കലാലയ കാലത്തെ പ്രിയപ്പെട്ട ഒരു കൂട്ടുകാരനെക്കുറിച്ച് പറഞ്ഞുതുടങ്ങാം. ജീവിതത്തിൽ എല്ലാ മേഖലകളിലും അടുക്കും ചിട്ടയും പാലിക്കുന്ന സുഹൃത്ത്. വസ്ത്രവിധാനം, പുസ്തകങ്ങൾ കെട്ടിവെച്ച് കൊണ്ടുവരുന്ന രീതി, നോട്ട് എഴുതുന്നതിലെ വെടിപ്പ് എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ ഈ സ്വഭാവ വൈശിഷ്ടം പ്രകടമായിരുന്നു. ഞങ്ങൾ സഹപാഠികൾക്കാവട്ടെ, അതൊന്നും അത്ര വശമില്ലാത്ത ശീലങ്ങൾ. അതിനാൽ തന്നെ ഒരൽപം സ്നേഹം കലർന്ന അസൂയയോടെയാണ് അതെല്ലാം വീക്ഷിച്ചിരുന്നത്.
ഇടക്ക് അദ്ദേഹത്തിന്റെ വീട്ടിൽ പോകാൻ അവസരമുണ്ടായി. മേൽപറഞ്ഞ വൃത്തിയും ചിട്ടയും അദ്ദേഹത്തിന്റെ കിടപ്പുമുറിയിലും പഠനസ്ഥലത്തും കാണാനുണ്ടായിരുന്നു. ശാന്തമായ അന്തരീക്ഷം. ഒരോ സാധനവും ഭംഗിയായി സംവിധാനിച്ചിരിക്കുന്നു. പുതപ്പ് മടക്കിവെക്കുന്നതുമുതൽ പുസ്തകങ്ങളും വസ്ത്രങ്ങളും അടുക്കിവെച്ചതിൽ വരെ എന്തെന്നില്ലാത്ത മനോഹാരിത. ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് ഇതെന്റെ ചെറുപ്പം മുതലുള്ള ശീലമാണ് എന്നായിരുന്നു മറുപടി.
ഈ അടുക്കും ചിട്ടയും വൃത്തിയും കൊണ്ടുള്ള നേട്ടമെന്താണ് എന്ന ചോദ്യത്തിനും അദ്ദേഹത്തിന് മറുപടിയുണ്ടായിരുന്നു. പുസ്തകം എങ്ങനെ വേണമെങ്കിലും വെക്കാം, വസ്ത്രം എവിടെ വേണമെങ്കിലും വാരിവലിച്ചിടാം. പക്ഷേ, അവയെ ഭംഗിയായി ക്രമീകരിച്ചാൽ അതിനൊരു സൗന്ദര്യമുണ്ട്. അവ നമ്മെ വല്ലാതെ ആകർഷിച്ചുകൊണ്ടിരിക്കും. പഠനത്തിലും അദ്ദേഹത്തിന് ഈ ചിട്ടയുണ്ടായിരുന്നു. എന്തെങ്കിലും കാരണവശാൽ ഞങ്ങൾക്കാർക്കെങ്കിലും ഏതെങ്കിലും ക്ലാസ് നഷ്ടപ്പെട്ടാൽ ഇദ്ദേഹത്തിന്റെ നോട്ടായിരുന്നു ആശ്രയം. വടിവൊത്ത കൈയക്ഷരത്തിൽ എല്ലാം കൃത്യമായി എഴുതിയിട്ടുണ്ടാകും. അതിന്റെ പകർപ്പെടുക്കാനായി പുസ്തകങ്ങൾ കൈമാറാനും ചങ്ങാതി മടികാണിച്ചിരുന്നില്ല.
വർഷങ്ങൾക്കുശേഷം ഈയടുത്ത് അദ്ദേഹത്തെ കണ്ടുമുട്ടാൻ സാധിച്ചു. പ്രതീക്ഷിച്ചതുപോലെ സുഹൃത്ത് ഉയരങ്ങളിൽ എത്തിയിരിക്കുന്നു-ഒരു പ്രമുഖ ബഹുരാഷ്ട്ര കമ്പനിയുടെ രാജ്യത്തെ മൂന്ന് പ്രധാന ഉദ്യോഗസ്ഥരിൽ ഒരാളാണ് ഇന്നദ്ദേഹം. സംസാരത്തിനിടയിൽ, ഇപ്പോഴും പഴയ വെടിപ്പും വൃത്തിയുമെല്ലാം നിലനിർത്തുന്നുണ്ടോ, അതോ അസിസ്റ്റന്റുമാരാണോ അക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് എന്ന് ഞാൻ തമാശരൂപേണ ചോദിച്ചു. ‘‘ചെറുപ്പം മുതലുള്ള ശീലമല്ലേ, അതിപ്പോഴും തുടരുന്നു, ഒരാളെയും അതിന് ആശ്രയിക്കാറില്ല.’’ കമ്പനിയിൽ വരുന്ന വിദേശ പ്രതിനിധികൾക്കെല്ലാം കണിശമായ ഈ രീതി ഏറെ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളാനും ജീവിതത്തിൽ ചില്ലറ തിരുത്തലും പുതുക്കലുകളുമൊക്കെ വരുത്താനും കലാലയ കാലത്തെ അദ്ദേഹവുമൊത്തുള്ള ഇടപഴകലുകൾ എനിക്ക് സഹായകമായിട്ടുണ്ട്. അതേ ക്ലാസിൽ പഠിച്ച രസികനായ ഒരു സുഹൃത്തിനെയും ഇടക്കാലത്ത് കണ്ടുമുട്ടി. അലക്ഷ്യമായ ജീവിത ശൈലിക്കുടമയായിരുന്നു അദ്ദേഹം. സംസാരിക്കുന്നതിനിടയിൽ നമ്മുടെ മേൽപറഞ്ഞ സുഹൃത്തിന്റെ ഇന്നും തുടരുന്ന ശീലത്തെക്കുറിച്ച് ഞാൻ പറഞ്ഞു. ‘‘എന്തിനാണിത്ര അടുക്കും ചിട്ടയും? ഭൗതികമായ ഇത്തരം ക്രമീകരണങ്ങൾ കൊണ്ട് എന്ത് ഗുണം? മനസ്സാണ് എല്ലാത്തിലും വലുത്. തലച്ചോറിലാണ് ശാസ്ത്രീയ ക്രമീകരണം വേണ്ടത്...’’ അദ്ദേഹം വിയോജിച്ചു. പക്ഷേ, ഭൗതിക ജീവിതത്തിലെ അലക്ഷ്യ മനോഭാവം നമ്മുടെ തലച്ചോറിലേക്കും സംക്രമിക്കില്ലേ എന്ന് ഞാൻ തർക്കിച്ചപ്പോൾ അദ്ദേഹം മൗനിയായി. യഥാർഥത്തിൽ നമ്മുടെ ജീവിതത്തെ സംബന്ധിച്ച അവസാന വാക്കൊന്നുമല്ല ഇത്. എല്ലാവർക്കും അനുകരിക്കാവുന്ന മെച്ചപ്പെട്ട രീതി എന്ന നിലയിൽ അവതരിപ്പിച്ചുവെന്ന് മാത്രം.
വസ്ത്രധാരണം, വായന, ഉറക്കം, ജോലി എന്നിവയിലെല്ലാം ശാസ്ത്രീയമായ രീതിയും സമയനിഷ്ഠയും സാധ്യമാക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിൽത്തന്നെ വലിയ പരിവർത്തനങ്ങൾ കൊണ്ടുവരാൻ കഴിയും. ഏറ്റവും വലിയ മാറ്റം, ഒരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ വിട്ടുപോകാതെ പൂർത്തീകരിക്കാൻ സാധിക്കുന്നു എന്നതാണ്. ഭൗതികമായ ഇത്തരം ക്രമീകരണങ്ങൾ പതിയെ പതിയെ നമ്മുടെ തലച്ചോറിലേക്കും സംക്രമിക്കുന്നു. നമ്മുടെ മനസ്സിനെ പല അറകളായും ഫോൾഡറുകളായും ക്രമീകരിക്കാനും അതുവഴി സാധിക്കുന്നു. ഒരു ഫോൾഡറിൽനിന്ന് എടുക്കുന്ന ഫയൽ കൃത്യമായി അവിടെത്തന്നെ വെക്കുന്ന കമ്പ്യൂട്ടറിന്റെ രീതി നമ്മുടെ തലച്ചോറിലും സാധ്യമാകുന്നു. സമയം കൃത്യമായും ഫലപ്രദമായും ഉപയോഗപ്പെടുത്താൻ അതുവഴി നമുക്ക് സാധിക്കും. 24 മണിക്കൂർ കൊണ്ട് ആൽബർട്ട് ഐൻസ്റ്റൈൻ ചെയ്ത പോലുള്ള മഹദ് കാര്യങ്ങളൊന്നും ആയില്ലെങ്കിലും നമ്മുടെ പരിമിത വൃത്തത്തിൽ പെടുന്ന കാര്യങ്ങൾ അതിന്റെ പൂർണതയിൽ, സമയബന്ധിതമായി നിർവഹിക്കാൻ ഈ ശീലം നമ്മെ പര്യാപ്തരാക്കും. ഇതിലെല്ലാമുപരി, ഈ ശീലം സമ്മാനിക്കുന്ന മാനസിക ഉണർവും ആത്മവിശ്വാസവും ചെറുതല്ല. ശാന്തമായ, പൊടിപടലങ്ങളില്ലാത്ത, മാറാല കെട്ടാത്ത, മനസ്സും നമുക്ക് സ്വന്തമാകുന്നു. വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും വയോജനങ്ങൾക്കുമെല്ലാം ഈ രീതി പരീക്ഷിച്ച് നോക്കാവുന്നതാണ്.
ആശയങ്ങളാവട്ടെ, ഓർമകളാവട്ടെ, അറിവാകട്ടെ നമ്മുടെ കൈപ്പിടിയിൽ, ചെറുഅകലത്തിൽ നമുക്കായി സജ്ജമായിട്ടുണ്ടാകും. എല്ലാവരും അസാമാന്യ ഓർമശക്തിയുള്ളവർ ആകണമെന്നില്ല. ഈ രീതിയിൽ ചിട്ടയുള്ള മനുഷ്യർക്ക് പൊതുവേയുള്ള ശീലമാണ് ഒരു ചെറുനോട്ട് കൈയിൽ കരുതുക എന്നുള്ളത്. രാത്രി ഉറങ്ങുന്നതിനുമുമ്പ് നാളെ ചെയ്തുതീർക്കാനുള്ള കാര്യങ്ങൾ എഴുതിവെക്കുക, ആ ദിവസം അവസാനിക്കുമ്പോൾ തലേന്ന് എഴുതിവെച്ചത് പൂർത്തിയാക്കിയോ എന്ന് പരിശോധിക്കുക. അങ്ങനെ വരുമ്പോൾ ഓർമയെ നമുക്ക് നമ്മുടെ വരുതിയിൽ കൊണ്ടുവരാൻ സാധിക്കും. മാനസിക സംഘർഷം ലഘൂകരിക്കാനും ഇതുപകരിക്കും; മനസ്സ് സ്വച്ഛത കൈവരിക്കുകയും ചെയ്യും. അതിന്റെ പ്രതിഫലനം സമൂഹത്തിലുമുണ്ടാകും. സംഘർഷമേതുമില്ലാത്ത ലോകം എന്ന സ്വപ്നം യാഥാർഥ്യവുമാകും.
ബുദ്ധ ചിന്തകൻ ടിക് നാക് ഹാന്റെ വാക്കുകൾ ഓർക്കുക: നമ്മുടെ ഓരോ നിശ്വാസവും ഓരോ ചുവടും, സമാധാനവും ആഹ്ലാദവും സ്വച്ഛതയുംകൊണ്ട് നിറക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.