ഹരിതവിപ്ലവം ഇന്ത്യയിലെ കാർഷികോൽപാദനത്തിൽ വമ്പിച്ച വർധനയാണുണ്ടാക്കിയത്. ഇതിൽ ഏറ്റവും പ്രകടം ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനത്തിലുണ്ടായ വർധനയാണ്. 1960 -61ൽ 83 ദശലക്ഷം ടൺ ഭക്ഷ്യധാന്യമായിരുന്നു ഇന്ത്യയിൽ ഉൽപാദിപ്പിക്കപ്പെട്ടത്. 2018 -19 ആകുമ്പോഴേക്കും ഇത് 245 ദശലക്ഷം ടണ്ണായി. ഹരിതവിപ്ലവം ഭക്ഷ്യധാന്യങ്ങളിലാണ് കേന്ദ്രീകരിച്ചതെങ്കിലും മറ്റു കാർഷികോൽപന്നങ്ങളിലും ഗണ്യമായ വർധനയുണ്ടാക്കി. പയറുവർഗങ്ങളുടെ ഉൽപാദനം 1960 -61 ൽ 12.70 ദശലക്ഷം ടൺ ആയിരുന്നത് 2016 -17 ആകുമ്പോഴേക്കും 22.95 ദശലക്ഷം ടണ്ണായി. എണ്ണക്കുരുക്കളുടെ ഉൽപാദനം 6.98 ദശലക്ഷം ടണ്ണിൽനിന്ന് 32.10 ദശലക്ഷം ടൺ ആയും പരുത്തിയുടേത് 5.60 ദശലക്ഷം ടണ്ണിൽനിന്ന് 33 .09 ദശലക്ഷം ടൺ ആയും ചണത്തിേൻറത് 5.26 ദശലക്ഷം ടണ്ണിൽനിന്ന് 10.60 ദശലക്ഷം ടൺ ആയും കരിമ്പിേൻറത് 110 ദശലക്ഷം ടണ്ണിൽനിന്ന് 307 ദശലക്ഷം ടണ്ണായും വർധിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടിെൻറ തുടക്കമാകുമ്പോഴേക്കും അരി, ഗോതമ്പ്, പയറുവർഗങ്ങൾ, പച്ചക്കറികൾ, പാൽ എന്നിവയുടെ ആഗോള ഉൽപാദനത്തിൽ നിർണായക പ്രാധാന്യം കൈവരിക്കുവാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു.
ഇത്രയും ശ്രദ്ധേയമായ മുന്നേറ്റം കാർഷികോൽപാദനത്തിൽ ഉണ്ടാക്കിയെങ്കിലും നേട്ടത്തിെൻറ ഒരു ചെറിയ ഭാഗം മാത്രമായിരുന്നു കർഷകന് ലഭിച്ചത്. 2009ൽപോലും മൊത്തം കാർഷികോൽപാദന മൂല്യത്തിെൻറ 35 ശതമാനം മാത്രമായിരുന്നു കർഷകനിലേക്കെത്തിയത്. ബാക്കി 65 ശതമാനത്തിെൻറ സിംഹഭാഗവും ഇടനിലക്കാരുടെയും സ്വകാര്യ കച്ചവടക്കാരുടെയും ഗ്രാമീണ പണമിടപാടുകാരുടെയും കൈകളിലേക്ക് പോയി.
കർഷകെൻറ സാമ്പത്തിക പരിമിതികളും കടബാധ്യതകളും വിളവെടുപ്പു കഴിഞ്ഞാൽ ഉടൻതന്നെ തെൻറ ഉൽപന്നങ്ങൾ കമ്പോളത്തിലെത്തിക്കാൻ അയാളെ നിർബന്ധിതനാക്കുന്നുവെന്നു മാത്രമല്ല, വിലനിർണയത്തിലോ അളവ്-തൂക്കങ്ങളിലോ നിർണായകമായ തരത്തിൽ ഇടപെടാനുള്ള അയാളുടെ ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു. സ്വാഭാവികമായും ഈ സമയത്ത് ഉൽപന്നങ്ങളുടെ വില കുറവായിരിക്കുകയും ചെയ്യും. വിലയിൽ മാറ്റമുണ്ടാകുന്നതുവരെ കാത്തിരിക്കുന്നതിനു കർഷകെൻറ സാമ്പത്തികശേഷി അനുവദിക്കുന്നില്ല എന്നതിനപ്പുറം, അതു വരെ ഉൽപന്നം കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും അയാൾക്ക് അപ്രാപ്യമായിരിക്കും. കൃഷിയുടെ നടത്തിപ്പിനും വീട്ടുചെലവിനുമായി ഇതിനോടകം വാങ്ങിയിട്ടുള്ള കടങ്ങൾ വീട്ടേണ്ട ചുമതലയും വിളവെടുപ്പുസമയത്തായിരിക്കും വരുക. പലപ്പോഴും കച്ചവടക്കാരനും പണമിടപാടുകാരനും ഒരാൾതന്നെ ആയിരിക്കുകയും ചെയ്യും. വായ്പാ കമ്പോളത്തെയും ഉൽപന്ന കമ്പോളത്തെയും പരസ്പരബന്ധിതമാക്കിക്കൊണ്ട് (interlocking) കർഷകർ മുൻകൂറുകൾ സ്വീകരിക്കുന്നതിെൻറയും വിളവെടുപ്പ് സമയത്തുള്ള കുറഞ്ഞ വിലയിൽ ഉൽപന്നം വിൽക്കാൻ നിർബന്ധിതരാകുന്നതിെൻറയും ചരിത്രത്തിന് കൊളോണിയൽ കാലഘട്ടത്തോളമോ അതിലും കൂടുതലോ പഴക്കമുണ്ടെന്നാണ് ഇന്ത്യയുടെ സാമ്പത്തികചരിത്രം വ്യക്തമാക്കുന്നതും.
1960കളിലും 70കളുടെ തുടക്കത്തിലുമായി നിയന്ത്രിത കമ്പോളങ്ങൾ സ്ഥാപിക്കപ്പെട്ടതോടെ കാർഷികോൽപന്നങ്ങളുടെ വിപണനം, ഇവ സംസ്ഥാപിതമായ സംസ്ഥാനങ്ങളിൽ നാല് വ്യത്യസ്ത ചാനലുകളിൽ ആയിത്തീർന്നു: ഒന്ന്, സർക്കാർ സംഭരണം; രണ്ട്, നിയന്ത്രിത കമ്പോളങ്ങൾ; മൂന്ന്, ആഴ്ചച്ചന്തകൾ (ഹാറ്റുകൾ); നാല്, സ്വകാര്യ കച്ചവടക്കാർ. ഇതിൽ സർക്കാർ സംഭരണം ഭക്ഷ്യ ധാന്യങ്ങൾക്കു മാത്രമാണുള്ളത്. എന്നാൽ, മൊത്തം ധാന്യോൽപാദനത്തിെൻറ ഒരു ചെറിയ ഭാഗം മാത്രമാണ് സർക്കാർ വർഷാവർഷം പ്രഖ്യാപിക്കുന്ന താങ്ങുവിലയിൽ ഫുഡ് കോർപറേഷൻ ഏറ്റെടുക്കുന്നത്. ഈ അടുത്ത കാലത്തുപോലും ഇത് മൊത്തം ഉൽപാദനത്തിെൻറ മൂന്നിൽ ഒന്നിൽ താഴെ മാത്രമായിരുന്നു. ആഴ്ചച്ചന്തകൾ പ്രധാനമായും പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയുടെ ചില്ലറക്കച്ചവടം ആണ് നടത്തുന്നത്. 2017ലെ കണക്കുകൾ പ്രകാരം രാജ്യത്താകെയുള്ള 22,941 ആഴ്ചച്ചന്തകളിൽ 95 ശതമാനവും ചില്ലറക്കച്ചവടം മാത്രം നടത്തുന്നവയാണ്. മൊത്തക്കച്ചവടം നടക്കുന്നത് കേവലം ഒരു ശതമാനത്തിൽ മാത്രമാണ്. ഈ ചന്തകൾക്കു ശീതീകരണ ഉപകരണങ്ങളോ പാണ്ടികശാലകളോ ഇല്ലാത്തതുകൊണ്ട് മിക്കപ്പോഴും ഇവിടെ നടക്കുന്ന മൊത്ത കച്ചവടം നഗരത്തിലെ വൻകിട കച്ചവടക്കാരോ അല്ലെങ്കിൽ നിയന്ത്രിത കമ്പോളവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഇടനിലക്കാരോ ആണ് നടത്തുന്നത്.
2017ൽ, 4298 ഉപകമ്പോളങ്ങൾ (sub-markets) ഉൾപ്പെടെ 6630 നിയന്ത്രിത കമ്പോളങ്ങളാണ് രാജ്യത്താകമാനം ഉണ്ടായിരുന്നത്. ഇവയിൽ 902 എണ്ണം മഹാരാഷ്ട്രയിലായിരുന്നു. യു.പി (623), മധ്യപ്രദേശ് (545), കർണാടക (513), പശ്ചിമ ബംഗാൾ (475), രാജസ്ഥാൻ (454 ), ഒഡിഷ (436) പഞ്ചാബ് (435), ഗുജറാത്ത് (400), തമിഴ്നാട് (283), തെലങ്കാന (260), അസം (226), ഝാർഖണ്ഡ് (190), ആന്ധ്രപ്രദേശ് (191), ഹരിയാന (281), ഛത്തിസ്ഗഢ് (187) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ. അതായത്, രാജ്യത്ത് ആകെയുള്ള നിയന്ത്രിത കമ്പോളങ്ങളിൽ 96.55 ശതമാനവും 16 സംസ്ഥാനങ്ങളിലാണുള്ളത്. കാർഷികോൽപന്ന - വിപണന നിയമങ്ങൾ തന്നെ ഒരു സംസ്ഥാനത്തെ മൊത്തം ഒറ്റ നിയന്ത്രിത കമ്പോളത്തിെൻറ കീഴിലോ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ കമ്പോളങ്ങളുടെ കീഴിലോ ആക്കാൻ അനുവദിക്കുന്നുണ്ടെന്നതായിരിക്കാം മറ്റുള്ള സംസ്ഥാനങ്ങളിലെ എണ്ണക്കുറവിെൻറ കാരണം. ഒരു കമ്പോളം ഒരു പ്രത്യേക ഉൽപന്നത്തിന് വേണ്ടിയോ അല്ലെങ്കിൽ വിവിധ ഉൽപന്നങ്ങൾക്ക് വേണ്ടിയോ രൂപവത്കരിക്കാമെന്നതും കമ്പോളങ്ങളുടെ എണ്ണത്തിലുള്ള അന്തർ സംസ്ഥാന വ്യത്യാസത്തിനു കാരണമായിട്ടുണ്ട്.
അംഗീകൃത അളവു-തൂക്ക സാമഗ്രികൾ, ഗുണനിലവാരത്തിെൻറ അടിസ്ഥാനത്തിൽ ചരക്കുകൾ തരം തിരിക്കുന്നതിനുള്ള സൗകര്യങ്ങൾ, പാണ്ടികശാലകൾ, കച്ചവടത്തിനായി എത്തുന്ന കർഷകർക്കും കച്ചവടക്കാർക്കും വിശ്രമത്തിനും പ്രാഥമികാവശ്യങ്ങൾക്കുമായുള്ള സംവിധാനങ്ങൾ, ഭക്ഷണശാലകൾ, ശീതീകരണികൾ, ബാങ്കിങ് സൗകര്യങ്ങൾ, മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെട്ടതായിരിക്കണം ഓരോ മാണ്ഡിയും എന്നാണ് എ.പി.എം.സി ആക്ടുകൾ നിഷ്കർഷിക്കുന്നത്. തങ്ങളുടെ ഉൽപന്നങ്ങൾ കേടുകൂടാതെ ദീർഘകാലം സൂക്ഷിച്ചുവെക്കാൻ കഴിയുന്നു എന്നതിനാൽ വില മെച്ചമാവുന്ന സമയങ്ങളിലേക്ക് വിപണനം മാറ്റിവെക്കാൻ കർഷകനെ ഇത് പ്രാപ്തനാക്കുന്നു. ഇതിനുപുറമെ, ഉൽപന്നങ്ങളുടെ വില നിർണയിക്കുന്നത് ലേലത്തിലൂടെയാണെന്നതുകൊണ്ട് വിൽപന നടക്കുന്ന സമയത്തെ പരമാവധി വിലയായിരിക്കും കർഷകന് മാണ്ഡികളിൽ ലഭിക്കുന്നതും.
എന്നാൽ,പല മാണ്ഡികളിലും നിയമം ലക്ഷ്യമിട്ടിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർണമായി ലഭ്യമല്ല എന്നതാണ് വാസ്തവം. കേന്ദ്ര കൃഷിവകുപ്പിെൻറ കീഴിലുള്ള മാർക്കറ്റിങ് ഇൻറലിജൻസ് വിഭാഗം 2015ൽ നടത്തിയ ഒരു സർവേ പ്രകാരം 15 ശതമാനം കമ്പോളങ്ങളിൽ മാത്രമാണ് ശീതീകരണികൾ ഉണ്ടായിരുന്നത്.
മാണ്ഡികൾ കൊണ്ടുള്ള നേട്ടങ്ങൾ കർഷകന് ലഭ്യമാകണമെങ്കിൽ ഉൽപന്നങ്ങൾ അവയിൽ എത്തേണ്ടതുണ്ട്. ഒരു മാണ്ഡിയുടെ പ്രവർത്തനപരിധി വിജ്ഞാപനം ചെയ്യപ്പെട്ടാൽ, അതിനുള്ളിലുള്ള കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾ ആ മാണ്ഡിയിൽ തന്നെ വിൽക്കേണ്ടതുണ്ട്. കാർഷികോൽപന്ന കമ്പോള (APMC) നിയമങ്ങൾ പ്രകാരം ചരക്കുകൾ മാണ്ഡിയിലെത്തിക്കുന്നതിെൻറ ഉത്തരവാദിത്തം പൂർണമായും കർഷകനിലാണ്. ഇവിടെ, മാണ്ഡികളുടെ പ്രവർത്തനമേഖലയുടെ വ്യാപ്തി പലപ്പോഴും കർഷകന് ഒരു ബാധ്യതയായി മാറുന്നു. ഓരോ സംസ്ഥാനത്തിെൻറയും ഭൂവിസ്തൃതി, കമ്പോളങ്ങളുടെ എണ്ണം എന്നിവ അനുസരിച്ചാണ് ഒരു കമ്പോളത്തിെൻറ ശരാശരി പ്രവർത്തന വിസ്തൃതി. പഞ്ചാബിൽ ഇത് 116 ചതുരശ്രകിലോമീറ്റർ ആയിരിക്കുമ്പോൾ മേഘാലയയിൽ 11,215 ചതുരശ്ര കിലോമീറ്ററാണ്. അഖിലേന്ത്യ ശരാശരി തന്നെയും 496 ച.കി.മീ ആണ്. പെട്ടെന്ന് കേടുവരുന്ന സാധനങ്ങൾ അവ ചീത്തയാകുന്നതിനു മുമ്പ് ഇത്രയും അകലത്തിൽ എത്തിക്കുക കർഷകനെ സംബന്ധിച്ചിടത്തോളം തികച്ചും ദുഷ്കരമായി മാറുന്നു. ഇതിലുമുപരിയാണ് ഉൽപാദന സ്ഥലത്തുനിന്ന് വളരെ അകലെയുള്ള മാണ്ഡിയിൽ എത്തിക്കുന്നതിെൻറ ഗതാഗത ചെലവ്. ചെറുകിട ഉൽപാദകർക്കു അവരുടെ ഉൽപന്നം നേരിട്ട് കമ്പോളത്തിൽ എത്തിക്കാനൊക്കാത്ത അവസ്ഥയാണ് ഇവിടെ സംജാതമാവുക. ചെറുകിട കർഷകെൻറ ഈ നിസ്സഹായാവസ്ഥയെ മുതലെടുക്കുന്നതാകട്ടെ ഇടനിലക്കാരും. എ.പി.എം.സി നിയമങ്ങൾ ഇടനിലക്കാരെ കമ്പോളത്തിൽനിന്ന് ഒഴിവാക്കിയിട്ടില്ല എന്നതുകൊണ്ട് തന്നെ ഇവരുടെ പിടിയിൽനിന്ന് കർഷകരെ പൂർണമായി ഒഴിവാക്കുന്നതിന് നിയന്ത്രിത കമ്പോളങ്ങൾക്കു കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.
വിൽപന മൂല്യത്തിെൻറ ഒരു നിശ്ചിത ശതമാനം നിയമം മൂലം മാണ്ഡി ഫീസായി അടക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളുടെ റവന്യൂവിലേക്ക് മുതൽകൂട്ടുന്ന ഈ ഫീസ് വ്യാപാരികൾ കൊടുക്കണമെന്നാണ് ചട്ടമെങ്കിലും മിക്ക കമ്പോളങ്ങളിലും കർഷകരിൽനിന്നാണ് ഈടാക്കുന്നത്.
എന്നാൽ, ന്യൂനതകൾക്കതീതമായി കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ മാണ്ഡികളുടെ പ്രവർത്തനം കുറെയെങ്കിലും സഹായകരമായിട്ടുണ്ടെന്നാണ് പൊതുവിലുള്ള ധാരണ. ഉള്ള ന്യൂനതകളാകട്ടെ പരിഹരിക്കാവുന്നവയും. എം.എസ്. സ്വാമിനാഥൻ അധ്യക്ഷനായ (2004) കർഷക കമീഷെൻറ ഒരു പ്രധാന നിർദേശം തന്നെയും ഓരോ അഞ്ചു ചതുരശ്ര കിലോമീറ്ററിനും ഒരു നിയന്ത്രിത കമ്പോളം എന്നതായിരുന്നു.
1991 മുതൽ ഇന്ത്യ സ്വീകരിച്ച ഉദാരവത്കരണ നയങ്ങളുടെ അടിസ്ഥാനം സ്വതന്ത്ര കമ്പോളവാദമായിരുന്നു. സ്വാഭാവികമായും, നിയന്ത്രിത കമ്പോളങ്ങൾ എന്ന ആശയം ഇതുമായി പൊരുത്തപ്പെടുന്നവയായിരുന്നില്ല. മാണ്ഡികളിൽ കച്ചവടക്കാരുടെ എണ്ണം കുറവാണെന്നും ഈ കച്ചവടക്കാർ കാർട്ടലുകലുകളായി പ്രവർത്തിക്കുന്നുവെന്നുമായിരുന്നു ചിലരുടെ കണ്ടെത്തൽ. മാണ്ഡികളുടെ പരിധിക്കുള്ളിലുള്ള ഉൽപാദകർ തങ്ങളുടെ ഉൽപന്നങ്ങൾ മറ്റാർക്കും വിൽക്കരുത് എന്ന നിയമം കുത്തക കമ്പോളങ്ങളെ സൃഷ്ടിക്കുന്നുവെന്നായിരുന്നു ഇനിയും ചിലർ ചൂണ്ടിക്കാട്ടിയത്; മാണ്ഡികൾ തമ്മിൽ ഒരു ബന്ധവുമില്ലെന്നും കമ്പോളത്തെ തുണ്ടുകളാക്കുക (fragmentation) വഴി ദേശീയകമ്പോളത്തെ ഇല്ലാതാക്കുന്നുവെന്നുമായിരുന്നു മറ്റു ചിലരുടെ നിഗമനം. നിയന്ത്രിത കമ്പോളങ്ങൾ ഓരോന്നും സ്വതന്ത്രമായി പ്രവർത്തിക്കുന്നതുകൊണ്ടുള്ള ആശയവിനിമയത്തിലെ അപാകം (information asymmetry), 'കമ്പോളത്തിെൻറ പരാജയ'ത്തിനു കാരണമാകുന്നു എന്നായിരുന്നു ഇനിയും ചിലരുടെ വാദം.
നിയന്ത്രിത കമ്പോളങ്ങളെ നിലനിർത്തിക്കൊണ്ടു തന്നെ, കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിൽ പരിഷ്കാരം കൊണ്ടു വരാനുള്ള ശ്രമങ്ങളിലേക്കായിരുന്നു ഈ വാദഗതികൾ തുടക്കത്തിൽ വഴിെവച്ചത്. ഇതിെൻറ അടിസ്ഥാനത്തിൽ, 2003ൽ സംസ്ഥാനങ്ങളുടെ എ.പി.എം.സി നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള മാർഗനിർദേശമെന്ന നിലയിൽ കേന്ദ്രസർക്കാർ ഒരു മാതൃകാ നിയമം - The State Agricultural Produce Marketing (Development and Regulation) Act (2003) - പുറത്തിറക്കി. പ്രസ്തുത നിയമത്തിെൻറ ആമുഖം തന്നെ സർക്കാറിെൻറ ലക്ഷ്യങ്ങളെയും വരാൻ പോകുന്ന മാറ്റങ്ങളെയും വ്യക്തമാക്കുന്നുണ്ട്. അവയെ ഇങ്ങനെ ക്രോഡീകരിക്കാം: ഒന്ന്, ഉപജീവനത്തിനു വേണ്ടി മാത്രം കൃഷി ചെയ്യുന്ന കർഷകനെ (subsistence farmer) വാണിജ്യകൃഷിയിലേക്കു കൊണ്ടുവരുന്നതിന്, അനുയോജ്യമായ ഒരു വിപണന സമ്പ്രദായം ഉണ്ടാകേണ്ടതുണ്ട്. രണ്ട്, ശുദ്ധമായ നിയന്ത്രണങ്ങളിലും വികസനത്തിലും ഊന്നിയ സമീപനത്തിൽനിന്ന് പ്രോത്സാഹനത്തിലും സൗകര്യമൊരുക്കലിലും കേന്ദ്രീകരിക്കുന്ന ഒരു അടിത്തറയിലേക്ക് മാറുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. മൂന്ന്, സർക്കാർ നിയന്ത്രണത്തിലുള്ള APMC കൾ ഉൾപ്പെടെയുള്ളവയുടെ കുത്തകാവകാശവും കമ്പോള ആധിപത്യവും തടയുകയും വിപണനത്തിനായി ബഹുമുഖപാതകൾ തുറക്കാൻ അനുവദിക്കുകയും ചെയ്യുന്നതിലൂടെ മത്സരരാധിഷ്ഠിത കമ്പോളത്തിനനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇതിലൂടെ കർഷകന് തെൻറ ഉൽപന്നങ്ങൾ, നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ, ഉയർന്ന വില നൽകുന്ന ആർക്കും, ഏതു കമ്പോളത്തിലും വിൽക്കാൻ കഴിയുന്ന സാഹചര്യം സംജാതമാകും. നാല്, അതേസമയം തന്നെ കർഷകൻ ഇപ്പോൾ അഭിമുഖീകരിക്കുന്ന അമിത ഗതാഗത ചെലവിൽ കുറവ് വരുത്തുന്നതിലേക്കായി മാണ്ഡികളുടെ എണ്ണം വർധിപ്പിക്കുകയും ഓരോ മാണ്ഡിയുടെയും കീഴിൽ വരുന്ന ഭൂപ്രദേശത്തെ കുറച്ചുകൊണ്ടു വരുകയും ചെയ്യേണ്ടതുണ്ട്.
മേൽപറഞ്ഞ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി മാതൃകാ നിയമം മുന്നോട്ടുെവച്ച പ്രധാന നിർദേശങ്ങൾ ഇവയായിരുന്നു. ഒന്ന്, കച്ചവടക്കാർ, കയറ്റുമതിക്കാർ, സംസ്കരണ സ്ഥാപനങ്ങൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയവയെ കർഷകനിൽനിന്ന് നേരിട്ട് ഉൽപന്നങ്ങൾ വാങ്ങുന്നതിന് അനുവദിക്കുക (direct marketing); രണ്ട്, കരാർ കൃഷി, മൂന്ന്, മാണ്ഡികളുടെ എണ്ണം വർധിപ്പിക്കുന്നതിനായി സ്വകാര്യ മാണ്ഡികളും സ്വകാര്യ-പൊതുമേഖല പങ്കാളിത്തത്തോടെയുള്ള മാണ്ഡികളും ആരംഭിക്കുക. മറ്റുള്ള നിർദേശങ്ങളാകട്ടെ, മാണ്ഡികളുടെ ഘടന, ലൈസൻസ് ഫീസ് എന്നിവയെ സംബന്ധിക്കുന്നവയായിരുന്നു.
2007ൽ മാതൃകാ നിയമവുമായി ബന്ധപ്പെട്ട മാതൃകാ ചട്ടങ്ങളും കേന്ദ്ര സർക്കാർ പുറത്തിറക്കിയെങ്കിലും കാർഷിക കമ്പോളങ്ങളെക്കുറിച്ചു വീണ്ടും പഠിച്ചു നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി പത്തു സംസ്ഥാന മന്ത്രിമാരടങ്ങുന്ന ഒരു ഉന്നതാധികാരസമിതിയെ 2010 മാർച്ച് രണ്ടാം തീയതി നിയമിച്ചു. 2003ലെ മോഡൽ നിയമം നടപ്പാക്കുന്നതിനുള്ള നിർദേശങ്ങളോടൊപ്പം സമിതി നൽകിയ ഒരു പ്രധാന നിർദേശം കരാർ കൃഷി സ്പോൺസർമാരെയും നേരിട്ടുള്ള കച്ചവട ലൈസൻസികളെയും സ്റ്റോക്ക് പരിധികളിൽനിന്നൊഴിവാക്കുന്നതിനായി 1955ലെ അവശ്യസാധന നിയമം ഭേദഗതി ചെയ്യുക എന്നതായിരുന്നു. ഇതിനെ തുടർന്ന് 2017 ൽ പുതിയ മാതൃകാനിയമം തയാറാക്കപ്പെട്ടു. ലൈവ്സ്റ്റോക്കിനെ കൂടി നിയമത്തിെൻറ പരിധിയിൽ കൊണ്ടുവന്ന് മാതൃകാനിയമത്തിെൻറ പേരുതന്നെയും Agricultural Produce and Livestock Marketing (Promotion and Facilitation) Act എന്നാക്കിമാറ്റിയെങ്കിലും അവശ്യസാധനനിയമം ഭേദഗതി ചെയ്യപ്പെട്ടില്ല.
ഓരോ നിയന്ത്രിത കമ്പോളത്തിെൻറയും പ്രവർത്തനസ്വാതന്ത്ര്യം അത് സ്ഥിതിചെയ്യുന്ന സംസ്ഥാനം മുഴുവനാക്കണമെന്നു നിർദേശിച്ച മാതൃക നിയമം പ്രാദേശിക കമ്പോളങ്ങളുടെ ഏകോപനത്തിനു ഇലക്ട്രോണിക മാധ്യമങ്ങളുപയോഗിച്ചുള്ള വ്യാപാരം (e-trade), അന്തർ-സംസ്ഥാന വ്യാപാര ലൈസൻസുകൾ, ഗുണനിലവാര സർട്ടിഫിക്കറ്റുകൾ എന്നിവയും ശിപാർശ ചെയ്തു.
2003ലെ മാതൃകാ നിയമത്തിെൻറ നടപ്പാക്കൽ പുരോഗതിയെ 'അങ്ങുമിങ്ങും തുണ്ടുകൾ കൂട്ടിച്ചേർത്തു െവച്ച സൗന്ദര്യവർധകക്രിയ' എന്നായിരുന്നു 2017ലെ മോഡൽ നിയമത്തിെൻറ മുഖവുര വിലയിരുത്തിയത്. എന്നാൽ 2017 ആകുമ്പോഴേക്കും ഒട്ടുമിക്ക സംസ്ഥാനങ്ങളുടെയും കാർഷികോൽപന്ന വിപണനസമിതി (APMC) നിയമങ്ങൾ 2003ലെ മാതൃകാനിയമത്തിെൻറ അടിസ്ഥാനത്തിൽ ഭേദഗതി ചെയ്യപ്പെട്ടിരുന്നു. 21 സംസ്ഥാനങ്ങൾ കരാർ കൃഷിക്കും, 22 എണ്ണം നേരിട്ടുള്ള കച്ചവടത്തിനും (ഡയറക്റ്റ് മാർക്കറ്റിങ്ങിനും) 19 എണ്ണം ഇ-വ്യാപാരത്തിനും ഉള്ള വകുപ്പുകൾ ഇതിനോടകം തന്നെ തങ്ങളുടെ APMC നിയമങ്ങളിൽ വരുത്തിയിട്ടുണ്ടായിരുന്നു. സംസ്ഥാനത്തിന് മൊത്തം ബാധകമാകുന്ന ഏകീകൃത വ്യാപാര ലൈസൻസുകൾക്കായി നിയമമാറ്റം കൊണ്ടുവന്നത് 22 സംസ്ഥാനങ്ങളായിരുന്നു.
ഇരുപത്തിയൊന്ന് സംസ്ഥാനങ്ങൾ തങ്ങളുടെ APMC നിയമങ്ങളിൽ കരാർ കൃഷിക്കുള്ള വകുപ്പുകൾ ഉൾക്കൊള്ളിച്ചുവെങ്കിലും, ഈ സംസ്ഥാനങ്ങളിൽപോലും കരാർ കൃഷിക്ക് പ്രത്യേക നിയമം ഉണ്ടായിരുന്നില്ല. ഇത്തരമൊരു നിയമനിർമാണത്തെക്കുറിച്ച് 2017 -18 ലെ ബജറ്റ് പ്രസംഗത്തിൽ നടത്തിയ പ്രഖ്യാപനത്തെ തുടർന്ന് രൂപവത്കരിക്കപ്പെട്ട സമിതി : ... State Agricultural Produce and Livestock Contract Farming and Services (Promotion and Facilitation Act, 2018 എന്നപേരിൽ ഒരു മാതൃകാ നിയമം സംസ്ഥാനങ്ങൾക്കായി തയാറാക്കി.
2019 ജൂലൈയിലാണ്, അതുവരെയുള്ള മാതൃകാനിയമങ്ങളെ ക്രോഡീകരിച്ചുകൊണ്ടുള്ള കേന്ദ്ര നിയമത്തിനെക്കുറിച്ചുള്ള സൂചനകൾ പുറത്തുവരുന്നത്. 2020 ജൂൺ അഞ്ചിനു ഓർഡിനൻസുകളായി അവ പുറത്തുവരുകയും ചെയ്തു.
മിക്ക സംസ്ഥാനങ്ങളും മാതൃകാ നിയമങ്ങളിലുണ്ടായിരുന്ന നിർദേശങ്ങളിൽ പലതും ബന്ധപ്പെട്ട കാർഷികോൽപന്ന വിപണന നിയമങ്ങളിൽ ഉൾപ്പെടുത്തിയെങ്കിലും, അവക്ക് സംസ്ഥാനങ്ങളുടെ നിയമങ്ങളിൽ ഐക രൂപ്യം കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. ചില നിർദേശങ്ങളാകട്ടെ, എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കിയതുമില്ല. ഇതിനെ അതിജീവിക്കുകയും എന്താണോ മാതൃകാ നിയമങ്ങളിലൂടെ ഉദ്ദേശിച്ചത് അവയെ നടപ്പിൽ വരുത്തുകയും ചെയ്യുക എന്ന ലക്ഷ്യമാണ് പുത്തൻ നിയമനിർമാണത്തോടെ കേന്ദ്രസർക്കാർ സാർഥകമാക്കുന്നത്. ഏകീകൃത കമ്പോളം, 'ഒരു രാജ്യം, ഒരു കമ്പോളം' എന്നൊക്കെയുള്ള കേവല വായ്ത്താരികൾക്കപ്പുറം ഇന്ത്യയുടെ കാർഷികമേഖലയെ കമ്പോള ശക്തികൾക്കും മൂലധന ശക്തികൾക്കും മുന്നിൽ തുറന്നിടുക എന്ന ദൗത്യമാണ് ഇതിലൂടെ നിർവഹിക്കുന്നത്.
2020 ജൂൺ അഞ്ചിന് നിലവിൽ വന്ന മൂന്ന് ഓർഡിനൻസുകളാണ് ഇപ്പോൾ നിയമമായിരിക്കുന്നത്. ഒന്ന്, കർഷകരുടെ ഉൽപന്നങ്ങളുടെ വ്യാപാരവും വാണിജ്യവും (പ്രോത്സാഹനവും സുഗമമാക്കലും); രണ്ട്, വില ഉറപ്പിനും കാർഷിക സേവനങ്ങൾക്കായുമുള്ള കർഷക (ശാക്തീകരണവും സംരക്ഷണവും) ഉടമ്പടി സംബന്ധിച്ചത്; മൂന്ന്, അവശ്യസാധന (ഭേദഗതി). ഇവ തമ്മിലുള്ള കെട്ടുപിണഞ്ഞ ബന്ധം ആകസ്മികമല്ലെന്നു മാത്രമല്ല, അവയുടെ ഉദ്ദിഷ്ട ഫലപ്രാപ്തിക്ക് അനിവാര്യവുമാണ്.
കർഷകർക്ക് മാണ്ഡികൾക്കു പുറത്തെവിടെയും തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള അവകാശം നൽകുന്നതാണ് നിയമങ്ങളിൽ ആദ്യത്തേത്. രണ്ടാമത്തേത് , കരാർ കൃഷിയെ സംബന്ധിക്കുന്നതും. 1955 ലെ അവശ്യ സാധന നിയമത്തിൽ അടിസ്ഥാനപരമായ മാറ്റം വരുത്തിയിരിക്കുന്നതാണ് മൂന്നാമത്തേത്. ഇതിൻപ്രകാരം, ഒരാളിന് കൈവശം വെക്കാവുന്ന കാർഷികോൽപന്നങ്ങളുടെ സ്റ്റോക്കിന് ഉണ്ടായിരുന്ന പരിധി ഇല്ലാതായി. അമിത വിലക്കയറ്റം, യുദ്ധം, ക്ഷാമം, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമായിരിക്കും സ്റ്റോക്ക് സൂക്ഷിക്കുന്നതിൽ ഇനിമേൽ നിയന്ത്രണമേർപ്പെടുത്താവുന്നത്.
ഇവയിൽ ആദ്യ രണ്ടും 2003 മുതലുള്ള മാതൃകാ നിയമങ്ങളിൽ ഉണ്ടായിരുന്നവയും ഭൂരിഭാഗം സംസ്ഥാനങ്ങളും അവരുടെ നിയമങ്ങളിൽ ഉൾക്കൊള്ളിച്ചവയുമാണ്. എന്നാൽ, അന്നൊന്നും ഇപ്പോഴുള്ളതുപോലുള്ള എതിർപ്പ് കർഷകരിൽനിന്നോ കർഷക സംഘടനകളിൽനിന്നോ ഉണ്ടായിരുന്നില്ല. മൂന്നാമത്തെ നിയമത്തിെൻറ പ്രാമുഖ്യം ഇവിടെയാണ് വരുന്നത്. ആദ്യ രണ്ടു നിയമങ്ങൾ കർഷകാനുകൂലമാണെന്നോ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഇല്ലാത്തതാണെന്നോ അല്ല ഇതുകൊണ്ടർഥമാക്കുന്നത്. നേരെ മറിച്ച്, മൂന്നാമത്തേതുമായി ചേർന്ന് വരുമ്പോഴാണ് ഈ നിയമങ്ങളുടെ അർഥവ്യാപ്തി കൂടുതൽ പ്രകടമാകുന്നത്.
കൊളോണിയൽ വാഴ്ചയുടെ ആദ്യ കാലത്തു തന്നെ കരാർ കൃഷിയും തുടങ്ങിയിരുന്നുവെന്നു പറയാം. നീലത്തിെൻറയും കറുപ്പിെൻറയും ഉൽപാദനത്തിലായിരുന്നു ഈ മാർഗം ആദ്യമായി പ്രയോഗത്തിൽ വന്നത്. ഇവയിൽതന്നെ പത്തൊമ്പതാം നൂറ്റാണ്ടിലെ കാർഷിക വാണിജ്യവത്കരണത്തിെൻറ പശ്ചാത്തലത്തിൽ വളരെക്കൂടുതൽ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ് ബംഗാളിലെയും ബിഹാറിലെയും നീലം (indigo) കൃഷി.
ബ്രിട്ടനിലെ തുണിവ്യവസായത്തിനു ആവശ്യമായ ഒന്നായിരുന്നു നീലം. ആദ്യകാലത്തു ഇതിെൻറ കച്ചവടനിർവഹണം ഏജൻസി ഹൗസസ് എന്നറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് /യൂറോപ്യൻ വ്യാപാരസ്ഥാപനങ്ങളിലായിരുന്നു. പിൽക്കാലത്തു ഇത് പ്ലാൻറർമാർ നേരിട്ടാണ് നിർവഹിച്ചത്. ഏറ്റവും ഫലഭൂയിഷ്ഠമായ ഭൂമിയായിരുന്നു നീലത്തിന് ഏറ്റവും അനുയോജ്യം. രണ്ടുതരത്തിലായിരുന്നു നീലം കൃഷിചെയ്തിരുന്നത്. ഒന്ന്, പ്ലാൻറർമാർ നേരിട്ട് നടത്തിയിരുന്ന കൃഷി; രണ്ട്, സാധാരണ കർഷകരെക്കൊണ്ട് അവരുടെ ഭൂമിയിൽ കൃഷി ചെയ്യിക്കുന്ന രീതി. രണ്ടാമത്തെ രീതിയിൽ, പ്ലാൻറർമാരുടെ ഏജൻറുമാർ സീസൺ തുടങ്ങുന്നതിനു മുമ്പായി തങ്ങളുടെ ഫാക്ടറികളിൽനിന്ന് അധികം വിദൂരമല്ലാത്ത പ്രദേശങ്ങളിൽ ഏറ്റവും ഫലപുഷ്ടിയുള്ള ഭൂമി കണ്ടെത്തുകയും അവിടെ നിശ്ചിത പ്രദേശത്തു നീലം കൃഷി ചെയ്യുന്നതിന് കർഷകനുമായി കരാറിൽ ഏർപ്പെടുകയും ഇതിലേക്ക് മുൻകൂർ പണം നൽകുകയും ചെയ്യുകയായിരുന്നു ചെയ്യുക. സാധാരണയായി ഭക്ഷ്യധാന്യങ്ങൾ കൃഷി ചെയ്യുന്നതിന് കർഷകൻ ഉപയോഗിക്കുന്നത് ഏറ്റവും ഫലഭൂയിഷ്ഠമായ ഭൂമിയാണെന്നിരിക്കെ, ഇത്തരത്തിൽ കണ്ടെത്തുന്ന ഭൂമി മിക്കപ്പോഴും നെല്ലിെൻറയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഭക്ഷ്യധാന്യത്തിെൻറയോ ഉൽപാദനത്തിന് ഉപയോഗിച്ചുകൊണ്ടിരുന്നതായിരിക്കും.
കരാറിൽ ഏർപ്പെടുന്നതിനു കർഷകൻ തയാറായില്ലെങ്കിൽ ശാരീരികപീഡനത്തിനു വരെ അയാളെ വിധേയനാക്കിയിരുന്നു. നീലച്ചെടികൾ പാകമായാൽ അഡ്വാൻസ് നൽകിയ പ്ലാൻററുടെ ഫാക്ടറികളിൽ ചെടികൾ എത്തിക്കേണ്ടത് കർഷകെൻറ ചുമതല ആയിരുന്നു. എന്നാൽ അഡ്വാൻസ് തുകക്ക് -പ്ലാൻറർ നൽകിയ വിത്തിെൻറ വിലയും ഫാക്ടറിയിലേക്ക് ചരക്ക് എത്തിക്കുന്നതിനുള്ള ചെലവും കരാറിനുള്ള സ്റ്റാമ്പിെൻറ മൂല്യവും ചേർത്ത്- പര്യാപ്തമായ ഉൽപന്നം നൽകാൻ കർഷകന് മിക്കപ്പോഴും കഴിഞ്ഞിരുന്നില്ല. അടുത്ത സീസണിലെ അഡ്വാൻസ് മുൻ സീസണിൽ നൽകിയ അഡ്വാൻസ് തുകയുടെ ബാലൻസ് തട്ടിക്കഴിച്ചിട്ടുള്ളതായിരുന്നു. ഇത്തരത്തിൽ ഏതാനും സീസൺ കഴിയുമ്പോഴേക്കും അഡ്വാൻസായി ഒന്നും ലഭിക്കാനില്ലാത്ത അവസ്ഥയിൽ കർഷകൻ എത്തിച്ചേർന്നിട്ടുണ്ടാവും; കാരണം, മുൻ അഡ്വാൻസ് തുകയിൽ നൽകിയ ചരക്കിെൻറ വിലകഴിച്ചുള്ള തുക അടുത്ത സീസണിലെ അഡ്വാൻസ് തുകയെക്കാൾ കൂടുതലായിരിക്കും. കർഷകരുടെ തുടർച്ചയായ ദാരിദ്ര്യവത്കരണം 1860 കളിൽ നീലം കലാപമായി രൂപപ്പെട്ടു. കലാപത്തിെൻറ സമയത്ത് എഴുതപ്പെട്ട 'നീൽ ദർപ്പൺ' എന്ന നാടകം കർഷകരുടെ ദാരിദ്ര്യത്തെയും നിസ്സാഹായാവസ്ഥയെയും വരച്ചു കാട്ടുന്നതായിരുന്നു. കലാപത്തിന് ശേഷം നീലം പ്ലാൻറർമാർ അവരുടെ മൂലധനം ബംഗാളിൽനിന്ന് ബിഹാറിലേക്ക് മാറ്റി. പക്ഷേ അവിടെയും കർഷകരുടെ ദാരിദ്ര്യവത്കരണമായിരുന്നു ഫലം. ഇതിനെതിരെ ആയിരുന്നു ചമ്പാരനിൽ 1917ൽ ഗാന്ധിജി നടത്തിയ സത്യഗ്രഹസമരം.
നീലം കൃഷിയിൽനിന്ന് വ്യത്യസ്തമായി, കറുപ്പ് നിർമാണത്തിനുള്ള അസംസ്കൃത വസ്തു ലഭിക്കുന്ന പോപ്പിയുടെ കാര്യത്തിൽ കർഷകരുടെ കരാർ ആദ്യം ഈസ്റ്റ് ഇന്ത്യ കമ്പനിയുമായും പിന്നീട് സർക്കാറുമായും ആയിരുന്നു. പക്ഷേ, അവിടെയും കർഷകരുടെ അവസ്ഥ നീലം കർഷകരുടേതിൽനിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല. കരാറടിസ്ഥാനത്തിൽ തേയിലകൃഷി നടത്തിയിരുന്ന അസമിലെ ജനങ്ങൾ ഇന്നും വിശ്വസിക്കുന്നത് കരാർ കൃഷിയിലൂടെ അവർക്കു ഭൂമി നഷ്ടപ്പെട്ടുവെന്നും പിൽക്കാലത്തു അതേ ഭൂമിയിൽ കൂലിപ്പണിക്കായി പുറത്തുനിന്നുള്ളവരോട് അവർക്കു മത്സരിക്കേണ്ടിവന്നുവെന്നുമാണ്.
സ്വതന്ത്ര ഇന്ത്യയിൽ കരാർ കൃഷി പൂർണമായും ഇല്ലാതായിരുന്നില്ല. ആന്ധ്രപ്രദേശിൽ പുകയില കൃഷിക്കാരുമായി ITC നടത്തിയിരുന്ന കരാർകൃഷി 1986ൽ മാത്രമാണ് പാർലമെൻറ് പാസാക്കിയ നിയമത്തിലൂടെ ഇല്ലാതായത്. ഇരുപത്തൊന്നാം നൂറ്റാണ്ടിെൻറ ഉദയത്തിനു മുമ്പുതന്നെ കാർഷികോൽപാദനത്തിെൻറ ചില മേഖലകളിലെങ്കിലും കരാർ കൃഷി വ്യാപകമായിരുന്നുവെന്നതാണ് വാസ്തവം.1950കളിൽ വിത്തുൽപാദനത്തിനുണ്ടാക്കിയ കരാറുകളും 1980കളിൽ പൊപ്ലെർ മരങ്ങൾക്കായി തീപ്പെട്ടി ഭീമന്മാരായിരുന്ന വിമ്പ്കോ ഉണ്ടാക്കിയ കരാറുകളുമെല്ലാം ഇതിനുദാഹരണങ്ങളാണ്.
1985ൽ പെപ്സിക്കോയുടെ കടന്നുകയറ്റത്തോടെയാണ് പഞ്ചാബിൽ കരാർ കൃഷി ആരംഭിക്കുന്നത്. തക്കാളിയിലും മുളകിലും തുടങ്ങിയ പെപ്സി ക്രമേണ ഉരുളക്കിഴങ്ങ്, ബസുമതി അരി, വെളുത്തുള്ളി, നിലക്കടല തുടങ്ങിയവയിലേക്ക് കരാർ കൃഷി വ്യാപിപ്പിച്ചു. 2000 ആകുമ്പോഴേക്കും പഞ്ചാബിൽ കരാർ കൃഷിയിൽ പെപ്സി, ഹിന്ദുസ്ഥാൻ ലിവർ എന്നീ ബഹുരാഷ്ട്ര കുത്തകകളും ഏതാനും ഇന്ത്യൻ കമ്പനികളുമാണുണ്ടായിരുന്നത്.
മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, യു.പി, പശ്ചിമ ബംഗാൾ, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും കരാർ കൃഷി പ്രചാരത്തിലെത്തിയിരുന്നു. ഏറ്റവുമധികം മഹാരാഷ്ട്രയിലായിരുന്നു. ഇതിനോടൊപ്പം തന്നെ, കരാർ കൃഷിയിലേക്കു വന്ന വിളകളുടെ എണ്ണത്തിലും വർധനയുണ്ടായി. പിന്നീട്, കരാർകൃഷിയിലേർപ്പെട്ട കമ്പനികളുടെയും, കർഷകരുടെയും എണ്ണത്തിലും കൃഷിക്ക് വിധേയമാക്കിയ ഭൂമിയുടെ വിസ്തൃതിയിലും വൻ വർധന രേഖപ്പെടുത്തിയെന്നു മാത്രമല്ല, നെസ്ലെ പോലുള്ള ബഹുരാഷ്ട്ര കുത്തകകളും അദാനി, റിലയൻസ്, മഹിന്ദ്ര തുടങ്ങിയ വമ്പൻ ഇന്ത്യൻ കമ്പനികളും ഈ മേഖലയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാക്കുകയും ചെയ്തു.
കരാർ കൃഷിയുടെ ഫലങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ഇനിയും വരേണ്ടതുണ്ട്. ഇപ്പോഴുള്ളവയാകട്ടെ, സംസ്ഥാനങ്ങളെ അധികരിച്ചുള്ള വിള-കേന്ദ്രീകൃത പഠനങ്ങളാണ്. ഇവ തന്നെയും മുഖ്യമായ ഊന്നൽ നൽകിയിട്ടുള്ളത് ഉൽപാദനക്ഷമത തുടങ്ങിയ തികച്ചും സാങ്കേതികമായ വിഷയങ്ങളിലുമാണ്. ചുരുക്കം ചിലതിൽ മാത്രമാണ് ഉൽപാദന ബന്ധങ്ങളോ കർഷകെൻറ വരുമാനത്തിൽ പുതിയ കാർഷിക ക്രമീകരണം ഉണ്ടാക്കിയ മാറ്റങ്ങളോ പഠനവിധേയമായിട്ടുള്ളത്. ഇവയുടെ ഫലങ്ങളാകട്ടെ സമ്മിശ്രങ്ങളാണുതാനും. കരാർ കൃഷിയെക്കുറിച്ച ആധികാരികമായ ധാരാളം പഠനങ്ങൾ നടത്തിയിട്ടുള്ള സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസിലെ പൂർവ വിദ്യാർഥിയും ഇപ്പോൾ അഹ്മദാബാദ് ഐ.ഐ.എമ്മിലെ പ്രഫസറുമായ സുഖ്പാൽ സിങ്ങിെൻറ അഭിപ്രായത്തിൽ, ഇത്തരത്തിലുള്ള പഠനഫലങ്ങൾ കാണിക്കുന്നത് കരാർ കൃഷിയുടെ പരിണതി അതിലുൾപ്പെടുന്ന ഉൽപന്നങ്ങളുടെ സ്വഭാവം, കരാറിെൻറ സ്വഭാവം, അതു നടപ്പാക്കിയ രീതി, കരാറുകാരനും കരാറിന് വിധേയരായവരും ആരൊക്കെ എന്നിങ്ങനെയുള്ള വിവിധഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്നാണ്. പ്രഫസർ സിങ്ങിെൻറ അഭിപ്രായത്തിൽ കരാർ കൃഷി അല്ല നേരിട്ട് അപകടകാരിയാകുന്നത്; പ്രത്യുത, അത് ഒരു പ്രത്യേക സാഹചര്യത്തിൽ എങ്ങനെ നടപ്പാക്കപ്പെടുന്നുവെന്നുള്ളതാണ്. ഇത് സൂചിപ്പിക്കുന്നതാകട്ടെ, കരാർ കൃഷിയുടെ അന്തിമഫലം അത് നടപ്പാക്കപ്പെടുന്നയിടങ്ങളിലെ സ്ഥാപനങ്ങളെ ആശ്രയിച്ചിരിക്കുമെന്നാണ്. കരാറിന് ബാധകമാകുന്ന നിയമങ്ങളും അവയിൽ പങ്കാളികളാകുന്നവരുടെ ബലാബലവുമെല്ലാം ഇവിടെ നിർണായകമായിത്തീരുകയും ചെയ്യും.
'കർഷകരുടെ ഉൽപന്നങ്ങൾക്ക് മതിയായ പ്രതിഫലം ലഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് വേണ്ടി' മത്സരക്കമ്പോളത്തിെൻറ സംസ്ഥാപനമാണ് നിയമത്തിെൻറ ലക്ഷ്യമെന്ന് അതിെൻറ ആമുഖം വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇത്തരം ഒരു കമ്പോളത്തിെൻറ നിർമിതിക്ക് അവശ്യം ആവശ്യമായ അളവുതൂക്കങ്ങൾ, ഗുണനിലവാര ഏകോപനം (standardisation) എന്നിവയെക്കുറിച്ച് നിയമത്തിൽ ഒരിടത്തും പരാമർശമില്ലായെന്നത് കേവലം യാദൃച്ഛികമാണെന്നു കരുതുക വയ്യ. ഇതുപോലെ തന്നെ, കച്ചവടനിർവഹണം നടക്കുന്നത് ഏതു വിലകളിലായിരിക്കണമെന്നോ, അവ എങ്ങനെയായിരിക്കും നിർണയിക്കപ്പെടേണ്ടതെന്നോ നിയമം പരാമർശിക്കുന്നില്ല. ഇവിടെ ഓർക്കേണ്ട ഒരു കാര്യം കമ്പോളത്തിൽ ഇടപെടുന്ന ശക്തികൾ - കർഷകനും കച്ചവടക്കാരനും- തുല്യരല്ലായെന്നുള്ളതാണ്. വിൽപന സമ്മർദത്തിലാക്കപ്പെടുന്ന കർഷകൻ കേവലം ആജ്ഞാനുവർത്തിയും കച്ചവടക്കാരൻ മേലാളനുമായിരിക്കും. സൃഷ്ടിക്കപ്പെടുന്നതാകട്ടെ, വാങ്ങൽ കാരെൻറ കമ്പോളവും (buyer's market).
ആദ്യം പരാമർശിക്കപ്പെട്ട നിയമം നിയന്ത്രിത കമ്പോളങ്ങൾക്കു പുറത്തു ചരക്കുവ്യാപാരം സാധ്യമാക്കുമ്പോൾ, കാർഷികവിപണനം മാത്രമല്ല, കൃഷി തന്നെയും കരാർ വഴി ആക്കുന്നതിനു നിയമ പരിരക്ഷ നൽകുകയാണ് വില ഉറപ്പിനും കാർഷിക സേവനങ്ങൾക്കും വേണ്ടിയുള്ള കരാറുകൾ സംബന്ധിച്ച നിയമം ചെയ്യുന്നത്.
രാജ്യാന്തര വ്യവഹാരത്തിൽ ഉപയോഗിക്കുന്ന അർഥത്തിൽ തന്നെയാണ് ഇന്ത്യൻ നിയമവും കരാർ കൃഷിയെ കാണുന്നത്. കരാർ കൃഷിയുടെ ഒരു അക്കാദമിക് നിർവചനം ഇപ്രകാരമാണ്: ''Contract farming is an arrangement of production and marketing where in firms and farmers enter into advance contracts to buy back the produce of pre-determined quality and quantity at a predetermined time and price from farmers in exchange for provision of certain services like inputs, technical assistance etc.'' സമാനമായ രീതിയിൽ, ''കർഷകനിൽനിന്ന് നിശ്ചിത ഗുണനിലവാരത്തിൽ ഒരു കാർഷികോൽപന്നം വാങ്ങുന്നതിനും കാർഷിക സേവനങ്ങൾ നൽകുന്നതിനുമായി, പ്രസ്തുത ഉൽപന്നത്തിെൻറ ഉൽപാദനത്തിനും വിതയിറക്കലിനും മുമ്പ് ഒരു 'സ്പോൺസറും' കർഷകനും തമ്മിലോ, സ്പോൺസറും കർഷകനും മറ്റൊരു മൂന്നാം കക്ഷിയും തമ്മിലോ ഉണ്ടാക്കുന്ന ഉടമ്പടി'' എന്നാണു വില ഉറപ്പു-സേവന ഉടമ്പടി കാർഷിക കരാറിനെ നിർവചിക്കുന്നത്. അതായത്, ഒരു കാർഷിക കരാറിന് രണ്ടു ഭാഗങ്ങളാണുള്ളത്. ഒന്ന്, ഉൽപന്നത്തിെൻറ വ്യാപാരത്തെയും വാണിജ്യത്തെയും സംബന്ധിക്കുന്നത്; രണ്ട്, കാർഷിക സേവനങ്ങളെ സംബന്ധിക്കുന്നത്. ആദ്യ ഭാഗം കർഷകനെ തെൻറ ഉൽപന്നം മുൻനിശ്ചയിച്ചിട്ടുള്ള വിലയിൽ സ്പോൺസർക്കു നൽകുന്നതിനും സ്പോൺസറെ കരാറിലെ നിശ്ചിത ഗുണനിലവാരങ്ങൾക്കും മറ്റു നിബന്ധനകൾക്കും അനുസൃതമായി വാങ്ങുന്നതിനും ബാധ്യസ്ഥരാക്കുന്നു. രണ്ടാം ഭാഗം വിത്ത്, കാലിത്തീറ്റ, അഗ്രോ-കെമിക്കലുകൾ, യന്ത്രസാമഗ്രികൾ, സാങ്കേതിക വിദ്യ, രാസേതര കാർഷിക ഉൽപാദനവസ്തുക്കൾ തുടങ്ങിയ 'സേവനങ്ങൾ'. സ്പോൺസറോ അല്ലെങ്കിൽ സ്പോൺസർ ഏർപ്പെടുത്തുന്നവരോ കർഷകന് നൽകുന്നതിനുള്ളതാണ്; ഇപ്രകാരം നൽകപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യം കർഷകനുള്ള അഡ്വാൻസായി പരിഗണിക്കുന്നതും ഉൽപന്നമൂല്യത്തിൽ തട്ടിക്കഴിക്കുന്നതുമാണെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
1872ലെ ഇന്ത്യൻ കോൺട്രാക്ട് നിയമപ്രകാരം ഒരു കരാർ നിലവിൽ വരുന്നതിനു അവശ്യം ആവശ്യമായ ഒന്നാണ് പരിഗണന (consideration). പരിഗണനയില്ലാത്ത കരാറിനു നിയമസാധുതയില്ലെന്നും തുടക്കത്തിലേ ശൂന്യവു (ab initio void) മെന്നാണ് കരാർ നിയമം (1872) അനുശാസിക്കുന്നത്. വില ഉറപ്പു-സേവന നിയമത്തിലെ അടിസ്ഥാന ഉടമ്പടി കാർഷികോൽപന്നം വാങ്ങുന്നതിനുള്ളതാണ്. സേവനമാകട്ടെ, ആ ഉടമ്പടിയുടെ പരിഗണനയും. അതായത്, കാർഷിക സേവനക്കരാർ ഇല്ലാതെ വ്യാപാരവാണിജ്യക്കരാർ സാധ്യമാവുകയില്ല തന്നെ.
കരാറിൽ ഏർപ്പെടുന്ന ദ്വയങ്ങളെ സ്പോൺസർ, കർഷകൻ (farmer) എന്നിങ്ങനെയാണ് നിയമം അഭിസംബോധന ചെയ്യുന്നത്. സ്പോൺസർ എന്ന പദത്തിനു മറിയം വെബ്സ്റ്റർ നിഘണ്ടു കൊടുക്കുന്ന അർഥങ്ങൾ, ഉത്തരവാദിത്ത വാഹകൻ, പണം മുടക്കുന്നയാൾ, ഒരു പദ്ധതിയോ പ്രവർത്തനമോ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നയാൾ എന്നിങ്ങനെയാണ്. ഇവയിൽ ഏതെടുത്താലും, കൃഷി കർഷകെൻറ പ്രവർത്തനമല്ലായെന്ന് വരുന്നു. അതായത്, എന്ത് കൃഷി ചെയ്യണം, എങ്ങനെ കൃഷി ചെയ്യണം, എവിടെ കൃഷി ചെയ്യണം, ആർക്കുവേണ്ടി കൃഷി ചെയ്യണം എന്ന അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം കാണുന്നത് കർഷകനല്ല, മറിച്ച് സ്പോൺസർ ആണെന്നു വരുന്നു.
കർഷകനും സ്പോൺസറും തമ്മിലുള്ള ഉൽപന്ന വിപണന കരാറിൽ ഉൽപന്നം നൽകേണ്ട സമയം, അതു പാലിക്കേണ്ട ഗുണ നിലവാരം, സമ്മതിച്ചുറപ്പിച്ച വില എന്നിവയെല്ലാം രേഖപ്പെടുത്തണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. കരാറിൽതന്നെ ഉൽപന്നത്തിലെ കീടനാശിനിയുടെ അനുവദനീയ സാന്നിധ്യം, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയും ഉൾപ്പെടുത്താമെന്നും നിയമം പറയുന്നു. പ്രകൃതിദുരന്തങ്ങൾ, കൂട്ടത്തോടെയുള്ള കീടാക്രമണം എന്നിവപോലെ, നിനച്ചിരിക്കാതെ ഉണ്ടാകുന്ന അപകടങ്ങൾ മൂലമുണ്ടാകുന്ന ഉൽപാദന നഷ്ടം സ്പോൺസർ വഹിക്കണമെന്നും, അങ്ങനെയുള്ള അവസരങ്ങളിൽ കർഷകൻ അതുവരെ നൽകിയ 'സേവനങ്ങൾക്ക്' സ്പോൺസർ നഷ്ടപരിഹാരം നൽകണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. ഇതിനു മുമ്പും സമാനമായ വ്യവസ്ഥകൾ കരാറുകളിൽ ഉൾക്കൊള്ളിച്ചിരുന്നു. എന്നാൽ, അവ നടപ്പാക്കപ്പെട്ടിരുന്നില്ല. 2014ൽ പഞ്ചാബിൽ നടത്തിയ ഒരു പഠനം കാണിക്കുന്നത് പ്രകൃതിദുരന്തം മൂലമുണ്ടാകുന്ന നഷ്ടപരിഹാരമായോ കരാറുമായി ബന്ധപ്പെട്ട നിയമനടപടികൾക്കുള്ള നഷ്ടപരിഹാരമായിട്ടോ കർഷകന് സ്പോൺസറിൽനിന്നും ഒന്നും തന്നെ ലഭിച്ചിരുന്നില്ല എന്നാണ്.
ഏറെ വിചിത്രം ഗുണനിലവാരമെന്ന ഖഡ്ഗമാണ്. മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകാ കരാറിൽനിന്നു ഇതിെൻറ ഒരു പൂർണ ചിത്രം ലഭിക്കുന്നുണ്ട്. ഒരു പ്രത്യേക ഇനം വാഴപ്പഴത്തിെൻറ ഉൽപാദനത്തിന് വേണ്ടിയുള്ളതാണ് ഈ മാതൃകാ കരാർ. മറ്റുള്ള വ്യവസ്ഥകളോടൊപ്പം, കർഷകൻ നൽകേണ്ട വാഴപ്പഴത്തിനുവേണ്ട ഗുണങ്ങൾ കരാറിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. പഴത്തിെൻറ വലുപ്പം, സൂര്യതാപമേറ്റോ അല്ലാതെയോ നിറം മാറാത്തവ, വിണ്ടുകീറാത്തവ, മറ്റു ജീവികൾ കടിച്ചതിെൻറയോ അല്ലാത്തതോ ആയ പാടുകൾ ഇല്ലാത്തവ എന്നിങ്ങനെ പോകുന്നു പ്രസ്തുത നിബന്ധനകൾ. നിശ്ചിത വലുപ്പത്തിലുള്ള കായകൾ പെട്ടിയിൽ നിറച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം കർഷകേൻറതാണ്. കായകൾ കരാറിൽ പറഞ്ഞിട്ടുള്ള ഗുണനിലവാരം പുലർത്തുന്നവയാണോയെന്നു തീരുമാനിക്കാനുള്ള അവകാശം സ്പോൺസർക്കും. ഇവിടെ ഏറ്റവും വിചിത്രമായിട്ടുള്ളത്, കായ്കളുടെ വലുപ്പത്തെ സംബന്ധിക്കുന്നതാണ്. ഒരു കുലയുടെ എല്ലാ ഭാഗത്തുമുള്ള കായകൾ ഒരേ വലുപ്പം പുലർത്തുന്നവയായിരിക്കില്ലായെന്നിരിക്കെ, ഉൽപാദിപ്പിക്കപ്പെടുന്നതിൽ നല്ല ഭാഗം കായകളും തിരസ്കരിക്കപ്പെടുകയായിരിക്കും ചെയ്യുക. ഇത്തരത്തിൽ തിരസ്കരിക്കപ്പെട്ട കായകൾ കർഷകൻ കിട്ടുന്ന വിലയിൽ മറ്റു കച്ചവടക്കാർക്കോ APMC മാണ്ഡികളിലോ വിൽക്കാൻ നിർബന്ധിതനാകുകയും ചെയ്യും. ഇവിടെ കർഷകെൻറ ആദായം കുറയുന്നുവെന്നു മാത്രമല്ല, മാണ്ഡികൾ തന്നെയും, തിരസ്കരിക്കപ്പെട്ടതും നിലവാരം കുറഞ്ഞതുമായ ഉൽപന്നങ്ങൾ വിൽക്കാനുള്ള ചന്തകളായി മാറുകയും ചെയ്യും.
ഇതുപോലെ തന്നെ, സേവനക്കരാറിലും വ്യവസ്ഥകൾ എഴുതിച്ചേർത്തിരിക്കണമെന്നു നിയമം പറയുന്നുണ്ട്. പക്ഷേ ഇവിടെയാകട്ടെ, കർഷകന് നൽകുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും വില നിർണയിക്കുന്നതിലെ മേധാവിത്വം സ്പോൺസർക്കായിരിക്കുമെന്നത് വ്യക്തമാണ്. ഭക്ഷ്യ കാർഷിക സംഘടന പഞ്ചാബിൽ നടത്തിയ ഒരു പഠനം കാണിക്കുന്നതാകട്ടെ, വിലനിർണയം ഏകപക്ഷീയമാണെന്നാണ്. കാരണം, നൽകപ്പെടുന്ന സാധനങ്ങളുടെ വിലയെയോ ഗുണനിലവാരത്തെയോ കുറിച്ചുള്ള പൂർണമായ അറിവ് കർഷകന് ഉണ്ടായിരിക്കില്ല. മാത്രവുമല്ല, കർഷകന് നൽകുന്ന രാസവസ്തുക്കൾ, വളങ്ങൾ, വിത്തുകൾ എന്നിവയുടെ ഗുണനിലവാരം നിർണയിക്കുന്നതിനുള്ള മാർഗങ്ങളും കർഷകന് പ്രാപ്യമായിരിക്കണമെന്നില്ല. ഇതെല്ലാം കർഷകെൻറ താൽപര്യങ്ങളെ എപ്രകാരമാണ് ഹനിക്കുന്നതെന്നതിന് ഉത്തമോദാഹരണമാണ് പഞ്ചാബിലെ ഒരു ഉരുളക്കിഴങ്ങു കർഷകെൻറ അനുഭവസാക്ഷ്യം. 2014ൽ വിവരശേഖരണത്തിനായി ചെന്ന ഒരു ഗവേഷകയോട് ലുധിയാന ജില്ലക്കാരനായ അറുപത് വയസ്സ് പ്രായമുള്ള ആ നിരക്ഷര കർഷകൻ പറഞ്ഞത് ഇപ്രകാരമായിരുന്നു.
''എനിക്ക് കമ്പനിയിൽനിന്നും ലഭിച്ച ഉരുളക്കിഴങ്ങു വിത്തുകൾ തീരെ മോശപ്പെട്ടവയായിരുന്നു. കിട്ടിയ ഉടൻ തന്നെ ഞാൻ ഈ വിവരം അവരെ അറിയിച്ചു. അവർ വന്നു പരിശോധന നടത്തി. എന്നാൽ വിത്തുകളുടെ മോശം ഗുണനിലവാരം അവർ നിഷേധിച്ചു. ഏതായാലും എെൻറ ആവർത്തിച്ചുള്ള അപേക്ഷയെത്തുടർന്നു അവർ എനിക്ക് വിത്തുകൾ മാറ്റിത്തന്നു. പക്ഷേ, അവയുടെയും ഗുണനിലവാരം മോശം തന്നെയായിരുന്നു. വിള പാകമായപ്പോൾ ഞാൻ നൽകിയ കിഴങ്ങുകൾ കരാറിൽ പറഞ്ഞിരുന്ന ഗുണനിലവാരം പാലിക്കാത്ത ഇനത്തിൽപെടുന്നവയാണെന്നു പറഞ്ഞു തിരസ്കരിക്കപ്പെട്ടു. ഒടുവിൽ കിട്ടിയ വിലയിൽ അവ മറ്റുള്ളവർക്ക് വിൽക്കേണ്ടി വന്നു. പണമില്ലാത്തതിനാൽ വിത്തിെൻറ വിലയായി കൊടുക്കേണ്ടിയിരുന്ന തുക പൂർണമായി കൊടുത്തു തീർക്കാൻ ഇനിയും എനിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ കമ്പനി എനിക്ക് 45,000 രൂപക്കു വക്കീൽ നോട്ടീസയച്ചിരിക്കുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; എെൻറ കൈയിൽ പണമില്ല.''
വെബ്സൈറ്റിലുള്ള മാതൃകാ കരാർ, ഉൽപന്നം ഒരു നിശ്ചിത അളവിൽ ലഭ്യമാക്കുന്നതിനല്ല; മറിച്ച്, ഇത്ര ഏക്കർ / ഹെക്ടർ ഭൂമിയിൽ കൃഷി ചെയ്യുന്നതിനാണ്. പലപ്പോഴും ഇത്തരത്തിൽ ഭൂമി തെരഞ്ഞെടുക്കുമ്പോൾ, തങ്ങൾ ഉദ്ദേശിക്കുന്ന കൃഷിക്ക് അത് അനുയോജ്യമാണോയെന്നറിയാനായി സ്പോൺസർമാർ മണ്ണ് പരിശോധന നടത്താറുണ്ടെന്നതാണ് പഞ്ചാബിലെ അനുഭവം. പക്ഷേ കാർഷികോൽപാദനം മണ്ണിെൻറ ഗുണത്തെ മാത്രം ആസ്പദമാക്കി നിൽക്കുന്ന ഒന്നല്ല. അത് കൊണ്ടുതന്നെ, കരാറിലുൾപ്പെടുന്ന ഭൂമിയിലെ ഉൽപാദന മൂല്യം കർഷകന് നൽകിയ സേവനങ്ങളുടെ മൂല്യത്തിന് തുല്യമാകണമെന്നില്ല. അപ്രതീക്ഷിത സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന ഉൽപാദന കുറവിന് കർഷകന് നഷ്ടപരിഹാരം നൽകണമെന്ന് നേരത്തേയുണ്ടായിരുന്ന മിക്ക സംസ്ഥാന നിയമങ്ങളിലും വ്യവസ്ഥ ചെയ്തിരുന്നെങ്കിലും അവ കടലാസിൽ മാത്രമൊതുങ്ങുകയായിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ ഉണ്ടാകുന്ന ഉൽപാദന വീഴ്ച -അത് പ്രകൃതിദുരന്തം മൂലമായാലും അല്ലെങ്കിലും- കർഷകനെ സ്പോൺസറുടെ കടക്കാരനായി മാറ്റാൻ പര്യാപ്തമായിരിക്കും. ഇതാകട്ടെ അടുത്ത സീസണിലും കരാർ പുതുക്കാനായിരിക്കും അയാളെ പ്രേരിപ്പിക്കുക.
നേരത്തേ സൂചിപ്പിച്ച പോലെ, കരാർ കൃഷിയും അനുബന്ധവ്യവസ്ഥകളും പുതിയ നിയമത്തിനും മുമ്പേ തന്നെ പല സംസ്ഥാനങ്ങളിലും നിലവിൽ വന്നിരുന്നു. എന്നാൽ അന്നൊന്നും ഇല്ലാത്ത എതിർപ്പാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ എതിർപ്പിെൻറ കാരണം, ഒരുപക്ഷേ, കരാർ കൃഷി നിയമത്തോടൊപ്പം വന്ന അവശ്യ സാധന നിയമ പരിഷ്കരണമായിരിക്കണം. നിയമത്രയത്തിലെ കർഷകവിരുദ്ധത കൂടുതൽ പ്രകടമാകുന്നത് ഈ നിയമഭേദഗതി കൂടി ചേരുമ്പോഴാണ് എന്നതാണ് യാഥാർഥ്യവും.
കരാർ കൃഷിയിലൂടെ ഉൽപാദിപ്പിക്കപ്പെടുന്ന സാധനങ്ങളെ,1955ലെ അവശ്യസാധന നിയമത്തിലെ സ്റ്റോക്ക് പരിധിയിൽനിന്ന് ഒഴിവാക്കുന്നതായിരുന്നു വിപണന-സേവന കരാർ നിയമത്തിലെ അഞ്ചാം വകുപ്പ്. ഇതിന് ഉപോൽബലകമായിരുന്നു സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനുള്ള പരിധി എടുത്തുകളഞ്ഞുകൊണ്ടുള്ള അവശ്യ സാധന നിയമ ഭേദഗതി. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത ഈ ഭേദഗതി, കരാർ കൃഷിയിലുള്ള സാധനങ്ങൾക്ക് മാത്രമല്ല ബാധകം എന്നതാണ്.
യഥാർഥത്തിൽ, വൻകിട കച്ചവടക്കാർക്കും സ്പോൺസർമാർക്കും സാധന വിലകളെ നിയന്ത്രിക്കുന്നതിനുള്ള അമിതമായ സാധ്യതയാണ് ഈ നിയമ പരിഷ്കരണം തുറന്നിടുന്നത്. ഒപ്പം, കർഷകെൻറയും ഉപഭോക്താവിെൻറയും താൽപര്യങ്ങളെ ഹനിക്കുന്നതിനും. സ്റ്റോക്കിെൻറ അളവ് കാട്ടി കുറഞ്ഞ വിലയിൽ ഉൽപന്നങ്ങൾ സംഭരിക്കുന്നതിനും, അടുത്ത സീസണിലെ കൃഷിക്കു വേണ്ടിയുള്ള കരാറുകളിൽ ഉൽപന്ന വില കുറച്ചുനിർത്തുന്നതിനുമുള്ള അവസരമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. തങ്ങളുടെ പക്കൽ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അതിനാൽ കുറഞ്ഞ വിലയിൽ മാത്രമേ തങ്ങൾ ചരക്കു വാങ്ങുകയും പുതിയ കരാറുകളിൽ ഏർപ്പെടുകയും ചെയ്യുകയുള്ളൂ എന്ന് ശഠിക്കുന്ന വണിക്കുകളുടെയും സ്പോൺസർമാരുടെയും മുന്നിൽ നിസ്സഹായനായി നിൽക്കാൻ മാത്രമേ കർഷകന് സാധിക്കുകയുള്ളൂ. ഓരോ സീസൺ കഴിയുമ്പോഴും സ്റ്റോക്കിെൻറ അളവ് കൂട്ടുന്നതിനും അതുവഴി കർഷകനിൽനിന്ന് ചരക്കുകൾ വാങ്ങുന്ന വിലയും കരാറുകളിലെ വിലയും അനുക്രമമായി കുറച്ചുനിർത്തുന്നതിനും വണിക -സ്പോൺസർ വിഭാഗത്തിന് കഴിയും; ഇതേസമയം തന്നെ, സ്റ്റോക്ക് അമിതമായി സൂക്ഷിച്ചുകൊണ്ട് ഏതു സമയത്തും കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതിനും ഉപഭോക്താവിെൻറ കൈയിൽനിന്ന് ഉയർന്ന വില ഈടാക്കുന്നതിനും. ഇതുമായി ബന്ധപ്പെട്ട് ഒരു കർഷക സംഘടന പറഞ്ഞത് ഹരിയാനയിൽ അദാനിക്കുള്ള പാണ്ടികശാലയിൽ പത്തുകൊല്ലം വരെ കേടുകൂടാതെ ഗോതമ്പ് സൂക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ടെന്നാണ്.
പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ആദ്യ ഘട്ടത്തിൽ കരാർ കൃഷിയെ അനുകൂലിച്ചവരാണ്. അവിടങ്ങളിലെ സർക്കാറുകളും രണ്ടു കൈയും നീട്ടിയായിരുന്നു കരാർ കൃഷിയെയും കരാർ കൃഷിക്കാർ മുന്നോട്ടു െവച്ച വിളവൈവിധ്യവത്കരണത്തെയും വരവേറ്റത്. ഏറെ താമസിക്കുന്നതിനു മുമ്പു തന്നെ ഇത് തങ്ങളുടെ കാർഷിക പാരമ്പര്യത്തെ നശിപ്പിക്കുമെന്ന തിരിച്ചറിവിലേക്കാണ് അവർ എത്തിയത്. ഇരുപത്തൊന്നാം നൂറ്റാണ്ടിെൻറ തുടക്കമായപ്പോഴേക്കും ഇവിടങ്ങളിലെ സർക്കാറുകൾ ഇത്തരം കൃഷിക്കുള്ള പ്രോത്സാഹനങ്ങളിൽനിന്ന് മെല്ലെ പിന്മാറാൻ തുടങ്ങി.
പുതിയ വിളകൾ പലതും വൻതോതിൽ ജലചൂഷണം നടത്തുന്നവയും പരിസ്ഥിതിക്ക് നാശം സൃഷ്ടിക്കുന്നവയും ആയിരുന്നു. പുതിയ വിളകൾ കൈയേറിയ പ്രദേശങ്ങളിൽ മിക്കതും പാരമ്പര്യമായി ഗോതമ്പ് വിളഞ്ഞിരുന്ന പാടങ്ങളും. ക്രമേണ ഇവയിൽ പലതും ഗോതമ്പ് കൃഷിക്ക് അനുയോജ്യമല്ലാതായി. ഇവിടെ പഞ്ചാബി കർഷകെൻറ അനുഭവം ബംഗാളിലെ നീലം കർഷകേൻറതിന് സമാനമായിരുന്നു. 'നിൽ ദർപ്പണി'ലെ വിലാപം ഇവരുടെ കാര്യത്തിലും സംഗതവും:
''The Factory monkeys have destroyed the rice... The indigo of the Indigo Factory is an instrument of punishment.''
1980കളിൽ പഞ്ചാബിൽ അനുഭവപ്പെട്ട കാർഷിക മുരടിപ്പിെൻറ പശ്ചാത്തലത്തിലായിരുന്നു അവിടെ ആദ്യമായി കരാർ കൃഷി പരീക്ഷിക്കപ്പെട്ടത്. പ്രസ്തുത മുരടിപ്പ് ഭക്ഷ്യ വിളകളിൽ ഉൽപാദനം കേന്ദ്രീകരിക്കുന്നതു കൊണ്ടാണെന്നും അതിനാൽ വിളവൈവിധ്യം വേണമെന്നുമുള്ള വാദഗതിയാണ് മുളകും തക്കാളിയും ആയി വന്ന പെപ്സിയെ പിന്തുണക്കാൻ പഞ്ചാബ് സർക്കാറിനെ പ്രേരിപ്പിച്ചത്. എന്നാൽ കേവലം ഒന്നര ദശകങ്ങൾക്കുള്ളിൽതന്നെ ഇതിലെ ആപത്ത് പഞ്ചാബിലെ സർക്കാറുകളും കർഷകരും മനസ്സിലാക്കി. നൽകിവന്ന പ്രോത്സാഹനം കുറക്കുകയും ചെയ്തു. അമിതമായ ജലചൂഷണത്തിലേക്കും, പരിസ്ഥിതി നാശത്തിലേക്കും ഭക്ഷ്യോൽപാദനത്തിെൻറ കുറവിലേക്കും ഇത് നയിക്കുമെന്ന തിരിച്ചറിവായിരുന്നു ഇതിനു കാരണം. 2013ൽ പഞ്ചാബ് പാസാക്കിയ കരാറിനെ സംബന്ധിച്ച നിയമങ്ങൾക്കു കർഷക താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം. കഴിഞ്ഞ കാല പരിഷ്കരണങ്ങളിൽനിന്നുതിർകൊണ്ട അനുഭവങ്ങളാണ് പഞ്ചാബി കർഷകനെ ഇപ്പോൾ കാണുന്ന ശക്തമായ എതിർപ്പിലേക്ക് കൊണ്ടുവന്നത്. എന്നാൽ, മുമ്പില്ലാതിരുന്ന വിധം പ്രശ്നങ്ങളെ സങ്കീർണമാക്കിയതാകട്ടെ കരാർ കൃഷിയെയും അവശ്യസാധന നിയമങ്ങളെയും കൂട്ടിക്കെട്ടിയതായിരുന്നു. ഇതാണ് കർഷകെൻറ മനസ്സിൽ ഭയവും ഉത്കണ്ഠയും ജനിപ്പിച്ചത്. അതുകൊണ്ടാണ് പ്രക്ഷോഭങ്ങളുടെ ആദ്യ ഘട്ടത്തിൽ മിനിമം താങ്ങു വിലയെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടായത്. എന്നാൽ മിനിമം സംഭരണ വില മുഖ്യമായും ഭക്ഷ്യവിളകൾക്കും APMC കമ്പോളങ്ങൾക്കും ആണെന്നുള്ള തിരിച്ചറിവാണു സമരത്തിലുള്ള കർഷകരെ പ്രധാനമന്ത്രിയുടെ ഉറപ്പു തള്ളിക്കളയുന്നതിലെത്തിച്ചത്. APMC നിയമങ്ങളെ റദ്ദു ചെയ്ത ബിഹാറിലെ കാർഷിക വിപണന രംഗത്തുണ്ടായ അനുഭവവും അവരെ ഇതിനു പ്രേരിപ്പിച്ചിട്ടുണ്ടാവാം.
സ്വാഭാവികവും ഇവിടെ ഉയർന്നുവരാവുന്നതുമായ ഒരു ചോദ്യം എന്തുകൊണ്ടാണ് എല്ലാ സംസ്ഥാനങ്ങളിലും സമരത്തിെൻറ ശക്തി ഒരുപോലെയാകാത്തതെന്നാണ്. ഈ ലേഖനത്തിൽ നമ്മൾ കണ്ടത് കരാർ കൃഷിയുടെയും ഉദാരവത്കരണത്തിെൻറയും ഫലങ്ങൾ എല്ലായിടങ്ങളിലും ഒരുപോലെ ആയിരുന്നില്ല എന്നാണ്. കർണാടകയിൽ അച്ചാർ വെള്ളരിക്കയുടെയും പച്ചിലമരുന്നുകളുടെയും, തക്കാളിയുടെയും ഉൽപാദനത്തിൽ കരാർ കൃഷിയിൽ ഏർപ്പെട്ട കർഷകരുടെ അനുഭവം മോശമായിരുന്നില്ല എന്നാണ് ഇതിനെക്കുറിച്ച് പഠിച്ച ഗവേഷകമതം. തമിഴ്നാട്ടിൽ, നാമയ്ക്കലിലെ കോഴി കൃഷിക്കാരുടെ അനുഭവവും വ്യത്യസ്തമായിരുന്നില്ല. മഹാരാഷ്ട്രയിലാകട്ടെ കരാർകൃഷിയിലേക്കു വന്നത് കൂടുതലും സഹകരണ സംഘങ്ങൾ ആയിരുന്നു. പഞ്ചാബിലാകട്ടെ, കഴിഞ്ഞകാലത്തെ അനുഭവങ്ങളും പുതിയ നിയമങ്ങൾ -പ്രത്യേകിച്ചും അവശ്യസാധന നിയമ ഭേദഗതി- കർഷകരിലുണ്ടാക്കിയിട്ടുള്ള ആശങ്കയുമാണ് ഇന്നത്തെ അശാന്തിക്ക് കാരണം. അവരുടെ ആശങ്കകളാകട്ടെ മറ്റുള്ളവർക്ക് അന്യമല്ല താനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.