ചില കേസുകളെ കാലം ഇല്ലാതാക്കും. മറ്റുചില കേസുകളാകട്ടെ, കാലത്തെത്തന്നെ അതിജീവിക്കും. സിസ്റ്റർ അഭയ കേസിൽ വിചിത്രമായ നാൾവഴികളാണുണ്ടായത്. ദുരൂഹസാഹചര്യത്തിലുള്ള മരണം കൊലപാതകമായിരുന്നുവോ എന്നും ഇക്കാര്യത്തിൽ തെളിവ് നശിപ്പിക്കലും മറ്റും ഉണ്ടായിട്ടുണ്ടോ എന്നും ചോദ്യമുയർന്നു. അന്വേഷണത്തിെൻറ വിവിധ ഘട്ടങ്ങൾ തികച്ചും വെല്ലുവിളികൾ നിറഞ്ഞവയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരിൽ ചിലർ ആരോപണവിധേയരായി. മറ്റു ചിലരുടെ പ്രവർത്തനങ്ങൾ ശ്ലാഘിക്കപ്പെട്ടു. 28 വർഷത്തിനുശേഷം കേസിലെ ഒന്നും മൂന്നും പ്രതികൾ കുറ്റക്കാരാണെന്ന് സി.ബി.ഐ കോടതി കണ്ടെത്തിയപ്പോൾ സംസ്ഥാനത്തിെൻറ നിയമചരിത്രത്തിൽ അതൊരു നാഴികക്കല്ലായി. അഭയയുടെ മരണം കൊലപാതകമാണെന്ന നിലപാടെടുത്ത സി.ബി.ഐ മുൻ ഉദ്യോഗസ്ഥൻ വർഗീസ് പി. തോമസ് മുതൽ മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽവരെ പലരും വിവിധ തലങ്ങളിൽനിന്നു ഈ കേസിെൻറ നടത്തിപ്പിനും പുരോഗതിക്കും ഫലപ്രാപ്തിക്കുമായി തങ്ങളാൽ കഴിയുന്നത് ചെയ്തു. ഒപ്പം കേരളത്തിലെ മാധ്യമങ്ങൾ ഇക്കാര്യത്തിൽ പൊതുവെ കാണിച്ച ജാഗ്രതയും പ്രധാനമാണ്.
ക്രിമിനൽ നടപടിക്രമത്തിലെ 468ാം വകുപ്പ് കുറ്റകൃത്യങ്ങൾ കാലഹരണപ്പെടുന്നതിനെ കുറിച്ചാണ് പറയുന്നത്. എന്നാൽ, കൊലപാതകം പോലെയുള്ള ഹീനവും ഗൗരവപ്പെട്ടതുമായ കുറ്റകൃത്യങ്ങൾക്ക് കാലഹരണ തത്ത്വം ബാധകമല്ല. താരതമ്യേന ലഘുവായ കുറ്റകൃത്യങ്ങൾക്കുമാത്രം ലഭ്യമാകുന്നതാണ് 'കാലഹരണപ്പെട'ലിെൻറ ആനുകൂല്യം. ഈ നിയമതത്ത്വം നീതിയുടെ സൂത്രവാക്യം കൂടിയാണ്. കാലതാമസത്തെ അതിജീവിച്ച നീതിബോധം ഒരു സമൂഹവും അതിെൻറ സ്ഥാപനങ്ങളും കാണിക്കുേമ്പാഴാണ് മനുഷ്യവർഗത്തിന് ഭാവിയിലേക്ക് ശുഭാപ്തി വിശ്വാസത്തോടെ നോക്കാൻ കഴിയുക. ഇത്തരത്തിലുള്ള രണ്ട് കേസുകളാണ് പ്രധാനമായും കേരളത്തിലുണ്ടായത്. ആദ്യത്തേത് വർഗീസ് കേസാണ്.
1970 ഫെബ്രുവരി 18ാം തീയതി തിരുനെല്ലി കാടുകളിൽ വെടിയേറ്റു മരിച്ച വർഗീസിെൻറ കേസിൽ കേരള ഹൈകോടതിയിലെ ജസ്റ്റിസ് സി.എസ്. രാജൻ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് ഏതാണ്ട് 29 വർഷത്തിനു ശേഷമായിരുന്നു. പിന്നീട് ആ കേസിൽ മുൻ ഐ.ജി ലക്ഷ്മണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും അദ്ദേഹത്തിന് ശിക്ഷ വിധിച്ചതും 2010ൽ ആയിരുന്നു-40 വർഷത്തിനു ശേഷം. രണ്ടാമത്തെ സുപ്രധാന കേസ് അഭയ കേസ് തന്നെ. കേസിെൻറ വിവിധ ഘട്ടങ്ങളിൽ പല തടസ്സങ്ങളും വിവാദങ്ങളും ആക്ഷേപങ്ങളുമാണുണ്ടായത്. ഇവയെല്ലാം തരണം ചെയ്തശേഷം ഒരു വിചാരണക്കോടതി നടത്തിയ കണ്ടെത്തലിലൂടെ ഒരു സംവിധാനം കൂടിയാണ് തലയുയർത്തി നിൽക്കുന്നത്. ഇന്ത്യയിലെ വിചാരണക്കോടതികൾ ക്രിമിനൽ നിയമരംഗത്ത് ശ്ലാഘനീയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. സി.ബി.ഐ കോടതിയുടെ വിധി ഇതുമായി ബന്ധപ്പെട്ട തെളിവുകളും സാക്ഷിമൊഴികളും വിശദമായി പരിശോധിച്ചിട്ടുണ്ട്.
എന്നാൽ, അഭയ കേസിലെ സംഭവവികാസങ്ങളും ഇപ്പോഴുണ്ടായ വിധിയും നൽകുന്ന പാഠങ്ങൾ ഉൾെക്കാള്ളാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി ഇതുപോലെ ജനശ്രദ്ധയാകർഷിച്ച കേസിെൻറ തീർപ്പുപോലും ഇത്രയും കാലതാമസമുണ്ടായെന്നിരിക്കെ മറ്റു കേസുകളുടെ സ്ഥിതി എന്താണെന്ന് സ്വയം വിമർശനപരമായി പരിശോധിക്കാൻ അധികാരികൾക്ക് കഴിയണം. 2.8 കോടിയിൽ പരം കേസുകളാണ് ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്നത്. ഇതിൽ സിംഹഭാഗവും വിചാരണക്കോടതികളിൽത്തന്നെയാണ്. ഇൗ വിഷയത്തിൽ ഗൗരവതരമായ രക്ഷാപ്രവർത്തനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. രണ്ടാമതായി, മാധ്യമങ്ങളിലെ വിചാരണയും മാധ്യമജാഗ്രതയും തമ്മിലുള്ള വ്യത്യാസം എന്തെന്ന് അഭയ കേസ് കാണിച്ചുതന്നിട്ടുണ്ട്. കേവലമായ സെൻസേഷണലിസത്തിനപ്പുറം, സമൂഹ മനഃസാക്ഷിയുടെ ഒപ്പംനിൽക്കാനും വിഷയത്തിൽ അന്തർഭവിച്ച നീതിയുടെ പ്രശ്നങ്ങൾ നിരന്തരം ഉന്നയിക്കാനും മാധ്യമങ്ങളും ചില പൗരാവകാശ പ്രവർത്തകരും നിരന്തരം ശ്രമിച്ചു. അത്തരം ശ്രമങ്ങൾ വിഫലമായില്ല എന്നത് നിയമവാഴ്ച നിലനിൽക്കണമെന്നാഗ്രഹിക്കുന്ന എല്ലാവർക്കും ആശ്വാസം നൽകുന്ന കാര്യമാണ്.
ഏതായാലും വിചാരണക്കോടതിയുടെ വിധി അന്തിമമാകണമെന്നില്ല. ശിക്ഷിക്കപ്പെട്ടവർക്കും അവരുടേതായ വാദങ്ങളും ന്യായങ്ങളും ഉണ്ടാകാം. അവർ അക്കാര്യങ്ങൾ അപ്പീൽ മുഖേന ഉന്നയിക്കുകയും ചെയ്തേക്കാം. നാളെ എന്തെല്ലാം സംഭവിച്ചാലും ശരി, നീണ്ട കാലതാമസത്തിനുശേഷം ഈ കേസിൽ ഇപ്പോഴുണ്ടായ വിധി സൃഷ്ടിച്ച നീതിയുടെ ഓളങ്ങൾ സമൂഹത്തിൽ അലയടിച്ചുകൊണ്ടിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.