തെരഞ്ഞെടുപ്പിന്‍റെ ഈസ്റ്റർ

റോമൻ പ്രത്തോറിയത്തിന്‍റെ പൂമുഖത്ത് ഗവർണ്ണർ പന്തിയോസ്​ പീലാത്തോസിന്‍റെ ഇരുവശങ്ങളിലായി അവർ നിന്നു; യേശുക്രിസ്​തുവും ബറാബാസും. അരമനയ്ക്കത്തും, പുറത്തുമായി തിങ്ങിനിന്ന ജനസഞ്ചയത്തോട് ചരിത്രത്തെ രണ്ടായിപ്പിളർത്തിയ ചോദ്യമുയർന്നു, 'ഇവരിൽ ആരെ വേണം? ബറാബാസിനെയോ? ക്രിസ്​തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?' (മത്താ. 27:17). മറുപടി ഒരു കൊലവിളിയായിരുന്നു; ക്രൂശിക്കപ്പെടാനായി ക്രിസ്​തു അകത്തേക്കും വിമോചിതനായി ബറാബാസ്​ പുറത്തേക്കും!

ലോകചരിത്രത്തിന്‍റെ ഭാഗധേയങ്ങളുടെ അന്തിമ തീർപ്പുകളിൽ നിർണ്ണായകമായത് വിവിധ തെരഞ്ഞെടുപ്പുകളുടെ തലവിധി തന്നെയാണ്. ബൈബിളിൽ ഉൽപത്തി പുസ്​തകത്തിലെ പറുദീസ നഷ്​ടം മുതൽ വെളിപാട് പുസ്​തകത്തിലെ അകത്തുനിന്നും തുറക്കുന്ന വാതിൽ മുദ്രവരെ അത് നീണ്ടുകിടക്കുന്നു (വെളി. 3:20). ആത്യന്തികമായി അത് 'ജീവന്‍റെയും മരണ'ത്തിന്‍റെയും തെരഞ്ഞെടുപ്പ് തന്നെയാണ് (ജെറ. 21:8).

രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് പിലാത്തോസിന്‍റെ അരമനമുറ്റത്ത് അരങ്ങേറിയതുപോലെ അനീതിയുടെ തെരഞ്ഞെടുപ്പുകൾക്ക് തന്നെയാണ് എന്നും മേൽക്കൈ. മനുഷ്യത്വത്തെ നിരന്തരം അപമാനിച്ച ലോക യുദ്ധങ്ങളുടെയും വിദ്വേഷത്തിന്‍റെ വിഷവാതമേറ്റ വംശഹത്യകളുടെയും കറുത്തിരുണ്ട നാളുകളിലൂടെ ചരിത്രത്തെ നടത്തിയവർ 'ബറാബാസി'ന്‍റെ വിമോചനപ്പോരാളികൾ തന്നെയായിരുന്നു. ''ന്യായവിധികളുടെ കോടതിമുറിയാണ് ലോകചരിത്ര''മെന്ന് ഹേഗൽ വാദിക്കുമ്പോഴും, അത് മിക്കവാറും അന്യായവിധികളുടെ അകമ്പടിയാൽ അന്തസ്സാര ശൂന്യമായിരുന്നുവെന്നു തന്നെയാണ് ചരിത്രസാക്ഷ്യം.

എപ്പോഴും തെരഞ്ഞെടുപ്പു മുനകളിൽ മുറിഞ്ഞു തന്നെയായിരുന്നു ക്രിസ്​തുവും. മരുഭൂമിയിലെ പരീക്ഷ യഥാർഥത്തിൽ ഒരു തെരഞ്ഞെടുപ്പിന്‍റേതായിരുന്നു. അുതങ്ങളുടെ എളുപ്പവഴിയോ, സഹനങ്ങളുടെ ദൗത്യവഴിയോ എന്ന സന്ദേഹത്തിരിവിൽ, പക്ഷേ, തീരുമാനം പിതാവിന്‍റെ ഹിതത്തിനൊപ്പം നിൽക്കാൻ തന്നെയായിരുന്നു. ജറുസലേമിലേക്കുള്ള അവിടുത്തെ യാത്ര പലവുരു തടസ്സപ്പെടുത്തിയ ശിഷ്യ പ്രമുഖർ തന്നെയാണ് മഹത്വത്തിന്‍റെ താബോറിൽ തമ്പടിക്കാൻ തന്നെ നിർബന്ധിച്ചതും.

ദൈവരാജ്യത്തിന്‍റെ പരികൽപനകളിൽപ്പോലും ആധിപത്യത്തിന്‍റെ യജമാനഭാവത്തെ ആശ്ലേഷിച്ചവരുടെ ഇടയിൽ കുതറി നിൽക്കാൻ അവിടുന്ന് പാടുപെടുന്നിടത്തും ഒരു തെരഞ്ഞെടുപ്പിന്‍റെ പൊള്ളലുണ്ട്. ഗഝമേൻ തോട്ടത്തിലായിരുന്നു അതിന്‍റെ പാരമ്യം. കാസയുടെ കയ്പിൽ മനംപിരട്ടവെ, ഒരു വേള മറ്റൊരു പോംവഴി അവിടുന്ന് ആരാഞ്ഞുവല്ലോ. പക്ഷേ, ഒടുവിൽ ആ തെരഞ്ഞെടുപ്പിൽ അവിടുന്ന് തന്നെ വിജയിച്ചു; കുരിശെടുത്ത് ദൗത്യം പൂർത്തീകരിച്ചു.

ക്രിസ്​തുവിന്‍റെ തുടർച്ചയാൽ പ്രത്യേകമാംവിധം അടയാളപ്പെട്ട ആദിമ സഭാ സമൂഹത്തിൽ 'തെരഞ്ഞെടുപ്പുകൾ' നീതിപൂർവ്വകമായിരുന്നു. തർക്കങ്ങളിലെ അന്തിമ തീർപ്പുകൾ ജനാധിപത്യ സ്വഭാവത്താൽ േപ്രരിതവും. 'വയറു നിറഞ്ഞവരും വിശന്നിരിക്കുന്നവരും' എന്ന ഭേദത്താൽ മലിനമാകുന്ന അപ്പം മുറിയ്ക്കൽ കൂട്ടായ്മകളെ പൗലോസ്​ ശ്ലീഹ തിരുത്തുന്നിടത്തും, പാവങ്ങളെക്കുറിച്ചുള്ള ചിന്ത തന്നെയാണ് പ്രധാനപ്പെട്ടതെന്ന് മെത്രാൻ ശുശ്രൂഷയെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നിടത്തും, തെരഞ്ഞെടുപ്പുകളിലെ ക്രിസ്​തീയ ചൈതന്യം വിലമതിക്കപ്പെടുന്നുണ്ട്.

എന്നാൽ പിന്നീടങ്ങോട്ട് അധികാരമഹിമയുടെ സുവർണ്ണ സിംഹാസനങ്ങളെ സഭ തെരഞ്ഞെടുത്ത് തുടങ്ങുമ്പോൾ മുതൽ ക്രിസ്​തു 'മധ്യ'ത്തിലില്ലാത്ത മധ്യശതകങ്ങളുടെ അപചയവാഴ്ച്ച ആധികാരികമാകുന്നുണ്ട്! രകതസാക്ഷികളുടെ സഭ ചരിത്രപുസ്​തകത്തിലേക്ക് വിൻവാങ്ങുകുയും അതിജീവനത്തിന്‍റെ 'അതിശയക്കാഴ്ചകളിൽ' പുതിയസഭ പുതുമോടിയണിയുകയും ചെയ്തു. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിൽ രണ്ടാം വത്തിക്കാൻ കൗൺസിലും, ഏറ്റവും ഒടുവിൽ ഫ്രാൻസിസ്​ പാപ്പയും, സഭ നടത്തിയ നല്ല തെരഞ്ഞെടുപ്പുകളുടെ നന്മനിറഞ്ഞ ഉദാഹരണങ്ങളാണ്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ നിർണ്ണായക ഘട്ടത്തിലാണ് ഇക്കുറി ഈസ്റ്റർ ആഘോഷം. എന്നാൽ തെരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയത്തെ അസ്​ഥിരപ്പെടുത്തുന്ന ആലോചനകളാണെങ്ങും. ശബരിമലയിലെ സ്​ത്രീ പ്രവേശനവും ഭക്ഷ്യകിറ്റിലെ പ്രീണനനയവും പ്രധാനവിഷയങ്ങളാകുമ്പോൾ, ജനകീയ പ്രശ്നങ്ങൾ ഇവിടെ ചർച്ചയാകരുതെന്നുണ്ടല്ലോ. ചില സൗജന്യങ്ങളിൽ മാത്രം എല്ലാ പാർട്ടികളുടെയും വികസന നയമൊതുങ്ങുമ്പോൾ ഒഴിവാകുന്നത് ഒരു നാടും അതിന്‍റെ വികസന സ്വപ്നങ്ങളുമാണ്. 'പത്രിക' പോലും വെറും 'പ്രകടന'ങ്ങളാകുമ്പോൾ തിരഞ്ഞെടുക്കാൻ പ്രത്യേകിച്ചൊന്നുമില്ല എന്ന നിരാശയിലാണ് ജനങ്ങൾ.

തെരഞ്ഞെടുക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ ആദ്യത്തെ അധികാരപ്പെടുത്തൽ പരമസൃഷ്​ടാവായ ദൈവത്തിേൻ്റതാണ് (ഉല്പ. 1:8). 'നന്മ തിന്മകളുടെ അറിവിന്‍റെ വൃക്ഷത്ത'ണലിൽ അവനെ കുടിയിരുത്തിയവനാണ്, അവിടുന്ന്. അപരന്‍റെ സാന്നിദ്ധ്യം എന്‍റെ സ്വാതന്ത്ര്യത്തെ അപഹരിക്കുന്നില്ലെന്ന തിരിച്ചറിവ് സമ്മാനിക്കുന്ന 'ജീവന്‍റെ വൃക്ഷത്തണലും അവന്‍റെ അവകാശം തന്നെയാണ്' (ഉല്പ. 1:9).

നമ്മുടെ തെരഞ്ഞെടുപ്പുകളിൽ പരക്ലേശ വിവേകചിന്തയിലൂടെ വെളിച്ചമുണ്ടാകട്ടെ. ജാതിമത ഭേദമെന്യേ സഹജീവികളുടെ സഹവാസത്തെ വിലമതിക്കുന്നതാകട്ടെ. സമന്വയത്തിന്‍റെ സത്യത്താൽ വിമോചിതമാകട്ടെ. കല്ലറ ഭേദിച്ചുയർത്തവന്‍റെ ചിരസാന്നിദ്ധ്യത്താൽ സന്തോഷഭരിതമാകട്ടെ.

ഉയിർപ്പുതിരുനാൾ ആശംസകൾ.

Tags:    
News Summary - Easter Day Message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.