1990കളുടെ അവസാനത്തിൽ അബൂദബി സന്ദർശിക്കെ പ്രമുഖ ഇന്ത്യൻ വ്യവസായി എം.എ. യൂസുഫലിയെ അദ്ദേഹത്തിെൻറ ഓഫിസിൽ ചെന്നുകാണാനുള്ള അവസരമുണ്ടായി. കുശലങ്ങൾക്കുശേഷം ആയിടെ 'മാധ്യമ'ത്തിൽ വന്ന ചില വാർത്തകളിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിച്ചു. കൊച്ചി എഡിഷനിൽ നെടുമ്പാേശ്ശരി എയർപോർട്ടിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ ദുരിതങ്ങൾ വെളിപ്പെടുത്തുന്ന വാർത്തകളായിരുന്നു അത്. 'സിയാലി'െൻറ ഭാരവാഹി എന്ന നിലയിൽ വിമാനത്താവള പ്രവൃത്തികൾ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്ന യൂസുഫലിക്ക്, സിയാൽ എം.ഡി കുര്യൻ അയച്ചുകൊടുത്തിരുന്ന 'മാധ്യമം' കട്ടിങ്ങുകളായിരുന്നു അദ്ദേഹം പുറത്തെടുത്തത്.
എന്നിട്ടദ്ദേഹം കുടിയൊഴിപ്പിക്കപ്പെട്ടവരും സ്ഥലംവിട്ടുകൊടുത്തവരുമായ എല്ലാവർക്കും മതിയായ നഷ്ടപരിഹാരവും അനിവാര്യമായ പുനരധിവാസവും ഉറപ്പുവരുത്തിയ കാര്യവും ശ്രദ്ധയിൽപെടുത്തി. ''താങ്കൾ പറയുന്നത് ശരിയായിരിക്കാം. വേണ്ട നടപടികൾ 'സിയാൽ' സ്വീകരിച്ചിട്ടുമുണ്ടാവാം. അത് സത്വരം നടപ്പാക്കേണ്ട ഉേദ്യാഗസ്ഥന്മാരുടെ അനാസ്ഥയോ കാലവിളംബമോ ആവാം പരാതികൾക്കടിസ്ഥാനം. റോഡോ, എയർപോർട്ടോ, വ്യവസായശാലകളോ എന്തുമാവട്ടെ, വികസന പദ്ധതികൾക്ക് 'മാധ്യമം' ഒരിക്കലും എതിരല്ല എന്നുമാത്രമല്ല, അതൊക്കെ വേണ്ടത്ര ഭംഗിയായി നടക്കണമെന്ന് അതിയായ താൽപര്യവുമുണ്ട്.
പക്ഷേ, വികസനത്തിനുവേണ്ടി സ്ഥലംവിട്ടു നൽകേണ്ടവരുടെയും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെയും ജീവൽപ്രശ്നങ്ങൾ അവഗണിച്ചോ വിസ്മരിച്ചോ ആവരുത് ഒരു വികസന പദ്ധതിയുടെയും പ്രയോഗവത്കരണം എന്നേയുള്ളൂ ഞങ്ങൾക്ക്. പത്ര റിപ്പോർട്ട് വന്ന ഉടനെത്തന്നെ യഥാർഥ വസ്തുതകൾ ചൂണ്ടിക്കാട്ടുന്ന ഒരു വിശദീകരണ കുറിപ്പ് അയക്കാൻ ബന്ധപ്പെട്ടവർക്ക് താങ്കൾ നിർദേശം നൽകിയിരുന്നെങ്കിൽ അതും 'മാധ്യമം' അപ്പടി പ്രസിദ്ധീകരിച്ചേനെ''-ഞാൻ പറഞ്ഞു. ടെലഫോണിൽ കുര്യനുമായി ബന്ധപ്പെട്ടപ്പോൾ വിശദീകരണക്കുറിപ്പ് അയച്ചിരുന്നില്ലെന്ന കാര്യം അദ്ദേഹവും സമ്മതിച്ചു.
രണ്ടാമത്തെ അനുഭവവും ഗൾഫിൽ തന്നെ. ഒരിക്കൽ മസ്കത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ചെന്നപ്പോൾ പ്രമുഖ വ്യവസായി ഗൾഫാർ മുഹമ്മദലി ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് അദ്ദേഹത്തിെൻറ വീട്ടിൽ ക്ഷണിച്ചുവരുത്തി. പ്ലാച്ചിമടയിൽ കൊക്കേകാള കമ്പനിക്കെതിരെ നടക്കുന്ന ജനകീയ സമരത്തിന് സോളിഡാരിറ്റി യുവജനസംഘടനയും 'മാധ്യമ'വും നൽകുന്ന പിന്തുണയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. കുറെ പേർക്ക് തൊഴിൽനൽകുന്ന ഇത്തരം ബഹുരാഷ്ട്ര സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ കേരളത്തിലെ തൊഴിലില്ലായ്മ പ്രശ്നം രൂക്ഷമാവുകയല്ലേ ചെയ്യൂ എന്നതായിരുന്നു അദ്ദേഹത്തിെൻറ ചോദ്യം.
''ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ എെൻറ സ്നേഹിതനാണ്. കോള കമ്പനി അടച്ചുപൂട്ടേണ്ടി വന്നാൽ ഇനിയൊരമേരിക്കൻ കമ്പനിയും കേരളത്തെ തിരിഞ്ഞുനോക്കുകയില്ല എന്നാണേദ്ദഹം പറഞ്ഞത്''-ഗൾഫാർ വെളിപ്പെടുത്തി. ''കോള പോലുള്ള കമ്പനികൾ കുറെപേർക്ക് തൊഴിലവസരം നൽകുന്നുണ്ടെന്നത് ശരിയാണ്. അതില്ലാതായാൽ തൊഴിലില്ലായ്മ പ്രശ്നം രൂക്ഷമാവും എന്നതും ശരി തന്നെ. പക്ഷേ, ഞങ്ങളുടെ നിലപാട് ആദിവാസികൾ ഉൾപ്പെടെ ഒട്ടേറെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുകയും പരിസ്ഥിതി മലിനീകരണത്തിന് കാരണമാക്കുകയും ചെയ്യുന്ന കമ്പനികൾ പൂട്ടേണ്ടി വന്നാൽ പൂട്ടണം എന്നുതന്നെയാണ്. ശുദ്ധ വായുവും ശുദ്ധ ജലവും ശുദ്ധവണ്ണം സംരക്ഷിച്ചുകൊണ്ടുള്ള വ്യവസായങ്ങൾ മതി നമുക്ക് എന്ന ശാഠ്യം എല്ലാ മനുഷ്യർക്കും തലമുറകൾക്കും വേണ്ടിയുള്ളതാണ്.
പാലക്കാട് ജില്ലയിൽനിന്ന് കൊക്കകോള-പെപ്സി പ്ലാൻറുകൾ ഒരു വർഷം ഊറ്റുന്നത് ആറര ലക്ഷം ക്യൂബിക് മീറ്റർ വെള്ളമാണെന്നാണ് കണക്കുകൾ പറയുന്നത്. ഭോപാലിൽ ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്തുവന്ന യൂനിയൻ കാർബൈഡ് എന്ന കീടനാശിനി നിർമാണ കമ്പനി ചുരുങ്ങിയത് 2500 പേരെ കൊന്നില്ലേ? ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ഭാവി തകർത്തില്ലേ? അത്തരം കമ്പനികൾ അമേരിക്കയുടേതായാലും നമുക്ക് വേണ്ട''- ഞാൻ പറഞ്ഞു.
''അത്തരം ദുരന്തങ്ങൾ സർക്കാറുകളുടെ കൂടി അനാസ്ഥമൂലം സംഭവിക്കുന്നതാണ്. അതിന് കമ്പനികളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പട്ടണ മധ്യത്തിൽ അത്തരം കമ്പനികൾ സ്ഥാപിക്കാൻ അനുമതി നൽകാൻ പാടുണ്ടായിരുന്നില്ല''- ഗൾഫാറിെൻറ പ്രതികരണം. മഹാദുരന്തത്തിന് കാരണമാകുന്നതരം ഫാക്ടറികൾ ജനവാസ കേന്ദ്രങ്ങളിലല്ല സ്ഥാപിക്കേണ്ടതെന്ന ബോധം ഉടമകൾക്കല്ലേ ഒന്നാമതായുണ്ടാവേണ്ടത്. ഒന്നുമറിയാതെ ഫാക്ടറി പ്രദേശത്ത് താമസിക്കുന്ന പാവങ്ങളല്ലേ ഇരകളായത്- എെൻറ മറുപടി. മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിൽനിന്നു പോലും ഒഴിഞ്ഞുമാറുകയാണ് യാങ്കി കമ്പനി എന്ന് മറക്കരുത്.
മൂന്നാമത്തെ അനുഭവം 2004ൽ കേരളത്തിൽ തന്നെ. എം.കെ. മുനീർ മരാമത്ത് മന്ത്രിയായിരുന്ന സമയത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന ഒരു എക്സ്പ്രസ് വേ (അതിവേഗപാത) നിർമാണ പദ്ധതിയെക്കുറിച്ച് അന്നത്തെ യു.ഡി.എഫ് സർക്കാർ ആലോചന തുടങ്ങി. 507 കി.മീ നീളവും 100 മീറ്റർ വീതിയും ഏഴു മീറ്റർ ഉയരവുമുള്ള പാത യാഥാർഥ്യമാകണമെങ്കിൽ രണ്ട് കോടി ക്യൂബിക് മീറ്റർ മണ്ണും ഒരു കോടി ക്യൂബിക് മീറ്റർ മണലും മിനിമം വേണ്ടിവരുമെന്ന് പ്രാഥമികമായി കണക്കാക്കപ്പെടുന്ന അതിവേഗപാതക്ക് 7572 കോടി രൂപയാണ് നിർമാണച്ചെലവ് എന്ന് തദ്സംബന്ധമായ വെബ്സൈറ്റിൽ ഉണ്ടായിരുന്നു.
ഇതിനായി പുതുതായി 13,685 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും അതിൽ അഞ്ച് സെൻറ് നികത്തുന്നതുപോലും സർക്കാർ നിരോധിച്ച 4926 ഏക്കർ നെൽവയലുകളും തണ്ണീർതടങ്ങളും ഉൾപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഭയാനകമായ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അതിവേഗപാത പദ്ധതിക്കുവേണ്ടി അനേകായിരം കുടുംബങ്ങെളയും വ്യാപാരസ്ഥാപനങ്ങെളയും കുടിെയാഴിപ്പിക്കുന്ന പ്രശ്നം വേറെയും. വസ്തുതകളെല്ലാം ചൂണ്ടിക്കാട്ടി നിർദിഷ്ട പദ്ധതിക്കെതിരെ ഇക്കോളജിസ്റ്റുകളും സാമൂഹികപ്രവർത്തകരും എം.പി. വീരേന്ദ്രകുമാറിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കളും രംഗത്തിറങ്ങിയപ്പോൾ 'മാധ്യമ'വും പിന്തുണ നൽകി.
അന്നേരം ഈ പത്രത്തിന് നേരെയായി എക്സ്പ്രസ് വേ വാദികളുടെ രോഷം മുഴുവൻ. ആ സമയത്ത് കോഴിക്കോട്ടെ ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച ചർച്ച സമ്മേളനത്തിൽ എന്നെയും ക്ഷണിച്ചു. മുഖ്യാതിഥി മന്ത്രി എം.കെ. മുനീറായിരുന്നു വിഷയാവതാരകൻ. കേരളത്തിൽ അതിവേഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പ്രതിവിധി എക്സ്പ്രസ് വേയുടെ നിർമാണം മാത്രമാണെന്ന് അദ്ദേഹം വാദിച്ചു. ''ഞങ്ങളൊരിക്കലും ഗതാഗതക്കുരുക്കിനുള്ള പരിഹാര പദ്ധതിയെ എതിർക്കുന്നേയില്ല. ഏത് പരിഹാരവും സ്വതേ ദുർബലമായ പരിസ്ഥിതിയെ കൂടുതൽ തകർക്കുന്നതാവരുതെന്നും പാരിസ്ഥിതികാഘാതങ്ങൾ പരമാവധി കുറച്ചും കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസത്തിന് തൃപ്തികരമായ പരിഹാരം കണ്ടുമായിരിക്കണം പദ്ധതിയുടെ സർവഗണം എന്നേ ആവശ്യപ്പെടുന്നുള്ളൂ- 'മാധ്യമ'ത്തിെൻറ നിലപാട് ഞാൻ വ്യക്തമാക്കി.
2016ൽ ഇടതുപക്ഷ സർക്കാറിൽ പിണറായി വിജയൻ മുഖ്യമന്ത്രി പദമേറ്റ് താമസിയാതെ എഡിറ്റർമാരുടെ ഒരു യോഗം സെക്രേട്ടറിയറ്റിൽ വിളിച്ചുചേർത്തു. 'മാധ്യമ'ത്തെ പ്രതിനിധാനം ചെയ്ത് ഞാനുമുണ്ടായിരുന്നു സദസ്സിൽ. രണ്ടു കാര്യങ്ങളിൽ ഒരു വീഴ്ചയും ഉണ്ടാവില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പുകൊടുത്താണ് ഞാൻ വന്നിരിക്കുന്നത്. സംസ്ഥാനത്തിെൻറ വികസനത്തിന് കേന്ദ്രം സഹായിക്കണമെങ്കിൽ ആ രണ്ടു പദ്ധതികളും പൂർത്തീകരിച്ചേ പറ്റൂ എന്ന് അദ്ദേഹം തീർത്തുപറഞ്ഞിട്ടുണ്ട്. ഒന്ന്, ദേശീയപാത വികസനം. രണ്ട്, മംഗലാപുരത്തുനിന്ന് കൊച്ചിവരെ ഗ്യാസ് കൊണ്ടുപോവാനുള്ള ഗെയിൽ. രണ്ടിനും അനുപേക്ഷ്യമായ സ്ഥലം ഏറ്റെടുത്തുകൊടുക്കുമെന്ന് ഞാൻ ഏറ്റിട്ടുള്ളതാണ്. ആമുഖ സംസാരത്തിൽ പിണറായി അറിയിച്ചു. ചർച്ചയിൽ എെൻറ ഊഴം വന്നപ്പോൾ പറഞ്ഞു: ''ആ രണ്ടു പദ്ധതികൾക്കും ഞങ്ങൾ എതിരല്ല; മാത്രമല്ല രണ്ടും കഴിയുംവേഗം പൂർത്തീകരിക്കണമെന്നാഗ്രഹിക്കുകയും ചെയ്യുന്നു. പക്ഷേ, ഇതുമൂലം സ്ഥലം നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നേ ആവശ്യമുള്ളൂ.'' ആവശ്യം വേണ്ടവിധം പരിഗണിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പും നൽകി. പിന്നീടെന്ത് സംഭവിച്ചു എന്ന് ജനങ്ങൾക്കറിയാം.
ഈ പത്രം 1987ൽ ആരംഭിച്ച കാലത്തെ ഏറ്റവും പ്രമാദമായ പരിസ്ഥിതി മലിനീകരണ പ്രശ്നം മാവൂർ ഗ്വാളിയോർ റയോൺസിെൻറ സൃഷ്ടിയായിരുന്നു. ആയിരക്കണക്കിൽ തൊഴിലാളികൾ േജാലി ചെയ്തിരുന്ന ഗ്രാസിം കേരളീയരും അല്ലാത്തവരുമായ ഒട്ടുവളരെ പേർക്ക് അനുഗ്രഹം തന്നെയായിരുന്നു. പക്ഷേ, ശുദ്ധജലമൊഴുകുന്ന മലബാറിലെ പ്രധാന നദികളിലൊന്നായ ചാലിയാറും പോഷക പുഴകളായ ഇരുവഴിഞ്ഞി, ചെറുപുഴ എന്നിവയും അപ്പാടെ ഫാക്ടറി പുറത്തുവിടുന്ന വിഷജലത്തിൽ മുങ്ങിയതുമൂലം പതിനായിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ളവും കുളിയും മറ്റു ജലാവശ്യങ്ങളും മുടങ്ങി. മീൻ പിടിത്തവും കക്കവാരലും ഉപജീവനമാക്കിയവർ കുത്തുപാളയെടുത്തു.
ഫാക്ടറി 24 മണിക്കൂറും തുപ്പുന്ന വിഷവായു പരിസരങ്ങളിലെ ജനങ്ങൾക്ക് സമ്മാനിച്ച അർബുദവും ആസ്ത്മയും മറ്റു മാരക രോഗങ്ങളും പ്രതിവിധിയില്ലാതെ തുടർന്നു. ഒടുവിൽ ബിർള മുതലാളിയുടെയും തൊഴിലാളികളുടെയും അനിഷ്ടം വകവെക്കാതെ മനുഷ്യസ്നേഹികളും പരിസ്ഥിതി രക്ഷാപ്രവർത്തകരും പ്രതിഷേധവുമായി രംഗത്തിറങ്ങി. വാഴക്കാട് പഞ്ചായത്ത് പ്രസിഡൻറ് കെ.എ. റഹ്മാനും ഗ്രോ വാസുവും മറ്റു പലരും സമരത്തിന് നേതൃത്വം നൽകി. ജനം സമരം ഏറ്റെടുത്തു. ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടി ഒരു ജനത നടത്തിയ ജീവന്മരണ പോരാട്ടത്തെ 'മാധ്യമം' സർവാത്മനാ പിന്തുണച്ചു. ഒടുവിൽ ഗ്രാസിം പൂട്ടി. തൊഴിലാളികൾക്ക് മതിയായ ആനുകൂല്യങ്ങൾ നൽകിക്കൊണ്ടാണ് ഗ്രാസിം എന്നന്നേക്കുമായി ഫാക്ടറിയുടെ ഗേറ്റടച്ചത്. അതു തെറ്റായിരുന്നുവെന്ന് അന്ന് തോന്നിയില്ല, ഇന്നും തോന്നുന്നില്ല. വർഷങ്ങളായി ചാലിയാറും അനുബന്ധ പുഴകളും സ്വച്ഛമായൊഴുകുന്നു. പരിസരവാസികൾ ശുദ്ധവായു ശ്വസിക്കുന്നു.
അന്ന് സ്വീകരിച്ച അതേ നയം മൂന്നു പതിറ്റാണ്ടുകൾക്കുശേഷവും തുടരുേമ്പാൾ വികസന വിരുദ്ധർ, വർഗീയവാദികൾ എന്നിത്യാദി ശകാരങ്ങളൊന്നും ഈ പത്രത്തെ ചകിതമാക്കുന്നില്ല. 'മാധ്യമ'ത്തിെൻറ ഉടമസ്ഥരായ ഐഡിയൽ പബ്ലിക്കേഷൻസ് ട്രസ്റ്റ് സുചിന്തിതമായംഗീകരിച്ച നയം തുടരുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഏതെങ്കിലും പാർട്ടിയെയോ മുന്നണിയെയോ ഉന്നംവെച്ചല്ല ഇത്തരമൊരു നയവും നിലപാടും ഇതഃപര്യന്തം മുറുകെ പിടിച്ചത്.
കേരളത്തിൽ ഒരു മുന്നണി സർക്കാറും നടപ്പാക്കുന്ന വികസന പദ്ധതികളെ കണ്ണുംചിമ്മി എതിർക്കുന്ന സമീപനം ഇന്നേവരെ 'മാധ്യമം' സ്വീകരിച്ചിട്ടില്ല. മാറിമാറി വരുന്ന ഇടതു-വലത് മുന്നണികളുടെ വികസന അജണ്ടയിൽ മൗലികമായ വ്യത്യാസമുണ്ടെന്ന് ധരിക്കാൻ അവസരമുണ്ടായിട്ടുമില്ല. പശ്ചിമബംഗാളിൽ മൂന്നര പതിറ്റാണ്ടു നീണ്ട ഇടതുഭരണത്തിന് മുതലാളിത്ത പാതയിലൂടെ വികസിപ്പിച്ചു കളയാമെന്ന വ്യാമോഹത്തിന് സിംഗൂരും നന്ദിഗ്രാമും അന്ത്യംകുറിച്ചു എന്ന തിരിച്ചറിവ് കേരളം വാഴുന്നവർക്കുണ്ടാവണം, അക്കാര്യത്തിലാണ് ആത്മപരിശോധന വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.