കുടുംബത്തെ ഭരണത്തിന്റെ സുവർണ വെളിച്ചത്തിന്റെ ഗുണഭോക്താവാക്കാതിരിക്കാൻ മൻമോഹന് ജാഗ്രതയുണ്ടായിരുന്നു. മൂന്ന് പെൺമക്കളെയും അദ്ദേഹം അങ്ങനെതന്നെ പരിശീലിപ്പിച്ചു. ആക്രോശങ്ങളുടെ തട്ടുപൊളിപ്പൻ നാടകമായി മാറിയ രാഷ്ട്രീയത്തിൽ തീർച്ചയായും വേറിട്ടൊരു മുഖമായിരുന്നു മൻമോഹൻ സിങ്ങിന്റേതെന്ന് എതിരാളികൾക്കുപോലും സമ്മതിക്കാതിരിക്കാനാവില്ല.
59 വയസ്സുവരെ രാഷ്ട്രീയത്തെക്കുറിച്ച് പ്രായോഗികമായി ചിന്തിക്കുകപോലും ചെയ്യാതിരുന്നൊരാൾ ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിൽ തുടർച്ചയായി രണ്ടുവട്ടം ഇരുന്നു എന്നത് ചരിത്രമാകേണ്ടതാണ്. എന്നാൽ, അതിെൻറ പേരിലായിരിക്കില്ല മൻമോഹൻ സിങ്ങിനെ ചരിത്രം ഓർമിക്കുക. നവ സാമ്പത്തിക നയങ്ങളുടെ വാതിലുകൾ ഇന്ത്യക്കാർക്കു മുന്നിൽ തുറന്നുപിടിച്ചയാൾ എന്ന നിലയിലാവും. ആ നയങ്ങളുടെ ചുരുക്കപ്പേരായ ‘മൻമോഹനോമിക്സി’െൻറ പേരിൽതന്നെ. പ്രധാനമന്ത്രിയായിരുന്നപ്പോൾപോലും ധനമന്ത്രിയായിരുന്നൊരാൾ എന്നും അതിനർഥമുണ്ട്.
കേംബ്രിജും ഓക്സ്ഫഡും പോലുള്ള ലോകോത്തര സർവകലാശാലകളിൽനിന്ന് പഠിച്ച സാമ്പത്തിക ശാസ്ത്രങ്ങൾ പുതിയ ലോക സാഹചര്യത്തിൽ ഇന്ത്യൻ ജനതയിൽ പ്രയോഗിക്കുമ്പോൾ എതിർത്തും അനുകൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. പ്രായോഗിക രാഷ്ട്രീയത്തിെൻറ സൂത്രവാക്യങ്ങളായിരുന്നില്ല മൻമോഹന് പ്രധാനം, സാമ്പത്തികശാസ്ത്രത്തിെൻറ കണക്കുകളായിരുന്നു. ഇന്ത്യയുടെ കരുതൽ സ്വർണനിക്ഷേപംപോലും പണയത്തിലായ കാലത്തിനുശേഷം സാമ്പത്തിക രംഗം പിടിച്ചുനിന്നത് മൻമോഹണോമിക്സിെൻറ മികവുകൊണ്ടാണ് എന്ന് സാമ്പത്തിക വിശാരദന്മാർ നിരീക്ഷിക്കുന്നുണ്ട്. അതേസമയം, രാജ്യത്തിെൻറ സാമ്പത്തിക സ്വാശ്രയത്വം അടിയറവെച്ചതും കോർപറേറ്റ് വാഴ്ചക്ക് പരവതാനി വിരിച്ചതും മൻമോഹൻ തന്നെയാണെന്ന രൂക്ഷമായ വിമർശനവുമുണ്ട്. ദുർബലനായ പ്രധാനമന്ത്രി എന്ന ആക്ഷേപത്തിനുപോലും അദ്ദേഹം ഇരയായിട്ടുണ്ട്. പക്ഷേ, രാജ്യം സാമ്പത്തിക തകർച്ചയെ നേരിടുന്ന വർത്തമാന സാഹചര്യത്തിൽ പലവട്ടം ഉയർന്നുകേൾക്കുന്നതും മൻമോഹൻ സിങ് എന്ന പേരുതന്നെയാണ്.
ജീവിതത്തിൽ ആദ്യമായി നേരിട്ട തെരഞ്ഞെടുപ്പ് പരീക്ഷണത്തിൽ തോറ്റുപോയെങ്കിലും പഠനകാലത്ത് എല്ലാ പരീക്ഷകളിലും ഉന്നതമായ വിജയം കൈവരിച്ച വിദ്യാർഥിയായിരുന്നു മൻമോഹൻ സിങ്. 1932 സെപ്റ്റംബർ 26ന് അവിഭക്ത പഞ്ചാബിലെ ഝലം ജില്ലയിലെ ഗാഹിൽ ജനിച്ച മൻമോഹൻ സിങ്ങിെൻറ കുടുംബം വിഭജനത്തിനുശേഷം അമൃത്സറിലേക്ക് കുടിയേറിയതാണ്. ഉണങ്ങിയ പഴങ്ങളുടെ വ്യാപാരിയായിരുന്ന പിതാവ് ഗുർമുഖ് സിങ്ങിന് പഠിക്കാൻ മിടുക്കനായ മകനിൽ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. ആ പ്രതീക്ഷ മൻമോഹൻ ഒരിക്കലും തെറ്റിച്ചുമില്ല. ഫീസ് നൽകാൻ പണമില്ലാത്തതിനാൽ ഒരു വർഷം കോളജ് പഠനം മുടങ്ങിയയാൾ ഇന്ത്യയുടെ ധനകാര്യമന്ത്രിയും പ്രധാനമന്ത്രിയുമായി എന്നത് ചരിത്രം. ഉയർന്ന മാർക്കിെൻറ റിസൽട്ടുമായി ഒരിക്കൽ മകൻ വന്നുകയറിയപ്പോൾ ഗുർമുഖ് സിങ് പറഞ്ഞുവത്രെ, ‘നീ ഒരുനാൾ ഈ രാജ്യത്തിെൻറ പ്രധാനമന്ത്രിയാകുമെന്ന്.’ 72ാമത്തെ വയസ്സിൽ മൻമോഹൻ അച്ഛെൻറ സ്വപ്നം പൂവണിയിച്ചു.
ചെറുപ്പത്തിൽതന്നെ മാതാവ് അമൃത്കൗർ മരണപ്പെട്ട മൻമോഹനെ വളർത്തിയത് പിതാവിെൻറ അമ്മയായിരുന്നു. സ്കൂൾ വിദ്യാഭ്യാസം സ്കോളർഷിപ്പുകളോടെ പൂർത്തിയാക്കിയ അദ്ദേഹം പഞ്ചാബ് സർവകലാശാലയിൽനിന്ന് ഇക്കണോമിക്സിൽ 1952ൽ ബിരുദവും ’54ൽ ബിരുദാനന്തര ബിരുദവും നേടിയത് ഒന്നാം റാങ്കോടെയായിരുന്നു. പിഎച്ച്.ഡി പഠനത്തിനായി ബ്രിട്ടനിലെ കേംബ്രിജിലേക്കാണ് അദ്ദേഹം പോയത്. സെൻറ് ജോൺസ് കോളജിൽനിന്ന് മികച്ച പ്രകടനത്തിനുള്ള റൈറ്റേഴ്സ് പുരസ്കാരത്തോടെ സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ആ മിടുക്കനായ വിദ്യാർഥി.
തിരിച്ചെത്തിയ മൻമോഹൻ പഞ്ചാബ് സർവകലാശാലയിൽ അധ്യാപകനായി. ആ ജോലിയിൽ തളഞ്ഞുനിൽക്കാൻ അദ്ദേഹത്തിനാവുമായിരുന്നില്ല. 1960ൽ വീണ്ടും പഠനത്തിനായി വെച്ചുപിടിച്ചത് ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലയിലേക്കായിരുന്നു. പഠനത്തിലെ തെൻറ മിടുക്ക് അവിടെയും അദ്ദേഹം കാഴ്ചവെച്ചു. മികച്ച വിദ്യാർഥിക്കുള്ള ആഡംസ്മിത്ത് പുരസ്കാരത്തോടെ ഡി.ഫിൽ കോഴ്സ് പാസായി നാട്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം പഞ്ചാബ് സർവകലാശാലയിൽ പ്രഫസറായി ചേരുന്നത് 33ാമത്തെ വയസ്സിലായിരുന്നു. സർവകലാശാലയിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ കഴിയാത്തതിനാൽ നിർബന്ധിത സേവനം അനുഷ്ഠിക്കേണ്ടിവന്നിട്ടുമുണ്ട് മൻമോഹന്. അതിനിടയിൽ ഗുർശരൺ കൗറിനെ വിവാഹവും കഴിച്ചു. മൂന്നു പെൺകുട്ടികളുമുണ്ടായി.
വികസ്വര രാജ്യങ്ങളിലെ കച്ചവടവും നിക്ഷേപവും വികസിപ്പിക്കുന്നതിനായി യു.എന്നിനു കീഴിൽ പ്രവർത്തിച്ചിരുന്ന വിഭാഗമാണ് യുനൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് െഡവലപ്മെൻറ് (UNCTAD). 1966 ൽ യു.എൻ സി.ടി.എ.ഡിയിൽ ഇക്കണോമിക്സ് ഓഫിസറായി മൻമോഹൻ ജോലിയിൽ പ്രവേശിച്ചു. ന്യൂയോർക്കിലായിരുന്നു ജോലി. അന്താരാഷ്ട്ര വ്യാപാരമേഖലയിൽ വരാനിരുന്ന മാറ്റങ്ങളെക്കുറിച്ച് മുന്നറിവ് അദ്ദേഹത്തിനു ലഭിച്ചത് ഇവിടെ നിന്നായിരുന്നു.
മൂന്നു വർഷത്തിനുശേഷം ഇന്ത്യയിൽ 1969 ൽ ന്യൂയോർക്കിൽ നിന്നും തിരിച്ചെത്തിയ സിങ് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രഫസറായി അധ്യാപകവൃത്തി പുനരാരംഭിച്ചു. അപ്പോഴേക്കും സാമ്പത്തികശാസ്ത്രത്തിൽ അദ്ദേഹത്തിനുള്ള മിടുക്ക് ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അതിെൻറ ഫലമായിരുന്നു 1971ൽ കേന്ദ്ര ഗതാഗത മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായത്. ഇന്ദിരാഗാന്ധിയുടെ കാലമാണത്. വൈകാതെ ധനകാര്യവകുപ്പിൽ മുഖ്യ ഉപദേഷ്ടാവായി. ഓരോ അവസരങ്ങളിലും തെൻറ മിടുക്ക് മൻമോഹനു മുന്നിൽ കൂടുതൽ ഉയർന്ന പടവുകൾ തീർത്തുകൊണ്ടിരുന്നു. 1980-1982 കാലത്ത് ആസൂത്രണവകുപ്പിെൻറ തലവനാകാനും അദ്ദേഹത്തിനായി. ’82ൽ പ്രണബ് മുഖർജി ധനമന്ത്രിയായിരിക്കെയാണ് മൻമോഹനെ റിസർവ് ബാങ്കിെൻറ ഗവർണറായി നിയോഗിച്ചത്. ഫീസടക്കാൻ പണമില്ലാത്തതിനാൽ ഒരു വർഷത്തെ പഠനം മുടങ്ങിയയാൾ അങ്ങനെ ഇന്ത്യൻ കറൻസിയിൽ സ്വന്തം കൈയൊപ്പു പതിപ്പിച്ചു.
രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് 1985 മുതൽ 87 കാലഘട്ടത്തിൽ ആസൂത്രണ കമീഷൻ ഉപാധ്യക്ഷനായി സിങ്ങിനെ നിയമിച്ചത്. സാം പിത്രോദയിൽ നിന്നായിരുന്നു മൻമോഹനെ കുറിച്ച് രാജീവ്ഗാന്ധി അറിയുന്നത്. തൊട്ടുടൻ രാജീവ് ഗാന്ധി മൻമോഹനെ അയച്ചത് ജനീവയിലേക്കായിരുന്നു. സൗത്ത് കമീഷെൻറ ആദ്യത്തെ സെക്രട്ടറി ജനറലായി, ഇന്ത്യൻ പ്രതിനിധിയായിട്ടായിരുന്നു നിയമനം. താൻസനിയയുടെ മുൻ പ്രധാനമന്ത്രിയും സോഷ്യലിസ്റ്റുമായ ജൂലിയസ് നെരേരയായിരുന്നു അധ്യക്ഷൻ. അദ്ദേഹത്തിനൊപ്പമുള്ള പ്രവർത്തനം തെൻറ കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടാക്കിയെന്ന് മൻമോഹൻ തന്നെ പറഞ്ഞിട്ടുണ്ട്. ജനീവയിൽ നിന്നും മടങ്ങിയെത്തുമ്പോൾ പ്രധാനമന്ത്രി വി.പി. സിങ്ങായിരുന്നു. തെൻറ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അദ്ദേഹം മൻമോഹനെ നിയമിച്ചു. 1991 ൽ യൂനിയൻ പബ്ലിക് സർവിസ് കമീഷെൻറ ചെയർമാനായി. പിന്നീട് യു.ജി.സി ചെയർമാനുമായി.
1991 ജൂണിലെ ഒരു പാതിരാത്രി....
വാതിലിൽ മുട്ടുന്നതു കേട്ട് ചെന്ന മൻമോഹൻ സിങ് കണ്ടത് പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിെൻറ ഉപദേഷ്ടാവായ മലയാളി ഡോ. പി.സി. അലക്സാണ്ടറെ. പ്രധാനമന്ത്രിയുടെ സന്ദേശവുമായാണ് അലക്സാണ്ടർ വന്നിരിക്കുന്നത്. ഒറ്റ ഡിമാൻറ്. ഇന്ത്യയുടെ ധനകാര്യമന്ത്രി ആവണം. യു.ജി.സി ചെയർമാൻ പദവിയിൽ ഒതുങ്ങിയിരുന്ന മൻമോഹൻ ഇന്ത്യയുടെ ധനമന്ത്രിയാവുന്നത് ആ ആകസ്മികതയിലാണ്. ശ്രീപെരുമ്പത്തൂരിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടുന്നതിനു മുമ്പ് രാജീവ്ഗാന്ധി നരസിംഹ റാവുവിനോട് മൻമോഹൻ സിങ്ങിെൻറ കാര്യം പറഞ്ഞിരുന്നു. ആ വാക്കുകളിൽ നിന്നായിരുന്നു റാവു ധനമന്ത്രിയായി മൻമോഹനെ തിരഞ്ഞെത്തിയത്. അസമിൽനിന്നും രാജ്യസഭാംഗമാക്കിയായിരുന്നു മൻമോഹെൻറ മന്ത്രിസ്ഥാനത്തെ റാവു പരിരക്ഷിച്ചത്.
1991 മുതൽ ’96 വരെയുള്ള ആ വർഷങ്ങൾ ഇന്ത്യൻ സമ്പദ്ഘടനയെ അടിമുടി മാറ്റിപ്പണിത കാലമായിരുന്നു. ഗാട്ട് കരാറും സാമ്പത്തിക ഉദാരീകരണവും വിദേശ നിക്ഷേപങ്ങളിലെ നിയന്ത്രണം എടുത്തുകളഞ്ഞതും അടക്കമുള്ള വൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ കാലം. നെഹ്റുവിെൻറ സോഷ്യലിസ്റ്റ് ക്ഷേമരാഷ്ട്ര സങ്കൽപത്തിൽനിന്നും കോർപറേറ്റ് രാഷ്ട്ര ഘടനയിലേക്കുള്ള പ്രവേശനോത്സവം കൂടിയായിരുന്നു അത്.
ചരിത്രത്തിലാദ്യമായി ഒരു വിദേശവനിത ഇന്ത്യൻ പ്രധാനമന്ത്രിയായേക്കുമെന്ന അഭ്യൂഹം ഡൽഹിയിലെ കാറ്റിൽ അലയടിച്ചത് 2004ലായിരുന്നു. സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെതിരെ പാർട്ടിക്കകത്തും പുറത്തും പ്രതിഷേധങ്ങൾ ശക്തമാകുന്ന കാലം. പ്രതിപക്ഷം സോണിയയുടെ വിദേശസ്വത്വം ചോദ്യം ചെയ്യുന്ന ആ കാലത്ത് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് സോണിയ പ്രധാനമന്ത്രി കസേരയിലേക്ക് വിളിച്ചിരുത്തിയത് മൻമോഹൻ സിങ്ങിനെയാണ്. സ്വന്തം ഭാര്യപോലും ടെലിവിഷനിലൂടെയാണ് പ്രധാനമന്ത്രിയായി നിയോഗിച്ച വിവരമറിഞ്ഞതത്രെ. അത്രയും ആകസ്മികതകളായിരുന്നു മൻമോഹെൻറ ആ സ്ഥാനാരോഹണത്തിൽ.
2009ലും മൻമോഹൻ തുടർച്ചയായി രണ്ടാംവട്ടവും പ്രധാനമന്ത്രി കസേരയിലേറിയത് സോണിയയുടെ വിശ്വസ്തൻ എന്ന മേൽവിലാസത്തിലായിരുന്നു. ധനമന്ത്രിയായി തുടങ്ങിവെച്ച പരിഷ്കാരങ്ങളുടെ നടത്തിപ്പിലായിരുന്നു പ്രധാനമന്ത്രിയായപ്പോഴും മൻമോഹൻ ശ്രദ്ധ പുലർത്തിയത്. മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) വളർച്ച നേടാൻ ആ പരിഷ്കാരങ്ങൾക്ക് കഴിഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. മധ്യവർഗ സമൂഹത്തിെൻറ പെട്ടെന്നുള്ള വളർച്ചയും നേട്ടമായി എടുത്തു പറയുന്നുണ്ട്. ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതി (എൻ.ആർ.എച്ച്.എം), വിവരാവകാശ നിയമം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസ അവകാശ നിയമം തുടങ്ങിയവയൊക്കെ അദ്ദേഹത്തിെൻറ നേട്ടങ്ങളായി എഴുതപ്പെട്ടവയാണ്.
പരിഷ്കാരങ്ങൾക്കൊപ്പം വിവാദങ്ങളുടെയും കാലം കൂടിയായിരുന്നു മൻമോഹൻ സിങ്ങിെൻറ ഭരണകാലം. പക്ഷേ, എല്ലാ വിമർശനങ്ങളെയും അദ്ദേഹം സ്വീകരിച്ചത് ജന്മസിദ്ധമായ നിസ്സംഗതയോടെയായിരുന്നു. പെട്രോൾ വില നിർണയാധികാരം എണ്ണ കമ്പനികൾക്ക് വിട്ടുനൽകിയതിനെതിരായ പ്രതിഷേധത്തെയും അദ്ദേഹം നേരിട്ടത്ത് വൈകാരികമായല്ല, തികച്ചും നിസ്സംഗമായായിരുന്നു. സ്വകാര്യ കുത്തകകൾക്ക് അർമാദിക്കാൻ സാമ്പത്തിക രംഗം തുറന്നിട്ടതിനെതിരെ അമർത്യ സെൻ അടക്കമുള്ള സാമ്പത്തിക ശാസ്ത്രജ്ഞൻമാർ ഉയർത്തിയ വിമർശനംപോലും മൻമോഹൻ ചെവിക്കൊണ്ടില്ല.
ആധാർ വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിനെതിരെ അടക്കമുള്ള വിഷയങ്ങളടക്കം പാർലമെൻറിൽ ഉയർന്ന എല്ലാ വിമർശനങ്ങളെയും നിസ്സംഗമായി തന്നെ നേരിട്ടു. എപ്പോഴും മുഖത്ത് തറപ്പിച്ചു നിർത്തിയ ആ നിസ്സംഗതയായിരുന്നു മൻമോഹെൻറ സ്ഥായീഭാവം. കർഷക ആത്മഹത്യകൾ പെരുകുന്നതും ന്യൂനപക്ഷങ്ങളെ കരിനിയമങ്ങൾകൊണ്ട് വേട്ടയാടിയപ്പോഴുമെല്ലാം ആ നിസ്സംഗതയായിരുന്നു മൻമോഹെൻറ മുഖച്ചിത്രം. ആണവ കാരാറിനെതിരായ വിമർശനങ്ങളെയും അദ്ദേഹം നേരിട്ടത് അങ്ങനെതന്നെയായിരുന്നു.
മൻമോഹൻ സിങ് അമിതമായി സംസാരിക്കാറില്ല. സ്വന്തമായി വാഹനമോ മൊബൈൽ ഫോണോ ഇ-മെയിൽ വിലാസം പോലുമോ ഇല്ല. വാക്കുകളിലെ മിതത്വം ജീവിതത്തിൽ ഉടനീളം പാലിച്ചിരുന്നു. സ്വന്തം മന്ത്രിസഭയിലെ പലരും അഴിമതിയാരോപണത്തിൽ കുടുങ്ങിയപ്പോഴും വ്യക്തിപരമായി ‘മിസ്റ്റർ ക്ലീൻ’ ആയിരിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
കുടുംബത്തെ ഭരണത്തിെൻറ സുവർണ വെളിച്ചത്തിെൻറ ഗുണഭോക്താവാക്കാതിരിക്കാൻ മൻമോഹന് ജാഗ്രതയുണ്ടായിരുന്നു. മൂന്ന് പെൺമക്കളെയും അദ്ദേഹം അങ്ങനെതന്നെ പരിശീലിപ്പിച്ചു. ആക്രോശങ്ങളുടെ തട്ടുപൊളിപ്പൻ നാടകമായി മാറിയ രാഷ്ട്രീയത്തിൽ തീർച്ചയായും വേറിട്ടൊരു മുഖമായിരുന്നു മൻമോഹൻ സിങ്ങിേൻറതെന്ന് എതിരാളികൾക്കുപോലും സമ്മതിക്കാതിരിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.