വസ്തുതകള്‍ക്കുനേരെ കണ്ണടക്കുന്ന ഭരണാധികാരികള്‍ ആരായാലും നിഷ്പക്ഷരല്ല. ഇടതും വലതും നോക്കാതെ മുന്നോട്ടുപോകുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ ഈ രാജ്യത്തുണ്ട്. അവരില്‍ ഹിന്ദുവും മുസ്ലിമും ക്രൈസ്തവരും ഉൾപ്പെടെ എല്ലാ മതസ്ഥരും മതവിശ്വാസികളല്ലാത്തവരും ഉണ്ട്. നേരിട്ട് പ്രതികരിക്കുന്നില്ലെങ്കിലും കണ്ണും കാതും തുറന്നുവെച്ച് എല്ലാം മനസ്സിലാക്കാൻ ശേഷിയുള്ളവരാണ് അവർ. നീതിയും ന്യായവും കൂടുതല്‍ ആരുടെ പക്ഷത്ത് എന്ന് അപ്പപ്പോള്‍ വിലയിരുത്തി ചെയ്യുന്ന സമ്മതിദാനാവകാശമാണ് ഭരണകൂടത്തെ നിര്‍ണയിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നത്.
ഏതു മതസ്ഥരെ പ്രീണിപ്പിക്കാനായാലും വസ്തുതകള്‍ കാണാതെ എന്തെങ്കിലും വിളിച്ചുപറയുന്ന ഭരണാധികാരികളെയും അവരുടെ എതിരാളികളെയും അക്കൂട്ടര്‍ തിരിച്ചറിയും. അത് അവരുടെ അവകാശങ്ങള്‍ വിനിയോഗിക്കുമ്പോള്‍ പ്രതിഫലിക്കുകയും ചെയ്യും. ഫാഷിസത്തിന്റെ തന്ത്രങ്ങളില്‍ മതവിശ്വാസം ഒരു വലിയ ഉപകരണം തന്നെയാണ്. ഇന്ത്യയെപ്പോലെയുള്ള ഒരു വലിയ രാജ്യത്ത് ആ തന്ത്രങ്ങൾക്കായി അവാസ്തവം പ്രചരിപ്പിക്കുമ്പോൾ അതിൽ പെട്ടുപോകുന്നവരിൽ ശബ്ദിക്കുന്നവരും അല്ലാത്തവരും 30 ശതമാനത്തിൽ താഴെയേ വരൂ. അവരില്‍ ഒരു വലിയ വിഭാഗം ഭീഷണിയുടെ വാള്‍മുനയില്‍ അന്ധമായി അങ്ങനെയുള്ളവരെ വിശ്വസിക്കുന്ന അനുയായികളുമാണ്.
ഇനി വിഷയത്തിലേക്ക് വരുന്നു. നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി അടുത്തിടെ പല വിഷയങ്ങളിലും വാസ്തവവിരുദ്ധമായി പ്രസ്താവനകള്‍ നടത്തുന്നു. പിന്നാക്ക സമുദായത്തിന് സാമൂഹിക നീതി ഉറപ്പാക്കാന്‍ നല്കുന്ന പല ആനുകൂല്യങ്ങളും അകാരണമായി എടുത്തുകളയുന്നു. പൊലീസ് നടപടികളിലും രാഷ്ട്രീയ പോരാട്ടങ്ങളിലും പെട്ടുപോകുന്ന ജനങ്ങള്‍ നീതിനിഷേധത്തിന് വിധേയരാകുന്നു. സമീപകാലത്ത് നടക്കുന്ന ഏതാനും കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കട്ടെ. പൂക്കോട് വെറ്ററിനറി കോളജിൽ ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തിലെ പ്രവർത്തകർതന്നെ സഹപാഠിയെ ക്രൂരമായി പീഡിപ്പിച്ച് ജീവനെടുത്ത സംഭവം എല്ലാവർക്കുമറിയാം. അതിൽ ഉൾപ്പെട്ടതും എല്ലാം വിദ്യാര്‍ഥികള്‍. അന്വേഷണം കേരള പൊലീസ് തന്നെ നടത്തുന്നതിൽ കുടുംബം ആശങ്ക പ്രകടിപ്പിച്ചപ്പോൾ മുഖ്യമന്ത്രി സി.ബി.ഐക്ക് കേസ് വിടാൻ തയാറാകുന്നു. അവിടെ മുഖ്യമന്ത്രിയും പാര്‍ട്ടിയും ആ ചെയ്തിയെ അപലപിക്കുമ്പോഴും കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിട്ടില്ല.
മുഖ്യമന്ത്രിയുടെ ഭാഷയിലെ ‘തെമ്മാടിത്തരം’എന്ന് വിശേഷിപ്പിക്കാവുന്ന മറ്റൊരു പ്രവൃത്തി ചെയ്തത് മൈനറായ കുട്ടികള്‍ ഉൾപ്പെട്ട ഒരു സംഘമായിരുന്നു. അതിൽ എല്ലാ ജാതി മതസ്ഥരുമുണ്ടായിരുന്നു എന്നത് സാക്ഷ്യപ്പെടുത്തിയത് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ആ പ്രദേശത്തെ എല്‍.ഡി.എഫ് നേതാവ് തന്നെയാണ്. പിന്നീടും ദൃക്സാക്ഷികൾ അത് ഏറ്റു പറയുന്നു. പക്ഷേ, ആ കുട്ടികൾ ഒക്കെ മുസ്ലിം സമുദായത്തിലെ അംഗങ്ങള്‍ മാത്രമാണെന്ന് വാസ്തവവിരുദ്ധ പരാമർശം നടത്തി മുഖ്യമന്ത്രി. വിദ്യാലയ ജീവിതത്തിെൻറ അവസാന ദിവസങ്ങളെ അടയാളപ്പെടുത്തുന്ന ഫോട്ടോ ഷൂട്ട് നടത്താൻ പ്രകൃതിഭംഗിയുള്ള പള്ളിയുടെ വളപ്പില്‍ എത്തിയവര്‍ ചെയ്ത തെമ്മാടിത്തരത്തെ കൊലപാതകശ്രമമായി ചിത്രീകരിച്ച് കേസെടുക്കുക വഴി പൊലീസ് ശ്രമിച്ചത് ആ പ്രദേശത്തെ ഒരു തീവ്രവാദ സംഘത്തിന്റെ നാടായി മുദ്രകുത്താനല്ലേ? പൂക്കോട് ചെയ്തതിനേക്കാൾ ഗൗരവമായ കുറ്റമായി പൊലീസിന് എങ്ങനെ ഇതിനെ തെളിയിക്കാൻ കഴിയുമെന്ന് കാണാം. സി.സി ടി.വി ദൃശ്യങ്ങൾ കൈവശപ്പെടുത്തിയത് ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.
അടുത്തിടെ അവിടെ എനിക്ക് പോകാന്‍ അവസരം കിട്ടിയപ്പോള്‍ കണ്ടത് എല്ലാ ജാതി മതസ്ഥരും സൗഹാർദത്തില്‍ കഴിയുന്ന ഒരു പ്രദേശമായാണ്. അവിടെ തീവ്രവാദ പ്രവർത്തനങ്ങളുണ്ടെങ്കിൽ അവരെ കണ്ടുപിടിച്ച് ശിക്ഷിക്കണം. അതവിടത്തെ സമാധാനപ്രിയരായ എല്ലാ മതസ്ഥരുടെയും ആവശ്യമാണ്. നാടിന്റെ മുഖ്യമന്ത്രി ഒരിക്കലും പൊലീസിന്റെ വര്‍ഗീയപ്രീണനത്തിന് കൂട്ടുനില്ക്കാന് പാടില്ലായിരുന്നു. അങ്ങനെയല്ലാതെ മറ്റെന്തെങ്കിലും പ്രേരണയിലാണെങ്കില്‍ അതിനു കൂട്ടുനില്‍ക്കുന്ന സേന നാടിന് ആപത്തുമാണ്.
മറ്റൊന്ന്, ഇന്ന് ഉദ്യോഗസ്ഥതലത്തില്‍ എടുക്കുന്ന അനീതികരമായ തീരുമാനങ്ങളെ ഒരു മടിയുമില്ലാതെ നടപ്പാക്കുന്ന ഭരണാധികാരികളുടെ നയത്തിന് അവസാന ഉദാഹരണം, ‘മാധ്യമം’പത്രം കഴിഞ്ഞദിവസം ഒരു വാർത്തയിലൂടെ പുറത്തുകൊണ്ടു വന്നു. പിന്നാക്ക സമുദായങ്ങളിലെ വിദ്യാർഥികൾക്ക് അവകാശപ്പെട്ട ഫ്ലോട്ടിങ് സംവരണം നിര്ത്തല്ചെയ്യുന്നത് കടുത്ത അനീതിയല്ലാതെ മറ്റൊന്നുമല്ല. ഈ വിഷയത്തിൽ നിയമസഭയുടെ വിദ്യാഭ്യാസ വിഷയനിര്‍ണയ സമിതിയില്‍ അംഗമായ ടി.വി. ഇബ്രാഹീം എം.എല്‍.എ എഴുതിയ ഒരു ലേഖനവും പിറ്റേന്ന് മാധ്യമത്തിൽ വായിച്ചു. ഈഴവ, മുസ്ലിം, ലത്തീന്‍ കത്തോലിക്ക വിഭാഗം കുട്ടികള്‍ കഴിഞ്ഞവര്‍ഷം എം.ബി.ബി.എസിന് 174 പേരും എൻജിനീയറിങ്ങിന് 573 പേരും പ്രവേശിച്ചത് ഈ ആനുകൂല്യം കിട്ടിയാണ്. ഇനി മുതല്‍ സ്റ്റേറ്റ് ലിസ്റ്റില്‍പെട്ട സംവരണ സമുദായത്തിലെ കുട്ടികള്‍ മെച്ചപ്പെട്ട കോളജുകളിലേക്ക് പ്രവേശനം നേടുമ്പോള്‍ ഉപേക്ഷിക്കുന്ന അവരുടെ സംവരണ സീറ്റുകള്‍ അതേ സമുദായത്തിലെ കുട്ടികള്‍ക്ക് ലഭിക്കില്ല. ആ നഷ്ടം വലുതാണ്. ഇത് എം.എല്‍.എ എഴുതിയതുപോലെ ‘തുടര്‍ക്കഥയാകുന്ന സംവരണ അട്ടിമറികള്‍’തന്നെയാണ്.
ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ മുസ്ലിം സമുദായത്തിന് നിയമനക്കാര്യത്തില്‍ നീക്കിവെച്ച രണ്ട് ടേണുകള്‍ നഷ്ടമായത് നിയമസഭയില്‍ മന്ത്രിയുടെ ഉറപ്പിനു ശേഷവുമാണെന്നതും അതുപ്രകാരം പി.എസ്.സിയില്‍ രണ്ടു ശതമാനം നഷ്ടം സംഭവിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഭിന്നശേഷിക്കാര്‍ക്ക് അത് നല്‍കുന്നതോടൊപ്പം ഔട്ട് ഓഫ് ടേണ്‍ നല്‍കാമെന്ന ഉറപ്പും ഉദ്യോഗസ്ഥരുടെ ഒരു കളിയാണ്. പാലോളി കമ്മിറ്റി നിര്‍ദേശിച്ചപ്രകാരം കൊണ്ടുവന്ന ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളുടെ കാര്യത്തില്‍ 80:20 അനുപാതം ജുഡീഷ്യല്‍ റിവ്യൂവിന്റെ അടിസ്ഥാനത്തില്‍ എന്തു സംഭവിച്ചു എന്ന് നമുക്ക് അറിയാം. അനുയായികളുടെ ഇടപെടൽപോലെ ഉദ്യോഗസ്ഥർ ഭരിക്കുന്ന അവസ്ഥയും ജനാധിപത്യത്തിൽ അപകടകരം തന്നെയാണ്. സംവരണ നിഷേധത്തിനും അട്ടിമറിക്കും അനുകൂലമായ ഏതു നടപടിയും ഫാഷിസ്റ്റ് നയത്തിന് ചൂട്ടുപിടിക്കുന്ന പ്രീണനനയം തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.