റേഷൻ ഷോപ്പുകൾ അടച്ചുപൂട്ടണോ?

രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക്​ ഭക്ഷ്യസുരക്ഷയും പോഷകാഹാര ലഭ്യതയും ഉറപ്പാക്കുക, സ്വകാര്യ വിപണിയിലെ ഭക്ഷ്യധാന്യ വില അനിയന്ത്രിതമായി കൂടാതെ നോക്കുക എന്നിവയാണ് പൊതുവിതരണ സംവിധാനത്തി​ന്റെ സുപ്രധാന ലക്ഷ്യങ്ങള്‍.

രണ്ടാം ലോകയുദ്ധകാലത്തുണ്ടായ ഭക്ഷ്യക്ഷാമം നേരിടാൻ കൊളോണിയല്‍ തന്ത്രമായാണ് ഇന്ത്യയില്‍ ഭക്ഷ്യധാന്യങ്ങളുടെ പൊതുവിതരണം സർക്കാർ ഏറ്റെടുത്തത്. എന്നാൽ, പൗരക്ഷേമം ഉറപ്പുവരുത്തൽ ഭരണകൂട ബാധ്യതയായി വിവക്ഷിക്കുന്ന ഇന്ത്യന്‍ ഭരണഘടനക്ക്​ കീഴിൽ ഏവർക്കും ഭക്ഷ്യലഭ്യത ഉറപ്പുവരുത്താനുള്ള നടപടിയായി ഇത്​ മാറി.

കർഷകരേയും റേഷന്‍ ഷാപ് ഉപഭോക്താക്കളേയും പരസ്പരം ബന്ധിപ്പിക്കുന്ന ഇന്ത്യന്‍ പൊതുവിതരണ സമ്പ്രദായം സ്വകാര്യ മേഖലയും പൊതുമേഖലയും തോളോട് തോള്‍ ചേർന്നുനിന്ന് നേടിയെടുത്ത സ്റ്റേറ്റ് സോഷ്യലിസത്തി​ന്റെ വിജയഗാഥകളില്‍ ഒന്നാണ് .

എന്നാലിന്ന്​ റേഷൻ ഷാപ്പുകൾ സർക്കാർ പണത്തി​ന്റെ അനാവശ്യ ദുർവിനിയോഗമാണെന്നും അടച്ചുപൂട്ടണമെന്നുമുള്ള ഒരു വാദഗതിയും ആഖ്യാനവും മേൽത്തട്ടുകളിൽനിന്ന്​ ഉയർന്നുകേൾക്കുന്നുണ്ട്​. സാധ്യമാകുന്ന ആദ്യഘട്ടത്തിൽതന്നെ ഈ സംവിധാനത്തിന്​ താഴിടാൻ ഭരണകൂടം അതിന്​ ഒരു​മ്പെടുകയും ചെയ്​തേക്കും.​

ദേശീയ ഭക്ഷ്യസുരക്ഷ നിയമത്തി​ന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായാണ് ഇപ്പോള്‍ പൊതുവിതരണ സംവിധാനം ഇന്ത്യയില്‍ പ്രവർത്തിക്കുന്നത്. റേഷന്‍ ഷോപ്പിലേക്ക് വേണ്ട ഭക്ഷ്യധാന്യങ്ങളുടെ സംഭരണവുമായി ബന്ധപ്പെട്ട ചെലവുകളുടെ 80 ശതമാനവും സബ്സിഡിയാണ്.

ഡിജിറ്റൽവത്​കരണം റേഷന്‍വിതരണ സമ്പ്രദായത്തെ മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നു പറയു​മ്പോൾതന്നെ സാങ്കേതികമായും സാമൂഹികമായും ഡിജിറ്റല്‍ ഡിവൈഡ് നിലനിൽക്കുന്ന രാജ്യത്ത് ഭരണകൂട കാർക്കശ്യത്തോടെ നടപ്പാക്കുന്ന ഇത്തരം നടപടികളുടെ ഫലമായി അർഹരായ നിരവധി കുടുംബങ്ങള്‍ ​ പുറത്താക്കപ്പെട്ടതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

അർഹർ അന്യായമായി പുറത്താക്കപ്പെടുന്നതുപോലെ ഗുരുതരമാണ്​ അനർഹരിലേക്ക്​ റേഷൻ ആനുകൂല്യങ്ങൾ ഒഴുകുന്നതും. നവലിബറല്‍ ചങ്ങാത്ത മുതലാളിത്തം ശക്തിപ്രാപിക്കുകയും ഭരണകൂടം ക്ഷേമരാഷ്ട്ര പ്രവർത്തനങ്ങളില്‍നിന്ന്​ പിൻവലിയുകയും ചെയ്യുമ്പോള്‍ രാജ്യത്തെ ദരിദ്രരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും.

ന്യൂനപക്ഷം വരുന്ന മധ്യവർഗമൊഴികെ ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ആളുകൾക്കും ഭക്ഷ്യസുരക്ഷയും പോഷകാഹാര ലഭ്യതയും മിനിമം കലോറിയും ഉറപ്പുവരുത്താന്‍ റേഷന്‍ സംവിധാനം നിലനിൽക്കുകതന്നെ വേണം. ഇവിടെയാണ് ക്ഷേമപദ്ധതികൾക്കുള്ള ഫണ്ടുകള്‍ അടിക്കടി വെട്ടിക്കുറക്കുന്ന ജനവിരുദ്ധ ഭരണകൂട നയങ്ങള്‍ വില്ലനാകുന്നത്.

ഭക്ഷ്യസുരക്ഷ നിയമത്തി​ന്റെ അന്തഃസത്ത ഓരോ സംസ്ഥാനവും എത്രത്തോളം പ്രയോഗത്തില്‍ വരുത്തിയിട്ടുണ്ട് എന്നതിനെ അനുസരിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളേയും കേന്ദ്ര ഭക്ഷ്യ –പൊതുവിതരണ മന്ത്രാലയം റാങ്ക് ചെയ്തിട്ടുണ്ട്.

ഗർഭിണികളെ, മുലയൂട്ടുന്ന അമ്മമാരെ, കുഞ്ഞുങ്ങളെ കൗമാരക്കാരികളെ, യുവാക്കളെ, വൃദ്ധരെ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം ആളുകളുടെയും ഭക്ഷണ–പോഷകാഹാര ലഭ്യതയെ പരിഗണിച്ചുള്ള ഒരു ജീവിതചക്ര സമീപനമാണ് (Life Cycle Approach) ഭക്ഷ്യ സുരക്ഷാ നിയമത്തിനകത്ത് പരിഗണിച്ചിട്ടുള്ളത്. പ്രധാനമായും മൂന്നു ഘടകങ്ങളെയാണ് റാങ്കിങ്ങിനുള്ള മാനദണ്ഡങ്ങളായി പരിഗണിച്ചത്.

എത്ര ശതമാനം ആളുകളിലേക്ക് റേഷന്‍ എത്തുന്നു എന്നതി​ന്റെ അടിസ്ഥാനത്തിലെ റാങ്കിങ്ങില്‍ ഝാർഖണ്ഡ്​ ആണ് ഒന്നാം സ്ഥാനത്ത്​. കേരളത്തി​ന്റെ സ്ഥാനം അഞ്ച്​. ഫലപ്രദമായി റേഷന്‍ സാധനങ്ങള്‍ ഗുണഭോക്താക്കൾക്ക്​ എത്തിക്കുന്നതില്‍ ഒന്നാം സ്ഥാനം ബിഹാറിനാണ്.

കേരളത്തി​ന്റെ സ്ഥാനം 10. പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്നതി​ല്‍ ഒന്നാം സ്ഥാനം യു.പിക്ക്​. കേരളത്തി​ന്റെ പേര് ആദ്യ 20 സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇല്ല എന്നത് റേഷന്‍ ബാസ്കറ്റില്‍ പോഷകാഹാര വൈവിധ്യം ഉറപ്പുവരുത്തുന്നതില്‍ കേരളം പുറകിലാണ് എന്ന്​ സൂചിപ്പിക്കുന്നു.

പ്രതിമാസം ഓരോ കാർഡിലും അനുവദിക്കപ്പെട്ട സാധനങ്ങളുടെ വിലയും അളവും മിക്ക സംസ്ഥാനങ്ങളിലും എസ്​.എം.എസ്​ വഴി ഗുണഭോക്താക്കളെ അറിയിക്കുന്നുണ്ടെങ്കിലും എന്താണോ റേഷന്‍ കടക്കാര്‍ നൽകുന്നത് അത് വാങ്ങിച്ചുപോകുക എന്നതാണ് ഇന്ത്യ മുഴുവന്‍ നിലനിൽക്കുന്ന ഒരു രീതി.

കേരളത്തിലെ ഉൾനാടന്‍ മലയോര പ്രദേശത്ത്​ ആഴ്ചയില്‍ രണ്ടു ദിവസം മാത്രം തുറക്കുന്ന റേഷന്‍ കട ഉള്ളതായി സംഭാഷണമധ്യേ ഒരു ഗുണഭോക്താവ് പറഞ്ഞിരുന്നു. മണ്ണെണ്ണയും ഗോതമ്പ് പൊടിയും മറിച്ച് കൊടുക്കുന്നതായ പരാതി ഒരു പുതിയ കാര്യം അല്ലാതായിട്ടുണ്ട്.

അന്തർസംസ്ഥാന തൊഴിലാളികൾക്ക്​ പ്രത്യേക റേഷന്‍ ക്വോട്ട അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ ഭക്ഷ്യധാന്യ ലഭ്യത ഉറപ്പുവരുത്താനും അഴിമതി ഇല്ലാതാക്കാനും കഴിയും .

രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുന്നണിപ്പോരാളികളില്‍ ഒന്നാണ് റേഷന്‍ ഷോപ്പുകള്‍. അവ കൃത്യമായി നടത്തിക്കൊണ്ടുപോകാന്‍ വരുന്ന ചെലവും മാന്യമായ കൂലിയും ന്യായമായ കമീഷനും നടത്തിപ്പുകാരനും തൊഴിലാളികൾക്കും ലഭിക്കുന്ന തരത്തില്‍ കച്ചവട വരുമാനം നോക്കാതെയുള്ള ഒരു മിനിമം പ്രതിഫലം ഉണ്ടായിരിക്കുക എന്നതാണ് റേഷന്‍ വിതരണ സംവിധാനത്തി​ന്റെ കൃത്യമായ നടത്തിപ്പിനുള്ള ആദ്യത്തെ ചവിട്ടുപടി.

അങ്ങനെ ചെയ്തിട്ടും അഴിമതിചെയ്യുന്ന ലൈസൻസികളെ നീക്കുകയും അവയുടെ നടത്തിപ്പ്​ കുടുംബശ്രീ പോലുള്ള സംവിധാനങ്ങളെ ഏല്പിക്കുകയുമാണ് വേണ്ടത്. റേഷന്‍ ഷാപ്പുകളെ സാമൂഹിക സാമ്പത്തിക ചലനാത്മകത നേടിയെടുക്കാനുള്ള ഒരു മാർഗമായി കൂടി സർക്കാറിന് പരിഗണിക്കാവുന്നതാണ്.

പട്ടികജാതി-വർഗങ്ങളിലെ സ്ത്രീകൾ, ഭിന്നശേഷിക്കാർ, സ്ത്രീ കൂട്ടായ്മകൾ, വിധവകൾ തുടങ്ങിയവർക്ക്​ മുൻഗണന നല്കി ലൈസൻസ്​ അനുവദിക്കുന്ന രീതി അവലംബിക്കാം.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും റേഷന്‍ വിതരണത്തിന്റെ ഗുണനിലവാരം അറിയുന്നതിനുള്ള സോഷ്യല്‍ ഓഡിറ്റിങ് നടത്തിയപ്പോള്‍ പുറത്തുവന്ന നിരവധി അഴിമതിതന്ത്രങ്ങള്‍ സൂചിപ്പിക്കുന്നത് റേഷന്‍ അഴിമതി റേഷന്‍ ഷോപ്പുകാരുടെ മാത്രം തലയില്‍ കെട്ടി​വെക്കാന്‍ കഴിയില്ല എന്നാണ്.

സർക്കാര്‍ ഉദ്യോഗസ്ഥരുടെ പിന്തുണയില്ലാതെ ദീർഘകാലം അഴിമതി സാധ്യമല്ല. റേഷന്‍ ഷോപ്പുകള്‍വഴി സാധനങ്ങള്‍ വിതരണം ചെയ്തതി​ന്റെ കണക്കും നാഷനല്‍ സാമ്പിള്‍ സർവേയിലെ റേഷന്‍ ഷാപ് ഉപഭോക്താക്കളുടെ ഉപഭോഗ കണക്കും തമ്മിലുള്ള വലിയ അന്തരം റേഷന്‍ വസ്തുക്കള്‍ സ്വകാര്യ കമ്പോളത്തിലേക്ക് പോകുന്നതി​ന്റെ സൂചകമാണ്.

സാമൂഹിക പ്രതിബദ്ധതയുള്ള ഏതൊരു ഭരണകൂടത്തിനും ഇല്ലാതാക്കാന്‍ കഴിയുന്ന അഴിമതികള്‍ മാത്രമേ റേഷന്‍ സംവിധാനത്തിലുമുള്ളൂ. പൗരജനങ്ങളോട് കടപ്പാടും ഉത്തരവാദിത്തവും ഉള്ള ജനാധിപത്യ രാജ്യമായി ഇന്ത്യയെ നിലനിർത്തുന്നതിൽ അവശേഷിക്കുന്ന ചില സ്മാരകങ്ങളില്‍ ഒന്നാണ് നമ്മുടെ റേഷന്‍ സംവിധാനം.

ഭക്ഷ്യസുരക്ഷയും പോഷകാഹാര ലഭ്യതയും കോർപറേറ്റ് ഭീമന്മാരുടെ ദയാവായ്പില്‍ സംഭവിക്കേണ്ട ഒന്നായി മാറാതെ നോക്കേണ്ട ബാധ്യത ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഓരോരുത്തർക്കുമുണ്ട്​. അതുവഴി നാം ഉറപ്പുവരുത്തുന്നത്​ മനുഷ്യാവകാശം തന്നെയാണ്.

സ്വാതന്ത്ര്യത്തി​ന്റെ, തുല്യതയുടെ, അവസര സമത്വത്തി​ന്റെ, അവകാശങ്ങളുടെ, നിയമപരിരക്ഷകളുടെ വ്യക്തിഗത ഇടങ്ങള്‍ വികസിക്കുമ്പോള്‍ മാത്രമേ ഒരു സമൂഹം ആർജിച്ചതും നിലനിർത്തുന്നതുമായ ധാർമികമൂല്യ വ്യവസ്ഥിതിക്കകത്ത് ജീവിക്കുന്ന ആളുകളെ എത്രത്തോളം മനുഷ്യരായി ആ സമൂഹത്തിലെ അധികാരവ്യവസ്ഥ പരിഗണിക്കുന്നുണ്ട് എന്ന് വെളിപ്പെടൂ.

സ്ത്രീകൾ, ദലിതർ, ഭിന്നശേഷിക്കാർ, വയോധികർ, പിന്നാക്ക വിഭാഗക്കാർ, ന്യൂനപക്ഷങ്ങൾ, ദരിദ്രർ എന്നിവർക്കെല്ലാം എത്രത്തോളം മനുഷ്യാസ്തിത്വവും സ്വതന്ത്ര വ്യക്തിത്വവും നേടാന്‍ ഇന്ത്യയില്‍ കഴിഞ്ഞിട്ടുണ്ട് എന്നതി​ന്റെകൂടി അളവുകോലാണ് നമ്മുടെ പൊതുവിതരണ സംവിധാനവും അതിനോടുള്ള ഭരണകൂട സമീപനവും.

Tags:    
News Summary - Should ration shops be closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.