ഒരു വ്യക്തിയുടെ രാഷ്ട്രീയവീക്ഷണം എന്തെന്നറിയാൻ ഒരെളുപ്പവഴിയുണ്ട്. അയാൾ ആർക്കെതിരെയാണ് ഏറ്റവും കൂടുതൽ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നതെന്ന് നോക്കിയാൽ മതി. ദാർശനിക തലത്തിലായാലും പ്രായോഗിക തലത്തിലായാലും ഏതൊരു രാഷ്ട്രീയപ്രസ്ഥാനത്തിനും ഇത് ബാധകമാണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ' (ഇന്ത്യയെ ഐക്യപ്പെടുത്തുക) യാത്ര, ബി.ജെ.പിയുടെ ഫാഷിസ്റ്റ്-കോർപറേറ്റ് നയങ്ങൾക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പാർട്ടി ഇതിനകം വിശദീകരിച്ചു കഴിഞ്ഞു. സമീപകാല ഇന്ത്യൻ രാഷ്ട്രീയസംഭവങ്ങൾ ബി.ജെ.പിയുടെ ഹിന്ദുത്വ ഫാഷിസ്റ്റ് തേർവാഴ്ചയുടെ ഭീതിതമുഖം വ്യക്തമാക്കുന്നതാണ്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യം, മതനിരപേക്ഷത, അഭിപ്രായസ്വാതന്ത്ര്യം സാമൂഹികനീതി എന്നിവയെയെല്ലാം ചവിട്ടിയരച്ചുകൊണ്ടാണ് മോദി സർക്കാറും വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഭരണകൂടങ്ങളും മുന്നോട്ടുപോവുന്നത്. സാമ്പത്തിക അസമത്വം, വിലക്കയറ്റം, കാർഷിക തകർച്ച, ന്യൂനപക്ഷ, ദലിത്, ആദിവാസി ജനവിഭാഗങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ ഇവയെല്ലാം രൂക്ഷമാവുകയാണ്. ജുഡീഷ്യറിയെ സ്വന്തം വർഗ-വർണ താൽപര്യങ്ങൾക്കനുസൃതമായി വികൃതമാക്കിയും രാഷ്ട്രീയ വരുതിയിലാക്കി, ഭരണഘടനയെത്തന്നെ കുഴിച്ചുമൂടിയും ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
മഹാത്മഗാന്ധിയെ കൊലപ്പെടുത്തിയ അതേ ഹിന്ദുത്വശക്തികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഭീകരാക്രമണങ്ങളായിരുന്നു ബാബരി മസ്ജിദ് ധ്വംസനവും ഗുജറാത്ത് വംശഹത്യയും അസംഖ്യം വംശീയ-വർഗീയ കലാപങ്ങളും. അവയുടെ നെഗറ്റിവ് എനർജിയിൽ നിന്നാണ് ബി.ജെ.പി ഇന്ത്യയുടെ ഭരണം പിടിക്കുന്നത്. ഗാന്ധിജിയെ കൊലപ്പെടുത്തുന്നതിൽ ആയുധമായി വർത്തിച്ച ഗോദ്സെയെ തൂക്കിക്കൊന്നെങ്കിലും ആസൂത്രകരും പിൻമുറക്കാരും രാജ്യത്തിന്റെ സർവാധികാരികളായി മാറി. ബാബരി മസ്ജിദ് ധ്വംസകരും വംശഹത്യ നടത്തിപ്പുകാരും സ്വതന്ത്രരായി വിഹരിക്കുമ്പോൾ നീതിക്കുവേണ്ടി പോരാടിയവർ തുറുങ്കിലടക്കപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് മനുഷ്യാവകാശ പ്രവർത്തകരെ യു.എ.പി.എ പോലുള്ള നിയമങ്ങളുടെ മറവിൽ തടവറയിൽ തള്ളി. മനുഷ്യാവകാശ പ്രവർത്തകരും എഴുത്തുകാരും വധിക്കപ്പെടുന്നു. മതന്യൂനപക്ഷങ്ങൾ നിരന്തരം ആക്രമണങ്ങൾക്കിരയാവുന്നു. ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും കൊന്നുതള്ളുന്നതും മാധ്യമങ്ങൾ പോലും ചർച്ച ചെയ്യാത്തത്ര നിസ്സാരവത്കരിക്കപ്പെടുന്നു.
കടൽതീരങ്ങളും കായലോരങ്ങളും കാടുകളും നദികളും കൃഷിഭൂമിയും സർക്കാറിന്റെ ഇഷ്ടക്കാരായ കോർപറേറ്റുകൾക്കായി തീറെഴുതപ്പെടുന്നു. ഈയൊരു അപകടകരമായ രാഷ്ട്രീയാവസ്ഥയിൽ ഇന്ത്യയെ കൊണ്ടെത്തിച്ച ഫാഷിസ്റ്റ് ശക്തികൾക്കെതിരായ ഏതൊരു എഴുന്നേറ്റുനിൽപ്പും പിന്തുണക്കപ്പെടേണ്ടതാണ്. പ്രതിപക്ഷ പാർട്ടികളുടെ ഓരോ കൂടിയിരിപ്പും ഓരോ മതേതര ജനാധിപത്യ വിശ്വാസിയും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കാറ്. തമിഴ്നാട്ടിൽ ഡി.എം.കെ നയിക്കുന്ന മുന്നണിയിൽ കോൺഗ്രസ്, സി.പി.എം, സി.പി.ഐ സ്ഥാനാർഥികൾ ഒരുമിച്ച് മത്സരിച്ച് ജയിക്കുന്നതിൽ വർഗീയതയെ എതിർക്കുന്ന ആർക്കും അസ്വാഭാവികത തോന്നിയിട്ടില്ല. രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയുടെ പ്രാധാന്യവും അതു തന്നെ.
എന്നാൽ, ബി.ജെ.പി മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ ഫാഷിസത്തിന്റെ എതിർചേരിയിലെന്ന് എണ്ണപ്പെടുന്ന ചില രാഷ്ട്രീയപ്രസ്ഥാനങ്ങൾ, വിശേഷിച്ച് കമ്യൂണിസ്റ്റ് പാർട്ടികൾ ഈ യാത്രയെ അതിശക്തമായി എതിർക്കുന്നു. പാർട്ടിയുടെ മുതിർന്ന നേതാക്കൾ മുതൽ സൈബർ പടയാളികൾ വരെ ഊർജത്തിന്റെ ഏറിയ പങ്കും ചെലവിടുന്നത് ഭാരത് ജോഡോ യാത്രക്കും രാഹുലിനുമെതിരായ ന്യായവാദങ്ങളും ട്രോളുകളും നിരത്തുവാനാണ്.
രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പരിവേഷം
ഏതൊരു രാഷ്ട്രീയപ്രസ്ഥാനവും നേതാവും വിമർശനങ്ങൾക്കതീതമല്ല. കമ്യൂണിസ്റ്റ് പാർട്ടികൾക്കെന്നപോലെ കോൺഗ്രസിനും ഏറെ ദൗർബല്യങ്ങളുണ്ട്. എന്നാൽ അത്യന്തം അപകടകാരിയായ ശത്രുവിനെതിരെ ഭിന്നതകൾ നിലനിർത്തിക്കൊണ്ടുതന്നെ പിന്തുണ നൽകുവാൻ നമുക്കേവർക്കും ബാധ്യതയുണ്ട്. ബി.ജെ.പിക്കെതിരായ വിപുലമായ ജനാധിപത്യ, മതനിരപേക്ഷ കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുക്കുകയെന്നതാണ് ഈ കാലഘട്ടത്തിന്റെ അനിവാര്യത. അതിനു പകരം രാഹുൽ ഗാന്ധിയുടെ വസ്ത്രം, പെരുമാറ്റരീതികൾ തുടങ്ങിയവ ഓഡിറ്റ് ചെയ്യാനാണ് കമ്യൂണിസ്റ്റ് അണികൾക്ക് താൽപര്യം. കേരളത്തിന് പുറത്ത് സംഘ്പരിവാർ ചെയ്യുന്ന ഹേറ്റ് കാമ്പയിൻ അതിലേറെ ആവേശത്തോടെയാണ് ഇടതുസംഘങ്ങൾ ഇവിടെ നടത്തിവരുന്നത്.
ജോഡോ യാത്രയോടുള്ള എതിർപ്പ് പ്രകടമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ ദണ്ഡിയാത്രയെയും മറ്റും പരാമർശിച്ചുകൊണ്ടാണ് ജോഡോ യാത്രയെ എതിർക്കുന്നത്. യാത്ര ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലൂടെ കടന്നുപോവുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ ഒരു വിമർശനം. ബി.ജെ.പി ഭരിക്കുന്ന കർണാടക, രാജസ്ഥാൻ, മഹാരാഷ്ട്ര, യു.പി എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നു പോവുന്നുണ്ട് എന്ന വസ്തുത അദ്ദേഹത്തിന് അറിയാഞ്ഞിട്ടാണോ? എം.വി. ഗോവിന്ദൻ നടത്തിയ ഒരു പ്രസ്താവനയിൽ താൻ ജോഡോ യാത്രയെ അല്ല അതിന്റെ രീതിശാസ്ത്രത്തെയാണ് എതിർത്തതെന്നും കാണുന്നു. മുഖ്യരാഷ്ട്രീയ ശത്രുവിനെ എതിർക്കുമ്പോൾ സഖ്യശക്തികളുമായുള്ള പ്രത്യയശാസ്ത്രപരമായ ഭിന്നതകളും സമരത്തിന്റെ രീതി ശാസ്ത്രവും വിഷയമാക്കാതെ ഉറച്ച രാഷ്ട്രീയനിലപാടെടുത്ത കാൾ മാർക്സ്, ലെനിൻ, ലിയോൺ േട്രാസ്ക്കി, മാവോ സേതൂങ്, അന്റോണിയോ ഗ്രാംഷി എന്നിവരുടെ ദാർശനിക രീതിശാസ്ത്രം സംബന്ധിച്ച തന്റെ നിരക്ഷരതയാണ് മാധ്യമങ്ങൾ സൈദ്ധാന്തികൻ എന്ന് വിശേഷിപ്പിക്കുന്ന എം.വി. ഗോവിന്ദൻ പ്രകടമാക്കിയത്.
ഹിന്ദുത്വ ഫാഷിസം സവർണദേശീയതയുടെ രാഷ്ട്രസങ്കൽപമാണ് മുന്നോട്ടുവെക്കുന്നതെങ്കിലും ദേശീയതക്കതീതമായ നവീന ഉൽപാദനരീതികൾ പിന്തുടരുന്ന ആഗോള മുതലാളിത്തവുമായി ബന്ധിതമാണ്. നവമുതലാളിത്തം ഭൗതികവസ്തുക്കളും അഭൗതികവസ്തുക്കളും എന്ന വ്യത്യാസം ഇല്ലാതാക്കുന്നതിനെക്കുറിച്ച് ഫെലിക്സ് ഗത്താരി എന്ന വിഖ്യാത ഫ്രഞ്ച് ദാർശനികൾ 'ത്രീ ഇക്കോളജീസ്' എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു. അതനുസരിച്ച് പ്രകൃതി, സാമൂഹികത എന്നിവക്കൊപ്പം മനസ്സും കൂടിച്ചേർന്നതാണ് പരിസ്ഥിതി. മാനസിക പരിസ്ഥിതി എന്നത് മുതലാളിത്തം പുനഃസൃഷ്ടിക്കുന്ന മനസ്സാണ്. കരിസ്മാറ്റിക് ലീഡർഷിപ്പിനെക്കുറിച്ചുള്ള അവബോധധാരണകൾ മാധ്യമങ്ങളിലൂടെ രൂപപ്പെടുത്തുന്നത് ഇതിന്റെ ഒരു ഉദാഹരണം മാത്രമാണ്.
ഗൗരവാവഹമായ രാഷ്ട്രീയചിന്തകളെ ബാലാരിഷ്ടതകളിൽ അധിഷ്ഠിതമാക്കി നിർവീര്യമാക്കുകയും ജനാധിപത്യ സംവാദങ്ങളെ ഇല്ലാതാക്കുകയും ചെയ്ത് കൃത്രിമ ഇമേജുകളെ സൃഷ്ടിക്കുന്നു. അത്തരത്തിൽ പുനഃസൃഷ്ടിക്കപ്പെടുന്ന ഇമേജുകളിലൂടെയാണ് ഫാഷിസം അതിന്റെ രാഷ്ട്രീയ അടിത്തറ കെട്ടിപ്പടുക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ആഗോളമുതലാളിത്തം ഉൽപാദിപ്പിക്കുന്ന ഈ വിചിത്ര മാനസിക പരിസ്ഥിതിയുടെ ശക്തിയിലൂടെയാണ് സമഗ്രാധിപത്യ, ഫാഷിസ്റ്റ് ഭരണകൂടങ്ങൾ രൂപംകൊള്ളുന്നത്. അതായത് ജാതീയവിവേചനം, വംശീയവിദ്വേഷം, ജനാധിപത്യവിരുദ്ധത തുടങ്ങിയ ബി.ജെ.പിയുടെ രാഷ്ട്രീയ മുഖമുദ്രകൾ പൊതുസമൂഹത്തിൽ അബോധപരമായി സമ്മതിനേടുന്നത്. അതുകൊണ്ടാണ് പ്രത്യക്ഷത്തിൽ ജനാധിപത്യം, മതേതരത്വം, ഭരണഘടനാമൂല്യങ്ങൾ എന്നിവയെപ്പറ്റി ക്രിയാത്മകമായി സംസാരിക്കുന്നവർപോലും തങ്ങളറിയാതെ ഫലത്തിൽ ഫാഷിസ്റ്റ് ഭരണകൂടത്തെ ആശയപരമായി സഹാ യിച്ചുപോരുന്നത്. എന്നാൽ പൊതുവിൽ ബുദ്ധിജീവികൾ, ഇതെല്ലാം 'പ്രായോഗിക' രാഷ്ട്രീയതന്ത്രങ്ങളുടെ ഭാഗമായി രാഷ്ട്രീയകക്ഷികൾ സ്വീകരിക്കുന്ന രാഷ്ട്രീയനയമായാണ് വ്യാഖ്യാനിക്കാറ്. ഇത്തരം പ്രായോഗിക കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഫാഷിസത്തിന്റെ അബോധ പൊതു സമ്മതിക്ക് അതുമാത്രം പോരാ. അതുകൊണ്ടാണ് ഇന്ത്യയിൽ പൊതുവെ സവർണ ഹിന്ദുത്വരാഷ്ട്രീയം പച്ചപിടിക്കുന്നത്. വികേന്ദ്രീകൃത ബഹുജനസമരങ്ങളിലൂടെയും വികേന്ദ്രീകൃത ജനങ്ങളുടെ സംഘടിത സമരങ്ങളിലൂടെയും നടത്തേണ്ട ശക്തമായ മുന്നേറ്റങ്ങൾക്ക് മാത്രമേ ഫാഷിസ്റ്റ് വത്കരണത്തിനെതിരെ പ്രതിരോധനിര സൃഷ്ടിക്കാൻ പറ്റുകയുള്ളൂ. വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളുടെ ബാലാരിഷ്ടതകൾ കലർന്ന പഴഞ്ചൻവാദങ്ങളും ശാഠ്യങ്ങളും ഇതിന് തീർച്ചയായും തടസ്സമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.