ലീഗി​ലെ പൊട്ടിത്തെറിക്ക്​ ആയു​സ്സെത്ര?

മുസ്​ലിം ലീഗിന്‍റെ രാഷ്​ട്രീയ ചരിത്രത്തിലാദ്യമായി അതിന്​ നേതൃത്വം നൽകുന്ന പാണക്കാട്​ കൊടപ്പനക്കൽ കുടുംബത്തിൽനിന്നു തന്നെ പാർട്ടിയുടെ 'നടത്തിപ്പുകാരനായ' നേതാവിനെതിരെ പരസ്യവും ഗുരുതരവുമായ ആരോപണങ്ങളുയർന്നിരിക്കുന്നു. നേതൃത്വം നിർദേശിച്ചതനുസരിച്ച്​ പാർട്ടി ആസ്​ഥാനത്ത്​ വിളിച്ചുചേർത്ത വാർത്താ സ​മ്മേളനത്തിനിടയിലാണ്​ പാർട്ടി പ്രമുഖനായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ​ തങ്ങൾ കുടുംബത്തിലെ പ്രതിനിധി ഗുരുതര ആരോപണങ്ങളു​ന്നയിച്ചതെന്നത്​ വിഷയത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്​. പാണക്കാട്​ നേതൃത്വം ഒരു വാക്കുച്ചരിച്ചാൽ അതിന്​ മറുവാക്കില്ലെന്ന്​ പറഞ്ഞിരുന്നിടത്തുനിന്നു തന്നെയാണ്​ മറുവാക്ക്​ അത്യുച്ചത്തിൽ പുറത്തു വന്നിരിക്കുന്നത്​.

പാർട്ടിയെ ന്യായീകരിക്കാൻ പോഷക സംഘടനാ നേതാവിനെക്കൊണ്ട്​ വാർത്താ സമ്മേളനം വിളിപ്പിക്കുക, അതിനിടയിൽ കയറി യുവജന വിഭാഗത്തിന്‍റെ ദേശീയ ഭാരവാഹി പാർട്ടിയിലെ മുതിർന്ന അംഗത്തിനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ ഉന്നയിക്കുക, പാർട്ടി ആസ്​ഥാനത്തെ സാധാരണ പ്രവർത്തകൻ വാർത്താ സമ്മേളനം തടസ്സപ്പെടുത്തുക, രംഗം വഷളാവുന്നതു കണ്ടപ്പോൾ വാർത്താ സമ്മേളനത്തിൽ പ​ങ്കെടുത്ത ഒരു നേതാവ്​ ഇറങ്ങിപ്പോവുക... ഇതെല്ലാം വ്യക്​തമാക്കുന്നത്​ കേരളത്തിലെ ന്യൂനപക്ഷങ്ങളു​ടെ ഏറ്റവും വലിയ പാർട്ടിയായ മുസ്​ലിം ലീഗ്​ അകപ്പെട്ട പ്രതിസന്ധിയേയും പാർട്ടി ഘടനയുടെയും നേതൃത്വത്തി​ന്‍റെയും ദൗർബല്യത്തെയുമാണ്​.



പാർട്ടി അധ്യക്ഷൻ ഹൈദരലി ശിഹാബ്​ തങ്ങളുടെ മകനും മുസ്​ലിം യൂത്ത്​ലീഗ്​ ദേശീയ ഉപാധ്യക്ഷനുമായ മുഈനലി തങ്ങളാണ്​ ലീഗ്​ ആസ്​ഥാനത്തെ വാർത്താ സമ്മേളനത്തിൽ ​കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിച്ചത്​. പിതാവിനെ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിന്​ മുന്നിലേക്കെത്തിച്ചതിന്‍റെ പൂർണ ഉത്തരവരാദിത്തം കുഞ്ഞാലിക്കുട്ടിക്കും മുൻ മ​​​ന്ത്രി ഇബ്രാഹിം കുഞ്ഞിനുമാണെന്ന്​ ആരോപിച്ച മുഈനലി, 40 വർഷമായി പാർട്ടി ഫണ്ട്​ കൈകാര്യം ചെയ്യുന്നത്​ കുഞ്ഞാലിക്കുട്ടിയാണെന്നും അദ്ദേഹം വിവിധ തെരഞ്ഞെടുപ്പിൽ മൽസരിച്ചപ്പോൾ ചെലവഴിച്ച ഫണ്ടിന്​ കണക്കില്ലെന്നും ആരോപിച്ചു. പിതാവ്​ ഹൈദരലി തങ്ങൾ മാനസിക സമ്മർദങ്ങൾക്കടിപ്പെട്ടാണ്​ രോഗാവസ്​ഥയിലായതെന്ന ഗുരുതര ആരോപണവും അദ്ദേഹമുയർത്തി. പാണക്കാട്​ കുടുംബത്തിന്‍റെ ചരിത്രത്തിൽ​ ഇത്തരം സാമ്പത്തിക ആരോപണങ്ങൾക്കു മുന്നിൽ നിൽക്കേണ്ടി വന്നിട്ടില്ലെന്ന്​ മുഈനലി പരിതപിക്കുകയും ചെയ്​തു.

മുഈനലിയുടെ 'ചന്ദ്രിക' ദൗത്യവും തങ്ങളുടെ കത്തും

ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടിലെത്തിയ 10 കോടിയോളം രൂപ അഴിമതിപ്പണമാണെന്ന ആരോപണത്തിന്​ മറുപടി പറയാൻ ചുമതലപ്പെടുത്തിയതനുസരിച്ച്​ മുസ്​ലിം ലീഗിന്‍റെ അഭിഭാഷക വിഭാഗമായ കേരള ലോയേഴ്​സ്​ ഫോറം സംസ്​ഥാന ​പ്രസിഡന്‍റ്​ അഡ്വ. മുഹമ്മദ്​ ഷായാണ്​ മുസ്​ലിം ലീഗ്​ ആസ്​ഥാനമായ കോ​​ഴിക്കോട്​ ലീഗ്​ ഹൗസിൽ വാർത്താ സമ്മേളനം വിളിച്ചു ചേർത്തതെന്നും ഇതിലേക്ക്​ നുഴഞ്ഞു കയറിയാണ്​ മുഈനലി കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതെന്നുമാണ്​ പറയുന്നത്​​.


എന്നാൽ, ഇതിന്​ മറുപടിയായി മുഈനലിയെ 'ചന്ദ്രികയിലെ പ്രശ്​നങ്ങൾ പരിഹരിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നു'ള്ള ഹൈദരലി ശിഹാബ്​ തങ്ങളുടെ സ്വന്തം കൈപ്പടയിലെഴുതിയ കത്ത്​ പുറത്തു വന്നു. 'സമീറും (ചന്ദ്രിക ഫിനാൻസ്​ ഡയറക്​ടർ മുഹമ്മദ്​ സമീർ) മാനേജ്​മെന്‍റും ആലോചിച്ച്​ ഒരു മാസം കൊണ്ട്​ എല്ലാ ബാധ്യതകളും തീർക്കേണ്ടതാണ്​' എന്നും കത്തിലുണ്ട്​. എന്നാൽ മുഈനലിക്ക്​ 'ചന്ദ്രിക'യിൽ ഒരു ചുമതലയും നൽകിയിട്ടില്ലെന്നും മാർച്ച്​ അഞ്ചിന് ഒരു മാസത്തെ ദൗത്യത്തിനായി നൽകിയ കത്തിന്‍റെ കാലാവധി ഏപ്രിൽ അഞ്ചോടെ അവസാനിച്ചെന്നുമാണ്​ മുസ്​ലിം ലീഗ്​ സംസ്​ഥാന സെക്രട്ടറി പി.എം.എ സലാം ഫേസ്​ബുക്കിൽ കുറിച്ചത്​.

പാണക്കാ​ട്ടെ ടെലഫോൺ ശബ്​ദരേഖ എങ്ങനെ ജലീലിന്‍റെ കൈവശമെത്തി?

കെ.ടി ജലീൽ എം.എൽ.എ നിയമസഭയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക്​ പാണക്കാട്ടു നിന്ന്​ അതിനേക്കാൾ ശക്​തമായ തുടർച്ചയുണ്ടായി എന്നതാണ്​ വിഷയത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നത്​. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ച മുഈനലി തങ്ങൾക്കെതിരെ നടപടി വേണമെന്ന്​ ചില ലീഗ്​ കേന്ദ്രങ്ങളിൽനിന്ന്​ ആവശ്യമുയർന്നപ്പോൾ ​പ്രതിരോധം തീർത്തത്​ കെ.ടി ജലീലാണെന്നതും ​ശ്രദ്ധേയമാണ്​.

മുഈനലിക്കെതിരെ നടപടിയുണ്ടായാൽ, പാർട്ടി മുഖപ​ത്രമായ 'ചന്ദ്രിക'യുടെ അക്കൗണ്ടിലെത്തിയ 10 കോടി രൂപയെക്കുറിച്ച ഇ.ഡി അന്വേഷണം സംബന്ധിച്ച്​ കുഞ്ഞാലിക്കുട്ടി പാണക്കാട്​ തങ്ങൾ കുടുംബാംഗങ്ങളുമായി നടത്തിയ സംഭാഷണങ്ങളുടെ ശബ്​ദരേഖ പുറത്തുവിടുമെന്നായിരുന്നു ജലീലിന്‍റെ ഭീഷണി. തങ്ങൾ കുടുംബാംഗങ്ങളുടെ ടെലഫോൺ ശബ്​ദരേഖ എങ്ങനെ ജലീലിന്‍റെ കൈവശമെത്തി എന്നത്​ വേറെ അ​ന്വേഷിക്കേണ്ട കാര്യമാണ്​. കുഞ്ഞാലിക്കുട്ടിയു​ടെ 'നല്ല കാല'ത്തിന്​ മുഈനലിക്കെതിരെ നടപടിയെടുക്കാതെ കഴിഞ്ഞ ദിവസം മലപ്പുറത്തു ചേർന്ന ഉന്നതാധികാര സമിതി യോഗം പിരിഞ്ഞു.


മുസ്​ലിം ലീഗ്​ ഭരണഘടന പ്രകാരം അസ്​തിത്വമില്ലെന്ന ആക്ഷേപമുയർന്ന ഉന്നതാധികാര സമിതിയാണ്​ നിർണായക വിഷയങ്ങളിൽ ഒരിക്കൽ കൂടി തീരുമാനമെടുത്ത്​ പിരിഞ്ഞത്​. മുഈനലിക്കെതിരായ നടപടി സംബന്ധിച്ച്​ ചികിൽസയിൽ കഴിയുന്ന ഹൈദരലി ശിഹാബ്​ തങ്ങളുമായി സംസാരിച്ച്​ തീരുമാനം പ്രഖ്യാപിക്കാൻ സാദിഖലി ശിഹാബ്​ ത​ങ്ങളെ ചുമതലപ്പെടുത്തുകയും വാർത്താ സമ്മേളനത്തിനിടെ മുഈനലിയെ തെറിപറഞ്ഞ പാർട്ടി പ്രവർത്തകൻ റാഫി പുതിയകടവിനെ സസ്​പെൻഡ്​ ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു ഉന്നതാധികാര സമിതി.

ഉന്നതാധികാര സമിതിക്കുശേഷം നടന്ന വാർത്താ സമ്മേളനത്തിൽ, മുഈനലി തങ്ങളു​ടെ നടപടി അനുചിതമായിരുന്നുവെന്നും പാണക്കാട്​ കുടുംബ പാരമ്പര്യത്തിന്‍റെ ലംഘനമായിരുന്നുവെന്നും പാണക്കാട്​ തങ്ങൾ കുടുംബാംഗങ്ങളായ അബ്ബാസലി, റഷീദലി, ബഷീറലി എന്നിവർ കൂടി പ​ങ്കെടുത്ത യോഗം വിലയിരുത്തിയിരുന്നു. യോഗത്തിലേക്ക്​ മുഈനലി തങ്ങളെ ക്ഷണിച്ചിരുന്നുവെങ്കിലും പനി കാരണം പ​ങ്കെടുത്തില്ലെന്നാണ്​ പറയുന്നത്​.

മുഈനലിക്കെതിരെ എന്ത്​ നടപടി?

മുഈനലിക്കെതിരായ നടപടി സംബന്ധിച്ച്​ പാർട്ടി അധ്യക്ഷനുമായി ആലോചിച്ച്​ തീരുമാനം പ്രഖ്യാപിക്കുമെന്നാണ്​ നേതൃത്വം അറിയിച്ചിട്ടുള്ളതെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടാവില്ലെന്നാണ്​ മനസ്സിലാക്കേണ്ടത്​. കാരണം മുസ്​ലിം ലീഗിന്‍റെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതൃത്വമാണ്​ പാണക്കാട്​ കുടുംബം. ആ നിലക്ക്​ കുടുംബാംഗത്തിനെതിരെ നടപടിയെടുക്കാൻ നിലവിലുള്ള പാർട്ടി സംവിധാനത്തിനാവില്ല. നടപടിയെടുത്താൽ അത്​ അനാവശ്യ കീഴ്​വഴക്കത്തിനും പ്രശ്​നം രൂക്ഷമാവാനും ഇടയാക്കും. അതുകൊണ്ടു തന്നെ കുടുംബത്തിനകത്തുള്ള ശാസനയിലൂടെയോ താക്കീതിലൂടെയോ പ്രശ്​നം അവസാനിപ്പിക്കാനാവും നേതൃത്വം ശ്രമിക്കുക. അതോടെ ഇപ്പോഴത്തെ പ്രശ്​നങ്ങൾ കെട്ടടങ്ങുകയും ചെയ്യും.

കെ.ടി. ജലീലിന്‍റെ ഉന്നം

പാർട്ടിയിലെ പുതിയ പ്രതിസന്ധിക്കു പിന്നിൽ കെ.ടി ജലീലുണ്ടെന്നു തന്നെയാണ്​ മുസ്​ലിം ലീഗ്​ നേതൃത്വം വിശ്വസിക്കുന്നത്​. പാണക്കാട്​ കുടുംബത്തെ കൂടെ നിർത്തിക്കൊണ്ടും കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യം വെച്ചുമാണ്​ ജലീലിന്‍റെ നീക്കങ്ങൾ. മുസ്​ലിം ലീഗ്​ അണികളെ കുഞ്ഞാലിക്കുട്ടിക്കെതിരെ നിരത്തണമെങ്കിൽ പാണക്കാട്​ കുടുംബത്തോടുള്ള സെന്‍റിമെന്‍റ്​സിൽ കൈവെക്കണമെന്ന ലളിത വിദ്യയാണ്​ ജലീൽ പ്രയോഗിക്കുന്നത്​.

എന്നാൽ മുസ്​ലിം ലീഗിനെ തകർക്കാനുള്ള സി.പി.എം അജണ്ടയാണ്​​ ജലീലിന്‍റെ നീക്കങ്ങൾക്കു പിന്നിലെന്ന്​ തിരിച്ചറിവിലേക്ക്​​ ലീഗ്​ നേതൃത്വത്തെയെത്തിക്കാൻ ബന്ധപ്പെട്ടവർക്കായിട്ടുണ്ട്​. അതനുസരിച്ചുള്ള പ്രതികരണമാണ്​ പാർട്ടി ഉന്നതാധികാര സമിതിക്കുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സാദിഖലി ശിഹാബ്​ തങ്ങളിൽനിന്നുണ്ടായത്​. പാണക്കാട്​ കുടുംബത്തിന്‍റെ മേസ്​തിരിപ്പണി ആരെയും ഏൽപിച്ചി​ട്ടി​ല്ലെന്നായിരുന്നു മുഈനലിയുടെ വിഷയത്തിൽ ജലീലിന്‍റെ ഇടപെടൽ സംബന്ധിച്ച്​ സാദിഖലി തങ്ങൾ നൽകിയ മറുപടി. ഉടനെ തന്നെ, അപ്പറഞ്ഞത്​ കുഞ്ഞാലിക്കുട്ടിയെ ഉദ്ദേശിച്ചാണെന്ന്​ വരുത്താൻ ജലീൽ വൃഥാ ശ്രമവും നടത്തി. അതേസമയം ജലീലിന്‍റെ നീക്കങ്ങൾക്ക്​​ സി.പി.എമ്മിൽനിന്ന്​ കാര്യമായ പിന്തുണ ലഭിച്ചതുമില്ല. ലീഗിനകത്തുനിന്ന്​ കുറേക്കൂടി കാര്യങ്ങൾ പുറത്തുവ​ര​ട്ടെ എന്നായിരുന്നു സി.പി.എം സംസ്​ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ ഇതു സംബന്ധിച്ച പ്രതികരണം.

കുഞ്ഞാലിക്കുട്ടി പാർട്ടിയിൽ ഒറ്റപ്പെടുമോ?

പുതിയ വെളിപ്പെടുത്തലുകളിലൂടെ കുഞ്ഞാലിക്കുട്ടി പാർട്ടിയിൽ ഒറ്റപ്പെടുമോ എന്നാണ്​ രാഷ്​ട്രീയം കേരളം ഉറ്റുനോക്കുന്നത്​. കുഞ്ഞാലിക്കുട്ടിയെ മാറ്റി നിർത്തിയാൽ പിന്നെ പാർട്ടിയെ ആര്​ ​കൊണ്ടു നടത്തുമെന്ന ചോദ്യമാണ്​ പാർട്ടിക്കകത്തു നിന്നു തന്നെ ഉയരുന്നത്​. കുഞ്ഞാലിക്കുട്ടിക്കു പകരം ഒരു നേതാവിനെ ചൂണ്ടിക്കാണിക്കുക എന്നതാണ്​ നേതൃമാറ്റം ആവശ്യ​പ്പെടുന്നവർക്ക്​ മുന്നിലെ വെല്ലുവിളി. പാർട്ടി രണ്ടാംനിര ദുർബലമാണ്​. പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ കെൽപ്പുള്ളവരെ വളർത്തിക്കൊണ്ടുവരുന്നതിൽ നേതൃത്വം പരാജയമാണെന്നാണ്​ ഇത്​ കാണിക്കുന്നത്​.


യുവനിരയിലുള്ള ചിലർ നേതൃസ്​ഥാനത്തേക്ക്​ നോട്ടമിടുന്നു​ണ്ടെങ്കിലും പാർട്ടിയെ കൊണ്ടു നടത്താനുള്ള അവരുടെ ശേഷി പരീക്ഷിച്ചറിയേണ്ടതാണ്​. ഇപ്പോഴത്തെ ബഹളം താമസിയാതെ കെട്ടടങ്ങാനാണ്​ സാധ്യത. പാർട്ടി മെമ്പർഷിപ്പ്​ കാമ്പയിനുമായി മു​​േമ്പാട്ടു പോവുമെങ്കിലും അതിന്‍റെ അടിസ്​ഥാനത്തിൽ തെരഞ്ഞെടുപ്പിലൂടെ സംസ്​ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലും ഭാരവാഹികൾ തീരുമാനിക്കപ്പെടുമെന്ന്​ ​പ്രതീക്ഷിക്കാൻ മുസ്​ലിം ലീഗിന്‍റെ കാര്യത്തിൽ ഒരു സാധ്യതയും ഇപ്പോൾ കാണുന്നില്ല.


വാൽക്കഷ്​ണം:
കഴിഞ്ഞ അഞ്ചു വർഷക്കാലം നിങ്ങൾ എന്‍റെ (മന്ത്രിയായിരുന്ന ജലീലിന്‍റെ) പിറകെയായിരുന്നെങ്കിൽ ഇനിയുള്ള അഞ്ചു വർഷം ഞാൻ നിങ്ങൾക്കു (ലീഗിനും കുഞ്ഞാലിക്കുട്ടിക്കും) പുറകെയായിരിക്കുമെന്നാണ്​ ജലീൽ നിയമസഭയിൽ പറഞ്ഞത്​. ജലീലിനെ കഷ്​ടപ്പെട്ട്​, ബുദ്ധിമുട്ടി നിയമസഭയിലെത്തിച്ച തങ്ങളുടെ കാര്യങ്ങൾ​ നോക്കാൻ ഇനി ആരുണ്ടെന്ന ആശങ്കയിലത്രെ തവനൂരിലെ വോട്ടർമാർ.

Tags:    
News Summary - How long will Muslim League conflict last?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT