രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ രൂപപ്പെട്ട സവിശേഷ സാഹചര്യത്തോട് അക്കാദമികമായി പ്രതികരിക്കാനാണ് നാം തീരുമാനിച്ചിരിക്കുന്നത്. കുട്ടികൾ അറിവ് നേടട്ടെ. അറിവിനോട് കേരളം ‘നോ’ പറയില്ല, കേരളം പറയുന്നു ‘യെസ്’
കേരളത്തിലെ സ്കൂളുകളിൽ ഒന്നു മുതൽ പത്താം ക്ലാസ് വരെ എസ്.സി.ഇ.ആർ.ടി തയാറാക്കുന്ന പാഠപുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്. അവയുടെ പരിഷ്കരണ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. 1, 3, 5, 7, 9 ക്ലാസുകളിലെ ആദ്യഘട്ട പാഠപുസ്തകങ്ങൾ അടുത്ത ജൂൺ മാസത്തോടെ വിദ്യാലയങ്ങളിൽ എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. 2, 4, 6, 8, 10 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ 2025 ജൂൺ മാസത്തോടുകൂടി വിദ്യാലയങ്ങളിൽ എത്തും. ദേശീയതലത്തിൽ ദേശീയ വിദ്യാഭ്യാസനയം - 2020 ന്റെ ചുവടുപിടിച്ച് പരിഷ്കരണ പ്രവർത്തനങ്ങൾ നടന്നുവരുകയാണെങ്കിലും കേരളം നമ്മുടേതായ മാതൃകയിലാണ് പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കുന്നത്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ അറിവിന്റെ വിനിമയ മാധ്യമങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് പാഠപുസ്തകങ്ങൾ. രാജ്യത്തിന്റെ ഭരണഘടന ലക്ഷ്യങ്ങളും ജനതയുടെ സംസ്കാരവും രാഷ്ട്രീയവും സാഹിത്യവുമൊക്കെ പ്രതിഫലിക്കുന്നതുകൂടി ആയതിനാൽ അവ രാഷ്ട്രത്തെ സംബന്ധിക്കുന്ന രാഷ്ട്രീയ നയരേഖ കൂടിയാണ്.
പാഠ്യപദ്ധതി ചർച്ചകൾ നടക്കുന്ന സമയത്തുതന്നെയാണ് ദേശീയതലത്തിൽ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ വ്യാപകമായ വെട്ടിമാറ്റലുകൾ നടത്തിയത്. പാഠപുസ്തകങ്ങളിൽനിന്ന് പരിണാമസിദ്ധാന്തവും പീരിയോഡിക് ടേബിളും വരെ ഒഴിവാക്കി. ഇതു നമ്മെ ബാധിക്കാത്തത് ഈ ക്ലാസുകളിൽ കേരളം നമ്മുടെ പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നത് എന്നതുകൊണ്ടാണ്.
11, 12 ക്ലാസുകളിൽ 12 വിഷയങ്ങളിലായി 44 ടൈറ്റിൽ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ നമ്മൾ പഠിപ്പിക്കുന്നുണ്ട്. അതിൽ സയൻസും സാമൂഹ്യശാസ്ത്രവിഷയങ്ങളും ഉൾപ്പെടും. ഈ വിഷയങ്ങളിലും എൻ.സി.ഇ.ആർ.ടി. ഉള്ളടക്കത്തിൽ കാതലായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഈ മാറ്റം സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി വസ്തുനിഷ്ഠമായി വിലയിരുത്തുകയും പല വിഷയങ്ങളിലും, പ്രത്യേകിച്ച് ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി എന്നിവയിലെ ഉള്ളടക്കമാറ്റം യുക്തിപൂർവമല്ലെന്ന അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. എല്ലാ വിദ്യാർഥികളും നിർബന്ധമായും മനസ്സിലാക്കേണ്ട പല വസ്തുതകളും ചരിത്രപരമായ യാഥാർഥ്യങ്ങളും സംഭവങ്ങളും ഒഴിവാക്കപ്പെടുന്നു എന്നത് പുരോഗമനപരമായി ചിന്തിക്കുന്ന സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല.
ഭരണഘടനാപരമായ മൂല്യങ്ങൾ, ഇന്ത്യയുടെ ചരിത്രവസ്തുതകൾ, നമ്മുടെ രാജ്യം ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾ ഒക്കെയാണ് ഒഴിവാക്കിയ പാഠഭാഗങ്ങളിൽ ഏറെയും. സംസ്ഥാന കരിക്കുലം കമ്മിറ്റിയുടെ തീരുമാനപ്രകാരം ഈ പാഠഭാഗങ്ങൾ കുട്ടികളെ പഠിപ്പിക്കാനും മൂല്യനിർണയത്തിന്റെ ഭാഗമായി ഉൾപ്പെടുത്താനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാലു വിഷയങ്ങളിൽ അഡീഷനൽ പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തി പാഠപുസ്തകങ്ങൾ തയാറാക്കി. ചരിത്രം, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് അഡീഷനൽ പുസ്തകങ്ങൾ പുറത്തിറക്കുന്നത്.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ രൂപപ്പെട്ട ഈ സവിശേഷ സാഹചര്യത്തോട് കേരളം അക്കാദമികമായി പ്രതികരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനം തയാറാക്കിയ അഡീഷനൽ പാഠപുസ്തകങ്ങളുടെ പ്രകാശനം ആഗസ്റ്റ് 23 ന് വൈകുന്നേരം നാലിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടൻഹിൽ സ്കൂളിൽ നടത്തും.
കുട്ടികൾ അറിവ് നേടട്ടെ. അറിവിനോട് കേരളം ‘നോ’ പറയില്ല, കേരളം പറയുന്നു ‘യെസ്’.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.