കേരളവർമ പഴശ്ശിരാജ: പോരാട്ടത്തിന്‍റെ മറ്റൊരു പേര്

കേരളവർമ പഴശ്ശിരാജയുടെ വീരരക്തസാക്ഷി ദിനമാണിന്ന്​. 1805 നവംബർ 30 നാണ്​ വയനാട്​​ പുൽപള്ളിക്കാട്ടിലെ കങ്കണംകോട്ടക്ക്​ സമീപത്തുവെച്ച്​ അദ്ദേഹം വീരചരമം പ്രാപിക്കുന്നത്​. മരണത്തെക്കുറിച്ച്​ രണ്ട്​ തരം അഭിപ്രായങ്ങളുണ്ട്​. ഈ റിപ്പോർട്ട്​ ബ്രി​ട്ടീഷുകാരുടെ രേഖകളിൽ ലഭ്യമാണ്​​. ഒരു ഭാഗത്ത്​ പറയുന്നത്​ ഏറ്റുമുട്ടലിൽ മരിച്ചുവെന്നാണ്​. അ​തേ റിപ്പോർട്ടിന്‍റെ മറ്റൊരുഭാഗത്ത്​ കുറച്ചു​ ദൂരെ ഒരു വെടിയൊച്ചകേട്ടുവെന്നും സൂചിപ്പിക്കുന്നു.

തലശ്ശേരി സബ് കലക്ടറായ തോമസ് ഹാർവേ ബാബറിന്‍റെ നേതൃത്വത്തിലെ സൈന്യവും ബ്രിട്ടീഷ്​ പക്ഷപാതിയായ കരുണാകരമേനോനും സംഘവും പഴശ്ശിരാ​ജയെ പിടികൂടാൻ പുൽപള്ളികാട്ടിലെത്തിയിരുന്നു. കരുണാകരമേനോനെ കണ്ട പഴശ്ശി `ഛീ മാറി നിൽക്ക് ഇ​ല്ലേൽ നിന്നെ ഞാൻ വധിക്കും' എന്ന് പറഞ്ഞശേഷം പിന്നെ കേൾക്കുന്നത് വെടിയൊച്ചയാണെന്നും പറയുന്നു. അതിനാൽ പഴശ്ശി വെടിവെച്ച് ആത്മഹത്യ ചെയ്​തതായിരിക്കാ​മെന്ന്​ കണക്കാക്കുന്നു. ഇതിനിടയിൽ നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള ഐതിഹ്യം വൈരംവിഴുങ്ങി ആത്മഹത്യചെയ്​തെന്നാണ്​. ഇത്​, ശരിയാവാൻ വഴിയില്ല. വൈരം വിഴുങ്ങിയാൽ ഉടൻ മരണം ഉണ്ടാകില്ലെന്ന്​ ശാസ്​ത്ര ലോകം അഭിപ്രായപ്പെടുന്നു. ബ്രിട്ടീഷ്​ സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലാത്ത സമരം ഹൃദയത്തിൽ കുറിച്ച രാജാവാണ്​ പഴശ്ശി. അദ്ദേഹത്തിനു​ ബ്രിട്ടീഷ്​ അനുകൂലികളുടെ വെടിയുണ്ടകൾക്ക്​ കീഴടങ്ങുന്നതിനേക്കാൾ അഭിമാനം ആത്മഹത്യതന്നെയായിരിക്കുമെന്ന്​ നമുക്കുറപ്പിക്കാം. ചരിത്രം അതാണ്​ നമ്മെ പഠിപ്പിക്കുന്നത്​.

സമാനതകളില്ലാത്ത സമരവീര്യം

നമ്മുടെ രാജ്യത്ത്​ നിരവധി പ്രതാപികളായ രാജാക്കന്മാരുണ്ടായിരുന്നു. എന്നാൽ, അവർക്കൊന്നും ലഭിക്കാത്ത അംഗീകാരം പഴശ്ശിരാജക്ക്​ ലഭിക്കുന്നതായി നൂറ്റാണ്ടു​കൾക്കിപ്പുറത്തുനിന്ന് നമുക്ക്​​ ബോധ്യപ്പെടുന്നുണ്ട്​. ജനകീയതയാണ്​ പഴശ്ശിയുടെ മുഖമുദ്ര. അദ്ദേഹം ഏത്​ മൂല്യങ്ങൾക്ക്​ വേണ്ടി നില​നിന്നുവോ ആ മൂല്യങ്ങളെ ഇന്നും കേരളം ആദരിക്കുന്നതുകൊണ്ടാണ്​ നാമിന്നും ആ ഓർമ ​കൊണ്ടുനടക്കുന്നത്​. സംസ്​ഥാനത്തെ എല്ലാ പഴശ്ശിസ്​മാരകങ്ങളിലൂടെയും ഈ സ്​മരണ നിലനിൽക്കുകയാണ്​. പഴശ്ശിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം കോട്ടയം നാടിന്‍റെ മോചനമായിരുന്നു. അന്ന്​, ഇന്നുകാണുന്ന ​രീതിയിൽ ​ദേശീയത വളർന്നുവന്നിരുന്നില്ല. ജർമനിപോലുള്ള നാടുകളിൽ 1880കളിലാണ്​ ദേശീയതാസങ്കൽപം രൂപം കൊണ്ടത്​. അപ്പോൾ അതിനുമുമ്പുതന്നെ ഇന്ത്യയിൽ ദേശീയ കാഴ്ചപ്പാട്​ ഉണ്ടാകണമെന്ന്​ നാം ആഗ്രഹിക്കുന്നതിൽ അർഥമില്ല. അദ്ദേഹത്തിന്‍റെ പോരാട്ടങ്ങളെ തെറ്റായി ചിത്രീകരിച്ച്​ തള്ളിക്കളയുന്ന ചില ചരിത്രകാരന്മാരെ കേരളത്തിൽ തന്നെ കാണാം. എന്നാൽ, 'ബ്രിട്ടീഷുകാർ എത്ര വലിയ ശക്തിയായാലും ഞാൻ ചെറുത്തുനിൽക്കും, വേണ്ടി വന്നാൽ ആത്മത്യാഗം തന്നെ ചെയ്യു'മെന്നും​ പറഞ്ഞ ഒരേയൊരു യുവരാജാവിനെ മാത്രമേ ഇന്ത്യാചരിത്രത്തിൽ കാണാൻ കഴിയൂ, അതാണ്​ പഴശ്ശി.

ടിപ്പുവിനെ അദ്ദേഹം സഹായിച്ചുവെച്ച്​ ആരോപണമായി പറയുന്നവരുണ്ട്​. വയനാടിന്‍റെ മോചനമായിരുന്നു പ​ഴശ്ശി അപ്പോഴെല്ലാം സ്വപ്​നം കണ്ടതെന്ന്​ കാണാം. ടിപ്പുവുമായുള്ള സൗഹൃദം കൊണ്ടാണ്​ മൈസൂർ രാജ്യത്തിലേക്ക്​ പലായനം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞത്​. പഴശ്ശിരാജാവിന്‍റെ ഏറ്റവും വലിയ ഗുണം ആദിവാസികൾക്കൊപ്പം നിന്നുവെന്നതായിരുന്നു. ആദിവാസികളും കർഷകരും അദ്ദേഹത്തെ സ്​നേഹിച്ചു. പഴശ്ശി​ക്കുവേണ്ടി ആത്മാഹുതി ചെയ്യാൻ തയാറായ ആദിവാസികളെ കാണാൻ കഴിയുന്നത്​ അതുകൊണ്ടാണ്​.

കുറിച്യരും കുറുമരുമെല്ലാം പഴശ്ശിക്കൊപ്പം ഗറില്ല യുദ്ധമുറകളിൽ പങ്കാളികളായി. അദ്ദേഹത്തിനു വേണമെങ്കിൽ കേരളത്തിലെ മറ്റു രാജാക്കന്മാരെപ്പോലെ ബ്രിട്ടീഷ്​ കമ്പനിയുമായി സഖ്യം ചെയ്​തുകൊണ്ട്​ നികുതിപ്പണം സ്വീകരിച്ച്​ ​കമ്പനിക്കെത്തിച്ച്​ സുരക്ഷിതനാവാമായിരുന്നു. അതിന് തയാറായിരുന്നില്ല കാരണം, ആ നികുതി കർഷകരെ പിഴിഞ്ഞെടുക്കുന്നതിന് സമാനമാണെന്ന്​ തിരിച്ചറിഞ്ഞിരുന്നു. അതിനാലാണ്​ ബ്രിട്ടീഷുകാരുമായി കരാറിലേർപ്പെടാതിരുന്നത്​.

ജനകീയനായ പഴശ്ശി

1893ൽ മലബാർ ബ്രിട്ടീഷ്​ അധീനത്തിൽ വന്നതോടുകൂടിയാണ്​ ടിപ്പുവും പഴശ്ശിയും കമ്പനിയുടെ കണ്ണിലെ കരടായിമാറുന്നത്​. ടിപ്പുവിനെയും പഴശ്ശിയെയും ഒന്നിച്ച്​ അമർച്ചചെയ്യുവാനായാണ്​ വെല്ലസ്ലിപ്രഭുവിനെ ഗവർണർ ജനറലായി നിയമിക്കുന്നതുപോലും​. ഗവർണർ ജനറൽ ടിപ്പുവിനോട്​ എങ്ങനെ​ പെരുമാറിയോ അതേ രീതി തന്നെയാണ്​ പഴശ്ശിയോടും സ്വീകരിച്ചത്​. ഇങ്ങനെ പരിശോധിക്കു​മ്പോൾ കേരളത്തിലെ അത്യുജ്ജ്വലമായ അധ്യായമാണ്​ പഴശ്ശിയുടെ ജീവിതം. സ്വന്തമായി വിഭവങ്ങളോ, സൈന്യമോ, പടക്കോപ്പുകളോ ഇല്ലാതെ, എങ്ങനെയാണ്​ ഏതാണ്ട്​ 12 വർഷം കമ്പനിപ്പടയോട്​ ഏറ്റുമുട്ടിയത്​. ഇതെങ്ങനെ സാധിച്ചുവെന്ന്​ അത്ഭുതപ്പെടുന്ന ​നിരവധി എഴുത്തുകൾ ബ്രിട്ടീഷുകാരുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടായിട്ടുണ്ട്​. അപ്പോഴാണ്​ ചൈനയിലൊക്കെ സംഭവിച്ചതുപോലെ ജനകീയ സേനയായിരുന്നു പഴശ്ശിയുടേതെന്നു കാണാൻ കഴിയുന്നത്​.

സൈനികർക്ക്​ ഭക്ഷണമൊരുക്കിയതും മറ്റും കാർഷിക സമൂഹം തന്നെയായിരുന്നു. അതിനാൽ സൈന്യത്തിന് ചെലവ്​ ചുരുക്കമായിരുന്നു.

തലശ്ശേരിയിലെ ​കേയിയായിട്ടുള്ള മൂസയെ നാടുകടത്തിയില്ലായിരുന്നെങ്കിൽ പഴശ്ശിയെ കീഴ്​പ്പെടുത്താൻ കഴിയില്ലായിരുന്നുവെന്ന്​ പറയുന്ന റിപ്പോർട്ടുകളുണ്ട്​. പഴശ്ശിയിൽ നിന്ന്​ കുരുമുളക്​ സ്വീകരിച്ച്​ അദ്ദേഹത്തിനു വെടിമരുന്നും ​തോക്കുകളുമെത്തിച്ച്​ കൊടുത്തത്​ മൂസയായിരുന്നു. മൂസയെ അറസ്റ്റ്​ ചെയ്യാൻ ബ്രിട്ടീഷുകാർ തയാറായിരുന്നില്ല. കാരണം വലിയ സാമ്പത്തിക ശക്തിയായിരുന്നു മൂസ. അദ്ദേഹത്തിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ കമ്പനിയുടെ വക്താക്കളും സ്വീകരിക്കാറുണ്ടായിരുന്നു. ഇതിൽ നിന്ന്​ ഒരു കാര്യം വ്യക്തമാണ്​ പഴശ്ശിക്ക്​ സമൂഹത്തിലെ എല്ലാതലത്തിലും സ്വാധീനമുണ്ടായിരുന്നു.

കാർഷിക വിഭവങ്ങളിൽ ചന്ദനം, കുരുമുളക്​, ഏലം തുടങ്ങിയവയുടെ വില നിശ്ചയിച്ചത്​ കമ്പനിയായിരുന്നു. ഉദാഹരണത്തിന്​

ഒരു കണ്ടി കുരുമുളക്​ കമ്പനി 100 രൂപക്ക്​ വാങ്ങിയപ്പോൾ, മാഹിയിലെ ഫ്രഞ്ചുകാർ 200 രൂപ നൽകിയെന്ന്​ ചരിത്രകാരി പമീല നൈറ്റിങ്​ഗേൾ രേഖപ്പെടുത്തുന്നു.

ഇന്ന്​ മൾട്ടിനാഷനൽ കമ്പനികളാണ്​ വില നിശ്ചയിക്കുന്നത്​. കർഷകരെ പാപ്പരാക്കുന്ന സമീപനമാണ്​ അക്കാലത്തുതന്നെ​ ബ്രിട്ടീഷുകാർക്കുണ്ടായിരുന്നത്​. അവിടെയാണ്​ പഴശ്ശിയുടെ ഇടപെടൽ ആദിവാസികൾക്കും കർഷകർക്കും പ്രിയപ്പെട്ടതായി തീർന്നത്​.

എന്‍റെ വ്യക്തിപരമായ ഒരനുഭവം പറയാം 1972ൽ ആദ്യമായി വയനാട്ടിൽ പഴശ്ശിയെ കുറിച്ച്​ പ്രസംഗിക്കാൻ പോയപ്പോൾ, ഏതാണ്ട്​ 25നാഴിക അകലെ നിന്ന്​ കുറുമ സമുദായത്തിൽപെട്ട ചെറുപ്പക്കാരൻ നടന്നുവന്നിരുന്നു. പഴശ്ശിയെന്ന ഓർമ​ എത്രമാത്രം ആവേശമായി നിലനിൽക്കുന്നുവെന്നതിന്‍റെ ദൃഷ്​ടാന്തമായിരുന്നു​ ആ സംഭവം. തലശ്ശേരി സബ് കലക്ടറായ തോമസ് ഹാർവേ ബാബറാണ്​ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന്​ റിപ്പോർട്ട്​ അയച്ചത്​. എന്നാൽ, വസ്​തുത മറ്റൊന്നായിരുന്നുവെന്ന്​ കാലം നമ്മെ ബോധ്യപ്പെടുത്തി. നാളിതുവരെയുള്ള വിവിധങ്ങളായ സമരങ്ങൾക്ക്​ പഴശ്ശിയുടെ ധീരത വിത്തുപാകിയിട്ടുണ്ട്​. ഞാനിതിനെ വിശേഷിപ്പിക്കുന്നത്​ കർഷക കലാപമെന്നാണ്​. ഇന്ത്യയിലാകെ ഇത്തരത്തിലുള്ള കർഷക കലാപം നടന്നിട്ടുണ്ട്​. ആദിവാസി നേതാക്കൾ നയിച്ച വർഗസമരമായി വ്യാഖ്യാനിക്കാവുന്നതാണ്​.

പഴശ്ശിയുടെ ധീരത ഇന്നും ആവേശം നൽകുന്നതാണ്​. ആ അർഥത്തിൽ പഴശ്ശിക്ക്​ അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നാണ് എന്‍റെ അഭിപ്രായം. കൽപ്പറ്റയിലെ സിവിൽ സ്​റ്റേഷന്‍റെ മുന്നിൽ പഴശ്ശിയോടൊപ്പം നിന്നവരെയും കൊല്ലപ്പെട്ട ബ്രിട്ടീഷുകാരെയും സൂചിപ്പിക്കുന്ന ബോർഡ്​ സ്​ഥാപിക്കാൻ കഴിയണമായിരുന്നു. കുറെക്കൂടി ഉചിതമായ സ്​മാരകം വേണം. അത്​, ആദിവാസികളുടെ ഉന്നമനം കൂടി ലക്ഷ്യമിടുന്നതാവണം. എന്തുകൊണ്ട്​ പഴശ്ശിയുടെ വലംകൈയായിരുന്ന തലയ്​ക്കൽ ചന്തുവിന്‍റെ സ്​മരണയിൽ അ​മ്പെയ്​ത്ത്​ മത്സരം അന്താരാഷ്​ട്ര തലത്തിൽ നടത്തിക്കൂടാ?. ഇനിയും ആ ധീരപുത്രന്‍റെയും ഒപ്പം നിന്നവരുടെയും ഓർമ നിലനിർത്താൻ ​ഏറെ ചെയ്യാനുണ്ടെന്നാണെന്‍റെ പക്ഷം.

Tags:    
News Summary - Life history of kerala varma pazhassi raja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.