുസ്ലിംവിരുദ്ധവും വിവേചനപരവുമായ പൗരത്വനിയമത്തിനെതിരെയുള്ള ബഹുജനപ്രക്ഷോഭങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു.
ജനുവരി 30നാണ് ഇന്ത്യയിൽ ആദ്യത്തെ കോവിഡ്-19 കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്; ആമസോൺ വനംതീനിയും കോവിഡ് വാർത്തനിഷേധിയുമായ ബ്രസീലിയൻ പ്രസിഡൻറ് ജെയ്ർ ബൊൽസനാറോ റിപ്പബ്ലിക്ദിന അതിഥിയായ ശേഷം ഡൽഹി വിട്ടുകഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുശേഷം. എന്നാൽ ഭരണകക്ഷിയുടെ സമയക്രമീകരണത്തിൽ വൈറസിനെ ഉൾക്കൊള്ളുന്നതിനപ്പുറം അനേകം കാര്യങ്ങൾ ഫെബ്രുവരിയിൽ ചെയ്തുതീർക്കാനുണ്ടായിരുന്നു. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഔദ്യോഗിക സന്ദർശനം തീരുമാനിച്ചിരുന്നത് ഫെബ്രുവരി അവസാനത്തിലേക്കാണ്. ഗുജറാത്തിലെ ഒരു സ്റ്റേഡിയത്തിൽ ദശലക്ഷം ശ്രോതാക്കളുടെ സാന്നിധ്യമാണ്, അതിെൻറ പ്രധാന ആകർഷണത്തിലേക്കാണ് ട്രംപിെൻറ വരവ്. ഇതിനെല്ലാം പണം വേണം. നല്ലൊരളവ് സമയവും വേണം.
പിന്നെ, ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്. ഇതിൽ തങ്ങളുടെ സ്ഥിരം തന്ത്രം പ്രയോഗിച്ചില്ലെങ്കിൽ ഭാരതീയ ജനത പാർട്ടി തോറ്റുപോകുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. പഴുതടച്ചുകൊണ്ടുള്ള തീവ്രഹിന്ദു ദേശീയത പ്രചാരണവും 'ദേശദ്രോഹികളെ' വെടിവെച്ചുകൊല്ലണമെന്നും അവരെ ശാരീരികമായി നേരിടണമെന്നുമുള്ള ഭീഷണിയും ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കണ്ടു. എന്നിട്ടും ബി.ജെ.പി തോറ്റു. ആയതിനാൽ, ശേഷം ഡൽഹിയിലെ മുസ്ലിംകളെ ശിക്ഷിക്കേണ്ടതുണ്ടായിരുന്നു. നാണംകെട്ട തോൽവിക്ക് അവരുടെ മേൽ കുറ്റം ചാർത്തി, ആയുധമേന്തിയ തീവ്രഹിന്ദുത്വവാദികൾ പൊലീസിെൻറ സഹായത്തോടെ വടക്കുകിഴക്കൻ ഡൽഹിയിൽ മുസ്ലിംകളെ ആക്രമിച്ചു. വീടുകളും കച്ചവടസ്ഥാപനങ്ങളും പള്ളികളും സ്കൂളുകളും അഗ്നിക്കിരയാക്കി. ആക്രമണം പ്രതീക്ഷിച്ചുകൊണ്ടിരുന്ന മുസ്ലിംകൾ ചെറുത്തുനിൽക്കുകയും ചെയ്തു. അമ്പതിലേറെ മുസ്ലിംകളും ഏതാനും ഹിന്ദുക്കളും കൊല്ലപ്പെട്ടു. ആയിരക്കണക്കിനാളുകൾ അടുത്തുള്ള ശ്മശാനത്തിലെ അഭയാർഥി ക്യാമ്പിലേക്കു മാറി. സമീപപ്രദേശത്തെ ദുർഗന്ധം വമിക്കുന്ന അഴുക്കുചാലുകളിൽനിന്ന് അംഗച്ഛേദം വരുത്തപ്പെട്ട നിലയിലുള്ള മൃതദേഹങ്ങൾ അപ്പോഴും പുറത്തെടുത്തുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥൻമാർ കോവിഡ്-19നെക്കുറിച്ച് ആദ്യയോഗം ചേരുന്നത്. ഹാൻഡ് സാനിറ്റൈസർ എന്ന ഒരു സാധനത്തെക്കുറിച്ച് അധിക ഇന്ത്യക്കാരും ആദ്യമായി കേട്ടുതുടങ്ങിയതും അപ്പോഴാണ്.
മാർച്ചിലും തിരക്കുതന്നെയായിരുന്നു. ആദ്യത്തെ രണ്ടാഴ്ച മധ്യപ്രദേശിലെ കോൺഗ്രസ് ഗവൺമെൻറിനെ മറിച്ചിട്ട് ബി.ജെ.പി സർക്കാറിനെ വാഴിക്കാൻ ചെലവിട്ടു. മാർച്ച് 11ന് ലോകാരോഗ്യ സംഘടന കോവിഡ്-19 നെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. രണ്ടുദിവസം കഴിഞ്ഞ്, അഥവാ മാർച്ച് 13ന് കൊറോണ ഒരു ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചുകളഞ്ഞു. അവസാനം മാർച്ച് 19 ന് ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. അദ്ദേഹം വേണ്ടതുപോലെ ഗൃഹപാഠം ചെയ്തിരുന്നില്ല. ഫ്രാൻസും ഇറ്റലിയും പറഞ്ഞ കാര്യങ്ങൾ അദ്ദേഹം കടം കൊള്ളുകയായിരുന്നു. സാമൂഹിക അകലം പാലിക്കേണ്ടതിനെക്കുറിച്ച് അദ്ദേഹം നമ്മോട് സംസാരിച്ചു (ജാതി ആചരിക്കുന്ന സമൂഹത്തിൽ ഇതു മനസ്സിലാക്കാൻ എളുപ്പമാണല്ലോ). മാർച്ച് 22ന് ജനത കർഫ്യൂ ആചരിക്കാൻ അദ്ദേഹം ആഹ്വാനം നടത്തി. ഈ പ്രതിസന്ധിയിൽ സർക്കാർ എന്തുചെയ്യാൻ പോകുന്നു എന്നതിനെക്കുറിച്ച് ഒന്നുംതന്നെ പറഞ്ഞില്ല. എന്നാൽ ജനങ്ങളോട് ബാൽക്കണിയിൽവന്ന് മണി മുഴക്കാനും ചട്ടിയും പാത്രവും കൊട്ടാനും പറഞ്ഞു, -ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമായി. ആ നിമിഷംവരെ ഇന്ത്യ സംരക്ഷണവസ്ത്രവും (Protective Gear) ശ്വസനസഹായ ഉപകരണങ്ങളും കയറ്റുമതി ചെയ്യുകയായിരുന്നു എന്നകാര്യം അദ്ദേഹം പറഞ്ഞില്ല. അവ ഇന്ത്യയിലെ ആരോഗ്യപ്രവർത്തകർക്കും ആശുപത്രികൾക്കുമായി സൂക്ഷിേക്കണ്ടതായിരുന്നു.
നരേന്ദ്ര മോദിയുടെ അഭ്യർഥന വളരെ ആവേശപൂർവം സ്വീകരിക്കെപ്പട്ടതിൽ അത്ഭുതമില്ല. കുടം തല്ലിയുള്ള മാർച്ചുകളും സമൂഹനൃത്തവും ജാഥകളും നടന്നു. സാമൂഹിക അകലം പാലിക്കൽ വേണ്ടത്രയുണ്ടായില്ല. പിന്നീടുള്ള ദിവസങ്ങളിൽ ചിലർ വിശുദ്ധമായ ചാണകവീപ്പകളിൽ ചാടി, ബി.ജെ.പി അനുകൂലികൾ ഗോമൂത്രപാന പാർട്ടികൾ നടത്തി. ഒട്ടും പിറകിലാകാതിരിക്കാനായി, സർവശക്തനാണ് വൈറസിനുള്ള പ്രതിവിധിയെന്ന് പല മുസ്ലിം സംഘടനകൾ പ്രഖ്യാപിക്കുകയും ആളുകളോട് പള്ളികളിൽ ഒരുമിച്ചുകൂടാൻ ആഹ്വാനം നടത്തുകയുംചെയ്തു.
മാർച്ച് 24ന് രാത്രി എട്ടിന് മോദി ടി.വിയിൽ പ്രത്യക്ഷപ്പെട്ടു, അന്ന് അർധരാത്രി മുതൽ രാജ്യം ലോക്ഡൗണിലാണെന്ന് പ്രഖ്യാപിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. ഗതാഗതം ഒന്നാകെ വിലക്കപ്പെടും. ഒരു പ്രധാനമന്ത്രി എന്നനിലക്കു മാത്രമല്ല, കുടുംബത്തിലെ മുതിർന്ന ഒരംഗം എന്ന നിലക്കാണ് ഈ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളോട് കൂടിയാലോചിക്കാതെ മറ്റാർക്കാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കഴിയുക? ഒരു മുന്നൊരുക്കവുമില്ലാതെ, വെറും നാലു മണിക്കൂർ സമയത്തിനുള്ളിൽ 1.38 ബില്യൻ ജനങ്ങൾക്കുണ്ടാവുന്ന പ്രയാസങ്ങൾ കെകാര്യംചെയ്യേണ്ടത് ഈ സംസ്ഥാനങ്ങളാണല്ലോ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.