ഉരുൾപൊട്ടിയ കവളപ്പാറ (ഫയൽ ചിത്രം)

കവളപ്പാറയുടെ കണ്ണുനീർ

2019 ആഗസ്റ്റ് എട്ടിനാണ്​ വയനാട്ടിലെ പുത്തുമലയിലും മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ കവളപ്പാറയിലും ഉരുൾദുരന്തം സംഭവിച്ചത്. കവളപ്പാറയിലെ മുത്തപ്പൻകുന്ന് ഘോരശബ്ദത്തോടെ ഇടിഞ്ഞു കുത്തിയൊലിച്ച്​ 59 മനുഷ്യർ മണ്ണിനടിയിലായി. രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു. 18 ദിവസം നീണ്ട തിരച്ചിലിൽ 48 മൃതദേഹങ്ങൾ കണ്ടെടുത്തു. അവശേഷിക്കുന്ന 11 പേർക്കായി ഇനി തിരച്ചിൽ വേണ്ടെന്ന് സർക്കാറിനും ബന്ധുക്കൾക്കും തീരുമാനിക്കേണ്ടിവന്നു. ഇവിടെ 46 വീടുകൾ പൂർണമായും 26 വീടുകൾ ഭാഗികമായും തകർന്നു. മൊബൈൽ -വൈദ്യുതി ടവറുകൾ തകർന്ന്​ വാർത്താവിനിമയം മുടങ്ങിയതിനാൽ ദുരന്തം സംഭവിച്ച് 12 മണിക്കൂറോളം കഴിഞ്ഞാണ് പുറംലോകമറിഞ്ഞത്.

രക്ഷാപ്രവർത്തനവും വൈകി. ഒന്നരക്കിലോമീറ്റർ അകലെ പാതാറിൽ അന്ന് വൈകീട്ട് നടന്ന മലയിടിച്ചിലിൽ ആൾനാശമുണ്ടായില്ല. അതേസമയം അങ്ങാടിയും പള്ളിയും നാമാവശേഷമായി.10 വീടുകൾ പൂർണമായും 20 കടകൾ, നൂറോളം വീടുകൾ ഭാഗികമായും നിരവധി കൃഷിസ്ഥലങ്ങളും നിമിഷനേരം കൊണ്ട് ഭീമൻ ഉരുളൻ പാറകൾ കൊണ്ട് നിറഞ്ഞു. ശക്തമായ മഴയെ തുടർന്ന് അപകടസാധ്യത മുന്നിൽക്കണ്ട് ഇവിടുന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചില്ലായിരുന്നെങ്കിൽ മറ്റൊരു മുണ്ടക്കൈയോ ചൂരൽമലയോ ആയി മാറുമായിരുന്നു പാതാർ ഉരുൾദുരന്തം.

പോരാടി നേടിയ പുനരധിവാസം

കവളപ്പാറയിലും പാതാറിലും ദുരന്താനന്തര പുനരധിവാസം ഇതിനകം ഭാഗികമായി പൂർത്തിയായി എന്നേ പറയാനാവൂ. അതുതന്നെ യാഥാർഥ്യമാവാൻ സർക്കാറും ഇരകളും തമ്മിൽ നിയമയുദ്ധം വേണ്ടിവന്നു. കവളപ്പാറക്കാരുടെ പുനരധിവാസവും കർഷകരുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഏഴ് കേസുകളാണ് ഹൈകോടതിയിലെത്തിയത്. കോടതി കർശനമായി ഇടപെട്ടതിനെ തുടർന്നാണ് പദ്ധതി യാഥാർഥ്യമായിത്തുടങ്ങിയത്. കർഷകരുടെ നഷ്ടപരിഹാരം, ബാങ്ക് ലോൺ തിരിച്ചടക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഹൈകോടതിയിൽ ഇപ്പോഴും കേസ് നടക്കുകയാണ്.

ദുരന്തം നടന്ന് ഇരുപതാമത്തെ ദിവസം ‘റിബിൽഡ് നിലമ്പൂർ’ പ്രഖ്യാപനം നടന്നു. വിവിധ സംഘടനകൾ ചേർന്ന്​ 600 വീടുകൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും 128 വീടുകളാണ് കവളപ്പാറയിലെ ഇരകൾക്ക് നാലുവർഷം കൊണ്ട് ലഭിച്ചത്. പുനരധിവസിപ്പിക്കപ്പെട്ടവരിൽ 32 ആദിവാസി കുടുംബങ്ങളും 96 ജനറൽ കാറ്റഗറിയിലുള്ളവരുമാണ്. 24 കുടുംബങ്ങൾ താമസിക്കുന്ന ഞെട്ടിക്കുളത്തെ പദ്ധതിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. 32 ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന ആനക്കല്ല് പദ്ധതിയിൽ കുടിവെള്ളവും റോഡുമില്ലാത്തതിനാൽ കടുത്ത ദുരിതത്തിലാണ് ആളുകൾ കഴിയുന്നത്.

ജിയോളജി വിഭാഗത്തിന്റെ പഠനറിപ്പോർട്ട് പ്രകാരം ദുരന്തസാധ്യത കണക്കിലെടുത്ത് കവളപ്പാറയുടെ അഞ്ഞൂറ് മീറ്റർ ചുറ്റളവിലുള്ളവരെ മാറ്റിപ്പാർപ്പിക്കണം. അതുപ്രകാരം 71 കുടുംബങ്ങളെ ഇനിയും മാറ്റിപ്പാർപ്പിക്കേണ്ടതുണ്ട്. മഴ ശക്തമാവുമ്പോഴേക്കും ഈ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ് നിലവിലെ രീതി.

സർക്കാറും വിവിധ സന്നദ്ധ സംഘടനകളും കൈകോർത്താണ് പുനരധിവാസം സാധ്യമാക്കുന്നത്. കവളപ്പാറയിലെ 33 കുടുംബങ്ങൾക്ക് സർക്കാർ നൽകിയ ഭൂമിയിൽ പ്രവാസി വ്യവസായി എം.എ. യൂസുഫലി വീട് വെച്ചുനൽകി. പീപ്ൾസ് ഫൗണ്ടേഷൻ ഭൂമി വിലക്കെടുത്ത് 39 വീടുകൾ നിർമിച്ചു നൽകി. ഫെഡറൽ ബാങ്കിന്റെ ഭവനപദ്ധതിയും ഇവിടെ യാഥാർഥ്യമായി. മുസ്‍ലിം ലീഗിന്റെ പത്ത് വീടുകളുടെ ഭവനപദ്ധതി പണി പൂർത്തിയായിട്ടുണ്ട്. മറ്റ് നിരവധി സംഘടനകളും സ്ഥാപനങ്ങളും വീടുകൾ വാഗ്ദാനം ചെയ്തിരുന്നു.

സ്ഥലം വാങ്ങാൻ ആറുലക്ഷവും വീടിന് നാലുലക്ഷവും വീതമാണ് സർക്കാർ അനുവദിച്ചത്. ഈ തുക കൊണ്ടുമാത്രം വീട് നിർമാണം സാധ്യമായിരുന്നില്ല. സന്നദ്ധ സംഘടനകളുടെയും മനുഷ്യസ്നേഹികളുടെയും ഇടപെടൽ കൂടിച്ചേർന്നപ്പോഴാണ് പുനരധിവാസം സാധ്യമായത്. 20 കോടിയാണ് സർക്കാർ കവളപ്പാറ പുനരധിവാസത്തിന് ചെലവഴിച്ചത്.

പാതാർ ഇപ്പോഴത്തെ ചിത്രം -പി. അഭിജിത്ത്

 

കർഷകരുടെ നഷ്ടത്തിന് പരിഹാരമായില്ല

ദുരന്തത്തിൽ കൃഷിഭൂമി നഷ്ടപ്പെട്ട കർഷകരുടെ നഷ്ടത്തിന് ഇനിയും പരിഹാരമായിട്ടില്ല. പത്ത് സെന്റ് മുതല്‍ എട്ട് ഏക്കർ വരെ കൃഷിയിടങ്ങളുണ്ടായിരുന്ന നൂറോളം കര്‍ഷകരുടെ ജീവിതോപാധിയാണ് കവളപ്പാറയിൽ കുത്തിയൊലിച്ചുപോയത്. നഷ്ടപരിഹാരം നല്‍കുകയോ ദുരന്തഭൂമി കൃഷിക്ക് അനുയോജ്യമാക്കിയെടുക്കാനുള്ള നടപടികൾ സ്വീകരിക്കുകയോ വേണമെന്ന്​ കർഷകർ നിരന്തരം പരാതി നൽകിയിട്ടും സർക്കാറിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല.

നവകേരളയാത്രയിൽ ഉൾപ്പെടെ മുഖ്യമന്ത്രിക്കും കൃഷിവകുപ്പിനും പരാതി നൽകിയ കർഷകർ പരിഹാരം കിട്ടാതെ നിരാശയിലാണ്. കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ദുരന്ത നിവാരണ അതോറിറ്റിയും ജിയോളജി, കൃഷി, റവന്യൂ വകുപ്പുദ്യോഗസ്ഥരുടെ സംഘവും കഴിഞ്ഞ വർഷം കവളപ്പാറ സന്ദർശിച്ചിരുന്നു. എന്നാൽ, പരിഹാര നടപടികളൊന്നുമുണ്ടായില്ല. കവളപ്പാറ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട വേലായുധന് സർക്കാർ, വീടിന് അനുവദിച്ച പണത്തിൽനിന്ന് ഗ്രാമീൺ ബാങ്ക് ഒരു ലക്ഷം രൂപ വസൂലാക്കിയതുസംബന്ധിച്ച കേസ് ഹൈകോടതിയിൽ നടക്കുകയാണ്.

 

പാതാർ ഉരുൾപൊട്ടിയ സമയത്തെ ചിത്രം

പോരാളി ദിലീപ്

കവളപ്പാറ ദുരന്തത്തിൽ ഇരകൾക്കുവേണ്ടി പോരാടി ഉയർന്നുവന്ന നേതാവും ജനപ്രതിനിധിയുമാണ് എം.എസ്. ദിലീപ്. ഡി.വൈ.എഫ്.ഐയുടെ മേഖലാ സെക്രട്ടറിയായിരുന്ന ദിലീപ് പാർട്ടി ചട്ടക്കൂടുകൾക്ക് പുറത്തുവന്ന് കവളപ്പാറക്കാരുടെ പ്രശ്നപരിഹാരത്തിനായി നിയമപരമായും രാഷ്ട്രീയമായും പോരാടി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് ജനപ്രതിനിധിയായി. കവളപ്പാറ പുനരധിവാസ വിഷയത്തിൽ സ്ഥലം എം.എൽ.എ പി.വി. അൻവറും മുൻ മലപ്പുറം കലക്ടറും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യം വരെയുണ്ടായി.

ഇതിനിടയിൽ ഇരകളുടെ പുനരധിവാസം അനിശ്ചിതത്വത്തിലായി. ക്യാമ്പുകളിൽനിന്നുള്ള മോചനം അനിശ്ചിതത്വത്തിലായി. ആ ഘട്ടത്തിൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ഹൈ​കോടതിയെ സമീപിച്ചതും പിന്നീട്​ വിവിധ വിഷയങ്ങളിൽ ഇരകൾ കോടതി കയറിയതും ദിലീപിന്റെ നേതൃത്വത്തിലായിരുന്നു. ഇപ്പോഴും പോരാട്ടം തുടരുകയാണെന്ന് ദിലീപ് പറയുന്നു.

തുടരും

Tags:    
News Summary - Kavalapara Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.