ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ, ആനുപാതികമല്ലാത്ത ബലപ്രയോഗം, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനങ്ങളെക്കുറിച്ച് ഗുരുതര ആശങ്കകൾ ഉയർത്തുന്നതാണെന്ന കാര്യത്തില്‍ അമേരിക്കക്കുപോലും ഇപ്പോള്‍ സംശയമില്ല. എന്നിട്ടും ആ അനീതിക്ക് കടിഞ്ഞാണിടാന്‍ കഴിയുന്നില്ല എന്നത് ഇതിനുപിന്നിലെ വിശാലമായ സാമ്രാജ്യത്വ-യുദ്ധ താല്പര്യങ്ങള് പകല്‍പോലെ വ്യക്തമാക്കുന്നതാണ്
2024 നവംബറിൽ നടക്കാനിരിക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ നാവിക-യുദ്ധവ്യാപാര മേളകളിലൊന്നായ യൂറോനാവൽ ഡിഫൻസ് ഷോയിൽ പങ്കെടുക്കുന്നതിൽനിന്ന് ഇസ്രായേലി പ്രതിരോധ കമ്പനികളെ ഫ്രാൻസ് വിലക്കിയിരിക്കുകയാണ്. ഗസ്സയിലും ലബനാനിലും എല്ലാ അന്താരാഷ്ട്ര യുദ്ധമര്യാദകളും ലോകാഭിപ്രായവും അവഗണിച്ചുകൊണ്ട് ഇസ്രായേല്‍ സൃഷ്ടിക്കുന്ന സിവിലിയൻ ദുരന്തങ്ങൾക്ക് ഇത്രയും ശക്തമായ ഒരു മറുപടി ഒരു യൂറോപ്യന്‍ രാജ്യത്തില്‍നിന്ന് ഈ ഘട്ടത്തില്‍ ഇസ്രായേല്‍ പ്രതീക്ഷിച്ചിരുന്നില്ല. വിശേഷിച്ചും ഈ വര്‍ഷം ജനുവരിയില്‍ യൂറോസേറ്ററി ഡിഫൻസ് ട്രേഡ് ഷോയിൽനിന്ന് ഇസ്രായേല്‍ കമ്പനികളെ വിലക്കിയ ഫ്രഞ്ച് സര്‍ക്കാറിന്റെ നിലപാട് പാരിസിലെ വാണിജ്യക്കോടതി അസാധുവാക്കിയ സാഹചര്യത്തില്‍ വീണ്ടും ഒരു നിരോധനം ഉണ്ടാവുമെന്ന് ഇസ്രായേല്‍ കരുതിയിരുന്നിരിക്കില്ല. റഫയിലെ ഐ.ഡി.എഫ് ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്റെ നിർദേശത്തോട് ഇസ്രായേല്‍ പ്രതികരിക്കാത്ത സാഹചര്യത്തില്‍, പാരിസ്ഷോയിൽ ഇസ്രായേലി കമ്പനികൾക്ക് അവസരം നല്‍കുന്നത് അനുചിതമാണ് എന്നതാണ് ജനുവരിയില്‍ നിരോധനത്തിന് കാരണമായി പറഞ്ഞിരുന്നത്.
74 ഇസ്രായേല്‍ കമ്പനികള്‍ക്കാണ് അന്ന് നിരോധനം ഏര്‍പ്പെടുത്തിയത്. സ്വാഭാവികമായും, പാരിസ് കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ അത്തരമൊരു സമീപനം ഇനി ഉണ്ടാവില്ല എന്ന ധാരണയിലാവണം പ്രതിരോധ പ്രദര്‍ശനത്തില്‍ സ്വന്തം സ്റ്റാളുകള്‍ തുറക്കാന്‍ തയാറായി ഇസ്രായേല്‍ കമ്പനികള്‍ മുന്നോട്ടുവന്നത്. റാഫേൽ, ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ് എന്നീ പ്രമുഖ പ്രതിരോധ കമ്പനികൾ ഉൾപ്പെടെ ഏഴ് ഇസ്രായേലി സ്ഥാപനങ്ങളെയാണ് ഈ പുതിയ നിരോധനം ബാധിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ഇസ്രായേലി പ്രതിനിധികൾക്ക് അനുമതിയുണ്ടെങ്കിലും, സ്റ്റാൻഡുകൾ സ്ഥാപിക്കുന്നതില്‍നിന്നും സൈനിക ഹാർഡ്വെയർ പ്രദർശിപ്പിക്കുന്നതില്‍നിന്നും അവരെ വിലക്കിയിട്ടുണ്ട്. ഗസ്സയിലും ലബനാനിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് നിരോധനത്തിന് കാരണമായി എടുത്തുപറഞ്ഞിട്ടുള്ളത് എന്നത് ഇക്കാര്യത്തില്‍ കുറ്റകരമായ മൗനവും ഇസ്രായേല്‍ പക്ഷപാതിത്വവും പുലര്‍ത്തുന്ന യൂറോ-അമേരിക്കന്‍ നിലപാടിനുള്ള ശക്തമായ തിരിച്ചടികൂടിയാണ്.
ഫലസ്തീനിലെയും ഗസ്സയിലെയും മിഡിൽ ഈസ്റ്റില്‍ പൊതുവേയുമുള്ള നിലവിലെ സാഹചര്യം, ഒരു യുദ്ധനൈതികതകളും തങ്ങള്‍ക്കു ബാധകമല്ല എന്ന ഇസ്രായേല്‍ നിലപാടിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സംഘര്‍ഷഭരിതമാണ്. മാനുഷികവും രാഷ്ട്രീയവും സൈനികവുമായ കടുത്ത പ്രത്യാഘാതങ്ങളാണ് ഇസ്രായേലിന്റെ നിരുത്തരവാദപരമായ നിലപാടുകള്‍മൂലം സംജാതമായിട്ടുള്ളത്. ഇതിനോടുള്ള അധാർമികമായ നിശ്ശബ്ദത ആഗോള നീതിബോധത്തിന്റെ ആഴംകൂടുന്ന പടുകുഴികളെക്കുറിച്ചാണ് നമ്മെ ഓർമിപ്പിക്കുന്നത്. ഗസ്സയിലെ ഇസ്രായേലിന്റെ ആക്രമണങ്ങൾ, സിവിലിയന്‍ കൂട്ടക്കൊലകളിലാണ് പര്യവസാനിക്കാറുള്ളത് എന്നത് പരക്കെ ബോധ്യമുള്ള കാര്യമാണ്. ഗസ്സയിലെ ഭരണകക്ഷിയായ ഹമാസിന്റെ പ്രതിരോധമായിമാത്രം വീക്ഷിക്കപ്പെടുന്ന റോക്കറ്റ് ആക്രമണത്തിന് മറുപടിയായി സൈനിക ആക്രമണങ്ങള്‍ എന്ന നീതിമത്കരണത്തിന്റെ അടിത്തറ ഇളക്കുന്ന സൈനിക കുറ്റകൃത്യങ്ങളാണ് അനുദിനം ഇസ്രായേല്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഒരു ചെറിയ പ്രദേശത്ത് വലിയ തോതിലുള്ള വ്യോമാക്രമണങ്ങളിലൂടെയും സൈനിക നീക്കങ്ങളിലൂടെയും നിരാനുപാതികമായ സിവിലിയൻ കൊലകള്‍ക്കും അപകടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളുടെ സർവനാശത്തിനും ഇടവരുത്തുന്ന മനുഷ്യത്വരഹിതമായ കൊലവിളി തുടരുന്നതിലുള്ള അമര്‍ഷമാണ് ഫ്രാന്‍സിന്റെ നടപടിയിലൂടെ വെളിവായിരിക്കുന്നത്.
മാനുഷിക പ്രതിസന്ധി
ഞാന്‍ ഇതെഴുതുന്ന സന്ദര്‍ഭത്തില്‍ ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്. ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ ആസ്ഥാനവും ഭൂഗർഭ വർക്ക്ഷോപ്പും ആക്രമിച്ചതായാണ് ഇസ്രായേൽ പ്രതിരോധസേന പറയുന്നതെങ്കിലും ആക്രമണം ബാധിക്കുന്നത് ജനവാസ കേന്ദ്രങ്ങളെയാണ്. ഗസ്സയിൽ, എൻക്ലേവിന്റെ വടക്കുഭാഗത്തുള്ള ഒരു ബഹുനില കെട്ടിടത്തിനുനേരെ രണ്ടുദിവസംമുമ്പ് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 87 പേരെങ്കിലും കൊല്ലപ്പെട്ടതായി ഹമാസ് വെളിപ്പെടുത്തിയിട്ടുണ്ട്. അയ്മാന്‍ നോഫാല്, ഇസ്മാഈല്‍ ഹനിയ്യ എന്നീ പ്രബലരെക്കൂടാതെ ഇപ്പോള്‍ യഹ്യ സിന്‍വാറും ഹമാസിനുവേണ്ടി രക്തസാക്ഷികളായിക്കഴിഞ്ഞു. എന്നിട്ടും ഹമാസിന്റെ സൈനിക സൗകര്യങ്ങൾ മാത്രമല്ല, സിവിലിയൻ പ്രദേശങ്ങൾ,പാർപ്പിട സമുച്ചയങ്ങൾ, സ്കൂളുകൾ ആശുപത്രികള്‍ എന്നിവയെയും ഇസ്രായേലിന്റെ വ്യോമാക്രമണം ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര മാനുഷിക സംഘടനകളുടെ റിപ്പോർട്ടുകൾ പ്രകാരം, പതിനായിരക്കണക്കിന് സാധാരണ മനുഷ്യര്‍ കൊല്ലപ്പെടുകയോ പലായനം നടത്തുകയോ ചെയ്തിട്ടുണ്ട്.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യനിർമിത ദുരന്തമായി ഗസ്സ മാറുകയാണ്. ആശുപത്രികൾ തിങ്ങിനിറഞ്ഞിരിക്കുന്നു, വൈദ്യുതി, വെള്ളം, ഭക്ഷണസാധനങ്ങൾ തുടങ്ങിയ അവശ്യസേവനങ്ങൾ അലഭ്യമാവുന്നു, ഇത് കൂടുതല്‍ മരണങ്ങള്‍ക്കും മാനുഷിക ദുരന്തങ്ങള്‍ക്കും കാരണമാവുന്നു. സമാധാനത്തിനും വെടിനിര്‍ത്തലിനുമായുള്ള ഐക്യരാഷ്ട്ര പ്രമേയങ്ങള്‍ വീണ്ടുംവീണ്ടും അവഗണിക്കപ്പെടുന്നു. ഇതിനെതിരെയുള്ള ആഗോള മൗനത്തെയാണ് ഫ്രാന്‍സ് ഇപ്പോള്‍ ചോദ്യംചെയ്തിരിക്കുന്നത്. ഹമാസിന്റെ സൈനികശേഷി ഇല്ലാതാക്കുന്നതിനും ഹമാസിന്റെ ഭാവി റോക്കറ്റ് ആക്രമണങ്ങളിൽനിന്ന് ഇസ്രായേല്‍ പൗരന്മാരെ സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികളാണിവയെന്ന ഇസ്രായേൽ ന്യായം മുഖവിലക്കുപോലും എടുക്കാന്‍ കഴിയാത്ത നുണയാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ, ആനുപാതികമല്ലാത്ത ബലപ്രയോഗം, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനങ്ങളെക്കുറിച്ച് ഗുരുതര ആശങ്കകൾ ഉയർത്തുന്നതാണ് എന്ന കാര്യത്തില്‍ അമേരിക്കക്കുപോലും ഇപ്പോള്‍ സംശയമില്ല. എന്നിട്ടും ആ അനീതിക്ക് കടിഞ്ഞാണിടാന്‍ കഴിയുന്നില്ല എന്നത് ഇതിനുപിന്നിലെ വിശാലമായ സാമ്രാജ്യത്വ-യുദ്ധ താല്പര്യങ്ങള് പകല്‍പോലെ വ്യക്തമാക്കുന്നതാണ്.
2007 മുതൽ ഇസ്രായേലും ഈജിപ്തും വ്യത്യസ്തമായി ഏർപ്പെടുത്തിയ ചരക്കുകളുടെയും ജനങ്ങളുടെയും സഞ്ചാരം പരിമിതപ്പെടുത്തുന്ന ഉപരോധത്തിന് കീഴിലാണ് ഗസ്സ. ഉപരോധവും ആവർത്തിച്ചുള്ള സൈനിക ആക്രമണങ്ങളും പ്രദേശത്തിന്റെ സമ്പദ്വ്യവസ്ഥയെയും അടിസ്ഥാന സൗകര്യങ്ങളെയും പൂർണമായും തകര്‍ത്തിരിക്കുന്നു. സമീപകാല ഇസ്രായേൽ ആക്രമണങ്ങൾ ആശുപത്രികൾക്കും സ്കൂളുകൾക്കും വീടുകൾക്കും നേരെയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അരലക്ഷത്തോളമാളുകള് കൊല്ലപ്പെട്ടിരിക്കുന്നു. അക്രമം അവസാനിപ്പിക്കാനും ഗസ്സയിലെ ജനങ്ങൾക്ക് അടിയന്തര മാനുഷികസഹായം നൽകാനും ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ഉപരോധവും നിരന്തരമായ ആക്രമണവും, ആവശ്യമുള്ളവരിലേക്ക് സഹായമെത്തിക്കുന്നത് തടസ്സപ്പെടുത്തുന്നു. ആംനസ്റ്റി ഇന്റർനാഷനൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് തുടങ്ങിയ സംഘടനകളിൽനിന്നുള്ള റിപ്പോർട്ടുകൾ സംഘർഷത്തിന്റെ ആഘാതംപേറുന്ന കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ദുരിതങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
സിന്‍വാറിന്റെ രക്തസാക്ഷിത്വം
ഡ്രോണാക്രമണത്തില്‍ യഹ്യ സിന്‍വാര്‍ മരണപ്പെട്ടത് ഒരു വഴിത്തിരിവാണെന്നു കരുതുന്നവരുണ്ട്. ഫലസ്തീന് പ്രതിരോധത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത് വിശ്വസിക്കാന്‍ ന്യായം കാണുന്നില്ല. ‘ദ എക്കൊനോമിസ്റ്റ്’ വാരിക, സിന്‍വാര്‍ ചരിത്രത്തില്‍ അറിയപ്പെടുക ഇസ്രായേല്‍ ഭരണകൂടത്തിന് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതമേൽപിച്ച നേതാവ് എന്ന നിലക്കായിരിക്കുമെന്ന് എഴുതിയിട്ടുണ്ട്. (“Mr Sinwar succeeded in landing the most grievous blow on the Jewish state in its history”). സിന്‍വാര്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്ന സാഹചര്യം ഇപ്പോഴും തുടരുകയാണ് എന്നതിനാല്‍ത്തന്നെ ചരിത്രം അവസാനിക്കുകയല്ല, തുടരുകയാവും ചെയ്യുക എന്ന് മനസ്സിലാക്കാന്‍ കഴിയും. ഫലസ്തീന് പ്രതിരോധത്തെ ഇല്ലാതാക്കുക എന്നത് ഇസ്രായേലിന്റെ ആയുധശേഷിക്ക് മാത്രമായി കഴിയുന്ന കാര്യമല്ല. ഹമാസിന് ഇപ്പോഴും ഗസ്സയിൽ ആയിരക്കണക്കിന് ഒളിപ്പോരാളികളുണ്ട്. സിൻവാറിന്റെ സഹോദരനടക്കം നിരവധിപേര്‍ നേതൃനിരയിലുണ്ട്. മാത്രമല്ല ഖത്തർ, തുർക്കിയ, ലബനാൻ എന്നിവിടങ്ങളിൽ ഹമാസിന് തന്ത്രപരമായ നേതൃത്വം നല്കുന്ന പോരാളികളും നയതന്ത്രജ്ഞരുമുണ്ട്. ഖാലിദ് മിശ്അലിനെപ്പോലുള്ളവര് നേരത്തെ സിൻവാറിനെ പൂർണമായും പിന്തുണച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ വീണ്ടും രംഗത്തുവരാന്‍ സാധ്യതയുമുണ്ട്. അതിലെല്ലാമുപരി, ഫലസ്തീന് ജനതയുടെ വിമോചനത്തിനായുള്ള ഇച്ഛാശക്തിയെ കീഴ്പ്പെടുത്താന്‍ ആയുധപ്പുരകളുടെ ആഴവും പരപ്പുംകൊണ്ട് സാധ്യമല്ല എന്നത് ചരിത്രം തെളിയിച്ചിട്ടുള്ളതുമാണ്.
സിന്‍വാറിന്റെ രക്തസാക്ഷിത്വം യഥാർഥത്തില്‍ ഇസ്രായേലിനെ ഒരു സമാധാനക്കരാറിന്റെ മേശയിലേക്ക് ക്ഷണിക്കുന്നതുകൂടിയാണ്. ഇപ്പോള്‍ തങ്ങളുടെ തടങ്കലിലുള്ള 101 ഇസ്രായേലി ബന്ദികളെ വിട്ടുകൊടുക്കുന്ന ഒരു ഉടമ്പടി ഉണ്ടാക്കാൻ ഹമാസ് ആഗ്രഹിക്കുന്നുണ്ട്.
പക്ഷേ, അത് ഗസ്സ സ്ട്രിപ്പിന്റെ നിയന്ത്രണം ഹമാസില്‍ നിലനിർത്തുന്നതും ഐ.ഡി.എഫ് ഇടപെടലുകള്‍ക്ക് വിരാമമിടുന്നതുമാവണം എന്നതാണ് അവര്‍ ആവശ്യപ്പെടുന്നത്. അത്തരമൊരു കരാറിന്റെ വ്യവസ്ഥയായി ഗസ്സയിൽനിന്ന് ഐ.ഡി.എഫിന്റെ പൂർണവും സ്ഥിരവുമായ പിന്മാറ്റം വേണമെന്ന് സിൻവാർ ആവശ്യപ്പെട്ടിരുന്നു. നെതന്യാഹു, തന്റെ സുരക്ഷാ മേധാവികളുടെപോലും വാക്കുകള്‍ വകവെക്കാതെ എതിര്‍ത്തുപോരുന്ന ആവശ്യമാണിത്.
എന്നാല്‍, സിന്‍വാര്‍ മുന്നോട്ടുവെച്ച പാക്കേജാണ് സമാധാനത്തിനു ഏറ്റവും അനുയോജ്യമെന്നത് ഫ്രാന്‍സ് മാത്രമല്ല, അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഇപ്പോള്‍ തിരിച്ചറിയുകയാണ്. യുദ്ധമായാലും സമാധാനമായാലും, ജീവിച്ചിരിക്കുമ്പോള്‍ സിന്‍വാര്‍ ഉയര്‍ത്തിയ വെല്ലുവിളി അദ്ദേഹത്തിന്റെ മരണശേഷവും ഇസ്രായേലിനു അവഗണിക്കാന്‍ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.