കേരളത്തിലെ എയ്‌ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമനങ്ങളിൽ സംവരണനിയമങ്ങള്‍ പാലിക്കപ്പെടാത്തതിനെക്കുറിച്ചും പല സ്ഥാപനങ്ങളിലും സംവരണം അട്ടിമറിക്കപ്പെടുന്നതിനെക്കുറിച്ചും ചർച്ചകള്‍ നടക്കുകയാണല്ലോ. കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നത് അംഗീകരിക്കാത്ത പൊതുസമൂഹമാണ് നിലവിലുള്ളത് എന്ന് തോന്നിയിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചുള്ള നമ്മുടെ ചില മുന്നേറ്റങ്ങളെക്കുറിച്ച് ഊറ്റംകൊള്ളുന്നതിനിടയില്‍ കേരളത്തിലെ നിലനില്ക്കുന്ന യാഥാർഥ്യങ്ങള്‍ അംഗീകരിക്കാനുള്ള മടി പൊതുവില്‍ നവോത്ഥാന ദുരഭിമാനത്തിന്റെ ഭാഗമാണ്. മാത്രമല്ല, ‘കേരളത്തില്‍ ജാതിയില്ല’ എന്നും അതിന്റെ ഉപഗണമായ ‘കേരളത്തില്‍ ജാതിവിവേചനമില്ല’ എന്നവാദത്തിനും സൈബർസ്ഥലം അടക്കമുള്ള പൊതുമണ്ഡലങ്ങളില്‍ വലിയ പ്രാതിനിധ്യമാണ് ലഭിക്കുന്നത്. കക്ഷിഭേദമില്ലാതെ പിന്തുണ ലഭിക്കുന്ന പ്രചാരണമായി ഇത് വളരുകയാണ്.
നൂറ്റാണ്ടുകളായി പ്രത്യക്ഷമായും പരോക്ഷമായും കേരളത്തിലെ ദലിത്‌വിഭാഗങ്ങള്‍ ശൂദ്ര ബ്രാഹ്മണ്യ മേധാവിത്വത്തിനെതിരെ നടത്തിക്കൊണ്ടിരുന്ന പ്രതിരോധങ്ങള്‍ 19ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതി മുതല്‍ കൊളോണിയല്‍ രാഷ്ട്രീയത്തിന്റെകൂടി പശ്ചാത്തലത്തില്‍ കൂടുതല്‍ ശക്തമായതിന്റെ അടിസ്ഥാനത്തിലാണ് ശബ്ദശക്തിയുള്ള ജാതിവിരുദ്ധസമൂഹം ഇവിടെ രൂപംകൊള്ളുന്നത്. ആ ചരിത്രവിജയത്തിനെതിരായ ഒളിപ്പോരാക്രമണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിലാകെത്തന്നെ നിലനില്ക്കുന്ന ജാതിവിവേചനത്തിന്റെ ഭാഗമാണ് കേരളത്തിലെ സ്ഥിതി എന്നുപറയാനാവില്ല. കേരളത്തിലേത് ജാതിവിരുദ്ധസമരങ്ങള്‍ അധഃസ്ഥിതരായി തള്ളപ്പെട്ട ജാതിസമൂഹങ്ങള്‍ സ്വയംനേടിയെടുത്തതാണ് എന്നും സവർണവിഭാഗങ്ങളും മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങളും അതിന്റെ ഗുണഭോക്താക്കളായിരുന്നു എന്നുമുള്ള യാഥാർഥ്യം ഉൾക്കൊള്ളാന്‍ കഴിയാത്തതിന്റെ വിമ്മിട്ടംകൂടിയാണ്.
ദലിത് സമൂഹം സൃഷ്ടിച്ച വലിയ സാമൂഹിക ഉണർച്ചകൾകൊണ്ട് രാഷ്ട്രീയമായി മുന്നോട്ടുപോയ സംസ്ഥാനമായ കേരളത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ കാര്യങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ. ഈ വസ്തുതക്ക് അടിവരയിടുന്ന പഠനമാണ് കഴിഞ്ഞയാഴ്ച പ്രമുഖ ബ്രിട്ടീഷ് ശാസ്ത്രവാരികയായ നേച്ചര്‍ (Ankur Paliwal, How India’s caste system limits diversity in science, Nature,12 January 2023) പ്രസിദ്ധീകരിച്ചത്.
വിവിധരാജ്യങ്ങളിലെ ശാസ്ത്രമേഖലയില്‍ നിലനില്ക്കുന്ന വംശീയവിവേചനങ്ങളെക്കുറിച്ച് നേച്ചര്‍ പ്രസിദ്ധീകരിക്കുന്ന പഠനപരമ്പരയുടെ ഭാഗമായി ഇന്ത്യയിലെ ശാസ്ത്രസ്ഥാപനങ്ങളില്‍, വിശേഷിച്ചു ഐ.ഐ.ടികളില്‍, സംഭവിക്കുന്ന കടുത്ത സംവരണനിഷേധത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ അടങ്ങിയ ലേഖനമാണിത്. വിവരാവകാശരേഖകളുടെകൂടി അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിട്ടുള്ളത്. ഒരു വംശീയപ്രശ്നമായി ജാതിവിവേചനത്തെ കാണേണ്ടതുണ്ട് എന്ന നിലപാടിനൊപ്പം നില്ക്കുന്നു ഈ പഠനമെന്നതും എടുത്തുപറയേണ്ട കാര്യമാണ്.
ഇന്ത്യയിലെ 23 ഐ.ഐ.ടികളിൽനിന്നുള്ള േഡറ്റയാണ് ഈ പഠനത്തിനു പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരങ്ങള്‍ െവച്ചുകൊണ്ട് പഠനം പറയുന്നത് ഈ 23 സ്ഥാപനങ്ങളിലുംകൂടി പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളില്‍നിന്നു കേവലം ഒരു ശതമാനത്തില്‍ താഴെയേ അധ്യാപകരായിട്ടുള്ളൂ എന്നതാണ്. 7.5 ശതമാനം സംവരണം ആദിവാസിവിഭാഗങ്ങൾക്കും 15 ശതമാനം സംവരണം ദലിത് വിഭാഗങ്ങൾക്കും ദശാബ്ദങ്ങളായി നിലവിലുണ്ട് എന്ന വസ്തുത മനസ്സിൽ വെച്ചുകൊണ്ടുവേണം ഈ ദുഃസ്ഥിതിയെക്കുറിച്ച് നാം ആലോചിക്കേണ്ടത്.
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസർച്ച് (TIFR) പോലുള്ള ചില സ്ഥാപനങ്ങളെ അതിമികവു പുലർത്തേണ്ട കേന്ദ്രങ്ങള്‍ എന്നനിലയില്‍ സംവരണനിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടത്രേ. നേച്ചര്‍ വാരികക്ക് TIFRഅധികൃതർ തന്നെ നൽകിയ കണക്കനുസരിച്ച് എല്ലാ അക്കാദമിക് സ്ഥാനങ്ങളിലും സവർണര്‍ മാത്രമാണുള്ളത്!
അതുപോലെ, സർക്കാരിൽനിന്നുള്ള ഔദ്യോഗിക കണക്കുകൾ നിരത്തിക്കൊണ്ട് നേച്ചര്‍ വാരിക പറയുന്നത് ബിരുദക്ലാസുകളില്‍ കടുത്ത പ്രാതിനിധ്യനിഷേധം കാണപ്പെടുന്നത് കൂടുതലും ശാസ്ത്രവിഷയങ്ങളിലാണ് എന്നതാണ്. അതായത്, ദലിത് ആദിവാസി വിദ്യാർഥികള്‍ക്ക് ഡിഗ്രിപഠനത്തിന് അവസരമുണ്ടായാല്‍ ശാസ്ത്രവിഷയങ്ങളില്‍ താൽപര്യമുണ്ടെങ്കിലും ശാസ്ത്രേതര വിഷയങ്ങളിലാണ് ചേരേണ്ടിവരുന്നത് എന്നർഥം.
ഇതിനുള്ള കാരണമായി പഠനം ചൂണ്ടിക്കാട്ടുന്നത് ഗ്രാമങ്ങളിലെ കലാലയങ്ങളില്‍ ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കാന്‍ അധ്യാപകരുണ്ടാവില്ല എന്നതാണ്. പലപ്പോഴും ശാസ്ത്രവിഷയങ്ങൾക്കുള്ള വകുപ്പുകളും ഉണ്ടാവാറില്ല എന്നു നമുക്കറിയാം. മാത്രമല്ല, നഗരങ്ങളിൽപ്പോയി വിദ്യാഭ്യാസംചെയ്യാനുള്ള സാമ്പത്തികബാധ്യതകള്‍ ഇവർക്ക് താങ്ങാനും കഴിയാറില്ല. സാമൂഹികശാസ്ത്രമേ പഠിക്കൂ എന്ന നിർബന്ധബുദ്ധി അവർക്കാർക്കുമില്ല. സാമൂഹികശാസ്ത്രപഠനം മോശമാണെന്നല്ല, പ്രവേശനത്തില്‍ സ്വാഭാവികമായുണ്ടാവേണ്ട വൈവിധ്യം ഘടനാപരമായ കാരണങ്ങളാല്‍ ഉണ്ടാവുന്നില്ല എന്നതാണ് പ്രശ്നം.
ബിരുദാനന്തരബിരുദ ക്ലാസുകളിലാവട്ടെ വിദ്യാർഥിവൈവിധ്യം വീണ്ടും കുറയുകയാണ്. ബിരുദം നേടുന്നവരില്‍ ചെറിയൊരു ശതമാനം ആദിവാസി/ദലിത് വിദ്യാർഥികളേ ഉപരിപഠനത്തിനു പോകുന്നുള്ളൂ. ഗവേഷണബിരുദങ്ങൾക്ക് പോകുന്നവരുടെ എണ്ണവും കുറവാണ്. റാങ്കിങ്ങില്‍ ഉയർന്നനിലയിലോ മധ്യനിലയിലോ ഉള്ള ഐ.ഐ.ടികളില്‍ പി.എച്ച്ഡിക്ക് ആദിവാസി പ്രാതിനിധ്യം രണ്ടു ശതമാനത്തിലും ദലിത് പ്രാതിനിധ്യം 10 ശതമാനത്തിലും താഴെയാണ്.
റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്തുള്ള ബംഗളൂരുവിലെ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സ്ഥിതി ഇതിലും മോശമാണെന്നാണ് പഠനം പറയുന്നത്. പി.എച്ച്ഡി പ്രവേശനത്തിനുവേണ്ടിയുള്ള അഭിമുഖത്തിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിന്റെ അഭാവം, അക്കാദമിക് ശിപാർശ നൽകേണ്ടുന്ന വിദഗ്ധരെ ലഭിക്കാതെ വരുക തുടങ്ങിയവയെല്ലാം ആദിവാസി ദലിത് അപേക്ഷകരെ വലക്കുന്ന പ്രശ്നങ്ങളാണ്. ജാതിവ്യവസ്ഥയുടെ മാറ്റിനിർത്തലുകൾക്ക് ഇതില്‍ വലിയ പങ്കാണുള്ളത്.
ഒടുവില്‍ പ്രവേശനം ലഭിച്ചാൽത്തന്നെ ക്ലാസ് മുറികളിലും ലാബിലും മറ്റിടങ്ങളിലുമെല്ലാം അഡ്മിനിസ്ട്രേഷനിൽനിന്നും അധ്യാപകരിൽനിന്നും സഹവിദ്യാർഥികളിൽനിന്നുമൊക്കെയായി വലിയ വിവേചനങ്ങള്‍ നേരിട്ടുമാത്രമേ അവർക്ക് പഠനം പൂർത്തിയാക്കാന്‍ കഴിയൂ. ഇത്തരം സമ്മർദങ്ങള്‍ വലിയതോതിലെ കൊഴിഞ്ഞുപോക്കിനും കാരണമാവുന്നു. പലപ്പോഴും ആദിവാസി ദലിത് വിദ്യാർഥികളെ സ്വീകരിക്കാന്‍ പി.എച്ച്ഡി ഉപദേശകരായ സവർണ അധ്യാപകര്‍ വിസമ്മതിക്കാറുണ്ടെന്നും പഠനം പറയുന്നുണ്ട്. “ക്വോട്ടയില്‍ വരുന്നവരെ” എടുക്കാനാവില്ലെന്നു പറയുന്ന അധ്യാപകരുമുണ്ടെന്നതിനു, വിദ്യാർഥികളുടെതന്നെ വാക്കുകള്‍ പഠനം ഉദ്ധരിക്കുന്നു.
റിസർച്ച് ഫണ്ടിങ്ങിന്റെ കാര്യത്തില്‍ ഗവേഷണസ്ഥാപനങ്ങള്‍ ജാതിതിരിച്ചുള്ള കണക്കുകള്‍ സൂക്ഷിക്കാതിരിക്കുകയോ നല്കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്നുവെന്നു പഠനത്തിലുണ്ട്. എന്നാല്‍, കേന്ദ്രസർക്കാറിന്റെ ശാസ്ത്രസാങ്കേതികവകുപ്പിന്റെ കൈവശമുള്ള അധ്യാപകർക്കായുള്ള INSPIRE ഫെലോഷിപ്പിന്റെ കണക്കുകള്‍ അങ്കുര്‍ പാലവാള്‍ പരിശോധിച്ചപ്പോള്‍ കണ്ടത് വെറും ആറു ശതമാനംമാത്രമേ അത് ദലിത് വിഭാഗങ്ങൾക്ക് ലഭിച്ചിട്ടുള്ളൂ എന്നാണ്.
ആദിവാസികളാവട്ടെ ഒരു ശതമാനത്തില്‍ താഴെയും. 80 ശതമാനവും ഫെലോഷിപ് ലഭിച്ചത് സവർണർക്കായിരുന്നു. പൂർണമായും ‘മികവിനെ’ അടിസ്ഥാനമാക്കിയാണ് ഫെലോഷിപ്പിനുള്ള തെരഞ്ഞെടുപ്പുനടന്നത് എന്നാണ് വകുപ്പ് ഇക്കാര്യത്തില്‍ നല്കുന്ന വിശദീകരണം.മുസ്‍ലിം പ്രതിനിധാനത്തിന്റെ കാര്യത്തില്‍ ഡേറ്റ ആവശ്യപ്പെട്ടെങ്കിലും പല സ്ഥാപനങ്ങളും അതു ലഭ്യമല്ല എന്നാണു അറിയിച്ചതത്രേ.
എന്നാല്‍, കിട്ടിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി നേച്ചര്‍ വാരിക എത്തിച്ചേരുന്ന നിഗമനം പി.എച്ച്ഡി മേഖലയിലും അക്കാദമിക് ജോലികളുടെ കാര്യത്തിലും മുസ്‍ലിം പ്രതിനിധാനം താരതമ്യേന കുറവാണ് എന്നതാണ്. അക്കാദമിക് അനക്കാദമിക് സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന മുസ്‍ലിംകൾ പൊതുവില്‍ നേരിടുന്ന വിവേചനങ്ങള്‍ നമുക്ക് അറിവുള്ളതാണല്ലോ. ഞാന്‍ അഹ്മദാബാദില്‍ ഉണ്ടായിരുന്ന സമയത്ത് അമേരിക്കയില്‍ ഗവേഷണം പൂർത്തിയാക്കിവന്ന ഒരു ഇന്ത്യന്‍ ഗവേഷകന് മുസ്‍ലിംനാമധാരി ആണെന്ന കാരണത്താല്‍ താമസിക്കാന്‍ നഗരത്തിലെ ചേരികള്‍ ഒഴികെയുള്ള പ്രധാനസ്ഥലങ്ങളില്‍ വീട് ലഭിക്കാതെ ജോലി ഉപേക്ഷിച്ചു തിരികെപ്പോകേണ്ടിവന്നു.
ഇതാവട്ടെ ഇപ്പോള്‍ കേരളത്തിലടക്കം ചൂണ്ടിക്കാണിക്കപ്പെടുന്ന വിവേചനമാണ്.ആദിവാസി ദലിത് വിഭാഗങ്ങളിലെ കുട്ടികള്‍ ഡിഗ്രിതലം മുതൽ തന്നെ ശാസ്ത്രവിഷയങ്ങളില്‍ പ്രാഗത്ഭ്യം നേടുന്നതിൽനിന്ന് ഒഴിവാക്കപ്പെടുന്നുവെന്നും ആ പ്രവണത ബിരുദാനന്തരതലത്തിലും ഗവേഷണത്തിലും ജോലിസാധ്യതയിലും തുടരുന്നു എന്നുമുള്ള നിർണായകമായ കണ്ടെത്തലാണ് നേച്ചര്‍ വാരിക അവതരിപ്പിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകളില്‍ സ്ഥിതി തൃപ്തികരമാണെന്നോ സാമൂഹികശാസ്ത്ര മാനവിക പഠനമേഖലകളിലെ അവസ്ഥ പ്രശ്നരഹിതമാണെന്നോ ഇതിനർഥമില്ല.
ഇപ്പോള്‍ സാമ്പത്തിക സംവരണംകൂടി നടപ്പിലാക്കിയതോടെ എല്ലായിടത്തും ആദിവാസി ദലിത് പ്രതികൂല സാഹചര്യം കൂടുതല്‍ രൂക്ഷമാവുകയും ചെയ്തിട്ടുണ്ട്. എങ്കിലും ശാസ്ത്രപഠന ഗവേഷണമേഖലയിലെ ഈ ഞെട്ടിക്കുന്ന തുടര്‍ വിവേചനം ഇന്ത്യന്‍ ജാതിവ്യവസ്ഥ ഏൽപിക്കുന്ന അവസാനിക്കാത്ത ആഘാതങ്ങൾക്ക് ഏറ്റവും പ്രത്യക്ഷമായ മറ്റൊരു ഉദാഹരണംകൂടിയായി നമ്മുടെ മുന്നില്‍ ചുരുളഴിയുകയാണ്.
sreekumartt@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.