ജയിലുകളിൽ വിഹരിക്കുന്ന ജാതിവ്യവസ്ഥ

കൈകാലുകൾ വെട്ടിമാറ്റുക, കണ്ണുകൾ ചൂഴ്​ന്നെടുക്കുക, നാവ് പിഴുതെടുക്കുക. തിളച്ച എണ്ണയിൽ മുക്കിയെടുക്കുക. തലകീഴായി കെട്ടിത്തൂക്കി തീ കത്തിച്ച് വറുത്തെടുക്കുക, കൈയിലും കാലിലും ആനകളെയും കുതിരകളെയും കെട്ടി രണ്ടുവശത്തുനിന്നും വലിച്ച് കൈകാലുകൾ വേർപെടുത്തിയെടുക്കുക തുടങ്ങിയ ക്രൂരമായ ശിക്ഷാവിധികളാണ് പത്തൊമ്പതം നൂറ്റാണ്ടിന്റെ തുടക്കത്തിൽപോലും ലോകത്ത്​ നിലനിന്നിരുന്നത്

വിവിധ മാധ്യമ പുരസ്​കാരങ്ങൾ നേടിയിട്ടുള്ള ദ വയർ സീനിയർ അസിസ്​റ്റൻറ്​ എഡിറ്റർ സുകന്യ ശാന്ത സുപ്രീംകോടതിയിൽ സമർപ്പിച്ച 1404/2023 നമ്പർ റിട്ട്​പെറ്റീഷനിൽ രാജ്യത്തെ ജയിലുകളിൽ തടവുകാരെ പാർപ്പിക്കുന്നതിലും അവരെക്കൊണ്ട് ജോലി എടുപ്പിക്കുന്നതിലും ജാതി നിയമങ്ങൾ പ്രയോഗിക്കുന്നുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയിരുന്നു. ജാതി നിയമപ്രകാരം താഴ്ന്നവർ, ഉയർന്നവർ, തൊട്ടുകൂടാത്തവർ എന്നിങ്ങനെയൊക്കെ തരംതിരിച്ചാണ് ജയിലിനകത്ത് തടവുകാരുടെ ജീവിതം ചിട്ടപ്പെടുത്തുന്നതെന്ന കാര്യവും അവർ കോടതിയിൽ ബോധിപ്പിച്ചു.

സുകന്യ ശാന്ത

ഈ ഹരജിയിലാണ്​ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള ബെഞ്ച് രാജ്യത്തെ ജയിലുകളിലെ അന്തേവാസികളുടെ ജയിൽ ജീവിതം ഇന്ത്യൻ ഭരണഘടനയുടെ മൂല്യബോധത്തിനനുസരിച്ച് നവീകരിക്കാനും അതിന് വിരുദ്ധമായ ജയിൽ ചട്ടങ്ങളും പ്രയോഗങ്ങളും ഇല്ലാതാക്കാനും നിർദേശം നൽകിയത്. അയിത്തവും അസ്​പൃശ്യതയും കുറ്റകൃത്യമാണെന്ന്​ വ്യക്തമായി രേഖപ്പെടുത്തിയ ഭരണഘടന നിലവിൽവന്നിട്ട് എഴുപത് വർഷങ്ങൾക്ക് മേലെ ആയിട്ടും രാജ്യത്തെ ഏതൊരു ഭരണസംവിധാനത്തിലും ജാതിയും മതവും ‘നിയമപരമായും അല്ലാതെയും’ പരിഗണിക്കപ്പെടുന്നുണ്ട്. സുപ്രീംകോടതിയുടെ ശ്രദ്ധ ജയിലുകളിലെ ജാതിബദ്ധ മനുഷ്യാവകാശ പ്രശ്നങ്ങളിലേക്ക് തിരിച്ചുവിടാൻ സുകന്യയുടെ പെറ്റീഷന് കഴിഞ്ഞു എന്നത് മനുഷ്യാന്തസ്സിന് വിലകൽപിക്കുന്ന എല്ലാവർക്കും ആശ്വാസകരമാണ്​.

ഇന്ന് കാണുന്നതരത്തിൽ ആളുകളെ ദീർഘനാളുകൾ തടവിൽ പാർപ്പിക്കുന്ന ജയിലുകൾ ലോകത്ത് ഒരിടത്തും ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നില്ല. സോക്രട്ടീസിനെ അഥീനിയൻ ജയിലിൽ തടവിൽവെച്ച് മാനസാന്തരപ്പെടുത്താനല്ല, വിഷം കൊടുത്ത് എന്നത്തേക്കുമായി ഇല്ലാതാക്കാനാണ്​ ഭരണകൂടം ശ്രമിച്ചത്. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് കൈകാലുകൾ വെട്ടിമാറ്റുക, കണ്ണുകൾ ചൂഴ്​ന്നെടുക്കുക, നാവ് പിഴുതെടുക്കുക. തിളച്ച എണ്ണയിൽ മുക്കിയെടുക്കുക. തലകീഴായി കെട്ടിത്തൂക്കി തീ കത്തിച്ച് വറുത്തെടുക്കുക, കൈയിലും കാലിലും ആനകളെയും കുതിരകളെയും കെട്ടി രണ്ടുവശത്തുനിന്നും വലിച്ച് കൈകാലുകൾ വേർപെടുത്തിയെടുക്കുക തുടങ്ങിയ ക്രൂരമായ ശിക്ഷാവിധികളാണ് പത്തൊമ്പതം നൂറ്റാണ്ടിന്റെ തുടക്കത്തിൽപോലും ലോകത്ത്​ നിലനിന്നിരുന്നത്.

ഇന്ത്യയിൽ കൃത്യമായ ജാതി നിയമങ്ങൾക്കനുസരിച്ചായിരുന്നു ശിക്ഷ. ചാട്ടയടി, അവയവങ്ങൾ മുറിച്ചുമാറ്റുക തുടങ്ങി തലവെട്ടിക്കൊല്ലൽവരെയുള്ള ശിക്ഷകൾ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. ശിക്ഷകൾ മിക്കതും ഉടനടി വിധിക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നതിനാൽ ഇന്നത്തെ മാതൃകയിലുള്ള ജയിലുകൾ അന്ന് ആവശ്യമുണ്ടായിരുന്നില്ലെങ്കിലും ‘താൽക്കാലികമായി’ തടവുകാരെ പാർപ്പിക്കുന്ന ഇടങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നു. മറ്റൊന്ന് കടം വാങ്ങിയാൽ കൊടുക്കാത്ത ആളുകളെ കടം തിരിച്ചുവാങ്ങിയത് കൊടുക്കാൻ നിർബന്ധിതരാക്കുന്നതിനായി തടവുമുറിയിൽ അടച്ചിട്ട് പീഡിപ്പിക്കുന്ന രീതി നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.

ഇതിനു പുറമേ മുഗൾകാലത്ത് അവിശ്വാസികളും മതനിഷേധികളുമായ ആളുകൾക്ക് തെറ്റ് തിരിച്ചറിഞ്ഞ് സ്വയം നവീകരിക്കാനുള്ള ഒരു തടവ്​ സമയം നൽകിയിരുന്നു. സ്വയം നവീകരണത്തിന് വിധേയരാകാൻ സമ്മതിക്കുന്നവർക്ക് സ്വഗൃഹത്തിലേക്കും അല്ലാത്തവർക്ക് കാലപുരിക്കും പോകേണ്ടിവന്നിരുന്നു. ചുരുക്കത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണം വേരുപിടിക്കുന്നതുവരെ ആധുനിക മാതൃകയിലുള്ള ജയിലുകൾ നമുക്ക് ഉണ്ടായിരുന്നേയില്ല.

കുറ്റവാളികളെ എന്നത്തേക്കുമായി ഇല്ലാതാക്കുന്നതിന് പകരമായി സമൂഹത്തിന് ഗുണം ചെയ്യുന്ന പൗരരാക്കാനുള്ള ഒരവസരമായാണ് ആധുനിക രാഷ്ട്രങ്ങൾ തടവറകളെ കാണുന്നത്. തടവുകാരുടെ പൗരാവകാശങ്ങളിൽ പലതും നിഷേധിക്കപ്പെടുന്നു. എന്നാൽ, ഈ നിഷേധത്തിലെ ഇരട്ടനീതിയെ പറ്റിയാണ്, അതിനകത്തെ ജാതീയമായ വിവേചനങ്ങളെ പറ്റിയാണ് സുകന്യ കോടതിമുമ്പാകെ വെളിപ്പെടുത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന ജയിൽ നിയമങ്ങൾതന്നെയാണ് ഇന്നും ഇന്ത്യയിൽ പലയിടത്തും തുടരുന്നത്. ജയിലിലെ മനുഷ്യമാലിന്യം നീക്കുന്ന ജോലി എപ്പോഴും സമൂഹത്തിലെ ‘താഴ്ന്നവർ’ എന്ന്​ പറയപ്പെടുന്ന ജാതികൾക്ക് സംവരണം ചെയ്യപ്പെട്ട മട്ടായിരുന്നു.

രാജസ്ഥാൻ ജയിൽ മാന്വലിന്റെ 2022 പതിപ്പിൽ പട്ടികജാതിക്കാർ എങ്ങനെയാണ് കക്കൂസ് വൃത്തിയാ​ക്കേണ്ടതെന്ന്​ പ്രതിപാദിക്കുന്നുണ്ട്​. ഇതേ ജയിൽ മാന്വലിൽ ജയിൽ ആശുപത്രിയിലെ അറ്റൻഡറായി ഉയർന്ന ജാതിക്കാരെ നിയമിക്കണമെന്നും നിഷ്​കർഷിക്കുന്നു. ജയിലിൽ കുക്കിങ് അസിസ്റ്റന്റായി നിയമിക്കേണ്ടത് ഉയർന്ന ജാതികളിൽപെട്ടവരെ ആയിരിക്കണമെന്നാണ് ബംഗാൾ ജയിൽ മാന്വലിൽ പറഞ്ഞിട്ടുള്ളത്. മാന്വലിൽ എഴുതിവെച്ചാലും ഇല്ലെങ്കിലും ഇന്ത്യയിലെ ഏതാണ്ടെല്ലാ ജയിലുകളിലും സ്ഥിതി ഇതൊക്കെയാണ്​. ബ്രിട്ടീഷ് ഭരണകാലത്ത് ജയിൽ പുള്ളികളുടെ ജാതി അനുസരിച്ച് ജയിലിനു പുറത്ത് അവർക്ക് ഉണ്ടായിരുന്ന സവിശേഷമായ അവകാശങ്ങളും അവകാശനിഷേധങ്ങളും അതേപടി ജയിലിലും കഴിയുന്നത്ര നിലനിർത്തിയിരുന്നു.

തടവുകാരൻ ബ്രാഹ്മണൻ ആയിരുന്നുവെങ്കിൽ അയാൾക്ക് പ്രത്യേകമായ ഒരിടത്തുവെച്ച് മാത്രമേ ഭക്ഷണം നൽകിയിരുന്നുള്ളൂ. അയാളെ ജാതിയിൽ കുറഞ്ഞ ആളുകൾ തൊട്ടശുദ്ധം ആക്കുന്നതിനെ ജയിൽ അധികാരികൾ തടഞ്ഞിരുന്നു. ജയിലിനകത്തുവെച്ച് മേൽജാതിക്കാരുടെ ജാതി മഹത്വം നഷ്ടപ്പെടുത്തുന്ന എന്തെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടാൻ അവരെ നിർബന്ധിച്ചാൽ അത് അവരോടുള്ള ക്രൂരതയായി പരിഗണിച്ചിരുന്നു. ജയിലിൽ എത്തുന്ന ജാതിയിൽ കുറഞ്ഞ തടവുകാർ ജയിലിനു പുറത്ത് അവർ ചെയ്തുകൊണ്ടിരുന്ന ജാതിത്തൊഴിലുകൾതന്നെ ചെയ്യേണ്ടതുണ്ടായിരുന്നു. ഒരാളുടെ ജാതി മാത്രമാണ് ജയിലിൽ അയാൾ എന്ത് ജോലി ചെയ്യണമെന്നതിന് മാനദണ്ഡമായി സ്വീകരിച്ചിരുന്നത്. അയാളുടെ അഭിരുചിയോ പ്രാപ്തിയോ സമ്മതമോ ജയിലധികൃതർ പരിഗണിച്ചിരുന്നില്ല.

ആധുനിക ജയിലുകളെന്ന സങ്കൽപം ഇന്ത്യയിൽ വേരുപിടിക്കുന്നത് 1835ലെ മെക്കാളെ മിനിറ്റ്സിലൂടെയാണ്. ഇതിന്റെ ചുവടുപിടിച്ച്​ 1846ൽ സെൻട്രൽ ജയിലുകൾ സ്ഥാപിച്ചുതുടങ്ങി. 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്റ്റിലൂടെയാണ് ജയിലുകൾ കേന്ദ്ര ഗവൺമെന്റിന്റെ ചുമലിൽനിന്ന്​ പ്രൊവിൻഷ്യൽ ഗവൺമെന്റുകളുടെ കൈകളിലേക്ക് മാറിയത്. ഈ മാറ്റമാണ് ഇന്ത്യ മുഴുവൻ ബാധകമായതരത്തിലുള്ള ചട്ടങ്ങളും പ്രയോഗങ്ങളും ഉള്ളൊരു ജയിൽ സംവിധാനം രാജ്യത്ത് നിലവിൽ വരാതിരുന്നതിനുള്ള പ്രധാന കാരണം.

ജാതി നിയമങ്ങൾ ഉത്തരേന്ത്യൻ ജയിലുകളിൽ നിയമപരമായിതന്നെ തുടരുന്ന സാഹചര്യമുണ്ടായത് ഇതിലൂടെയാണ്. സാമൂഹ്യനിയന്ത്രണത്തെ വ്യക്തികൾ അന്തരീകവത്കരിക്കുന്നത് ആണല്ലോ ജാതിയുടെ പ്രയോഗത്തെ എളുപ്പത്തിലാക്കുന്നത്. ജാതിയുടെ മൂല്യബോധത്തെ ആന്തരീകവത്കരിച്ച ജയിൽ അധികാരികളും അവരുടെ കീഴിലുള്ള പിന്നാക്ക ജാതി അന്തേവാസികളും ചേരുമ്പോൾ ജയിലുകൾ മനുസ്മൃതിയിലെ ജാതി ഗ്രാമങ്ങളായി മാറുന്നു.

(തുടരും)

Tags:    
News Summary - caste system in prisons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.