ഗിഗ് തൊഴിലാളികളും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും

2020-2021 വര്‍ഷത്തില്‍ ഇന്ത്യയിൽ 77 ലക്ഷം പേർ ഗിഗ് ഇക്കോണമിയില്‍ ജോലി ചെയ്തിരുന്നുവെങ്കിൽ 2029-2030 കാലമാകുമ്പോള്‍ ഇത് മൂന്നരക്കോടി കവിയുമെന്നാണ് നിതി ആയോഗി​ന്റെ കണക്ക്. ഇത് ഇന്ത്യയിലെ മൊത്തം തൊഴിലാളികളുടെ 6.7 ശതമാനം വരും. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ ഏതാണ്ട് 36 ശതമാനം തൊഴിലാളികള്‍ ഗിഗ് തൊഴിലാളികളാണെന്നറിയുമ്പോള്‍ നാളെ ഇന്ത്യയില്‍ സംഭവിക്കാനിരിക്കുന്നതെന്തെന്ന് ഊഹിക്കാവുന്ന​േതയുള്ളൂ. 

പുറത്തൊരു കൂറ്റൻ ബാഗും വെച്ച് വീടുകള്‍തോറും സാധനങ്ങള്‍ എത്തിക്കുന്നതിന്​ ബൈക്കുകളില്‍ പായുന്ന തൊഴിലാളികൾ ഏതാനും വർഷം മുമ്പുവരെ മെട്രോ നഗരങ്ങളിൽ മാത്രമൊതുങ്ങിയിരുന്ന കാഴ്ചയായിരുന്നുവെങ്കിൽ ഇന്നത്​ കേരളത്തിലെ കൊച്ചു ഗ്രാമങ്ങളിൽപോലും സർവസാധാരണമാണ്. ഭക്ഷണം വീടുകളില്‍ എത്തിക്കുന്ന യുവതി യുവാക്കളുടെ വലിയ കൂട്ടങ്ങളും മിക്ക ഹോട്ടലുകളുടെയും പരിസരങ്ങളില്‍ നിത്യകാഴ്​ചയാണ്​. വാങ്ങുന്നവരും വില്‍ക്കുന്നവരും തമ്മില്‍ സന്ധിച്ചിരുന്ന ഭൗതിക കമ്പോളത്തെ അല്‍ഗോരിതങ്ങള്‍ നിയന്ത്രിക്കുന്ന ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറിനുള്ളിലേക്ക് ചുരുക്കിയതിന്‍റെ പ്രതിഫലനമാണിത്. ഭൗതിക സമ്പദ് വ്യവസ്ഥക്ക് സമാന്തരമായി അല്‍ഗോരിതങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന വമ്പന്‍ കമ്പ്യൂട്ടര്‍ ട്രേഡിങ് പ്ലാറ്റ്ഫോമുകളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സമ്പദ് വ്യവസ്ഥയെയാണ് ഗിഗ് ഇക്കോണമി (Gig Economy) അല്ലെങ്കില്‍ Platform Economy എന്ന് വിളിക്കുന്നത്.

2020-2021 വര്‍ഷത്തില്‍ ഇന്ത്യയിൽ 77 ലക്ഷം പേർ ഗിഗ് ഇക്കോണമിയില്‍ ജോലി ചെയ്തിരുന്നുവെങ്കിൽ 2029-2030 കാലമാകുമ്പോള്‍ ഇത് മൂന്നരക്കോടി കവിയുമെന്നാണ് നിതി ആയോഗി​ന്റെ കണക്ക്. ഇത് ഇന്ത്യയിലെ മൊത്തം തൊഴിലാളികളുടെ 6.7 ശതമാനം വരും. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ ഏതാണ്ട് 36 ശതമാനം തൊഴിലാളികള്‍ ഗിഗ് തൊഴിലാളികള്‍ ആണെന്നറിയുമ്പോള്‍ നാളെ ഇന്ത്യയില്‍ സംഭവിക്കാനിരിക്കുന്നതെന്തെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. ഇന്ത്യന്‍ യുവതയിൽ നല്ലൊരു ശതമാനവും എത്തിപ്പെടാനിരിക്കുന്ന ഒരു തൊഴില്‍മേഖല എന്ന നിലയില്‍ ഗിഗ് ഇക്കോണമി കൂടുതല്‍ ആഴത്തിലുള്ള സാമ്പത്തിക സാമൂഹിക വിശകലനം അര്‍ഹിക്കുന്നു.

1920കളില്‍ അമേരിക്കയിലെ ജാസ് മ്യൂസിക്കല്‍ ട്രൂപ്പുകളില്‍ താല്‍ക്കാലികമായി ജോലി ചെയ്യുകയോ സംഗീതം അവതരിപ്പിക്കുകയോ ചെയ്യുന്ന ആളുകളെ സൂചിപ്പിക്കാനാണ്​ ഗിഗ് എന്നുപയോഗിച്ചിരുന്നത്. പ്ലാറ്റ്ഫോം ബിസിനസ് മാതൃക ലോകം മുഴുവന്‍ വ്യാപിച്ചപ്പോൾ അതിലെ താൽക്കാലിക തൊഴിലാളികൾക്കും ഗിഗ് എന്ന പേര് ലഭിച്ചു. സാങ്കേതികവിദ്യകളുടെ വികാസത്തിന്‍റെ ഉപോല്‍പന്നമായി പാരമ്പര്യ ബിസിനസ് മാതൃകകളെ പൊളിച്ചുകൊണ്ട് സേവനം ആവശ്യമുള്ളവരെയും അത് നല്‍കാന്‍ തയാറുള്ളവരെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലമായാണ് ഇന്റര്‍നെറ്റ് ട്രേഡിങ് പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തിക്കുന്നത്. നമുക്കാവശ്യമായ സാധനങ്ങൾ കടകള്‍ തോറും കയറിയിറങ്ങി തിരഞ്ഞ് ഒടുവില്‍ കിട്ടാതെ വീട്ടിലേക്ക് മടങ്ങുന്ന അവസ്ഥ ഇന്നില്ല. ആവശ്യമായതും അല്ലാത്തതുമായ സാധനങ്ങളും സേവനവും എളുപ്പത്തില്‍ കണ്ടെത്താനും വിലകൊടുത്ത് വാങ്ങാനും ഇന്റര്‍നെറ്റ് ട്രേഡിങ് പ്ലാറ്റ്ഫോമുകള്‍ സൗകര്യമൊരുക്കുന്നു. നിത്യോപയോഗ സാധനങ്ങളും ഭക്ഷണവും വാങ്ങാനുപയോഗിക്കുന്നവക്ക് പുറമെ ഹോട്ടല്‍ റൂമും ടാക്സികളുമെല്ലാം ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന നിരവധി പ്ലാറ്റ്ഫോമുകളും ആപ്പുകളുമുണ്ട്. പരമ്പരാഗതമായി നാം പിന്തുടര്‍ന്ന് കൊണ്ടിരുന്ന കൊടുക്കല്‍ വാങ്ങലുകളുടെ ലോകത്തെ സമ്പൂര്‍ണമായി അസ്ഥിരപ്പെടുത്തിക്കൊണ്ടാണ് ഇന്റര്‍നെറ്റ് ട്രേഡിങ് പ്ലാറ്റ് ഫോമുകള്‍ ഇന്ന് ലോക സമ്പദ് വ്യവസ്ഥയെ കീഴ്പ്പെടുത്തിയിട്ടുള്ളത്.

ഗിഗ് തൊഴിലാളികളെയും അവരുടെ സേവനം സ്വീകരിക്കുന്ന ആളുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു മധ്യവര്‍ത്തിയായാണ് പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തിക്കുന്നത്. സാമ്പ്രദായിക തൊഴിലിടങ്ങളില്‍ കാണുന്നതരത്തിൽ കൃത്യമായി നിര്‍വചിക്കപ്പെട്ട തൊഴിലാളിയും തൊഴില്‍ദാതാവും തമ്മിലെ ബന്ധം, സേവനവേതന വ്യവസ്ഥകൾ, തൊഴില്‍ പരിരക്ഷകള്‍ തുടങ്ങി പലതും ഉണ്ടോ ഇല്ലയോ എന്ന് വ്യക്തമല്ലാത്ത വിധം ഒരു നിഗൂഢത ഗിഗ് മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. ഗിഗ് ഇക്കോണമി തകര്‍ക്കുന്നത് തൊഴിലിടം എന്ന ആശയത്തെയും തൊഴിലാളി എന്ന ആശയത്തെയും അവയുടെ സാമ്പ്രദായിക പ്രയോഗങ്ങളെയുമാണ്. ഒരു തൊഴില്‍ ദാതാവിന് കീഴില്‍ കൃത്യമായ സേവനവേതന വ്യവസ്ഥകളോടെ സ്ഥിരമായി, ഒരു നിശ്ചിത സമയത്ത് ജോലി ചെയ്യുന്ന തൊഴിലാളി എന്ന സങ്കല്‍പനത്തെ അപ്രസക്തമാക്കിക്കൊണ്ട് ‘സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജോലി തെരഞ്ഞെടുക്കാനും, തനിക്ക് സൗകര്യമുള്ള ഒരു സമയം കണ്ടെത്തി അത് തന്‍റെ തൊഴില്‍ ചെയ്യാനുള്ള സമയമായി മാറ്റാനും കഴിയുന്ന സ്വതന്ത്രനായ ഒരു തൊഴിലാളി’ എന്ന നിലയിലാണ് ഗിഗ് ഇക്കോണമിയിലെ തൊഴിലാളിയെ മുതലാളിത്തം അവതരിപ്പിക്കുന്നത്. അതിനു പുറമെ സ്വത​ന്ത്ര പ്രഫഷനലുകൾ, ഫ്രീലാൻസർമാർ, ജോലി സമയവും സ്ഥലവും സ്വന്തം ഇഷ്​ടത്തിന്​ തീരുമാനിക്കാൻ പറ്റുന്നവർ, എന്നൊക്കെ വിശേഷിപ്പിക്കാറുമുണ്ട്​. ഇത്തരം തേന്‍ പുരട്ടിയ വാക്കുകള്‍ കേട്ടാല്‍ തോന്നുക ഗിഗ് തൊഴിലാളികള്‍ ഒരു പൂവില്‍നിന്ന് മറ്റൊരു പൂവിലേക്ക് തേന്‍ നുകര്‍ന്ന്​ സന്തോഷവാനായി മൂളിപ്പാട്ടും പാടിപ്പോകുന്ന വണ്ടിനെപ്പോലെ ആഹ്ലാദം മുറ്റിയ മനുഷ്യരാണെന്നാണ്. എന്നാല്‍, 98 ശതമാനം ഗിഗ് തൊഴിലാളിയുടെയും നിത്യജീവിത അനുഭവങ്ങൾക്ക്​ തീർത്തും വിരുദ്ധമാണ്​ ഇത്തരം വിശേഷണങ്ങൾ.

(തുടരും)  

Tags:    
News Summary - Gig Economy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.