മരണമില്ലാത്ത ചിന്തകൾ ബാക്കി

ഉയര്‍ന്ന ബൗദ്ധികതയുടെയും ഉറച്ച രാഷ്ട്രീയബോധ്യങ്ങളുടെയും അസാമാന്യമായ കരുത്തായിരുന്നു ടി.ജി. ജേക്കബ്. ദശാബ്ദങ്ങളുടെ സൗഹൃദമുള്ള ഒരു പ്രിയ സുഹൃത്താണ് വിടപറഞ്ഞത്. മാർക്സിസ്റ്റ്‌ രാഷ്ട്രീയ സമ്പദ്ശാസ്ത്രം ആഴത്തില്‍ ഗ്രഹിച്ചിരുന്ന ഗവേഷകനും രാഷ്ട്രീയ ചിന്തകനുമായിരുന്നു അദ്ദേഹം.

ഞാന്‍ പരിചയപ്പെടുന്ന കാലത്ത് അദ്ദേഹം സി.പി.ഐ (എം.എല്‍)ന്റെ അഖിലേന്ത്യ രാഷ്ട്രീയ-സൈദ്ധാന്തിക പ്രസിദ്ധീകരണമായിരുന്ന മാസ്​ ലൈൻ പത്രത്തിന്റെ പത്രാധിപരായിരുന്നു. അക്കാലത്ത് അദ്ദേഹം സ്ഥിരമായി സി.ഡി.എസില്‍ വരുമായിരുന്നു.

ചിലപ്പോള്‍ ഒറ്റക്ക്, ചിലപ്പോള്‍ അദ്ദേഹത്തിന്റെ സഹയാത്രികയായിരുന്ന പ്രാൻജലിയുമൊത്ത്. കെ.ടി. രാം മോഹന്റെ ഒപ്പമായിരുന്നു അദ്ദേഹം താമസിക്കുക. നിരവധി ചർച്ചകള്‍ അദ്ദേഹവുമായി ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ India: Development and Deprivation: Neocolonial Transformation of the Economy in a Historical Perspective എന്ന പുസ്തകം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നവകൊളോണിയല്‍ ചൂഷണത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമായിരുന്നു.

ഇന്ത്യയിലെ ദേശീയ പ്രശ്നത്തെക്കുറിച്ച് പഠിച്ചുകൊണ്ടു മൂന്നു പുസ്തകങ്ങള്‍ അദ്ദേഹം തയാറാക്കി. ഇന്ത്യയിലെ ദേശീയ പ്രശ്നം വിശദീകരിക്കുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുപ്പതുകളിലെ രേഖകളുടെ രണ്ടു സമാഹാരങ്ങള്‍ അദ്ദേഹം തയാറാക്കി- National question in India: CPI documents, 1942-47, War & National Liberation: CPI documents, 1939-1945 എന്നിവ. ആ ചർച്ച മുന്നോട്ടു കൊണ്ടുപോകുന്നതിനായി അദ്ദേഹം പഞ്ചാബില്‍ താമസിച്ചു പഠിച്ച് എഴുതിയ പുസ്തകമാണ് Chaos in nation formation: Case of Punjab.

പഞ്ചാബ് സമരമെന്നാല്‍ ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗപാതകം മാത്രമായി മലയാളികളില്‍ പലരും മനസ്സിലാക്കുന്ന കാലത്ത് ആ സമരത്തിന്റെ വർഗബന്ധങ്ങളും രാഷ്ട്രീയ ചരിത്രവും സൂക്ഷ്മമായ അപഗ്രഥനത്തിനു വിധേയമാക്കിയ പുസ്തകമായിരുന്നു അത്.

Encountering The Adivasi Question: South Indian Narratives, Reflection On The Caste Question: The Dalit Situation In South India തുടങ്ങി പാർശ്വവത്കൃത രാഷ്ട്രീയത്തിന്റെ മാനങ്ങള്‍ വിശദീകരിക്കുന്ന നിരവധി രചനകള്‍ ജവഹര്‍ ലാല്‍ നെഹ്‌റു സർവകലാശാലയിലെ അധ്യാപകജോലി ഉപേക്ഷിച്ച് അദ്ദേഹത്തോടൊപ്പം ഗവേഷണങ്ങളില്‍ മുഴുകിയിരുന്ന പ്രാൻജലിയുമായി ചേർന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.

Wayanad, misery in an emerald bowl: essays on the ongoing crisis in a cash crop economy-Kerala, Tales of tourism from Kovalam തുടങ്ങി കേരളത്തിന്റെ ചില സവിശേഷ മേഖലകളിലെ പ്രശ്നങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ലെഫ്റ്റ് വേൾഡ് പ്രസിദ്ധീകരിച്ച Left to Right: Decline of Communism in India കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ സൈദ്ധാന്തിക-രാഷ്ട്രീയ അപചയങ്ങളുടെ സങ്കീർണമായ ചരിത്രാവസ്ഥകള്‍ അന്വേഷിക്കുന്ന ഗംഭീരപഠനമാണ്.

കേരളത്തിലെ മദ്യ ഉൽപാദന-വിതരണ-ഉപഭോഗത്തിന്റെയും (Alcohol and Kerala), വെള്ളപ്പൊക്കത്തിന്റെയുമെല്ലാം (The genesis and political economy of the Kerala floods) രാഷ്ട്രീയ സമ്പദ് ശാസ്ത്രത്തെക്കുറിച്ച് ആധികാരികമായി രേഖപ്പെടുത്തിവെച്ചു അദ്ദേഹം. വ്യക്തിപരമായി എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത് കാണുമ്പോഴെല്ലാം ആത്മമിത്രത്തെപ്പോലെ അടുത്തിടപഴകിയിരുന്ന, ഇപ്പോഴും ഇടക്കെങ്കിലും ഫോണില്‍ സംസാരിക്കുമായിരുന്ന, രാഷ്ട്രീയ രക്തബന്ധമുള്ള ഒരു പ്രിയ സ്നേഹിതനെയാണ്.

Tags:    
News Summary - Immortal thoughts remain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.