അയോധ്യയിൽ നിർമാണമൊരുങ്ങുന്ന പടുകൂറ്റൻ രാമക്ഷേത്രത്തിനുവേണ്ടി ഭൂമി വാങ്ങിയതിനു പിന്നിലെ ഇടപാടുകൾ വലിയ വാർത്തയും ചർച്ചയുമായിരുന്നു. വിവിധ പ്രതിപക്ഷ പാർട്ടികൾ വാർത്തസമ്മേളനം നടത്തി തെളിവു സഹിതം ആരോപണങ്ങൾ നിരത്തി. ആരോപണം ഉന്നയിക്കാൻ പറ്റുന്ന അവസരങ്ങൾ സ്വാഭാവികമായും പ്രതിപക്ഷങ്ങൾ ഒഴിവാക്കാറില്ല. എന്നാൽ, ഒരു ക്രമക്കേടിനെക്കുറിച്ച് ആരോപണമുയരുേമ്പാൾ സംഗതികൾ വ്യക്തമാക്കി മറുപടി പറയുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നതിനു പകരം ക്രമക്കേടുകളേയും അതിലുൾപ്പെട്ട കക്ഷികളെയും ന്യായീകരിക്കാൻ ഭരണപക്ഷം ശ്രമിക്കുേമ്പാൾ അതിൽ പന്തികേടുണ്ടെന്ന് വ്യക്തമാവും.
അയോധ്യ ഭൂമികുംഭകോണത്തിലും അതു തന്നെയാണ് സംഭവിച്ചത്. കച്ചവടത്തിൽ ക്രമക്കേടും അസ്വാഭാവികതയും ഉണ്ട് എന്നേ ആദ്യം ചൂണ്ടിക്കാട്ടപ്പെട്ടുള്ളൂ, ബി.ജെ.പിക്ക് അതിൽ പങ്കുണ്ടെന്ന് ആരും പറഞ്ഞിരുന്നില്ല. ഏതാനും സ്വകാര്യ വ്യക്തികളും രാമക്ഷേത്ര നിർമാണ മേൽനോട്ടത്തിന് കേന്ദ്രസർക്കാർ രൂപം നൽകിയ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റും തമ്മിലായിരുന്നു കച്ചവടങ്ങൾ. നിർദിഷ്ട ക്ഷേത്രത്തിെൻറ മുഖ്യ സമുച്ചയത്തിൽനിന്ന് രണ്ടര കിലോമീറ്റർ അകലെയുള്ള പന്തീരായിരം ചതുരശ്രയടി ഭൂമിയാണ് ട്രസ്റ്റ് വാങ്ങിയത്. അമ്പലം പണിക്കായി ഏറ്റെടുത്ത ഭൂമിയിലെ താമസക്കാരെ പുനരധിവസിപ്പിക്കുന്നതിനാണ് അവർക്കീ സ്ഥലം.
ഭൂമി വിൽക്കുന്നതും വാങ്ങുന്നതുമൊക്കെ നമ്മുടെ നാട്ടിൽ സർവ സാധാരണം തന്നെയാണല്ലോ, അതിൽ ആർക്കും തർക്കമോ അത്ഭുതമോ ഇല്ല. പക്ഷേ, ഒരു വ്യക്തിയിൽനിന്ന് മറ്റൊരാൾ രണ്ടു കോടി നൽകി വാങ്ങിയ ഭൂമി പത്തു മിനിറ്റ് കഴിയുേമ്പാഴേക്ക് 18.5 കോടി രൂപക്ക് ക്ഷേത്ര ട്രസ്റ്റ് ഏറ്റെടുത്തത് അറിയുേമ്പാൾ അതിൽ അമ്പരക്കാതിരിക്കാനും തരമില്ല. എങ്ങനെയാണ് ക്ഷണവേഗത്തിൽ ഭൂമിയുടെ വില ഇത്രയധികം കുതിച്ചു കയറുന്നത്? ഈ ഭൂമിയുടെ തൊട്ടപ്പുറത്ത് ഏതാണ്ട് ഇതേ വലിപ്പത്തിലെ ഒരു സ്ഥലം അതേ ദിവസം തന്നെ എട്ടു കോടി രൂപക്ക് ട്രസ്റ്റ് വാങ്ങിയിട്ടുണ്ട്. രണ്ട് ഭൂമിയുടെയും ആദ്യ ഉടമസ്ഥൻ ഒരാൾതന്നെയായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഒന്ന് ഇടനിലക്കാരൻ മുഖേനെയാണ് ക്ഷേത്ര ട്രസ്റ്റ് വാങ്ങിയത്. അടുത്തത് നേരിട്ടും. ഇത്ര വലിയ തുകയുടെ വ്യത്യാസം കണ്ടാൽതന്നെ ആർക്കും മനസ്സിലാവും ഇടയിൽ വൻതോതിലെ ക്രമക്കേട് നടന്നിരിക്കുന്ന കാര്യം. ശ്രീരാമ ഭഗവാെൻറ പേരിൽ പിരിച്ചെടുത്ത പണമാണ് ഇങ്ങനെ അന്യായമായി നൽകിയിരിക്കുന്നത് എന്നതാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
സമാജ്വാദി പാർട്ടിയിലെ മുൻമന്ത്രി പവൻ പാണ്ഡേയും ആംആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങുമാണ് ഭൂമി ഇടപാടിെൻറ രേഖകൾ സഹിതം ഈ വിഷയം ആദ്യം പൊതുശ്രദ്ധയിെലത്തിച്ചത്. ആരോപണം തെറ്റാണെങ്കിൽ അത് തെളിയിക്കുന്നതിന് പകരം സംഘ്പരിവാർ മറ്റൊരു കാർഡാണ് ഇറക്കിക്കളിച്ചത്. ഞങ്ങൾക്ക് നേരെ ഗാന്ധി വധവും ആരോപിക്കപ്പെട്ടിട്ടുണ്ടെന്നും ഇത്തരം ആരോപണങ്ങൾ തമ്മിൽ വ്യത്യാസമില്ലെന്നുമൊക്കെയാണ് വിശ്വഹിന്ദു പരിഷദിെൻറ ഉന്നത നേതാവു കൂടിയായ ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞത്. പിന്നീട് ഇറക്കിയ വാർത്താ കുറിപ്പിൽ റായ് വിശദീകരിച്ചത് നിലവിലെ കേമ്പാള വിലയേക്കാൾ കൂടുതൽ നൽകിയിട്ടില്ലെന്നും വിപണി വിലയേക്കാൾ എത്രയോ കുറഞ്ഞ തുകയാണ് ചെലവഴിച്ചത് എന്നുമാണ്. 2011ൽ ഉണ്ടാക്കിയ കരാർ പ്രകാരമാണ് രണ്ട് കോടി രൂപ ഭൂമിക്ക് വില നിശ്ചയിച്ചത് എന്ന് ബി.ജെ.പി നേതൃത്വം ന്യായീകരിക്കുന്നു. എന്നാൽ, ഇങ്ങനെ ഒരു കരാർ ഉണ്ടാക്കിയ കാര്യം എന്തുകൊണ്ട് വിൽപന കരാറിൽ രേഖപ്പെടുത്തിയില്ല?
രണ്ട് കരാറിലും ഒരേ ആളുകളാണ് സാക്ഷികൾ എന്നതും കാണാതെ പോകരുത്. ഒന്ന് അയോധ്യയിലെ മേയറും ബി.ജെ.പി നേതാവുമായ ഋഷികേശ് ഉപാധ്യായ, രണ്ട് രാമക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്ര. അതെങ്ങനെ സംഭവിച്ചു? ഇതിനൊക്കെ ഉത്തരം നൽകുന്നതിന് പകരം രാമക്ഷേത്രത്തിന് എതിരുനിന്നവരാണ് ഭൂമി ഇടപാടിൽ ആരോപണം ഉന്നയിക്കുന്നവർ എന്ന തിയറി മുന്നോട്ടുവെക്കാനാണ് അവരുടെ ശ്രമം. 2019 നവംബറിൽ രാമക്ഷേത്രത്തിന് അനുകൂലമായി വിധിവന്നതോടെ ഭൂമിക്ക് വില കുതിച്ചു കയറിയെന്നും അവർ പറഞ്ഞുവെക്കുന്നു.
വിശുദ്ധരെന്ന് ഉദ്ഘോഷിച്ച് സ്വയം ക്ലീൻചിട്ടെഴുതിയെടുക്കുേമ്പാഴും ട്രസ്റ്റിെൻറ പല അധികാരികൾക്കുമെതിരെ തെളിവു സഹിതം ആരോപണങ്ങൾ ഉയരുന്നുണ്ട്. അയോധ്യ മേയറുടെ മരുമകൻ ദീപ് നാരായെൻറ ഭൂമി കച്ചവടം നോക്കുക. അയോധ്യയിലെ അവ്ധ് ഹവേലിയിൽ ജില്ലാ മജിസ്ട്രേറ്റ് 35.6 ലക്ഷം രൂപ വില നിശ്ചയിച്ച 890 ചതുരശ്ര മീറ്റർ ഭൂമി ഈ വർഷം െഫബ്രുവരി 20ന് മഹന്ത് ദേവേന്ദ്ര പ്രസാദ് ആചാര്യയിൽനിന്ന് 20 ലക്ഷം രൂപക്ക് ഇയാൾ വാങ്ങി. ചതുരശ്ര മീറ്ററിന് 4000 രൂപയാണ് ഇവിടെ മിനിമം വില. ഈ ഭൂമി ദീപ് നാരായനിൽനിന്ന് ചതുരശ്ര മീറ്ററിന് 28,090 രൂപ നൽകി ട്രസ്റ്റ് വാങ്ങി. അന്നുതന്നെ നടന്ന മറ്റൊരു ഇടപാടിൽ 28 ലക്ഷം രൂപ മതിപ്പ് വിലയുള്ള 676.86 ചതുരശ്ര മീറ്റർ ഭൂമി ഒരു കോടി രൂപക്കാണ് ഇയാളിൽനിന്ന് ട്രസ്റ്റ് വാങ്ങിയത്. രണ്ട് ഭൂമി കച്ചവടത്തിലും സാക്ഷികൾ നേരത്തേ പറഞ്ഞ സാക്ഷാൽ മേയറും ട്രസ്റ്റ് അംഗം അനിൽ മിശ്രയും തന്നെയാണ്. അനിൽ മിശ്ര ഇവിടുത്തെ അറിയപ്പെടുന്ന ഭൂമി ദല്ലാളാണ്, ഇയാളും മേയറും തമ്മിലെ അടുപ്പവും നാട്ടിലാകെ അറിയപ്പെടുന്നതുമാണ്.
അനധികൃതവും നിയമവിരുദ്ധവുമായ ഇടപാടുകൾ നടത്തിയവർക്കെതിരെ തക്കതായ നടപടിയെടുക്കേണ്ടതിനു പകരം അർഥപൂർണമായ മൗനം അവലംബിച്ച യു.പി സർക്കാർ തിടുക്കം കാട്ടിയത് ക്ഷേത്ര ട്രസ്റ്റ് ചമ്പത് റായിയുടെ മറ്റൊരു ഭൂമി തട്ടിപ്പ് പുറത്തുവിട്ട മുതിർന്ന മാധ്യമ പ്രവർത്തകൻ വിനീത് നാരായനെതിരെ കേസ് ചുമത്താനാണ്. അഞ്ച് പതിറ്റാണ്ടായി റായിയുമായി ബന്ധമുള്ള ഒരു കുടുംബത്തിൽനിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തുവന്നത്. ബിജ്നോറിൽ റായിയും അൽക ലഹോട്ടി കുടുംബവും ചേർന്ന് നടത്തിയിരുന്ന ഗോശാലയുടെ ഭൂമി തട്ടിയെടുത്തുവെന്നാണ് ആക്ഷേപം.
പുറത്തുവന്നിരിക്കുന്ന തെളിവുകൾ ക്ഷേത്ര ട്രസ്റ്റിെൻറ മുഖ്യ കൈകാര്യ കർത്താക്കൾ വലിയ ക്രമക്കേട് നടത്തിയിരിക്കുന്നു എന്ന സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ക്ഷേത്രത്തിെൻറ മുഖ്യ പൂജാരി മഹന്ത് നൃത്യഗോപാൽദാസ് അടക്കമുള്ളവർക്ക് ക്ഷേത്രത്തിനു വേണ്ടി ഭൂമി വാങ്ങുന്ന ഇടപാടുകളുടെ സുതാര്യതയെക്കുറിച്ച് വ്യക്തതയില്ല. അദ്ദേഹത്തിന് പുറമെ ഹനുമാൻ ഗഢിയുടെ മഹന്ത് ധരം ദാസ്, രാമജന്മഭൂമി പുരോഹിതൻ സത്യേന്ദ്രദാസ് എന്നിവരെല്ലാം ഈ ഇടപാടുകളെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തുന്നതിനെ അനുകൂലിക്കുന്നവരാണ്.
എന്തായാലും ഈ പ്രശ്നങ്ങൾ രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾക്ക് മാത്രമല്ല, സംഘ്പരിവാറിെൻറ ഉന്നത നേതാക്കൾക്കുവരെ തലവേദനയായി മാറിക്കഴിഞ്ഞു. രാമക്ഷേത്രത്തിെൻറ പേരിൽ വോട്ടുകൾ കൊയ്ത് തുടർഭരണം ഉറപ്പാക്കാമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നതിനിടയിലാണല്ലോ ശ്രീരാമെൻറ പേരിൽ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം കുംഭകോണങ്ങളിലേക്ക് വഴിമാറി ഒഴുകിയെന്ന ആരോപണം കത്തിക്കയറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.