ഉമ്മൻ ചാണ്ടി: ജനഹൃദയങ്ങളിൽ ഉയിർത്തെഴുന്നേൽക്കുന്ന നീതിമാൻ

ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ഒരു വര്‍ഷം! ഉമ്മന്‍ ചാണ്ടിക്ക് പകരം ഉമ്മന്‍ ചാണ്ടി മാത്രമെയുള്ളു എന്ന് തെളിയിച്ച ഒരു വര്‍ഷമാണ് കടന്നു പോയത്. വിശ്വസിക്കാന്‍ കഴിയാത്തൊരു യാഥാര്‍ത്ഥ്യം. ഞങ്ങള്‍ക്കെല്ലാം വഴികാട്ടിയായി മുന്നില്‍ നിന്ന്, സാധാരണക്കാരെ ചേര്‍ത്ത് പിടിക്കണമെന്ന് എപ്പോഴും ഓര്‍മ്മപ്പെടുത്തി അദ്ദേഹം ഞങ്ങള്‍ക്കൊപ്പമുണ്ട്. സ്‌നേഹം കൊണ്ട് മനുഷ്യരെ കീഴടക്കിയ ഒരു ഭരണാധികാരി നമുക്കൊപ്പം ജീവിച്ചിരുന്നെന്നത് കേരളത്തിന്റെ വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ചിലപ്പോഴൊക്കെ അദ്ഭുതമായി തോന്നും. രാഷ്ട്രീയത്തില്‍ അന്യം നിന്നു പോകാന്‍ സാധ്യതയുള്ള ഒരു വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു ഉമ്മന്‍ ചാണ്ടി. സാധാരണക്കാരന്റെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ജനപ്രതിനിധികളെ പ്രാപ്തനാക്കിയ ജനകീയന്‍.

രാഷ്ട്രീയ ഭേദമന്യേ ആര്‍ക്കും ജീവിതത്തിലെ എന്ത് പ്രതിസന്ധിയും പരിഹരിക്കുന്നതിന് സമീപിക്കാവുന്ന ഒരാള്‍. ഒരു നിവേദനത്തിനോ കത്തിനോ ഫോണ്‍ വിളികള്‍ക്കോ അപ്പുറം സാധ്യമായ എന്ത് സഹായവും ചെയ്തു തരുന്ന ഉമ്മന്‍ ചാണ്ടി ഉണ്ടെന്നത് ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള മലയാളികള്‍ക്ക് ഒരു ധൈര്യമായിരുന്നു. സ്വന്തം കുടുംബാംഗത്തെ പോലെ അദ്ദേഹത്തിന്റെ ചുമലില്‍ ആര്‍ക്കും എന്ത് സങ്കടവും ഇറക്കിവയ്ക്കാം. പരിഹാരവുമായി മാത്രമെ അദ്ദേഹത്തെ തേടിയെത്തിയവര്‍ മടങ്ങിയിട്ടുള്ളൂ. ഉമ്മന്‍ ചാണ്ടിയെ ഒരിക്കലെങ്കിലും കണ്ടിട്ടില്ലാത്ത ജനങ്ങളോ ഉമ്മന്‍ ചാണ്ടി എത്തിച്ചേര്‍ന്നിട്ടില്ലാത്ത സ്ഥലങ്ങളോ കേരളത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല. ജനക്കൂട്ടത്തിന് നടുവില്‍ നില്‍ക്കുന്നതു തന്നെയാണ് ഉമ്മന്‍ ചാണ്ടിയെന്ന നേതാവിനെ വളര്‍ത്തിയതും കരുത്തനായ ഭരണാധികാരിയാക്കിയതും.

സ്മാര്‍ട്ട് സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കാരുണ്യ ചികിത്സാ പദ്ധതി, ശ്രുതിതരംഗം, വയോമിത്രം, ആരോഗ്യകിരണം പദ്ധതികള്‍, ഒരു രൂപയ്ക്ക് അരി, ഭൂരഹിതര്‍ക്ക് 3 സെന്റ് ഭൂമി, എല്ലാ മണ്ഡലങ്ങളിലും സര്‍ക്കാര്‍ കേളജുകള്‍, ദിവസം 19 മണിക്കൂര്‍ വരെ നീളുന്ന ജനസമ്പര്‍ക്ക പരിപാടി, മികച്ച ഭരണനിര്‍വഹണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം. ശരിക്കും വര്‍ത്തമാന കേരളമെന്നത് ഉമ്മന്‍ ചാണ്ടി സര്‍ തന്നെയാണ്.

ഉമ്മന്‍ ചാണ്ടിയെന്ന ഭരണാധികാരിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ് കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം. അന്ന് വഴിമുടക്കികളും കാഴ്ച്ചക്കാരുമായി നിന്നവര്‍ ഇന്ന് വിഴിഞ്ഞം, മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുന്നത് കപട രാഷ്ട്രീയമായി മാത്രമെ കാണാനാകൂ. 'കടല്‍ക്കൊള്ള'യാണെന്ന ആക്ഷേപം വന്നപ്പോഴും അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടമാണെന്ന ആരോപണത്തിന്റെ കുന്തമുന നെഞ്ചില്‍ തറച്ചപ്പോഴും പതറാതെ, പിന്തിരിഞ്ഞോടാതെ, തളര്‍ന്നു പോകാതെ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കുമെന്ന ധീരമായ തീരുമാനം എടുത്തയാളാണ് ഉമ്മന്‍ ചാണ്ടി. എന്തൊക്കെ തിരക്കഥകളുണ്ടാക്കിയാലും സത്യം ജനങ്ങള്‍ക്ക് മുന്നിലുണ്ട്.

ജനങ്ങള്‍ നല്‍കിയ ശക്തി തന്നെയാണ് എതിരാളികളുടെ ദുരാരോപണങ്ങളില്‍ അടിപതറാതെ അഗ്നിശുദ്ധി വരുത്താന്‍ ഉമ്മന്‍ ചാണ്ടിയെ പ്രപ്തനാക്കിയതും. മനസാക്ഷിയുടെ മുന്നില്‍ താന്‍ തെറ്റുകാരനല്ലെന്ന ബോധ്യത്തില്‍ ഉമ്മന്‍ ചാണ്ടി അചഞ്ചലനായി. അതുകൊണ്ടതന്നെയാണ് ഒടുവില്‍ മരണശേഷം നിയമവഴിയില്‍ ഉമ്മന്‍ ചാണ്ടി ജയിച്ച് കയറിയപ്പോള്‍ അത് കേരളം ഒന്നാകെ ഏറ്റെടുത്തതും. ഉമ്മന്‍ ചാണ്ടിയെന്ന ജനകീയ മുഖ്യമന്ത്രിക്കെതിരെ ദുരാരോപണങ്ങളുമായി ആരൊക്കെയാണോ രംഗത്തിറങ്ങിയത്, അതേ അളവില്‍ അവരോട് കാലം കണക്കു ചോദിച്ചുകൊണ്ടിരിക്കുന്നതിനും കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.


ജീവിച്ചിരുന്നപ്പോഴുള്ള ഉമ്മന്‍ ചാണ്ടിയേക്കാള്‍ ശക്തനാണ് മരണശേഷമുള്ള ഉമ്മന്‍ ചാണ്ടിയെന്ന് തെളിയിക്കുന്നതായിരുന്നു തിരുവനന്തപുരത്ത് നിന്നും പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര. ഉമ്മന്‍ ചാണ്ടി എത്രത്തോളം ഹൃദയം തുറന്ന് പുതുപ്പള്ളിയെ സ്നേഹിച്ചിരുന്നുവോ അതിനേക്കാള്‍ ഇരട്ടിയായാണ് പുതുപ്പള്ളിക്കാര്‍ അവരുടെ കുഞ്ഞൂഞ്ഞിന് ഉപതിരഞ്ഞെടുപ്പിലൂടെയും സ്നേഹം മടക്കി നല്‍കിയത്.

ഉമ്മന്‍ ചാണ്ടി ഞങ്ങള്‍ക്ക് കാട്ടിത്തന്ന ചില വഴികളുണ്ട്. അത് ഗാന്ധിയന്‍ ദര്‍ശനത്തില്‍ അധിഷ്ഠിതമായ, മറ്റുള്ളവന്റെ സങ്കടങ്ങളെയും പ്രയാസങ്ങളെയും ദുരിതങ്ങളെയും മനസിലാക്കി അത് പരിഹരിക്കുന്നതിന് വേണ്ടി നടത്തുന്ന തീഷ്ണമായ യത്‌നമാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന നിര്‍വചനം തന്ന ആളാണ് ഉമ്മന്‍ ചാണ്ടി. ഭരണാധികാരിയെന്ന നിലയിലും രാഷ്ട്രീയ നേതാവെന്ന നിലയിലും അദ്ദേഹം എപ്പോഴും ജനങ്ങള്‍ക്കൊപ്പമായിരുന്നു. ദൈനംദിന ജീവിതം തന്നെ ജനങ്ങളുടെ സങ്കടങ്ങളും പരാതികളും കേട്ട് അത് പരിഹരിക്കുകയെന്നതായിരുന്നു. ആ വേര്‍പാട് കേരളത്തിനും കോണ്‍ഗ്രസിനും താങ്ങാനാകാത്തതാണ്. അദ്ദേഹം കാട്ടിത്തന്ന നന്മയുടെ മാതൃകകള്‍ വഴികാട്ടിയായി എന്നും മുന്നിലുണ്ടാകും.

നിയമസഭാംഗമെന്ന നിലയില്‍ ഞാന്‍ എന്തെങ്കിലും അടയാളപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ നേരവകാശി ഉമ്മന്‍ ചാണ്ടിയാണ്. 2006- 11 കാലഘട്ടത്തില്‍ പ്രതിപക്ഷ നേതാവായിരിക്കെ കൈനിറയെ അവസരങ്ങള്‍ തന്നു, എന്നില്‍ വിശ്വാസമര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. ആ ശൈലി ആര്‍ക്കും അനുകരിക്കാനുമാകില്ല.

തെളിഞ്ഞ പ്രായോഗികതയാണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയം. അചഞ്ചലമായ ദൈവവിശ്വാസത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണ് അദ്ദേഹം ജീവിച്ചത്. സദ്പ്രവര്‍ത്തികള്‍ ചെയ്യുകയും സ്നേഹഭാഷണം നടത്തുകയും ചെയ്തിരുന്ന അദ്ദേഹത്തിനും പീഡാനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു. ക്രിസ്തുവിനെ ക്രൂശിച്ച ശേഷം പടയാളികളുടെ ശതാധിപന്‍ ഇങ്ങനെ പറഞ്ഞു; Certainly this was a righteous man; വാസ്തവത്തില്‍ അദ്ദേഹം ഒരു നീതിമാനായിരുന്നു... ആ നീതിമാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് ജനങ്ങളുടെ ഹൃദയത്തിലായിരിക്കുമെന്നാണ് ഈ കാലം നമ്മോട് പറയുന്നത്. ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവ്.

Tags:    
News Summary - Oommen Chandy memoir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.