കടൽക്കൊല കേസിൽ പ്രതിചേർക്കപ്പെട്ട ലാത്തോറെ മാസി മിലിയാനോ, സാൽവതോറെ ജിറോൺ എന്നിവർ

കടൽക്കൊല വിധി: വെടിമുഴക്കം നിലക്കുമ്പോൾ

എൻറിക്ക ലെക്സി കേസുമായി ബന്ധപ്പെട്ട്, ഇറ്റാലിയൻ മറീനുകൾക്കെതിരായ എല്ലാ നിയമനടപടികളും അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നു. വെടിയേറ്റു മരിച്ചവരുടെ ആശ്രിതർക്കും ബോട്ടുടമക്കുമായി ഇറ്റാലിയൻ സർക്കാർ പത്തുകോടി രൂപ നഷ്​ടപരിഹാരം നൽകുന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളടക്കം നിർത്തിവെക്കാനാവശ്യപ്പെടുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർമേത്ത കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. നഷ്​ടപരിഹാരം ഉറപ്പുവരുത്തിയാൽ നടപടികൾ അവസാനിപ്പിക്കുന്നതിന് തങ്ങളും എതിരല്ലെന്ന് കേരള സർക്കാറും പ്രഖ്യാപിച്ചു. ഇതോടെ സംഭവ ബഹുലമായ നാടകത്തിന് ഇന്ന്​, ഏപ്രിൽ 19ന്​, യവനിക വീഴും. അങ്ങനെ കടൽക്കൊലയും കഥാവശേഷമാവുകയാണ്.

2012 ഫെബ്രുവരി 15ന്​ മത്സ്യബന്ധനം കഴിഞ്ഞ് നീണ്ടകരയിലേക്ക് മടങ്ങുകയായിരുന്ന സെൻറ്​ ആൻറണി ബോട്ടിലെ രണ്ടു തൊഴിലാളികൾ, കൊല്ലം മുദാക്കര സെലസ്​റ്റിനും കന്യാകുമാരിയിലെ അജീഷ് പിങ്കിയും 'എൻറിക്ക ലെക്സി' കപ്പലിൽ നിന്നുള്ള വെടിയേറ്റ് തൽക്ഷണം മരണമടഞ്ഞു. കപ്പലിലെ ഇറ്റാലിയൻ മറീനുകളായ ലാത്തോറെ മാസി മിലിയാനോ, സാൽവതോറെ ജിറോൺ എന്നിവരാണ് വെടിവെച്ചത്. സിംഗപൂരിൽ നിന്നു ആഫ്രിക്കൻ തുറമുഖമായ ജിബൂട്ടിയിലേക്കുള്ള യാത്രയിൽ ശ്രീലങ്കയിലെ ഗാലെയിൽ നിന്നാണ് ഈ സൈനികർ കപ്പലിൽ കയറിയത്. അന്താരാഷ്​ട്ര ചാനലിലൂടെ തെക്കുപടിഞ്ഞാറോട്ടു പോകേണ്ട കപ്പൽ എന്തിനാണ് എതിർദിശയായ വടക്കോട്ട് കേരളതീരത്തേക്കു വന്നതെന്നത് ഇന്നും ദുരൂഹമാണ്​. ഇൻറർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച വെടിവെപ്പാണ് നടത്തിയതെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്.

കൊള്ളസംഘത്തെ തുരത്തിയ തങ്ങളുടെ ദൗത്യനിർവഹണത്തിലുള്ള തടസ്സമെന്ന നിലയിലാണ് അന്നു മുതൽ ഇന്നുവരെ ഇറ്റലി ഈ വിഷയത്തിൽ നിലപാട് സ്വീകരിച്ചത്. ബോട്ടിലുണ്ടായിരുന്നവർ ആയുധധാരികളല്ലെന്ന് കപ്പലിലെ നിരീക്ഷകൻ ജെയിംസ്​ മാൻറ്​​ലി സാംസൺ കേരള പോലീസിനു മൊഴി നൽകി. സംഭവത്തെ തുടർന്ന് മറീനുകളെ അറസ്​റ്റുചെയ്ത് പ്രഥമ വിവര റിപ്പോർട്ടും തദടിസ്​ഥാനത്തിൽ കേരള പൊലീസ്​ കുറ്റപത്രവും തയാറാക്കി. കേരള ഹൈക്കോടതിയിൽ ഇതുസംബന്ധമായ വാദം നടന്നുവരവെ ഇറ്റലി സുപ്രീം കോടതിയെ സമീപിച്ചു. സംഭവം നടന്നത് സംസ്​ഥാനത്തിെൻറ അധികാര പരിധിക്കു പുറത്തായതിനാൽ കേസെടുക്കാൻ കേരള പൊലീസിനോ, കേസു നടത്താൻ ഹൈകോടതിക്കോ അവകാശമില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ഈ മേഖലയിൽ ഇന്ത്യൻ ശിക്ഷാ നിയമവും ക്രിമിനൽ നടപടി ചട്ടങ്ങളും നടപ്പാക്കാനുള്ള അധികാരം കേന്ദ്ര സർക്കാറിനാണെന്നും സുപ്രീംകോടതി വിധിച്ചു. കേസ്​ നടത്തിപ്പിന് ഡൽഹിയിൽ പ്രത്യേക കോടതിയെ ചുമതലപ്പെടുത്തി. അതോടെ ഡെൽഹിയിലേക്കും പിന്നീട് ഇറ്റലിയിലേക്കും പോയ മറീനുകൾ ഒരിക്കലും കേരളത്തിലേക്ക് തിരിച്ചുവന്നില്ല.

ഇന്ത്യൻ നിയമങ്ങളുടെ കരുത്ത്

കടലിലെ നിയമ ലംഘനങ്ങളും അതിക്രമങ്ങളും തടയുന്നതിനും നിയന്ത്രിക്കുന്നതിനും മറ്റു രാജ്യങ്ങൾക്ക് തന്നെ മാതൃകയാക്കാവുന്ന അഞ്ച്​ നിയമങ്ങളെങ്കിലും ഇന്ത്യക്കുണ്ട്. 1849 ൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന അഡ്മിറാലിറ്റി ഒഫൻസസ്​ (കൊളോണിയൽ) ആക്ട് ആണ് ആദ്യത്തേത്. 2002 ഫെബ്രുവരിയിൽ ബോംബെ കടലിൽ അലോൺഡ്ര റെയിൻബോ എന്ന ജപ്പാെൻറ കപ്പൽ ഇന്തോനേഷ്യൻ കടൽക്കൊള്ളക്കാർ റാഞ്ചി. കോസ്​റ്റ്​ ഗാർഡ് ഇവരെ പിടികൂടി. ഒമ്പത് ഇന്തോനേഷ്യക്കാർക്കെതിരേ ബോംബെ പൊലീസ്​ കേസ്​ ചാർജ്​ ചെയ്​തു. ബോംബെ ഹൈകോടതി അവരെ ഏഴു വർഷത്തേക്ക് ശിക്ഷിച്ചത്​ ഇൗ നിയമമനുസരിച്ചാണ്. 1958 ൽ പാസ്സാക്കിയ ഇന്ത്യൻ മർച്ചൻറ്​ ഷിപിങ്​ ആക്ട് സ്വാതന്ത്ര്യാനന്തരം ഉയർന്നുവന്ന ദേശബോധത്തേയും പരമാധികാരത്തേയും വലിയ അളവിൽ പ്രതിഫലിപ്പിച്ച നിയമമാണ്. 1979 ലെ കോസ്​റ്റ്​ ഗാർഡ് ആക്ട് ആകട്ടെ, 12 നോട്ടിക്കൽ മൈൽ മുതൽ 50 നോട്ടിക്കൽ വരേയുള്ള കടൽ മേഖലയിലെ നിരീക്ഷണവും സുരക്ഷയും പരിപാലനവും ഉറപ്പുവരുത്തുകയും നിയമലംഘനം നടത്തുന്ന യാനങ്ങളെ പിടിച്ചെടുക്കുന്നതിനു അധികാരം നൽകുകയും ചെയ്യുന്നു. 200 നോട്ടിക്കൽ മൈൽ (370.4 കിലോമീറ്റർ) വരെയുള്ള കടലിൽ മാരിടൈം സോൺ ആക്ടും, 1981 മുതൽ പ്രാബല്യത്തിലുണ്ട്. ഇന്ത്യൻ പീനൽകോഡും ക്രിമിനൽ നടപടി ചട്ടങ്ങളും ഇതോടെ ഈ മേഖലയിലും ബാധകമായി. ഐക്യരാഷ്​ട്ര സംഘടന വിളിച്ചുചേർത്ത പത്ത് കൺവെൻഷനുകളുടെ സമാഹരണമെന്ന നിലയിൽ 1981ൽ കടൽ പരിധി സംബന്ധിച്ച നിയമം (അൺക്ലോസ്​) അംഗീകരിക്കപ്പെട്ടു.165 അംഗരാഷ്​ട്രങ്ങളും ഇതംഗീകരിച്ചു. ഇതിലെ ആർട്ടിക്കിൾ 297 പ്രകാരം തങ്ങളുടെ 200 നോട്ടിക്കൽ മൈൽ വരുന്ന സമുദ്രാതിർത്തിക്കകത്ത് നടക്കുന്ന അതിക്രമങ്ങൾ തടയാൻ അംഗരാജ്യങ്ങൾക്ക് അവകാശമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് 2002ൽ ഇന്ത്യാസർക്കാർ 'സുവ' (സപ്രഷൻ ഓഫ് അൺലോ ഫുൾ ആക്ടിവിറ്റീസ്​) നിയമം അംഗീകരിച്ചു നടപ്പാക്കിയത്.

ഇറ്റാലിയൻ മറീനുകൾക്കെതിരേ 'സുവ' ആക്ട് പ്രകാരമാണ് കേസെടുത്തത്. അതുപ്രകാരം കുറ്റം തെളിഞ്ഞാൽ വധമാണ്​ ശിക്ഷ. ഇറ്റലിയുടെ സമ്മർദത്തെ തുടർന്ന് ഇന്ത്യ 2013ൽ തന്നെ 'സുവ' ഒഴിവാക്കി. കേസിൽ കക്ഷിചേർന്ന മരിച്ചവരുടെ ബന്ധുക്കളും ഇറ്റാലിയൻ സർക്കാരുമായി ഉണ്ടാക്കിയ ധാരണ പ്രകാരം രണ്ടു കോടി രൂപ നഷ്​ടപരിഹാരം നൽകിയതോടെ ബന്ധുക്കൾ കേസിൽ നിന്നു പിൻവാങ്ങി. ഈ നടപടിയെ സുപ്രീം കോടതി ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. ഇത് കേവലം നഷ്​ടപരിഹാരത്തിെൻറ പ്രശ്നമല്ലെന്നും രാഷ്​ട്രപരമാധികാരത്തിേൻറയും നിയമവാഴ്ചയുടേയും പ്രശ്നമാണെന്നും അന്ന്​ ജസ്​റ്റിസ്​ ചെലമേശ്വർ ചൂണ്ടിക്കാട്ടി. ഏഴു വർഷത്തിനുശേഷം അതേ കോടതി മാപ്പുസാക്ഷിയായി മാറുന്ന ദുരന്തമാണ് ഇന്ന്​ നാം കാണുന്നത്.

ഇറ്റലിയുടെ നടപടികൾ

കടലിലെ അരുംകൊല നടന്നതിന് തൊട്ടുപിന്നാലെ ഇറ്റലിയിൽ മറീനുകൾക്കനുകൂലമായ പ്രകടനങ്ങൾ നടന്നു. ഇന്ത്യയിലെ 'കടൽക്കൊള്ളക്കാരെ' തുരത്തിയവർക്കുള്ള ഐക്യദാർഢ്യ പ്രകടനങ്ങളായിരുന്നു അത്. 2014 ജൂണിലെ ലോക കപ്പ് ഫുട്ബോളിനു മുന്നോടിയായി ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ മറീനുകളുടെ ചിത്രം ആലേഖനം ചെയ്ത രണ്ടു ടീ ഷർട്ടുകൾ പുറത്തിറക്കി. ഇന്ത്യയിൽ നടന്ന ഫോർമുല വൺ കാറോട്ട മത്സരത്തിൽ പങ്കെടുത്ത ചാമ്പ്യൻ ഫെർണാണ്ടോ അലോൺസോയും ഫിലിപ്പെ മാസയും ഓടിച്ച ഫെറാറി കാറിൽ ഇറ്റാലിയൻ നേവിയുടെ മുദ്രയും പ്രദർശിപ്പിച്ചു. ഇത് വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി. പക്ഷേ, ഇറ്റലി നയതന്ത്ര സമ്മർദം തുടർന്നു.

ഐക്യരാഷ്​ട്രസംഘടന സെക്രട്ടറി ജനറൽ ബാൻ കിമൂൺ 2014 ഫെബ്രുവരി 11 ന് ഇരു രാജ്യങ്ങളും ഈ വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ടു. ഇറ്റാലിയൻ വിദേശകാര്യമന്ത്രിയും യൂറോപ്യൻ യൂണിയൻ ഉന്നതാധികാര സമിതിയംഗവുമായ കാതറിൻ അഷ്​ടൺ 2014 ഫെബ്രുവരി 10ന് കൗൺസിൽ യോഗത്തിൽ മറീനുകളെ വിട്ടയച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവുരമെന്ന് ഭീഷണിപ്പെടുത്തി. ഇന്ത്യയിൽ കേസ്​ തുടരാനുള്ള സുപ്രീംകോടതി വിധി വന്നതിനേത്തുടർന്ന് 2014 ഫെബ്രുവരി ഏഴിന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി ഫെഡറിക്ക മോഗെറിനി കടുത്ത നിരാശയാണ് പ്രകടിപ്പിച്ചത്.

അതിനിടെ ഇറ്റലി ജർമനിയിലെ ഹാംബർഗിലെ അന്താരാഷ്​ട്ര കടൽക്കോടതിയെ സമീപിച്ചു. ആറിനെതിരെ 15 വോട്ടുകൾക്ക് ഇന്ത്യ അവിടെ പരാജയപ്പെട്ടു. രണ്ടു രാജ്യങ്ങളിലേയും കോടതി വ്യവഹാരങ്ങൾ നിർത്തിവെക്കാൻ നിർദേശിച്ച കോടതി കേസ്​ സ്​ഥിര ആർബിേട്രഷൻ ട്രിബ്യൂണലിന് (പി.എ.ടി) റഫർ ചെയ്തു. നെതർലൻഡ്​സിലെ ഹേഗ് ആസ്​ഥാനമായുള്ള ആർബിേട്രഷൻ ട്രിബ്യൂണൽ 2019 ജൂലൈ എട്ടു മുതൽ 20 വരെ ഇരു രാജ്യങ്ങളുടേയും വാദം കേട്ടു. 2020 ജൂലൈ രണ്ടിന്, രണ്ടിനെതിരേ മൂന്നംഗങ്ങളുടെ ഭൂരിപക്ഷത്തിൽ ഇറ്റലിക്കനുകൂലമായി ട്രിബ്യൂണലും വിധി പറഞ്ഞു. ഇറ്റാലിയൻ മറീനുകൾക്ക് നിയമ പരിരക്ഷയുണ്ടെന്നും ഇന്ത്യക്ക്​ നഷ്​ടപരിഹാരത്തിന്​ അർഹതയുണ്ടെന്നുമാണ് ട്രിബ്യൂണൽ വിധി. ഇന്ത്യക്കുവേണ്ടി ഹാജരായ ഡോ. പി.എസ്​. റാവുവും, മറ്റൊരു ജഡ്ജിയായ പാട്രിക് റോബിൻസണും ഉയർത്തിയ ഭിന്നാഭിപ്രായം കേസിൽ പ്രധാനവുമാണ്. കൃത്യമായ ഗൃഹപാഠം നടത്താതെയാണ് ഇന്ത്യ കേസ്​ നടത്തിയതെന്ന വിമർശനം അപ്പോഴേ ഉയർന്നുകഴിഞ്ഞു. ഇന്ത്യയിലെ സുപ്രീംകോടതി ഇറ്റലിയുടെ വാദം കേട്ട് അതിെൻറ മെറിറ്റിൽ വിധി പറഞ്ഞിരുന്നെങ്കിൽ അന്താരാഷ്​ട്ര കോടതി വിധി മറിച്ചായേനെ എന്നു ചിന്തിക്കുന്നവരുമുണ്ട്.

കേരളത്തിൽ നിന്നു കേസ്​ ഡൽഹിയിലേക്ക് മാറിയപ്പോൾ തന്നെ പരാജയം മണത്തു തുടങ്ങിയിരുന്നു. 2014 ലെ തെരഞ്ഞെടുപ്പിൽ കേസിൽ 'ഇറ്റാലിയൻ കണക്​ഷൻ' ആരോപണമുന്നയിച്ച നരേന്ദ്രമോദിയുടെ കീഴിൽത്തന്നെ ഇതി​െൻറ ഉദയക്രിയ നടക്കുന്നുവെന്നതാണ് കൗതുകകരം. 2020 ലെ ട്രിബ്യൂണലിെൻറ വിധിയെ 'നിർഭാഗ്യകരം' എന്നു വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ കീഴിൽ തന്നെ കേരളവും നഷ്​ടപരിഹാരം ഉറപ്പുവരുത്തണമെന്ന നിലപാടാണിപ്പോൾ സുപ്രീം കോടതിയിൽ എടുത്തിരിക്കുന്നത്. മരിച്ചവരുടെ ആശ്രിതർക്ക് വൻതുക ലഭിക്കുമല്ലോ എന്നാശ്വസിക്കുന്നവരുണ്ട്. ഏതു തുകയും മരിച്ചവരേക്കാൾ വലുതല്ലല്ലോ. വിജിഗീഷുവായ നയ'തന്ത്ര'ത്തിനു മുന്നിൽ ദേശാഭിമാനത്തിെൻറ കൊടിക്കൂറ താഴ്ത്തിക്കെട്ടുന്ന ദുരന്തത്തിനു നാം സാക്ഷ്യം വഹിക്കുകയാണ്.

കൊല്ലം കോടതിയിലെ സ്​റ്റോർ റൂമിൽ പൊടിപിടിച്ച് മൂന്നു ട്രങ്കുകളിൽ ബെരറ്റ് എ.ആർ.എക്സ്​–160 ഇനത്തിൽപ്പെട്ട ഏഴു തോക്കുകൾ ഇപ്പോഴും കിടപ്പുണ്ട്​. അതിലൊന്നിലെ വെടിയുണ്ടയാണ് കൊല്ലം മുദാക്കരയിലെ സെലസ്​റ്റി​െൻറ തലയോട്ടി പിളർന്ന് തലച്ചോർ ചിതറിച്ചത്. ഈ വെടിയുണ്ടകൾ നമ്മുടെ തലച്ചോറിനേയും ദേശാഭിമാന ബോധത്തേയും പ്രകോപിപ്പിക്കുന്നില്ല എങ്കിൽ 'ഹാ കഷ്​ടം' എന്നല്ലാതെന്തു പറയാൻ!

(കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി. ഐ) സംസ്​ഥാന പ്രസിഡൻറാണ് ലേഖകൻ)

Tags:    
News Summary - Italian Marines case: When the gunfire stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.