ബാബരി മസ്ജിദും ജറൂസലമിലെ മസ്ജിദുൽ അഖ്സയും തമ്മിലെന്താണ്? പലതുമുണ്ടെന്നതാണ് യാഥാർഥ്യം. അപഹൃത ബാബരിയുമായും ജറൂസലമിലെ മുസ്ലിംകളുടെ മൂന്നാമത്തെ പുണ്യഗേഹമായ മസ്ജിദുൽ അഖ്സയുമായും ബന്ധപ്പെട്ട സംഭവവികാസങ്ങൾ പിന്തുടർന്നാൽ രണ്ടുംതമ്മിൽ അമ്പരപ്പിക്കുന്ന സാദൃശ്യങ്ങൾ കണ്ടെത്താനാകും. രണ്ടിലും അവകാശവാദങ്ങളും തർക്കങ്ങളുമുണ്ട്. തർക്കപരിഹാരങ്ങളുടെ പേരിൽ കേസുകെട്ടുകളുമുണ്ടായിട്ടുണ്ട്.
രാമക്ഷേത്രത്തിനു മുകളിലാണ് ബാബരി മസ്ജിദ് നിർമിച്ചതെന്നായിരുന്നു ഹിന്ദുത്വവാദികളുടെ അവകാശവാദം. ഇരുട്ടിന്റെ മറവിൽ ആദ്യം അവിടെ രാമവിഗ്രഹപ്രതിഷ്ഠ നടന്നു; സ്വയംഭൂ ദൈവം: കണ്ടൻകളത്തിൽ കരുണാകരൻ നായർ എന്ന ഫൈസാബാദിലെ മലയാളിയായ മജിസ്ട്രേറ്റ് അതിന് സംരക്ഷണം നൽകി (പ്രതിഫലമായി പിന്നീടദ്ദേഹം ജനസംഘം ടിക്കറ്റിൽ പാർലമെന്റിലെത്തി). അന്നത്തെ യു.പി മുഖ്യമന്ത്രി ഗോവിന്ദ വല്ലഭായ് പന്ത് പ്രധാനമന്ത്രി നെഹ്റുവിന്റെ നിർദേശമുണ്ടായിട്ടും വിഗ്രഹം മസ്ജിദിൽനിന്ന് എടുത്തുമാറ്റാൻ നടപടിയൊന്നുമെടുത്തില്ല. രാജീവ് ഗാന്ധി ആരാധനക്കായി മസ്ജിദ് ഹിന്ദുക്കൾക്ക് തുറന്നുകൊടുത്തു.
അദ്വാനിയുടെ രഥയാത്രയെ തുടർന്ന് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മൗനാനുവാദത്തോടെ മസ്ജിദ് തകർക്കപ്പെട്ടു. മസ്ജിദിന്നടിയിൽ ക്ഷേത്രം കണ്ടെത്താൻ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ഖനനം നടന്നതും അവസാനം സുപ്രീംകോടതി തകർക്കപ്പെട്ട മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിർമിക്കാൻ വിധി പുറപ്പെടുവിച്ചതും പിൽക്കാല സംഭവങ്ങൾ. വിധി നടത്തിയ ബെഞ്ചിലുണ്ടായിരുന്നവർക്കും കിട്ടി തക്കതായ സമ്മാനങ്ങൾ. ചീഫ് ജസ്റ്റിസ് ഗോഗോയ് രാജ്യസഭാ മെംബറായപ്പോൾ ജസ്റ്റിസ് അബ്ദുന്നസീറിന് ഗവർണർ പദവി ലഭിച്ചു.
മസ്ജിദുൽ അഖ്സ ഇതേവരെ തകർക്കപ്പെട്ടിട്ടില്ല എന്നതൊഴിച്ചുനിർത്തിയാൽ ബാബരി മസ്ജിദിന്റെ തകർച്ചയിലേക്ക് നയിച്ച അതേ സംഭവഗതികളും അൽ അഖ്സ വിഷയത്തിലും കാണാം. 1969 ആഗസ്റ്റ് 21ന് അൽ അഖ്സ മസ്ജിദ് അഗ്നിക്കിരയാക്കാനുള്ള ശ്രമവും നടന്നിരുന്നു. ആ വൻ അഗ്നിബാധയെ തുടർന്ന് മുസ്ലിംലോകം ഇളകിമറിഞ്ഞതും മൊറോക്കോ തലസ്ഥാനമായ റബാത്തിൽ മുസ്ലിം രാഷ്ട്രങ്ങളുടെ ഉച്ചകോടി സമ്മേളിച്ചതും ചരിത്രമാണ്. ഈ സമ്മേളനത്തിലാണ് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻസ് (ഇപ്പോൾ കോഓപറേഷൻ) രൂപവത്കരിക്കാൻ തീരുമാനിച്ചത്.
ഹിന്ദുത്വർ രാമക്ഷേത്ര അവകാശവാദം ഉന്നയിച്ചപോലെ മസ്ജിദുൽ അഖ്സയെ കുറിച്ച് സയണിസ്റ്റുകൾക്കുമുണ്ട് ഒരവകാശവാദം. സോളമൻ ക്ഷേത്രം തകർത്തശേഷം അവിടെ നിർമിച്ചതാണ് മസ്ജിദുൽ അഖ്സ എന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. സോളമൻ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ഖനനപ്രവർത്തനങ്ങളും അഖ്സ മസ്ജിദിന് ചുറ്റും വർഷങ്ങളായി നടന്നുവരുന്നുണ്ട്. ഈ ഖനനപ്രവർത്തനങ്ങൾ തന്നെ മസ്ജിദിന്റെ നിലനിൽപിന് ഭീഷണിയാണ്. അതിലൂടെ മസ്ജിദ് തകർന്നുവീണാൽ സോളമൻ ക്ഷേത്രത്തിന്റെ പുനർനിർമാണം എളുപ്പമാകുമെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടൽ.
അയോധ്യയിൽ ഹിന്ദുത്വ ഫാഷിസ്റ്റുകൾ ‘തർക്ക മന്ദിർ’ സൃഷ്ടിച്ചപോലെ സോളമൻ ക്ഷേത്ര സാക്ഷാത്കാരത്തിന് സയണിസ്റ്റുകൾ ഇസ്രായേൽ സ്ഥാപിതമാകുന്നതിനു മുമ്പേ തർക്കമുന്നയിച്ചത് ഒരു മതിലിന്റെ മേലായിരുന്നു. അക്കാലംവരെ അതറിയപ്പെട്ടിരുന്നത് ‘ബുറാഖ് മതിൽ’ എന്നപേരിലാണ്. മുഹമ്മദ് നബി ആകാശാരോഹണത്തിന് ഉപയോഗിച്ചതായി വിശ്വസിക്കപ്പെടുന്ന ബുറാഖ് വാഹനം ഇവിടെ താവളമടിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ മതിലിന് ആ പേര് സിദ്ധിച്ചത്. ഈ മതിൽ സോളമൻ ക്ഷേത്രത്തിന്റെ അവശിഷ്ടമാണെന്നാണ് ജൂത അവകാശവാദം. 1929ലാണ് സയണിസ്റ്റുകൾ ഈ സ്ഥലം കൈയേറുന്നത്.
അതിനിഗൂഢമായി വിളക്കുകളും പീഠങ്ങളും തിരശ്ശീലകളും സ്ഥാപിച്ചുകൊണ്ടാണ് സയണിസ്റ്റുകൾ ഈ മതിലിൽ അവകാശം സ്ഥാപിക്കാൻ ശ്രമിച്ചത്. 1949 ഡിസംബറിൽ അഭിരാം ദാസ് സാധു ബാബരി മസ്ജിദിനകത്ത് രാംലല്ലാ വിഗ്രഹം ഒളിച്ചുകടത്തിയപ്പോൾ ഈ സയണിസ്റ്റ് തന്ത്രം പകർത്തുകയായിരുന്നുവോ എന്ന് സംശയിച്ചുപോകും. ‘ബുറാഖ് മതിലി’നെ ‘വിലാപ മതിൽ’ (Wailing wall) എന്ന് പുനർനാമകരണം ചെയ്ത് അവിടെ അവകാശം സ്ഥാപിച്ചുകൊണ്ടാണ് സയണിസ്റ്റുകൾ സോളമൻക്ഷേത്ര പ്രശ്നം ആദ്യമായി കുത്തിപ്പൊക്കുന്നത്. വിഗ്രഹപ്രതിഷ്ഠയിലൂടെ രാമക്ഷേത്ര പ്രശ്നം കുത്തിപ്പൊക്കിയതുപോലെത്തന്നെ.
‘ബുറാഖ് മതിൽ’ കൈയടക്കിയ അന്നുമുതൽ അതിനരികിൽനിന്ന് സോളമൻ ക്ഷേത്രത്തിന്റെ വീണ്ടെടുപ്പിനായി യഹൂദർ ആരംഭിച്ച വിലാപപ്രാർഥന ഇന്നും തുടരുന്നു. ഈ സയണിസ്റ്റ് അവകാശവാദത്തിന് ഒരു ചരിത്രപിൻബലവുമില്ലെന്നതാണ് വസ്തുത. ക്രിസ്തുവർഷം 70ൽ തകർന്ന സോളമൻ ക്ഷേത്രത്തിന്റെ ഒരവശിഷ്ടവും ഇന്നെവിടെയും അവശേഷിക്കുന്നില്ല.
1929ൽ ഫലസ്തീൻ ബ്രിട്ടീഷ് മാൻഡേറ്ററിലായിരുന്നപ്പോഴാണ് ‘ബുറാഖ് മതിൽ’ കൈയടക്കാനുള്ള സയണിസ്റ്റ് കുതന്ത്രം അരങ്ങേറുന്നത്. സ്വാഭാവികമായും ഇത് ഫലസ്തീനിലെ അറബ് വംശജരെ പ്രകോപിതരാക്കി. വമ്പിച്ചൊരു ജനകീയ പ്രക്ഷോഭംതന്നെ അതിനെതിരെ രൂപംകൊണ്ടു. പ്രക്ഷോഭം തണുപ്പിക്കാനായി ലീഗ് ഓഫ് നാഷൻസി (സർവരാജ്യ സഖ്യസഭ)ന്റെ സഹകരണത്തോടെ ബ്രിട്ടീഷ് അധികാരികൾ ഒരു അന്വേഷണ സമിതിയെ നിയമിച്ചു. സ്വീഡൻ, സ്വിറ്റ്സർലൻഡ്, ഇന്തോനേഷ്യ എന്നീ മൂന്നു രാജ്യങ്ങളായിരുന്നു സമിതി അംഗങ്ങൾ.
1930 ജൂൺ 19 മുതൽ ഒരു മാസക്കാലത്തിനിടയിൽ സമിതി 33 സിറ്റിങ്ങുകൾ നടത്തി. അറബികളും സയണിസ്റ്റ് ജൂതന്മാരും സമിതി മുമ്പാകെ ഹാജരായി തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിച്ചു. സമിതി മുമ്പാകെ ഇരുപക്ഷത്തുനിന്നുമായി 52 സാക്ഷിമൊഴികളും 61 രേഖകളും സമർപ്പിക്കപ്പെട്ടു. ആ വർഷംതന്നെ സമിതി തങ്ങളുടെ കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചു. ഇംഗ്ലണ്ടും ലീഗ് ഓഫ് നേഷൻസും റിപ്പോർട്ടിന് അംഗീകാരവും നൽകി.
അന്താരാഷ്ട്ര നിയമത്തിന്റെ പിൻബലം സിദ്ധിച്ച റിപ്പോർട്ട് അറബികൾക്കനുകൂലമായിരുന്നു. അതിലെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ.
1. ഹറം ശരീഫിലെ മതിലിന്റെ പൂർണ അവകാശം അറബികൾക്കാണ്. വഖഫ് സ്വത്തായ ഹറം ശരീഫിന്റെ അവിഭാജ്യ ഭാഗമാണ് മതിൽ. മതിലിന്റെ എതിർവശത്തുള്ള ‘മൊറോക്കൻ കോളനി’ (ഹാറ മഗ് രിബ്)യുടെയും മതിലിന്റെയും മുന്നിലുള്ള നടപ്പാതയും മുസ്ലിംകൾക്കവകാശപ്പെട്ടതാണ്. കാരണം വഖഫിൽ പെട്ടതാണത്.
2. ജൂതന്മാർക്ക് അനുഷ്ഠാന ഉപകരണങ്ങൾ ഈ റിപ്പോർട്ടിന് വിധേയമായോ ഇരുകക്ഷികളുടെയും ഒത്തുതീർപ്പ് പ്രകാരമോ മതിലിന് സമീപം വെക്കാം. എന്നാൽ, ഒരു കാരണവശാലും മതിലിലോ എതിർവശത്തുള്ള നടപ്പാതയിലോ ഒരു നിർമാണ പ്രവർത്തനവും നടത്താൻ ജൂതന്മാർക്ക് അവകാശമുണ്ടായിരിക്കുന്നതല്ല.
3. റിപ്പോർട്ടിലെ നിബന്ധനകൾക്ക് വിധേയമായി അനുഷ്ഠാന നിർവഹണത്തിനായി യഹൂദന്മാർക്ക് പടിഞ്ഞാറേ മതിലിലേക്ക് പ്രവേശന സ്വാതന്ത്ര്യമുണ്ടായിരിക്കും.
4. കൂടാരങ്ങളോ തിരശ്ശീലകളോ മറ്റു വസ്തുക്കളോ മതിലിനകത്ത് കടത്താൻ പാടുള്ളതല്ല.
5. മതിലിന് സമീപം വെച്ച് കുഴലൂത്ത് നടത്താൻ യഹൂദന്മാർക്ക് അവകാശമുണ്ടായിരിക്കുന്നതല്ല.
ജറൂസലമിന്റെ യഥാർഥ അവകാശികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായൊരു ചരിത്രരേഖയാണ് ഈ റിപ്പോർട്ട്. ലീഗ് ഓഫ് നേഷൻസിന്റെ അംഗീകാരമുള്ളതിനാൽ അതിന് അന്താരാഷ്ട്ര നിയമത്തിന്റെ പ്രാബല്യവും സിദ്ധമാണ്. പക്ഷേ, 67ലെ ജൂൺ യുദ്ധത്തിൽ ജറൂസലം കീഴടക്കിയതോടെ ഇസ്രായേൽ ആസ്ഥാനം അങ്ങോട്ട് മാറ്റുകയും വിദേശ രാജ്യങ്ങളോട് നയതന്ത്രകാര്യാലയങ്ങൾ തെൽഅവീവിൽനിന്ന് അങ്ങോട്ടു മാറ്റാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. ട്രംപ് അധികാരത്തിൽവന്ന കാലത്താണ് യു.എസ് എംബസി അങ്ങോട്ടു മാറ്റിയത്.
മസ്ജിദുൽ അഖ്സ നിൽക്കുന്ന സ്ഥാനത്താണ് സോളമൻ ക്ഷേത്രമെന്ന അവകാശവാദം ഇസ്രായേൽ ഇതുവരെ ഉപേക്ഷിച്ചിട്ടില്ല. വിലാപ മതിലിനരികിൽ അതിന്റെ വീണ്ടെടുപ്പിനായി വിലപിക്കുന്ന ജൂതന്മാരെ ഇപ്പോഴും കാണാം. ബുറാഖ് മതിൽ എന്ന അതിന്റെ യഥാർഥ പേര് മായ്ച്ചുകളയുന്നതിൽ ഇതിനകം അവർ വിജയിച്ചു കഴിഞ്ഞിട്ടുണ്ട്. അറബികളുടെ സ്മൃതിയിൽ ഇന്ന് ആ പേരേ ഇല്ല.
സ്ഥലനാമങ്ങൾ മാറ്റുന്ന ഈ പ്രക്രിയ ഹിന്ദുത്വ ഭരണകൂടത്തിലും നാം കണ്ടുകൊണ്ടിരിക്കുകയാണ്. അഹ്മദാബാദ് കർണാവതിയായി. അലഹാബാദ് ഇപ്പോൾ പ്രയാഗ് രാജാണ്. ഔറംഗാബാദും ഉസ്മാനാബാദും യഥാക്രമം ഇന്നറിയപ്പെടുന്നത് ഛത്രപതി സംഭാജി നഗർ, ധാരാശിവ് എന്നീ പേരുകളിലാണ്. താജ്മഹൽ തേജോ മഹൽ ആകുന്ന കാര്യം സമയത്തിന്റെ മാത്രം പ്രശ്നമാണ്. ആദിത്യനാഥ് പ്രഭൃതികൾ ഈയിടെ തുടങ്ങിവെച്ച ബുൾഡോസർ രാജിനും മാതൃക ഇസ്രായേൽ തന്നെ.
നിയമവാഴ്ചയെ കാറ്റിൽപറത്തി അറബ് വാസഗേഹങ്ങൾ ബുൾഡോസർ വെച്ച് തകർത്ത് ജൂത സെറ്റിൽമെന്റുകൾ ഉണ്ടാക്കുന്ന പ്രക്രിയ വെസ്റ്റ് ബാങ്കിൽ നിത്യേനയെന്നോണം കണ്ടുവരുന്ന പ്രതിഭാസമാണ്. ജന്മനാട്ടിൽനിന്ന് ലക്ഷക്കണക്കിൽ ഫലസ്തീനികളെ പുറത്താക്കി അഭയാർഥികളാക്കിയതിന്റെ ആവർത്തനമല്ലാതെ മറ്റെന്താണ് അമിത്ഷായുടെ പൗരത്വഭേദഗതി ബിൽ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.