വെടക്കാക്കി തനിക്കാക്കാൻ വിടരുത്

കരുവന്നൂർ തുറന്നുവിട്ട ഭൂതം സഹകരണ മേഖലയിലാകെ അലയൊലികൾ സൃഷ്ടിക്കുമ്പോൾത്തന്നെ കാക്കക്കണ്ണുകളുമായി കാത്തിരിക്കുന്ന കേന്ദ്ര താൽപര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. സഹകരണ സംഘങ്ങൾ കൊണ്ടുനടക്കുന്നവരുടെ അച്ചടക്കമില്ലായ്മയും കൊള്ള താൽപര്യങ്ങളുമാണ്, ഒരുകാലത്ത് പുകൾപെറ്റ സഹകരണ മേഖല ഇന്ന് ചളിക്കുണ്ടിൽ പതിക്കാൻ കാരണം. പിടിവിട്ട പോക്കിനെ നിയന്ത്രിക്കാൻ സർക്കാറിനോ സഹകരണ വകുപ്പിനോ കഴിഞ്ഞില്ല.

സഹകരണ സ്ഥാപനങ്ങളെ കൈപ്പിടിയിലൊതുക്കാനും ഇഷ്ടക്കാരെ തിരുകിക്കയറ്റാനും സ്ഥാപനങ്ങളിലെ പണം തോന്നിയതുപോലെ ഉപയോഗിക്കാനും രാഷ്ട്രീയ-ഭരണ നേതൃത്വം മത്സരിച്ചതിന്‍റെ ബാക്കിപത്രം. വഴിതെറ്റുന്ന സ്ഥാപനങ്ങളെ നിയന്ത്രിച്ചുനിർത്താനും കർശന നടപടികളിലേക്ക് പോകാനും സർക്കാറുകൾക്ക് കഴിഞ്ഞില്ല.

അതിന് പ്രധാന കാരണം രാഷ്ട്രീയ സമ്മർദം തന്നെയായിരുന്നു. എതിരാളികൾ ഭരിക്കുന്ന സംഘങ്ങളിലെ ക്രമക്കേടുകളിൽ മാത്രമാണ് അതത് കാലത്ത് ഭരിക്കുന്നവരുടെ മുന്നിൽ താൽപര്യ വിഷയമായത്. കരുവന്നൂരിൽ ചില സി.പി.എം നേതാക്കളുടെ ഒത്താശയോടെ ബിനാമി വായ്പ നൽകിയതടക്കം ഗുരുതര കണ്ടെത്തലാണ് എൻഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുന്നത്.

കള്ളപ്പണ ഇടപാട് നടത്തിയെന്നും നേതാക്കൾ തട്ടിപ്പുകാർക്ക് ഒത്താശ ചെയ്തുവെന്നുമുള്ള ആരോപണങ്ങൾ ഗൗരവം വർധിപ്പിക്കുന്നുണ്ട്. ആസൂത്രിത ഗൂഢാലോചനയാണ് കൊള്ളക്ക് പിന്നിലെന്നാണ് ഇ.ഡി കണ്ടെത്തൽ. 500 കോടിയുടെ കള്ളപ്പണ ഇടപാട് കരുവന്നൂർ അടക്കം സംഘങ്ങളിലായി നടത്തിയെന്ന പുറത്തുവന്ന വിവരങ്ങൾ സഹകരണ മേഖലക്ക് അപമാനമുണ്ടാക്കുന്നതിനൊപ്പം ആശങ്കയും സൃഷ്ടിച്ചിച്ചിട്ടുണ്ട്.

ചികിത്സക്കും വിവാഹത്തിനുമൊക്കെ പണമെടുക്കാൻ കഴിയാതെ ജനം കഷ്ടപ്പെട്ടപ്പോൾ ഇടപാടുകാരുടെ സഹായത്തിന് ആരുമെത്തിയില്ല. കുറ്റക്കാരെ മുഴുവൻ നിയമത്തിനുമുന്നിൽ കൊണ്ടുവരാനോ തട്ടിപ്പ് നടത്തിയവരിൽനിന്ന് പണം പിടിച്ചെടുക്കാനോ പൊലീസിനായില്ല. കേരളത്തിൽ വട്ടമിട്ട് പറന്നിരുന്ന ഇ.ഡി ആ കളത്തിൽ കയറിക്കളിച്ച് കരുവന്നൂരിൽ പിടിമുറുക്കിപ്പോഴാണ് സർക്കാറും ഭരണപാർട്ടിയും അങ്കലാപ്പിലാകുന്നത്.

ഭരണപക്ഷത്തിനെതിരെ രാഷ്ട്രീയ ആയുധമായി കരുവന്നൂർ ഉയർത്താനാണ് പ്രതിപക്ഷ ശ്രമം. അന്വേഷണം കടുത്തിരിക്കെ, വിവിധ സഹകരണ സ്ഥാപനങ്ങളിൽനിന്ന് സമാഹരിച്ച് ഇടപാടുകാർക്ക് പണം നൽകി താൽക്കാലിക പരിഹാരത്തിന് ഭരണപക്ഷവും ശ്രമിക്കുന്നു.

നിസ്സാരവത്കരണം സൃഷ്ടിച്ച ചതി

സഹകരണ തട്ടിപ്പുകൾ നിസ്സാര വത്കരിക്കുകയാണ് എന്നും സർക്കാറുകൾ ചെയ്തുവന്നത്. ഇതാണ് സഹകരണ മേഖലയിലാകെ ഇപ്പോൾ കരിനിഴൽ വീഴ്ത്തുന്നതിന് കാരണമായത്. തിരുവനന്തപുരത്ത് കെ.എസ്.എഫ്.ഇയുടെ മുൻ ജീവനക്കാരുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ സംഘത്തിൽ പത്ത് വർഷംമുമ്പ് ഒരു തട്ടിപ്പ് നടന്നിരുന്നു.

സംഘം ഭാരവാഹികൾ തന്നെയാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്. കെ.എസ്.എഫ്.ഇയിൽ നിന്ന് വിരമിച്ചവർ, സർക്കാറിൽനിന്നും മറ്റ് വിവിധ സ്ഥാപനങ്ങളിൽനിന്നും വിരമിച്ചവർ, കൂടുതൽ ലാഭം പ്രതീക്ഷിച്ച് നിക്ഷേപം നടത്തിയവർ അടക്കം അനേകരുടെ പണം പോയി.

ഉയർന്ന പലിശ വാഗ്ദാനം ചെയ്തതോടെ സഹകരണ സ്ഥാപനമെന്ന വിശ്വാസത്തിൽ ജനങ്ങൾ പണം നിക്ഷേപിക്കുകയായിരുന്നു. ആദ്യമൊക്കെ കൃത്യമായി പലിശ നൽകിയെങ്കിലും ക്രമേണ മുടങ്ങി. നിക്ഷേപം മടക്കി നൽകാനായില്ല. ഇടപാടുകാർ സമരപാതയിലായി. സർക്കാർ നടപടി മന്ദഗതിയിലായിരുന്നു. പിന്നീട് പൊലീസ് അന്വേഷിക്കുകയും തട്ടിപ്പ് നടത്തിയവരിൽ പ്രധാനിയുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു.

ഇനിയും പ്രശ്നം അവസാനിച്ചിട്ടില്ല. ഭരണസിരാകേന്ദ്രത്തിന് മൂക്കിനുതാഴെ നടന്ന ഈ സംഭവത്തിൽനിന്ന് സർക്കാർ ഒന്നും പഠിച്ചില്ല എന്നതാണ് അതിലേറെ സങ്കടം. സഹകരണ മേഖലയെ വ്യാപിക്കുന്ന ഈ പ്രവണത മുളയിലേ നുള്ളാൻ കഴിയുമായിരുന്നു. അത് ചെയ്തില്ല.

ഒറ്റപ്പെട്ട സംഭവമായി മാത്രം അതിനെ വിലയിരുത്തി. വീണ്ടും പുതിയ തട്ടിപ്പുകൾ വന്നുകൊണ്ടേയിരുന്നു. വിവിധ പാർട്ടികളുടെയും നേതാക്കളുടെയും നിയന്ത്രണങ്ങളിലുള്ള ചില സഹകരണ സംഘങ്ങളും നിക്ഷേപർക്ക് പണം നൽകാതെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നു.

കരുവന്നൂരിന് ശേഷമാണ് സർക്കാർ സഹകരണ തട്ടിപ്പ് ഗൗരവമായി കണ്ടതെന്നുപറയാം. സംസ്ഥാനത്താകെ 16255 സഹകരണ സ്ഥാപനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഘങ്ങളുടെ പ്രവർത്തനം പരിശോധിച്ച് സഹകരണ രജിസ്ട്രാർ നൽകിയ റിപ്പോർട്ടിൽ 272 സ്ഥാപനങ്ങളിൽ ഗുരുതര ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതായാണ് പുറത്തുവന്ന വിവരം.

ഇതിൽ 202 എണ്ണം യു.ഡി.എഫ് ഭരിക്കുന്നതും 63 ഇടതുപക്ഷം ഭരിക്കുന്നതും ഏഴെണ്ണം ബി.ജെ.പി ഭരിക്കുന്നതാണെന്നുമാണ് പരാമർശം. അതേസമയം ഈ റിപ്പോർട്ട് ഇനിയും പൂർണമായി പുറത്തുവന്നിട്ടില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയം തിരിച്ച കണക്കെടുപ്പിന്‍റെ ആധികാരികതയെ പലരും ചോദ്യം ചെയ്യുന്നു.

സി.പി.എമ്മിനും ഇടതുപക്ഷത്തിനുമെതിരെ കരുവന്നൂരിന് പിന്നാലേ വന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ പിടിവള്ളിയാണ് സഹകരണ രജിസ്ട്രാറുടേതായി വന്ന റിപ്പോർട്ടെന്ന് വ്യക്തമാണ്. റിപ്പോർട്ടിലെ വിവരങ്ങളിൽ സ്വാഭാവികമായും യു.ഡി.എഫും വിശദീകരിക്കേണ്ടിവരും.

നിയമസഭയിൽ 2022 ജൂലൈയിൽ ആബിദ് ഹുസൈൻ തങ്ങളുടെ ചോദ്യത്തിന് മന്ത്രി വി.എൻ. വാസവൻ നൽകിയ മറുപടിയും ഇതിനോട് ചേർത്തുവായിക്കണം. സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങളിൽ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം മടക്കി നൽകാൻ കഴിയാത്ത സ്ഥിതിയുണ്ടെന്നാണ് അതിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇത്രയേറെ സ്ഥാപനങ്ങളിൽ ക്രമക്കേട് നടന്നുവെന്ന വകുപ്പിന്‍റെ റിപ്പോർട്ട് ഏറെ ഗൗരവമേറിയതാണ്.

കേന്ദ്രം കണ്ണുവെക്കുന്നത്

കേരളത്തിന്‍റെ സഹകരണ മേഖലയെ ലക്ഷ്യമിട്ട് കേന്ദ്രം നടത്തുന്ന നീക്കങ്ങളുടെയും ഭരണകക്ഷിയായ ബി.ജെ.പി കേരളത്തിലെ സഹകരണ മേഖലക്കെതിരെ ഉയർത്തുന്ന ആരോപണങ്ങളുടെയും സാഹചര്യത്തിൽ കൂടി വേണം അനുദിനം പുറത്തുവരുന്ന തട്ടിപ്പുകളെ വിലയിരുത്താൻ.

സംസ്ഥാന പട്ടികയിലുള്ള സഹകരണത്തിൽ കേന്ദ്രം വകുപ്പിനുതന്നെ രൂപം നൽകിക്കഴിഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആണ് വകുപ്പിന്‍റെ ചുമതലക്കാരൻ. അടുത്ത കാലത്ത് കേന്ദ്രം കൊണ്ടുവന്ന ചില നിയമങ്ങളും കേന്ദ്രം വലിയ ഇടപെടലിന് തയാറെടുക്കുന്നുവെന്ന് സംശയം നൽകുന്നതാണ്.

രാജ്യവ്യാപകമായി സഹകരണ സംഘങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഏകീകൃത രൂപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ നിയമനിർമാണങ്ങൾ വരുന്നു. അന്തർ സംസ്ഥാന സഹകരണ സംഘങ്ങൾ രൂപവത്കരിക്കാനടക്കം കേന്ദ്രത്തിന് കഴിയും.

നിലവിലെ മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റി ആക്ടിൽ ഭേദഗതി വരുത്തിയും ലക്ഷ്യംവെക്കുന്ന സംസ്ഥാനങ്ങളെയും അയൽ സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തി അന്തർസംസ്ഥാന സംഘങ്ങൾ രൂപവത്കരിക്കാനും കേന്ദ്രം തയാറാകുമെന്ന ആശങ്കയുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ പരിധിയാക്കിയാൽ കേരളത്തിന്‍റെ സഹകരണ മേഖലക്ക് തിരിച്ചടിയുണ്ടാകും.

സഹകരണവുമായി ബന്ധപ്പെട്ട് കപൂർ കമ്മിറ്റി റിപ്പോർട്ട്, 2001ലെ വ്യാസ് കമ്മിറ്റി റിപ്പോർട്ട്, 2002ലെ പാട്ടീൽ കമ്മിറ്റി റിപ്പോർട്ട്, 2004ൽ നിയമിച്ച വൈദ്യനാഥൻ കമ്മിറ്റി റിപ്പോർട്ട് തുടങ്ങി നിരവധി നിർദേശങ്ങൾ വന്നിരുന്നു. 2013ലെ ബക്ഷി കമീഷൻ റിപ്പോർട്ട് സഹകരണ മേഖലയുടെ ഘടന മൂന്നുതല സംവിധാനത്തിൽനിന്ന് രണ്ടു തലത്തിലേക്ക് മാറ്റാൻ നിർദേശിച്ചു.

കേരളം ഇതിനെ അതിശക്തമായി എതിർക്കുകയായിരുന്നു. പല സംസ്ഥാനങ്ങളും വൈദ്യനാഥൻ കമീഷന്റെ ശിപാർശ പ്രകാരം കരാറിന് തയാറായപ്പോൾ കേരളമടക്കം ചില സംസ്ഥാനങ്ങൾ വിട്ടുനിന്നു. കേന്ദ്രത്തിൽ നിന്നുവരുന്ന പല നടപടികളും സംസ്ഥാനത്തിന്‍റെ സഹകരണ മേഖലയുടെ താൽപര്യത്തിന് വിരുദ്ധമാണ്.

ഇത്രയും ഗുരുതര സാഹചര്യത്തിലാണ് കേരളത്തിലെ സഹകരണ മേഖലയിൽ തട്ടിപ്പിന്‍റെയും വെട്ടിപ്പിന്‍റെയും കഥകൾ തുടർച്ചയായി വരുന്നത്. കേരളത്തിലെ സഹകരണ മേഖലയെ ലക്ഷ്യമിട്ട് കൂടുതൽ കേന്ദ്ര നടപടികൾ വന്നേക്കാം. ബി.ജെ.പി നേതാക്കൾ ഇത്തരം ചില പരാമർശങ്ങളൊക്കെ നടത്തിക്കഴിഞ്ഞു.

കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി താൽപര്യമില്ലാത്തവർ ഭരിക്കുന്നിടത്തേക്ക് ഇടപെടൽ നടത്തുന്ന രീതിയുണ്ട്. അതിന്‍റെ തുടർച്ചയാണ് കരുവന്നൂരിലെ ഇ.ഡി നടപടിയെന്ന ആരോപണവുമായി പ്രതിരോധിക്കാൻ ഇടതുപക്ഷം ശ്രമിക്കുമ്പോൾ പ്രതിപക്ഷം കരുവന്നൂരിന്‍റെ കാര്യത്തിൽ അത് അംഗീകരിച്ചുകൊടുക്കുന്നില്ല.

കേന്ദ്രം പിടിമുറുക്കാൻ കാത്തിരിക്കെ, വെടക്കാക്കി തനിക്കാക്കാൻ ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കെ സംസ്ഥാനത്തെ സഹകരണ മേഖലയിലെ തെറ്റായ പ്രവണതകൾ ഒട്ടും ആശ്വാസകരമല്ല. കേന്ദ്ര സർക്കാർ ഏതു അറ്റകൈ പ്രയോഗത്തിനും തയാറാകും.

അതുകൊണ്ടുതന്നെ സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഴിമതി, പക്ഷപാതം, തട്ടിപ്പ് എന്നിവ പൂർണമായും ചെറുക്കേണ്ടത് അനുവാര്യതയാണ്. കിട്ടാക്കടത്തിന്റെയും കാര്യക്ഷമതയുടെയും പേരിലാണ് കേന്ദ്രം ഈ മേഖലയിൽ പരിഷ്കാരങ്ങൾക്കു തുടക്കമിട്ടത്. ഇതിനു ആക്കംകൂട്ടാൻ സഹകരണ സ്ഥാപനങ്ങളിലെ തെറ്റായ പ്രവണതകൾ വഴിയൊരുക്കും.

കേരളത്തിൽ സഹകരണ സ്ഥാപനങ്ങളെ ജനങ്ങൾക്ക് വലിയ വിശ്വാസമായിരുന്നു. ദേശസാത്കൃത ബാങ്കുകളും സ്വകാര്യ ബാങ്കുകളും തിരിച്ചടവ് ഉറപ്പാക്കി മാത്രമാണ് വായ്പകൾ നൽകുന്നത്. ഏത് കാര്യത്തിനും സാധാരണക്കാർക്ക് ഓടിയെത്താവുന്നതാണ് സഹകരണ സംഘങ്ങൾ. കൃഷിക്കും വ്യക്തിപരമായ ആവശ്യങ്ങൾക്കും ഒക്കെ ഈ സംഘങ്ങൾ ജനങ്ങൾക്ക് താങ്ങായി.

വാണിജ്യ ബാങ്കുകൾ ഗ്രാമങ്ങളെ ശ്രദ്ധിച്ചു തുടങ്ങിയതുതന്നെ അടുത്ത കാലത്താണ്. ഗ്രാമീണ മേഖലയിൽ ബാങ്ക് എന്നാൽ സഹകരണ സംഘങ്ങൾ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ നിക്ഷേപങ്ങളും ആ സംഘങ്ങളിലേക്ക് എത്തി. 127000 കോടിയുടെ നിക്ഷേപമാണ് സഹകരണ സ്ഥാപനങ്ങളിൽ. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്ര വിപുലമായ സഹകരണ ശൃംഖല ഇല്ല.

കേരളത്തിൽ വലിയ വിപ്ലവം സൃഷ്ടിച്ച മേഖലയാണ് സഹകരണം. പാൽ വിതരണം ചെയ്യുന്ന മിൽമ തന്നെ എല്ലാവരുടെയും മുന്നിലുള്ള ഏറ്റവും മികച്ച ഉദാഹരണം. മെഡിക്കൽ കോളജും എൻജിനീയറിങ് കോളജുകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും പൊതുവിതരണ ശൃംഖലകളും ഒക്കെ സഹകരണ മേഖലയിലൂടെ ഉയർന്നുവന്നു. കേരളത്തിന്‍റെ ജനജീവിതത്തിലും വികസനത്തിലും ആഴത്തിൽ വേരൂന്നിയ മേഖലയാണിത്.

ഈ മേഖലയിൽ നടക്കുന്ന ഏത് ആഘാതവും ജനങ്ങളെയും നാടിനെയുമാണ് ബാധിക്കുക. രാഷ്ട്രീയക്കാർ അഴിമതിക്ക് ചുക്കാൻ പിടിക്കുമ്പോൾ അവരെ സംരക്ഷിക്കുന്ന നിലപാട് ഈ മേഖലയെയാണ് തകർക്കുക.

ഇടപെടാൻ തക്കം പാർത്തിരിക്കുന്നവർക്ക് ഇത് അവസരമായി മാറുകയും ചെയ്യും. അഴിമതിക്കും ക്രമക്കേടിനുമെതിരെ ശക്തമായ നടപടിയെടുത്തും കുറ്റക്കാരെ ശിക്ഷിച്ചും നിയമം കർശനമാക്കിയും നിക്ഷേപകരുടെ ആശങ്കയകറ്റിയും സഹകരണ മേഖല ശക്തിപ്പെടുത്താൻ ഇനിയും വൈകിക്കൂടാ.

Tags:    
News Summary - Karuvannur-cooperative bank-frauds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT