ആനന്ദ്–രമ തെൽതുംബ്ഡെമാർ ചൈതന്യ ഭൂമിയിലെ അംബേദ്കർ പ്രതിമക്കരികിൽ

1983 നവംബർ 19നായിരുന്നു എന്റെയും ആനന്ദിന്റെയും വിവാഹം. സാധാരണ രീതിയിലുള്ള ഒരു അറേഞ്ച്ഡ് വിവാഹം. രണ്ടു പെൺമക്കളുടെ വളർച്ചയും വീട്ടുകാര്യങ്ങളും ശ്രദ്ധിച്ച് 37 വർഷങ്ങൾ ഞാൻ ചെലവിട്ടു. സാമൂഹികപ്രശ്നങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച ആനന്ദിന് അക്കാര്യങ്ങളിൽ കൂടുതൽ മുഴുകാൻ സൗകര്യമൊരുക്കാൻ ഞാൻ കണ്ട മാർഗമായിരുന്നു അത്. തന്റെ തൊഴിലിന്റെയും സാമൂഹിക പ്രവർത്തനങ്ങളുടെയും കൊടുംതിരക്കുകൾക്കിടയിലും എന്റെ കുട്ടികൾക്കു വേണ്ട സമയങ്ങളിലെല്ലാം ഒപ്പം നിൽക്കാൻ സമയംകണ്ട അതിശയിപ്പിക്കുന്ന പിതാവായിരുന്നു അദ്ദേഹം.

കുറച്ചു വർഷങ്ങൾ മുമ്പുള്ള ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ എന്റെ ദിനങ്ങൾ സാധാരണമായ തിരക്കുകളും ആശങ്കകളുംകൊണ്ട് നിറഞ്ഞതായിരുന്നു. ടെന്നിസ് കളിക്കുന്ന ഇളയ മകൾക്കൊപ്പം യാത്രചെയ്യലും അവളുടെ ജയങ്ങളിൽ ആഹ്ലാദിക്കലും തോൽവികളിൽ ആശ്വസിപ്പിക്കലും പരീക്ഷക്കാലത്ത് രാവേറെ ചെന്നാലും ഉറക്കമൊഴിച്ച് പഠിക്കുന്ന മൂത്ത മകൾക്കൊപ്പം കൂട്ടിരിക്കലും അവരുടെ ഇഷ്ടവിഭവങ്ങൾ പാചകംചെയ്യലും വഴികാട്ടലുമെല്ലാമായി നീളുന്ന തിരക്കുകൾ. പക്ഷേ, അതെല്ലാം മറ്റേതോ ഒരു ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾപോലെ തോന്നിപ്പോകുന്നു ഇപ്പോൾ. സാധാരണ സ്ത്രീകൾ വിരമിച്ച് സമാധാനത്തോടെ വീട്ടിലിരിക്കേണ്ട 66ാം വയസ്സിൽ എന്റെ ജീവിതം വ്യത്യസ്തമായ വഴിയിലൂടെയാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.

ഇതെല്ലാം തുടങ്ങുന്നത് ഞങ്ങളുടെ അഭാവത്തിൽ ഗോവയിലെ വീട്ടിൽ പൊലീസ് തിരച്ചിലിനെത്തിയതോടെയാണ്. ടി.വിയിൽ ആനന്ദിന്റെ ഫോട്ടോയും ഞങ്ങളുടെ വീടിന്റെ ദൃശ്യങ്ങളും സഹിതം വാർത്ത ഫ്ലാഷ് ചെയ്യുന്നത് കണ്ട് വല്ലാത്ത അസ്വസ്ഥത തോന്നിയെങ്കിലും പുറമേക്ക് ഞാൻ കുലുക്കമേതുമില്ലാത്ത മട്ടിൽ പെരുമാറി, ഭർത്താവിനെയും മക്കളെയും മുംബൈയിൽ നിർത്തി ഗോവയിലേക്കു വിമാനം കയറി. ഞങ്ങളുടെ അഭാവത്തിൽ, യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരുപറ്റം അപരിചിതർ കയറി നിരങ്ങിയ ഞങ്ങളുടെ വീട്ടിൽ എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് നോക്കേണ്ടിയിരുന്നു എനിക്ക്. വക്കീലിനെയും കൂട്ടി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഒരു പരാതിയും നൽകണമായിരുന്നു. കാറിൽ പോയ്ക്കൊണ്ടിരിക്കെ ഞാൻ എന്നോടുതന്നെ പറഞ്ഞു- എനിക്കും ആനന്ദിനും പേടിക്കാൻ ഒന്നുമില്ല, ഞങ്ങൾ നിയമത്തെ മാനിച്ച് സത്യസന്ധമായി ജീവിക്കുന്നവരാണ്. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ നന്മക്കും ഉയർച്ചക്കുംവേണ്ടി പ്രയത്നിക്കുന്ന എന്റെ ഭർത്താവിന് അപായമൊന്നും സംഭവിക്കില്ല എന്ന ഉറച്ച വിശ്വാസവുമുണ്ടായിരുന്നു. പൊലീസ് സ്റ്റേഷനിലേക്കുള്ള ആദ്യ സന്ദർശനം ഇനിയും അവസാനിച്ചിട്ടില്ലാത്ത ദീർഘമായ നിയമയാത്രയുടെ തുടക്കമാകുമെന്ന വിദുരധാരണപോലും അന്നേരമെനിക്കില്ലായിരുന്നു. ആ സംഭവത്തിനുശേഷം ഞങ്ങൾക്ക് സങ്കൽപിക്കാൻ കഴിയാത്തവിധത്തിൽ ഞങ്ങളുടെ ജീവിതം മാറിമറിയാൻ തുടങ്ങി. പക്ഷേ, ആനന്ദിന് ഒരു നിമിഷംപോലും മടിപിടിച്ച് മൂലക്കിരിക്കാൻ ഇഷ്ടമല്ലായിരുന്നു, കുടുംബവും അതേപോലെ സജീവമായിരിക്കണമെന്നും ആഗ്രഹിച്ചു. പ്രഭാഷണങ്ങളും കുട്ടികൾക്ക് സഹായവും മാർഗനിർദേശവുമൊരുക്കലുമുൾപ്പെടെ തന്റെ പതിവ് പ്രവർത്തനങ്ങളിൽ ആനന്ദ് മുഴുകുകയും ചെയ്തു. ഭയപ്പെടുത്തി ഒതുക്കാനെന്ന് കൃത്യമായി വ്യക്തമായിരുന്ന പദ്ധതി വെളിപ്പെടുമ്പോഴും അദ്ദേഹം കാത്തുസൂക്ഷിച്ച അചാഞ്ചല്യം വിസ്മയാവഹമായിരുന്നു. കീഴടങ്ങേണ്ടിവന്ന അവസാന രാത്രി വരെയും ആനന്ദ് തന്റെ ജോലികൾ തുടർന്നു. വിദ്യാർഥികൾക്കോ സഹപ്രവർത്തകർക്കോ തന്റെ അഭാവത്തിൽ പ്രയാസങ്ങളുണ്ടാവരുതെന്ന് ഉറപ്പാക്കുകയായിരുന്നു അദ്ദേഹം.

ജീവിതം പഴയപടിതന്നെ കൊണ്ടുപോകാൻ ഞങ്ങൾ പരിശ്രമിക്കുമ്പോഴും ഞങ്ങൾക്ക് പല കാര്യങ്ങളും ദിനചര്യയിൽ പുതുതായി കൂട്ടിച്ചേർക്കേണ്ടിവന്നു. കോടതിയിൽ പോകേണ്ട തീയതികൾ എണ്ണിത്തിട്ടപ്പെടുത്തേണ്ടതുണ്ടിപ്പോൾ. അദ്ദേഹത്തിനെതിരെ ചുമത്തിയ നിന്ദ്യവും വ്യാജവുമായ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആനന്ദ് കേസ് നൽകി. 70 വയസ്സുള്ള, പ്രഫസറും ആക്ടിവിസ്റ്റും കോർപറേറ്റ് പ്രഫഷനലുമായ ആ മനുഷ്യനെതിരെ ചുമത്താവുന്നതിൽവെച്ച് ഏറ്റവും കഠിനമായ യു.എ.പി.എ ചുമത്തിയിരിക്കുന്നുവെന്നതുതന്നെ അതീവ ലജ്ജാകരമാണ്. 2020ലെ ഏപ്രിൽ 14 എങ്ങനെ കഴിഞ്ഞുപോയി എന്ന് ആലോചിക്കാൻപോലുമാവുന്നില്ല. 2020 വരെ എല്ലാ വർഷവും ഏപ്രിൽ 14 എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു- എന്റെ മുത്തച്ഛൻ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മവാർഷികദിനമാണന്ന്. ചൈത്യഭൂമിയിൽ ചെന്ന് ഒരു തിരി തെളിക്കാനും ലോകമൊട്ടുക്കുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ സ്പർശിച്ച ആ മഹാപുരുഷന്റെ പ്രതിമക്കു മുന്നിൽ നമിക്കാനുമുള്ള അവസരങ്ങളൊന്നും ഞാൻ ഒഴിവാക്കാറുമില്ല. ആ ദിവസവും ക്ലോക്കിൽ രാത്രി 12 അടിക്കുമ്പോഴേക്ക് ആനന്ദ് തന്റെ വെളുത്ത കുർത്ത-പൈജാമ ധരിച്ച് തന്റെ നിറഞ്ഞ ചിരിയുമായി അംബേദ്കർ സ്മാരകത്തിൽ എന്നെ കാത്തു നിന്നു. ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന കുംഭത്തിനു മുന്നിൽ തിരിതെളിച്ചു വണങ്ങിപ്പോൾ ഞാനുമത് ആവർത്തിച്ചു. പക്ഷേ, എന്റെ മനസ്സ് മറ്റു ചിന്തകളിലായിരുന്നു. ആ തവണത്തെ ഏപ്രിൽ 14ലെ സംഭവങ്ങൾ മുൻകാലങ്ങളിലെ നല്ലോർമകളെയെല്ലാം നീക്കിക്കളയാൻ പര്യാപ്തമായിരുന്നു. ഇപ്പോൾ അടങ്ങാത്ത വേദനയുടെ ഓർമപ്പെടുത്തലാണ് ആ ദിവസം. കോടതി നിർദേശാനുസരണം എൻ.ഐ.എ ഓഫിസിൽ കീഴടങ്ങാൻ ചെല്ലുമ്പോൾ ഞാനും ആനന്ദിനെ അനുഗമിച്ചിരുന്നു. അചഞ്ചലനായിരുന്നു അപ്പോഴുമദ്ദേഹം. സ്വന്തം കാര്യത്തെക്കുറിച്ച് യാതൊരു ആശങ്കയും ആനന്ദിനില്ലായിരുന്നു. പക്ഷേ, അമ്മയെക്കുറിച്ച് ആകുലതയുണ്ടായിരുന്നു. ഫോൺ ഉപയോഗിക്കാൻ അനുവദിക്കപ്പെട്ട അവസാന നിമിഷം വരെ മക്കളുമായി സംസാരിച്ചു. വിതുമ്പിയ അവരോട് ധൈര്യമായിരിക്കാനും ജീവിതത്തിൽ എന്തു സംഭവിച്ചാലും ധർമനിഷ്ഠ കൈവിടരുതെന്നും ഓർമിപ്പിച്ചു. ആനന്ദിനെതിരായ ക്രൂരമായ അനീതിയുടെയും ഞങ്ങളുടെ അറ്റമില്ലാത്ത സഹനങ്ങളുടെയും തുടക്കം മാത്രമായിരുന്നു ആ ദിവസം.

മുൻപരിചയമില്ലാത്തവിധം കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചതോടെ ദുരിതങ്ങൾ പതിന്മടങ്ങായി. ഭർത്താവ് ജയിലിലും മക്കൾ അകലങ്ങളിലുമായതിനാൽ ഒറ്റക്ക് താമസിക്കേണ്ടിവന്ന ഒരു സ്ത്രീയായി മാറി ഞാൻ. കോവിഡിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയെന്നും പടർന്നുപിടിക്കുന്നുവെന്നുമെല്ലാം അറിയുമ്പോൾ ഉൾക്കൊള്ളാവുന്ന ആളുകളേക്കാൾ മൂന്നിരട്ടി പേർ പാർക്കുന്ന ജയിലിൽ കഴിയുന്ന അദ്ദേഹത്തെക്കുറിച്ചോർത്തു. ആസ്ത്മ പ്രശ്നം മൂലം ശ്വസനതടസ്സമുള്ള ആനന്ദിന് കോവിഡ് ബാധിക്കുന്നതോർത്ത് ഞെട്ടിത്തരിച്ചു. ഉറ്റവരിൽ നിന്നെല്ലാമകന്ന് ജയിലിൽ കഴിയേണ്ടിവരുന്ന മനുഷ്യരുടെ മാനസികാരോഗ്യത്തെക്കുറിച്ച് ആരും ചർച്ച ചെയ്തതുപോലുമില്ല. വല്ലപ്പോഴുമെങ്കിലും ലഭിച്ചിരുന്ന സന്ദർശനാവസരംപോലും ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ ഇല്ലാതായി. ആഴ്ചയിലൊരിക്കൽ അനുവദിക്കപ്പെട്ട 10 മിനിറ്റ് വാട്സ്ആപ് വിഡിയോ കാൾ മാത്രമായി കാണാനുള്ള ഏക അവസരം. എനിക്കു മാത്രമായിരുന്നു ഈ 10 മിനിറ്റ് കാളിനെങ്കിലും അനുമതി. കുടുംബത്തിലെ മറ്റാർക്കെങ്കിലും ആശയവിനിമയം നടത്തണമെങ്കിൽ കത്തെഴുത്തുമാത്രമായിരുന്നു മാർഗം. ആ കത്തുകളാവട്ടെ മേലധികാരികൾ കണ്ട് ബോധ്യപ്പെട്ട് ഏറെ വൈകി മാത്രമേ വിലാസക്കാരിലേക്ക് എത്തുമായിരുന്നുള്ളൂ.

കോവിഡ് വ്യാപനത്തിന് കുറവു വന്നപ്പോൾ വാരാന്ത്യ സന്ദർശനങ്ങൾ വീണ്ടും അനുവദിക്കപ്പെട്ടു- ആഴ്ചയിലൊരിക്കൽ പത്തു മിനിറ്റ് നേരം. വീട്ടിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്ത്, നീണ്ട ക്യൂവിൽ രജിസ്റ്റർ ചെയ്ത് രണ്ടു മുതൽ നാലു മണിക്കൂർ വരെ കാത്തു നിന്ന് പത്തു മിനിറ്റ്. ഒരു നിമിഷം ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കാനോ കൈകളൊന്ന് കോർത്തുപിടിക്കാനോ ഞങ്ങൾക്കനുമതിയില്ല. പൊടിപിടിച്ച ജാലികൾക്കപ്പുറമിപ്പുറം നിന്ന് ഇന്റർകോമിലൂടെ അദ്ദേഹത്തിന്റെ ശബ്ദം കേൾക്കും. ഞങ്ങൾ തമ്മിൽ ഇങ്ങനെയൊരു കൂടിക്കാഴ്ച വേണ്ടി വരുമെന്ന് 2020 മാർച്ച് വരെ ഞാനും ആനന്ദും ദുഃസ്വപ്നങ്ങളിൽ പോലും കരുതിയിട്ടില്ല.

മക്കൾ തുടർച്ചയായി അദ്ദേഹത്തിന് കത്തുകളെഴുതുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം കണിശത പുലർത്തുന്ന അദ്ദേഹം മുടങ്ങാതെ മറുപടികളയക്കാനും ശ്രദ്ധിക്കുന്നു. ഓരോ കത്തിലും കരുതലിന്റെയും കരുത്തിന്റെയും കനൽത്തരികൾ കൈമാറാൻ അദ്ദേഹം മറക്കാറില്ല.

ദുഃസ്വപ്ന സമാനമായ ഈ അവസ്ഥ വിട്ടുണർന്ന് ബാൽക്കണിയിൽ അദ്ദേഹമൊത്ത് വാർത്തയും ചായയും വർത്തമാനങ്ങളും പങ്കുവെക്കുന്നത് ഞാൻ സങ്കൽപ്പിക്കാറുണ്ട്. പക്ഷേ, കടന്നുപോകുന്ന ഓരോ ദിവസവും കൂടുതൽ കടുപ്പങ്ങളാണ് നൽകുന്നത്, കോടതിയിലെ വാദങ്ങളും നീണ്ടു നീണ്ടു പോകുന്നു. ഞങ്ങൾ നേരിടുന്ന അനീതിയെക്കുറിച്ച് മറ്റുള്ളവർക്ക് മനസ്സിലാകണമെന്നില്ല. ഇത്തരമൊരു അവസ്ഥയിൽ എത്തിപ്പെടും വരെ ജനങ്ങൾക്ക് നേരെ ഇത്തരം അന്യായങ്ങളും അനീതികളും നടമാടുമെന്ന് എനിക്കും മനസ്സിലായിരുന്നില്ല.

(നന്ദി: theleaflet.in)

Tags:    
News Summary - Rama Teltumbde remembers BR Ambedkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT