പഴശ്ശിയുടെ യുദ്ധങ്ങൾ

മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനെ തോൽപിക്കാൻ ബ്രിട്ടീഷുകാരുമായി ചേർന്ന് യുദ്ധംചെയ്ത കോട്ടയം കേരളവർമ പഴശ്ശിരാജ പിൽക്കാലത്ത് ബ്രിട്ടീഷുകാർ കാണിച്ച നെറികേടിനെതിരെ നടത്തിയ പോരാട്ടങ്ങളാണ് പഴശ്ശിവിപ്ലവം എന്നറിയപ്പെടുന്നത്.

ടിപ്പുവിനെ മലബാറിൽനിന്ന് തുരത്താൻ സഹായിച്ചാൽ തന്റെ സ്വരൂപത്തിന്റെ ഭരണാധികാരം തിരിച്ചുനൽകാമെന്നായിരുന്നു പഴശ്ശിക്ക് ബ്രിട്ടീഷുകാർ നൽകിയ വാഗ്ദാനം. എന്നാൽ, അത് ലംഘിച്ച് കോട്ടയത്തിന്റെ നികുതിപിരിവ് അവകാശം രാജാവിനോട് ആലോചിക്കാതെ അദ്ദേഹത്തിന്റെ ബന്ധുവായ കുറുമ്പ്രനാട്ടെ വീരവർമക്കാണ് ബ്രിട്ടീഷുകാർ നൽകിയത്. നികുതിപിരിവ് ജനങ്ങളെ കൊള്ളയടിക്കുന്ന രീതിയിലാണെന്ന് ചൂണ്ടിക്കാട്ടി തന്റെ അതിർത്തിക്കുള്ളിൽ നികുതി പിരിക്കുന്നതിനെ പഴശ്ശിരാജ എതിർത്തു.

ഇതേത്തുടർന്നാണ് യുദ്ധങ്ങളുടെ തുടക്കം. 1793 മുതൽ 1797 വരെയായിരുന്നു ഒന്നാം പഴശ്ശി വിപ്ലവം. 1800 മുതൽ 1805 വരെയായിരുന്നു രണ്ടാം പഴശ്ശി വിപ്ലവം. കൈത്തേരി അമ്പുവായിരുന്നു പഴശ്ശിയുടെ സർവസൈന്യാധിപൻ. ഗറില യുദ്ധമാണ് (ഒളിപ്പോര്) അവർ ആവിഷ്കരിച്ച യുദ്ധതന്ത്രം. കുറിച്യർ എന്ന ആദിവാസിസമൂഹത്തിന്റെ ധീരതയും സ്വന്തം നാടിനോടുള്ള കൂറുമാണ് ബ്രിട്ടീഷുകാർക്കെതിരെ പ്രതിരോധമുയർത്താൻ പഴശ്ശിക്ക് തുണയായത്.

പഴശ്ശിയുടെ തലക്ക് ഈസ്റ്റ് ഇന്ത്യ കമ്പനി 3000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. യുദ്ധത്തിനിടെ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റുമരിച്ചുവെന്നും പട്ടാളത്തിന് പിടികൊടുക്കാതെ അദ്ദേഹം സ്വയം വെടിവെച്ചു മരിക്കുകയായിരുന്നുവെന്നും അഭിപ്രായങ്ങളുണ്ട്. 1805 നവംബർ 30നായിരുന്നു പഴശ്ശിരാജയുടെ മരണം. 

Tags:    
News Summary - pazhassi's Wars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT