ഇന്ത്യൻ ഭരണഘടനയിൽ ന്യൂനപക്ഷങ്ങൾക്ക് സവിശേഷമായ ചില അവകാശങ്ങൾ ഉറപ്പാക്കിയതിൽ ഹിന്ദു യാഥാസ്ഥിതികർ കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. അതിന് മറുപടിയായി ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞത്, ന്യൂനപക്ഷ അവകാശസംരക്ഷണം ജനാധിപത്യത്തിന്റെ ജീവവായു ആണെന്നാണ്
ചരിത്രസംഭവങ്ങളെയും വസ്തുതകളെയും നാം മിക്കപ്പോഴും പരാമർശിക്കാറുണ്ട്. എന്നാൽ, അവക്കു പിന്നിലെ കഠിന യാഥാർഥ്യങ്ങളും ചോരയും കണ്ണീരും പലപ്പോഴും മറന്നുപോവുകയും ചെയ്യുന്നു. ബാബരി മസ്ജിദ് തകർത്തത് ആധുനിക ഇന്ത്യ ചരിത്രത്തിലെ നിർണായകമായ സംഭവമാണ്. അതുണ്ടാക്കിയ മുറിവുകളും വേദനകളും ധാർമികവും രാഷ്ട്രീയവുമായ ആഘാതങ്ങളും നമ്മൾ വേണ്ടത്ര ഓർക്കാറില്ല. ഒരു കേന്ദ്ര സർക്കാറിന്റെ പതനത്തിലേക്ക് നയിച്ച രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ വഴിത്തിരിവിലാണ് ഹിന്ദുത്വവാദികൾ ബാബരി മസ്ജിദ് തകർത്തത്.
ഈ അതിക്രമം നടന്ന കാലത്ത് രാഷ്ട്രപതിയായിരുന്ന ശങ്കർ ദയാൽ ശർമ അസാധാരണമായി ഇടപെട്ടുകൊണ്ട് ബാബരി മസ്ജിദ് തകർത്ത തെമ്മാടിക്കൂട്ടങ്ങളെ നിലക്കുനിർത്താൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകി. തുടർന്ന് ഉത്തർപ്രദേശ് ഭരിച്ചിരുന്ന കല്യാൺ സിങ് സർക്കാറിനെയും ബി.ജെ.പിയുടെ ഭരണമുണ്ടായിരുന്ന മൂന്ന് സംസ്ഥാന സർക്കാറുകളെയും കേന്ദ്രം പിരിച്ചുവിട്ടു.
പിന്നീടുണ്ടായ അക്രമാസക്ത പ്രതിഷേധങ്ങളിൽ ഇന്ത്യയൊട്ടാകെ രണ്ടായിരത്തിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. കോടിക്കണക്കിന് വിലവരുന്ന വസ്തുക്കളും വീടുകളും നശിപ്പിക്കപ്പെട്ടു. പറഞ്ഞുവരുന്നത്, ബാബരി മസ്ജിദ് തകർത്ത സംഭവത്തിനൊപ്പം ഇത്തരം പ്രത്യാഘാതങ്ങളും മുറിവുകളും ദുരിതങ്ങളും കൂടെ ഓർക്കണമെന്നാണ്.
പിൽക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മറ്റൊന്നായി. അതുവരെ കോൺഗ്രസ് എന്ന പ്രബല ദേശീയ കക്ഷിയുമായി ചേർന്നുനിന്നിരുന്ന മുസ്ലിം ജനവിഭാഗം ആ പ്രസ്ഥാനത്തിൽനിന്ന് അകന്നു. വോട്ടിങ്ങിൽ മാത്രമല്ല, ആ ജനതയുടെ മനോഭാവത്തിലും മാറ്റമുണ്ടായി.
ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെയും മതേതര ചിന്തകളെയും മറ്റൊരു കാലത്തുമില്ലാത്തവിധത്തിൽ അവിശ്വസിക്കാൻ നിർബന്ധിതമായി ആ സമുദായം. അതിലേറെ ആന്തരികവും ബാഹ്യവുമായ അരക്ഷിതാവസ്ഥയിലുമായി. ചുരുക്കിപ്പറഞ്ഞാൽ, ഇന്ത്യ എന്ന ആശയത്തിനും ഐക്യരൂപമുള്ള ഒരു ജനതയുടെ നിലനിൽപ്പിനും മേലുള്ള തുറന്ന മുറിവായി ബാബരി മസ്ജിദിന്റെ തകർക്കൽ ഇന്നും തുടരുകയാണ്.
ഇന്ത്യയിലെ മുസ്ലിംകളെ മാത്രമല്ല, ക്രൈസ്തവർ അടക്കമുള്ള മതന്യൂനപക്ഷങ്ങളെ അപ്പാടെ ക്രമബദ്ധമായ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നതാണ് ഹിന്ദുത്വത്തിന്റെ ഭരണമനോഭാവവും നടപടികളും.
ബാബരി മസ്ജിദ് തകർത്ത് തൽസ്ഥാനത്ത് രാമക്ഷേത്രം പണിയുക എന്ന ദീർഘകാല പദ്ധതിക്കൊപ്പം പിടിച്ചെടുക്കേണ്ടതായ മുസ്ലിം പള്ളികളുടെയും ആരാധനാലയങ്ങളുടെയും പട്ടിക ഹിന്ദുത്വവാദികൾ തയാറാക്കിയിരുന്നു. അതിലൊന്നാണ് ഉത്തർപ്രദേശിലെ വാരാണസിയിലുള്ള ഗ്യാൻവാപി പള്ളി. പതിനഞ്ചാം നൂറ്റാണ്ടിൽ മുഗള രാജാവായിരുന്ന ഔറംഗസീബ് സ്ഥാപിച്ച ഈ പള്ളി ഒരു ഹിന്ദു ക്ഷേത്രം തകർത്താണ് ഉണ്ടാക്കിയതെന്ന വ്യാജ പ്രചാരണങ്ങൾക്കാണ് അവർ തുടക്കം കുറിച്ചത്.
2021 ആഗസ്റ്റിൽ ഡൽഹി നിവാസിയായ ഹിന്ദു ഭക്ത എന്നവകാശപ്പെടുന്ന വ്യക്തി ഗ്യാൻവാപി പള്ളിയിൽ ശിവലിംഗമുണ്ടെന്നും അതിൽ പ്രാർഥന നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ഒരു പ്രാദേശിക കോടതിയിൽ അന്യായം ഫയൽ ചെയ്തു.
തുടർന്ന്, വാരാണസി ജില്ല കോടതി 2022ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ഗ്യാൻവാപി പള്ളിയിൽ ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണപ്പെടുന്നുണ്ടോ എന്ന സർവേ നടത്താൻ നിർദേശിച്ചു. 2023, ജൂലൈ മാസം സമർപ്പിച്ച അവരുടെ റിപ്പോർട്ട് അവകാശപ്പെടുന്നത് പള്ളി നിലനിൽക്കുന്ന സ്ഥലത്ത് വലിയൊരു ശിവക്ഷേത്രമുണ്ടായിരുന്നു എന്നതാണ്.
അതിന്റെ അടിസ്ഥാനത്തിൽ ജില്ല കോടതി ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിശ്വാസികൾക്ക് പൂജകൾ ചെയ്യാനും പ്രാർഥന നടത്താനും അനുവാദം നൽകി. അതോടെ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പള്ളിയിൽ അതിക്രമിച്ചു കയറി ശിവലിംഗം പ്രതിഷ്ഠിക്കുകയും പൂജകൾ ആരംഭിക്കുകയും ചെയ്തു.
ഇത്തരത്തിലുള്ള ബലപ്രയോഗത്തിലും കള്ളപ്രചാരണങ്ങളിലും ഇടപെടണമെന്ന് ആവശ്യപ്പെട്ട് പള്ളി ഭരണസമിതി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അലഹബാദ് ഹൈകോടതിയിലേക്ക് പോകാൻ പറഞ്ഞ് തിരിച്ചയക്കുകയാണുണ്ടായത്. ഹൈകോടതിയാകട്ടെ നടപടികളൊന്നും സ്വീകരിക്കാതെ കേസ് മാറ്റിവെച്ചു.
ബാബരി മസ്ജിദിന്റെ തകർക്കലിനും പിടിച്ചെടുക്കലിനും സമാനമായവിധത്തിൽ ഗ്യാൻവാപി പള്ളിയും അധീനപ്പെടുത്താനുള്ള ഹിന്ദുത്വ വർഗീയവാദികളുടെ ശ്രമങ്ങൾക്കുള്ള ആദ്യ വിജയമാണ് മേൽപറഞ്ഞ സംഭവങ്ങളും കോടതി വിധികളും. ഈ പറഞ്ഞ വസ്തുതകളിലൂടെ സുപ്രധാന പ്രശ്നങ്ങൾ വെളിപ്പെടുന്നുണ്ട്.
1. The places of worship (Special provisions) Act 1991ന്റെ ആമുഖമായി പറയുന്നതുതന്നെ ഏതെങ്കിലും ഒരു ആരാധനാലയം പരിവർത്തനപ്പെടുത്തുന്നത് നിരോധിക്കാനും അവയുടെ സ്വഭാവം 1947 ആഗസ്റ്റ് 15ന് എങ്ങനെയാണോ അങ്ങനെ നിലനിർത്താനും വേണ്ടിയുള്ള നിയമമെന്നാണ്. ആ നിയമത്തിലെ വകുപ്പ് 3, 4, 5 എന്നിവയുടെ നഗ്നമായ ലംഘനവും ദുർവ്യാഖ്യാനവുമാണ് കോടതി നടപടികളിലൂടെ ഉണ്ടായിട്ടുള്ളത്.
2. ബാബരി മസ്ജിദിന്റെ കാര്യത്തിലെന്നപോലെ ഹിന്ദുത്വ അണികൾക്ക് അനുകൂലമായ തരത്തിൽ ഭരണതലത്തിലും നിയമനടപടികൾ എടുക്കുന്നതിലും അട്ടിമറികൾതന്നെയാണ് ഗ്യാൻവാപി പള്ളിയുടെ വിഷയത്തിലും സംഭവിച്ചിട്ടുള്ളത്. ഇവ യാദൃശ്ചികമായി സംഭവിക്കുന്നതല്ല. നിയമസംവിധാനവും ഭരണകൂടവും വംശീയമായ പ്രതികാരബുദ്ധിയോടെ ഇടപെടുന്നതിന്റെ ഭാഗമായാണ് ഇവ നടക്കുന്നത്.
3. ആർക്കിയോളജിക്കൽ സർവേ പോലുള്ള സ്ഥാപനങ്ങൾ മിത്തിനെ യാഥാർഥ്യമാക്കാനും യാഥാർഥ്യത്തെ മിത്താക്കി മാറ്റാനുമുള്ള ശ്രമങ്ങളാണ് ഹിന്ദുത്വ വാഴ്ചക്കാലത്ത് നടത്തുന്നത്. ഇന്ത്യയിലെ പ്രമുഖ ചരിത്ര രചയിതാക്കൾ കാര്യകാരണസഹിതം നിഷേധിച്ച വിചിത്രയുക്തികളാണ് അവരുടെ കണ്ടെത്തലിൽ ഇടംപിടിച്ചിട്ടുള്ളത്. അവയെ പ്രമാണരേഖയായി മാറ്റുന്ന കോടതികൾ സമൂഹത്തിൽ ആഴത്തിൽ വേരോടിയിട്ടുള്ള മുസ്ലിം വെറുപ്പും ന്യൂനപക്ഷ വിരുദ്ധതയും കാണാതെപോവുന്നു.
4. ദീർഘകാലമായി ഹിന്ദുത്വ ഭരണം നിലനിൽക്കുന്ന ഉത്തർപ്രദേശ് പോലുള്ള സ്ഥലങ്ങളിൽ പൊതുഭരണ സംവിധാനവും മാധ്യമങ്ങളും കോടതികൾ വരെയും ഹിന്ദുത്വ ആശയങ്ങൾക്ക് വിധേയമാവുകയോ അവരുടെ വരുതിയിലാവുകയോ ചെയ്തിട്ടുണ്ട്. അതിനാലാണ് വിരമിക്കുന്നതിന് തലേ ദിവസം ഒരു ജില്ല ജഡ്ജി ഇത്തരം വിധിപ്രസ്താവം നടത്തിയത്.
ഇന്ത്യൻ ഭരണഘടനയിൽ ന്യൂനപക്ഷങ്ങൾക്ക് സവിശേഷമായ ചില അവകാശങ്ങൾ ഉറപ്പാക്കിയതിൽ ഹിന്ദു യാഥാസ്ഥിതികർ കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. അതിന് മറുപടിയായി ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞത്, ന്യൂനപക്ഷ അവകാശസംരക്ഷണം ജനാധിപത്യത്തിന്റെ ജീവവായു ആണെന്നാണ്.
ന്യൂനപക്ഷങ്ങൾ എതിരായാൽ രാഷ്ട്രത്തിന്റെ ഊടും പാവും തകരുമെന്നും വിവിധ രാഷ്ട്രങ്ങളുടെ അനുഭവം വെച്ചുകൊണ്ട് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഭാഗ്യവശാൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ അങ്ങനെയൊരു നിലപാട് സ്വീകരിച്ചിട്ടില്ല. അവർ പൊതുധാരയോട് ചേർന്നുപോവുകയാണ് ചെയ്യുന്നതും.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സമ്മർദപ്പെടുത്തിയും അന്യവത്കരിച്ചും അതിക്രമങ്ങൾക്ക് വിധേയമാക്കിയും പൊതുധാരയിൽനിന്ന് ഒറ്റപ്പെടുത്താനും അതിലൂടെ തങ്ങളുടെ ഉന്മൂലന രാഷ്ട്രീയം നടപ്പാക്കാനുമാണ് ഹിന്ദുത്വശക്തികൾ ശ്രമിക്കുന്നത്.
ഭരണഘടനയിൽ ന്യൂനപക്ഷ അവകാശത്തിനായുള്ള വകുപ്പുകൾ എഴുതിച്ചേർത്തതിനെ വിവേകപൂർണമായ നടപടിയെന്നാണ് ഡോ. അംബേദ്കർ വിശേഷിപ്പിച്ചത്.
അത് രാഷ്ട്രത്തിന്റെ ഭാവിയും ജനതയുടെ സഹവർത്തിത്വപരമായ ദൈനംദിന ജീവിതത്തെയും കണക്കിലെടുത്തുള്ള മഹത്തായ മുന്നേറ്റംതന്നെയായിരുന്നു. ന്യൂനപക്ഷ വെറുപ്പിനെ സാർവത്രികമാക്കുന്ന ഹിന്ദുത്വവാദികൾ തകർക്കുന്നത് അതേ വിവേകത്തെയും രാഷ്ട്രത്തെയും ജനതയെയും തന്നെയാണ്. ഹിന്ദുത്വവാഴ്ചയിൽ വിവേകം അപൂർവവസ്തുവായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.