സുപ്രീംകോടതി ജഡ്ജിയായി ഡൽഹിയിൽ എത്തിയപ്പോഴാണ് ഓംചേരി എന്.എന്. പിള്ളയെ പരിചയപ്പെടുന്നത്. കോട്ടയംകാരെന്ന ഘടകമായിരുന്നു ആദ്യചരിചയത്തിൽ നിറഞ്ഞുനിന്നത്. എന്നാൽ, പിന്നീട് വളരെ അടുത്തു. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുന്ന, മാസത്തിൽ ഒരിക്കലെങ്കിലും കാണുന്ന തരത്തിലേക്ക് ആ ബന്ധം വളർന്നു.
ഞാൻ സുപ്രീംകോടതി ജഡ്ജിയായി ഡൽഹിയിൽ എത്തുമ്പോൾ കേരള സമാജം പ്രസിഡന്റായിരുന്നു അദ്ദേഹം. അവിടെ ഉണ്ടായിരുന്ന മലയാളികളെ എല്ലാം കേരള സമാജത്തിലൂടെ ഓംചേരി കൂട്ടിയിണക്കി. മലയാളം മറക്കാതിരുന്ന ഓംചേരി, ഡൽഹി മലയാളികളുടെ മേൽവിലാസവുമായി. എല്ലാ മനുഷ്യരെയും ചേർത്തുനിർത്തി സ്നേഹം പകരാൻ അദ്ദേഹത്തിന് കഴിഞ്ഞു. അത് മറക്കാനാകാത്ത കാഴ്ചയായിരുന്നു.
കേരള സമാജം പ്രവർത്തനങ്ങളെ സജീവമാക്കി നിലനിർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. നിരന്തരം പരിപാടികളും കൂട്ടായ്മകളും ഒരുക്കി. ഡൽഹിയിൽ വിവിധ മേഖലകളിൽ ഉയർന്ന പദവികളിൽ പ്രവർത്തിക്കുന്ന മലയാളികളെ കേരള സമാജത്തിന്റെ പരിപാടികളിലേക്ക് എത്തിക്കാൻ പ്രത്യേകശ്രദ്ധ ചെലുത്തിയിരുന്നു.
ഒരു ദുഃഖവെള്ളി ദിനത്തിൽ അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി. അന്ന് കരോൾബാഗ് മാർത്തോമ പള്ളിയിൽ പ്രസംഗകനായി എത്തിയത് മറ്റാരുമായിരുന്നില്ല; ഓംചേരി തന്നെ. പിന്നീട് അന്വേഷിച്ചപ്പോൾ മറ്റ് ചില ക്രിസ്ത്യൻ പള്ളികളിലും പ്രസംഗിക്കാൻ പോകുമെന്ന് മനസ്സിലായി.
ഡൽഹിയിൽ ആയിരുന്നപ്പോൾ മാസത്തിൽ ഒരിക്കലെങ്കിലും അദ്ദേഹം വീട്ടിൽ എത്തുമായിരുന്നു. നാടകം മാത്രമായിരുന്നില്ല, എല്ലാ വിഷയങ്ങളും ചർച്ച ചെയ്തിരുന്നു. പല വിഷയങ്ങളിലും ആഴത്തിലുള്ള അറിവായിരുന്നു. നാടകങ്ങൾ രചിക്കുന്നതിനൊപ്പം സംവിധാനവും നിർവഹിച്ചു. നാടകവുമായി രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്തു. ഇത്തരം യാത്രകൾ അദ്ദേഹത്തിന് വലിയ ഊർജം പകരുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. വൈക്കം ടി.വി പുരത്തിനടുത്ത മൂത്തേടത്തുകാവെന്ന ചെറുഗ്രാമത്തിൽ ജനിച്ച ഓംചേരി ആ ഗ്രാമീണതയെയും ഒപ്പം ചേർത്തുനിർത്തിയിരുന്നു.
ഞാൻ ഡൽഹിയിൽനിന്ന് മടങ്ങുമ്പോൾ വലിയൊരു യാത്രയയപ്പാണ് ഓംചേരി ഒരുക്കിയത്. ആ സ്നേഹം മറക്കാൻ കഴിയില്ല. പിന്നീട് അദ്ദേഹം കേരളത്തിൽ എത്തിയപ്പോഴും കാണാൻ വന്നിരുന്നു. ഡൽഹിയെയും കേരളത്തെയും കൂട്ടിയിണക്കിയിരുന്ന ഒരു കണ്ണികൂടിയാണ് ഓംചേരി മറയുന്നതോടെ മുറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.