ആപ്പിന്റെ തോൽവി ഞാൻ ആഘോഷിക്കില്ല

ഡൽഹിയിലെ വിജയം ആഘോഷിക്കുന്ന ബി.ജെ.പി പ്രവർത്തകർ

ആപ്പിന്റെ തോൽവി ഞാൻ ആഘോഷിക്കില്ല

ഡ​ൽ​ഹി വം​ശീ​യാ​തി​ക്ര​മ​വേ​ള​യി​ൽ ആ​പ് സ​ർ​ക്കാ​ർ പു​ല​ർ​ത്തി​യ മൗ​നം, ബു​ൾ​ഡോ​സ​ർ രാ​ജി​ലെ പ​ങ്കാ​ളി​ത്തം, റോ​ഹി​ങ്ക്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ഡോ​ഗ്​ വി​സ്​ ലി​ങ്ങി​ലെ മ​ത്സ​രം എ​ന്നി​വ​യെ​ല്ലാം ഏ​റ്റ​വും മോ​ശ​മാ​യ സ​മീ​പ​ന​ങ്ങ​ളാ​യി- ഹി​ന്ദു ഭൂ​രി​പ​ക്ഷ​വാ​ദ​ത്തി​ൽ ബി.​ജെ.​പി​യെ ക​ട​ത്തി​വെ​ട്ടാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ രാ​ഷ്ട്രീ​യ ത​ന്ത്ര​ങ്ങ​ളാ​യി​രു​ന്നു ഇ​തെ​ല്ലാം

‘ഇനി താങ്കൾ വെട്ടിത്തുറന്ന്​ പറയൂ..’ എതിർപക്ഷം ചേർന്ന മുൻ ആപ്​ നേതാക്കളുടെ കൂട്ടത്തിൽകൂടാൻ ഒരു ടി.വി ആങ്കർ എന്നെ ക്ഷണിച്ചു. കുമാർ വിശ്വാസിന്റെയോ സ്വാതി മലിവാളിന്റെയോ ആഹ്ലാദ പ്രകടനങ്ങളെക്കാൾ സൂക്ഷ്മമായ ‘കയ്പും മധുരവും നിറഞ്ഞ വിജയത്തിന്റെ’ സന്ദേശങ്ങൾ മുൻ ആം ആദ്​മിക്കാരുടെ വാട്സ്ആപ്പിൽ നിറയുകയായിരുന്നു അപ്പോൾ. അത്തരമൊരു പ്രവണതക്കൊപ്പം ചേരാൻ വിസമ്മതിച്ചപ്പോൾ, മുൻ സഹപ്രവർത്തകരുമായി വീണ്ടും ചേരുന്നതിനായി ഞാൻ വാതിലുകൾ തുറന്നിരിക്കുകയാണോ എന്നായി മറ്റൊരു അവതാരക. ‘ഇല്ല’, ഞാൻ അവരോട് കടുപ്പിച്ച്​ പറഞ്ഞു.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക്​ സംഭവിച്ച പരാജയത്തിന്റെ ആഘോഷത്തിൽ പങ്കുചേരാൻ എനിക്ക് സാധിക്കില്ല. ഒരു പതിറ്റാണ്ട് മുമ്പ് ആ പാർട്ടിയിൽ സ്റ്റാലിനിസ്റ്റ് മനോഭാവത്തോടെ നടന്ന നിർമാർജനത്തെത്തുടർന്ന്​ ഞങ്ങളിൽ ചിലർ നേരിട്ട അപമാനവും ഞങ്ങ​ളെപ്പറ്റി കെട്ടിച്ചമച്ച കള്ളക്കഥകളും മറന്നതു കൊണ്ടല്ല അത്​. ഡൽഹിയിലെ ബി.ജെ.പി വിജയം എന്ന വലിയ ചിത്ര​ത്തെ എ​ന്റെ വ്യക്തിപരമായ അനുഭവം കൊണ്ട്​ മറച്ചുപിടിക്കാൻ എനിക്കാവില്ല. ഇത്​ എ​ന്നെയോ ആം ആദ്​മി പാർട്ടിയെയോ അതിന്റെ നേതാക്കളെയോ കുറിച്ചുള്ള ചിന്തമൂലമല്ല, മറിച്ച്​ യഥാർഥ ആം ആദ്​മികളെ (സാധാരണക്കാരായ മനുഷ്യരെ)ക്കുറിച്ച്​ ഓർത്തിട്ടാണ്​.ഒരു പതിറ്റാണ്ടായി തുടരുന്ന ആപ്​ ഭരണത്തിന്റെ ഹിതപരിശോധനയായിരുന്നു ഈ തെരഞ്ഞെടുപ്പ്. ജനം അവരെ നിരാകരിച്ചതി​ന്റെ ഗുണഭോക്താക്കളായത്​ ബി.ജെ.പിയാണ്​.

ജനകീയ വോട്ടുകളുടെ കണക്ക് ​പ്രകാരം നോക്കു​മ്പോൾ ആം ആദ്മി പാർട്ടിയുടെ വോട്ട്​ വ്യത്യാസം വെറും 3.5 ശതമാനമാണ്. പതിവായി ബി.ജെ.പിയുടെ നേതാക്കളെ രക്ഷിക്കുന്നതുപോലെ ആം ആദ്​മി പാർട്ടി നേതൃത്വത്തെ മാധ്യമങ്ങൾ അഴിമതി ആരോപണങ്ങളിൽനിന്ന് സംരക്ഷിച്ചിരുന്നുവെങ്കിൽ, ഡൽഹി തെരഞ്ഞെടുപ്പ്​ ബജറ്റിന്​ മുമ്പ്​ നടത്താനോ, ബജറ്റ്​ ഡൽഹിയിലെ വോട്ടർമാരെ ലക്ഷ്യമിടുന്ന വിധമാക്കാൻ അനുവദിക്കില്ലെന്ന വാഗ്​ദാനം പാലിക്കാനോ തെരഞ്ഞെടുപ്പ്​ കമീഷൻ തയാറായിരുന്നുവെങ്കിൽ, മധ്യപ്രദേശിലും മഹാരാഷ്​ട്രയിലും ഝാർഖണ്ഡിലും വനിതകൾക്ക്​ അക്കൗണ്ടിലേക്ക്​ പണം നൽകിയതുപോലെ പണം കൈമാറുന്നതിൽനിന്ന്​ ഡൽഹി സർക്കാറിനെ ലഫ്​. ഗവർണർ വിലക്കിയില്ലായിരുന്നുവെങ്കിൽ, സഖ്യമല്ലെങ്കിലും കോൺഗ്രസും ആപ്പും തമ്മിൽ ഒരു തെരഞ്ഞെടുപ്പ്​ ധാരണയിലെങ്കിലും എത്തിച്ചേർന്നിരുന്നുവെങ്കിൽ രണ്ടു ശതമാനം വോട്ടുകൾ ആപ്പിന് അനുകൂലമായി മറിയുകയും വാർത്താ തലക്കെട്ടുകൾ മറ്റൊന്നായി മാറുകയും ചെയ്തേനെ. അതേസമയം തന്നെ, വോട്ട് വിഹിതത്തിൽ വേണ്ടവിധം പ്രതിഫലിച്ചിട്ടില്ലാത്ത ഒരു ശക്തമായ ഭരണവിരുദ്ധ വികാരം നിലനിന്നിരുന്നുവെന്ന കാര്യം നിഷേധിക്കാനാവില്ല.

വികസനം, റോഡ്​, ശുചിത്വം, അഴുക്കുചാലുകൾ, കുടിവെള്ളം എന്നിങ്ങനെ അതി പ്രാധാന്യമുള്ള പല കാര്യങ്ങളിലും ഭരണകക്ഷിയോടുള്ള കടുത്ത നിരാശയാണ് സി.എസ്​.ഡി.എസ്-ലോക്നീതി സർവേയിൽ ജനം പ്രകടിപ്പിച്ചത്​. സംസ്ഥാന സർക്കാറിനോടുള്ള മതിപ്പ്​ കേന്ദ്ര സർക്കാറിനോടുള്ളതിനെക്കാൾ വളരെ കുറവായിരുന്നു. ഡൽഹിയിലെ വോട്ടർമാരിൽ മൂന്നിൽ രണ്ട് ഭാഗവും ആം ആദ്മി സർക്കാർ പൂർണമായും അല്ലെങ്കിൽ ഒരു പരിധിവരെ അഴിമതിക്കാരാണെന്ന് വിശ്വസിച്ചുവെന്നത്​ അഴിമതി വിരുദ്ധ നിലപാടിലൂന്നി അധികാരത്തിലെത്തിയ ഒരു പാർട്ടിയെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന കാര്യമാണ്. ആപ്പിന്​ വോട്ടുചെയ്​ത പല ദില്ലിക്കാരും ആ പാർട്ടിയെ ഇഷ്​ടപ്പെട്ടുകൊണ്ടല്ല അതിന്​ തയാറായത്​. ബി.ജെ.പിക്ക്​ നല്ലൊരു മുഖ്യമന്ത്രി സ്ഥാനാർഥിയോ കോൺഗ്രസിന്​ കുറച്ചുകൂടി പ്രാപ്​തിയോ ഉണ്ടായിരുന്നുവെങ്കിൽ ആപ്പിനെതിരായ വോട്ടർമാരുടെ ചാഞ്ചാട്ടം കുറേക്കൂടി വ്യക്തമായിരു​ന്നേനെ.

ഉവ്വ്​, ആപ്​ തെരഞ്ഞെടുപ്പ് തോൽവി അർഹിക്കുന്നുണ്ട്​. എന്നിരുന്നാലും അത്​ ആഘോഷിക്ക​​പ്പെടേണ്ടതല്ല. അതി​ലേറെ ഭരണഘടനാ ജനാധിപത്യത്തിനായി നിലകൊള്ളുന്ന ഏതൊരാളും ആശങ്കപ്പെടുകയും ചിന്തിക്കുകയുമാണ്​ വേണ്ടത്​.

ആം ആദ്മി പാർട്ടിയുടെയും അതിന്റെ നേതൃത്വത്തിന്റെയും ആരാധകനായതുകൊണ്ടല്ല ഞാൻ ആശങ്കപ്പെടുന്നത്​. തുറന്നുപറയ​ട്ടെ, രാഷ്ട്രീയരംഗത്ത്​ പരിവർത്തനമുണ്ടാക്കാൻ ഉദയം ചെയ്​ത പാർട്ടി, ആദ്യ രണ്ട് വർഷങ്ങൾക്കുള്ളിൽതന്നെ വ്യവസ്ഥാപിത രാഷ്ട്രീയക്കളികളുടെ ഭാഗമായിത്തീർന്നിരുന്നു. പരമോന്നത നേതാവിനോടുള്ള ആരാധനയിൽ, അധികാരങ്ങളെല്ലാം ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്നതിൽ, അദ്ദേഹത്തിന്റെ ഉപജാപക സംഘം നടത്തുന്ന കുതികാൽവെട്ടുകളിൽ, സാധാരണ പ്രവർത്തകനോടുള്ള പുച്ഛത്തിൽ, അവഗണനയിൽ... മുഖ്യധാരാ പാർട്ടികളിൽനിന്ന് വ്യത്യസ്തമല്ല ആപ്​ എന്ന്​ വ്യക്തമാക്കപ്പെട്ടു. മാധ്യമങ്ങൾ അവരുടെ ശത്രുതാ സമീപനം മൂലമാണ്​ മുഖ്യമന്ത്രിയുടെ ‘കണ്ണാടി മാളിക’ വലിയ വിഷയമാക്കിയതെങ്കിലും നേതൃത്വത്തിന്റെ ഗാന്ധിയൻ അവകാശവാദങ്ങൾക്ക് വിരുദ്ധമായിരുന്നു ആ ചെയ്​തി എന്നതിനാലാണ്​ മാധ്യമങ്ങൾക്ക്​ അത്​ എളുപ്പം സാധിച്ചത്​.

മദ്യ കുംഭകോണത്തിൽ ആപ്​ നേതാക്കളെ കോടതി കുറ്റമുക്തരാക്കുകയോ നിയമപരമായ തെളിവുകൾ ഒരിക്കലും കണ്ടെത്താതിരിക്കുകയോ ചെയ്തേക്കാം. പക്ഷേ, ഈ കുംഭകോണം പാർട്ടിയുടെ ധാർമികമായ ഉന്നതിയെ കവർന്നെടുത്തു.ഡൽഹി വംശീയാതിക്രമവേളയിൽ ആപ് സർക്കാർ പുലർത്തിയ മൗനം, ബുൾഡോസർ രാജിലെ പങ്കാളിത്തം, റോഹിങ്ക്യൻ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഡോഗ്​ വിസ്​ ലിങ്ങിലെ മത്സരം എന്നിവയെല്ലാം ഏറ്റവും മോശമായ സമീപനങ്ങളായി- ഹിന്ദു ഭൂരിപക്ഷവാദത്തിൽ ബി.ജെ.പിയെ കടത്തിവെട്ടാനുള്ള ബോധപൂർവമായ രാഷ്ട്രീയ തന്ത്രങ്ങളായിരുന്നു ഇതെല്ലാം.

വികസനത്തിന്റെ ‘ഡൽഹി മോഡൽ’ അവകാശവാദങ്ങളിൽ വിശ്വാസമുള്ളതുകൊണ്ടല്ല ഞാൻ ആകുലപ്പെടുന്നത്​. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം എപ്രകാരമായിരുന്നുവെന്നത്​ ചർച്ച ചെയ്യേണ്ടതുണ്ടെങ്കിലും ആം ആദ്മി സർക്കാർ പൊതുവിദ്യാഭ്യാസത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവരികയും സർക്കാർ സ്കൂളുകളിലെ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. വിഭാവനം ചെയ്​തതുപോലെ നടപ്പിലാക്കൽ സാധ്യമായില്ലെങ്കിലും മൊഹല്ല ക്ലിനിക്കുകൾ ഒരു നല്ല ആശയമായിരുന്നു, സൗജന്യ വൈദ്യുതിയും സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രയും പാവപ്പെട്ടവരുടെ ക്ഷേമത്തിന് മുൻഗണന നൽകാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ചുവെങ്കിലും അതേ തുക പാവപ്പെട്ടവരുടെ ജീവിത സാഹചര്യങ്ങളിൽ ദീർഘകാല ഘടനാപരമായ മെച്ചപ്പെടുത്തലുകൾക്കായി വിനിയോഗിക്കാമായിരുന്നു. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മാലിന്യ സംസ്കരണത്തിനും ജല-വായു മലിനീകരണം പരിഹരിക്കുന്നതിനും ഡൽഹി മോഡൽ കാര്യമായൊന്നും ചെയ്തില്ല. ചില കാര്യങ്ങളിൽ ഭാഗികമായ മെച്ചപ്പെടുത്തലുകളുണ്ടായെങ്കിലും അതിനെ ഒരു മാതൃകയെന്ന്​ വിളിക്കാനാവില്ല.

ഇത്തരം പരിമിതികളെല്ലാമുണ്ടെങ്കിലും അംഗീകൃതമല്ലാത്ത ഇടങ്ങളിൽ ജീവിക്കാൻ നിർബന്ധിതരായ ബഹുഭൂരിപക്ഷം ദില്ലിവാലകൾക്കും ആം ആദ്മി പാർട്ടി സംരക്ഷണം നൽകിയിരുന്നു. പാവപ്പെട്ടവരുടെയും സമീപകാല കുടിയേറ്റക്കാരുടെയും ദലിതുകളുടെയും ശബ്ദം കേൾക്കപ്പെടുമെന്നും അവർ ഉറപ്പാക്കി. ലോകോത്തര നഗരം എന്ന അജണ്ടയുമായുള്ള ബി.ജെ.പിയുടെ വരവ് ഡൽഹിയിലെ യഥാർഥ ഭൂരിപക്ഷത്തെ അദൃശ്യമാക്കും. കപിൽ മിശ്ര, രവീന്ദർ നേഗി തുടങ്ങിയവരുടെ വിജയം മത​വർഗീയതക്ക്​ പവിത്രത ലഭിക്കാനും മുസ്​ലിംകളെ നിലവിലുള്ളതിനെക്കാൾ കൂടുതൽ അരക്ഷിതബോധത്തിലാക്കുകയും ചെയ്യും.

ഡൽഹിയിലെ വിജയം സമ​ഗ്രാധിപത്യത്തിനായുള്ള തേട്ടത്തിൽ ബി.ജെ.പിയെ ഒരു പടികൂടി മുന്നോട്ട് കൊണ്ടുപോകുമെന്നത്​ എന്നെ ആകുലപ്പെടുത്തുന്നു. ദേശീയ തലസ്ഥാനമേഖലയിലെ സർക്കാറിന്റെ പ്രവർത്തനങ്ങളിൽ ലഫ്. ഗവർണർ മു​ഖേനെ ഒരു പതിറ്റാണ്ടായി കേന്ദ്രം നടത്തിവരുന്ന നിയമവിരുദ്ധ ഇടപെടലിനെ ഈ തെരഞ്ഞെടുപ്പ്​ ഫലം നിയമവിധേയമാക്കും. തെരഞ്ഞെടുപ്പ് വേളയിൽ സമതുലനം ഉറപ്പുവരുത്താതെ തെരഞ്ഞെടുപ്പ് കമീഷൻ പുലർത്തിയ പക്ഷപാതപരമായ സമീപനത്തെയും ഈ ജയം മറച്ചുപിടിക്കും.ആപ്​ എന്ന പരീക്ഷണത്തി​ന്റെ പരാജയം വരും നാളുകളിൽ ബദൽ രാഷ്ട്രീയ ശ്രമങ്ങളുടെ സാധ്യതകൾ ​കൊട്ടിയടക്കുമെന്നതും എന്നെ​ ആശങ്കപ്പെടുത്തുന്നു​.

(പ്രമുഖ തെരഞ്ഞെടുപ്പ്​ വിശകലന വിദഗ്​ധനും ഭാരത്​ ജേഡോ അഭിയാൻ ദേശീയ കൺവീനറുമായ ലേഖകൻ ദ ഇന്ത്യൻ എക്​സ്പ്രസിൽ എഴുതിയ കുറിപ്പി​ന്റെ സംഗ്രഹം)

Tags:    
News Summary - Failure of the AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.