പീഡനമേറെയും വീടുകളിൽ; ശിശുസംരക്ഷണ കേന്ദ്രങ്ങളിലും രക്ഷയില്ല
കുട്ടികൾ ലൈംഗിക പീഡനത്തിനിരയാകുന്നത് ഏറെയും വീടുകളിൽവെച്ചാണ് എന്നാണ് പൊലീസിന്റെ പക്കലുള്ള കണക്കുകൾതന്നെ വ്യക്തമാക്കുന്നത്. കഴിഞ്ഞവർഷത്തെ പോക്സോ കേസുകളിൽ 1,004 എണ്ണത്തിൽ കൃത്യം നടന്നത് കുട്ടികളുടെ വീടുകളിലും 722 കേസുകളിൽ കൃത്യം നടന്നത് പ്രതികളുടെ വീടുകളിലും 648 കേസുകളിൽ പൊതുസ്ഥലങ്ങളിലും 176 കേസുകളിൽ മറ്റു വ്യത്യസ്ത സ്ഥലങ്ങളിലും 137 എണ്ണം ഒറ്റപ്പെട്ട സ്ഥലങ്ങളിലും 133 എണ്ണം സ്കൂളിലും 102 എണ്ണം വാഹനങ്ങളിലും 99 എണ്ണം ഹോട്ടലുകളിലും 96 എണ്ണം സുഹൃത്തുക്കളുടെ വീടുകളിലും 60 എണ്ണം മതസ്ഥാപനങ്ങളിലും 29 എണ്ണം ആശുപത്രികളിലും 12 എണ്ണം ശിശുസംരക്ഷണ സ്ഥാപനങ്ങളിലുമാണ്.
ആലുവയിലെ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശി അസ് ഫാഖ് ആലത്തിന് കോടതി വധശിക്ഷ വിധിച്ചത് ഇക്കഴിഞ്ഞ ശിശുദിനത്തിലാണ്. കേരളത്തെ നടുക്കിയ ഈ സംഭവത്തിന്റെ പ്രതികരണമെന്നോണം അന്തർ സംസ്ഥാന തൊഴിലാളികൾക്കെതിരെ കടുത്ത രോഷവും ജാഗ്രതയും ഇവിടെ ഉയർന്നിരുന്നു. എന്നാൽ, കുട്ടികളെ ലൈംഗിക ചൂഷണങ്ങൾക്കിരയാക്കുന്നവരിൽ സ്വന്തം അച്ഛന്മാർമുതൽ അധ്യാപകർവരെ ഉൾപ്പെടുന്നു എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.
പിതാവിൽനിന്ന് ഗർഭം ധരിച്ച് കോമയിലായ കുട്ടികൾവരെ കേരളത്തിലുണ്ട്. രണ്ടാനച്ഛന്മാർ കുഞ്ഞുങ്ങളെ പീഡിപ്പിച്ചതു സംബന്ധിച്ചും നിരവധി കേസുകളാണുള്ളത്. അടുത്തിടെ മുൻ എം.എൽ.എ ക്വാറി ഉടമകളിൽ നിന്നടക്കം വൻതുകയും പാരിതോഷികങ്ങളും കൈപ്പറ്റിയെന്ന ആക്ഷേപം ചർച്ചയായതോടെ അദ്ദേഹവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിലൊന്ന് പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ വ്യവസായിയെ രക്ഷപ്പെടാൻ സഹായിച്ചു എന്നതായിരുന്നു. ഈ പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടത് കുട്ടിയുടെ അമ്മയും രണ്ടാനച്ഛനുമടക്കമുള്ളവരാണ്. കഴിഞ്ഞവർഷത്തെ 4582 പോക്സോ കേസുകളിൽ ആകെ 5002 പ്രതികളാണുള്ളത്. ഇവരിൽ 18 ശതമാനം പേർ കുട്ടികൾക്ക് തിരിച്ചറിയാവുന്നവരും 12 ശതമാനം കുട്ടിയുടെ അയൽവാസികളും ഒമ്പതു ശതമാനം പിതാവടക്കമുള്ള കുടുംബാംഗങ്ങളും എട്ടുശതമാനം ബന്ധുക്കളും 16 ശതമാനം കമിതാക്കളും മൂന്നുശതമാനം അധ്യാപകരും ആറുശതമാനം സുഹൃത്തുക്കളും ഒരുശതമാനം സ്കൂൾ വാൻ /ബസ്/ ഓട്ടോ ഡ്രൈവർമാരുമാണ് എന്നാണ് ബാലാവകാശ സംരക്ഷണ കമീഷന്റെതന്നെ കണ്ടെത്തൽ.
സംസ്ഥാനത്ത് ലൈംഗിക ചൂഷണത്തിനിരയായ കുട്ടികളുടെ പ്രായഘടന നോക്കിയാൽ ഇരകളാക്കപ്പെടുന്നവരിലേറെപേരും 15നും 18നും ഇടയിൽ പ്രായമുള്ളവരാണ്. അതായത് എസ്.എസ്.എൽ.സി, പ്ലസ് ടുവിന് പഠിക്കുന്ന ഘട്ടത്തിലാണ് പലരും വിവിധതരത്തിലുള്ള പീഡനങ്ങൾക്കിരയാകുന്നത്. കഴിഞ്ഞ വർഷം ഈ പ്രായത്തിൽപെട്ട 2,563 പേരാണ് പീഡനത്തിനിരയായത്. കൈക്കുഞ്ഞ്, അംഗൻവാടി, എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിലുള്ളവരടക്കം നാലുവയസ്സുവരെ പ്രായമുള്ള 55 കുട്ടികളും 5-9 വയസ്സുവരെയുള്ള 367 കുട്ടികളും 10 മുതൽ 14 വയസ്സുവരെയുള്ള 1538 കുട്ടികളും പീഡനത്തിനിരയായതായി കേസുകളുണ്ട്.
(തുടരും...)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.