പട്ടികജാതി ലിസ്റ്റിൽ അതിപിന്നാക്കക്കാരെ കണ്ടെത്തിക്കൊണ്ട് ആന്ധ്രപ്രദേശ് സർക്കാർ 2000 ൽ ഒരു നിയമനിർമാണം നടത്തിയിരുന്നു. (Andhra Pradesh Scheduled Castes (Rationalisation of Reservation) Act 2000), ദേശീയ തലത്തിൽ പാർലമെന്റ് രൂപം നൽകിയ 57 പേരുടെ ലിസ്റ്റിനെ നാല് ഭാഗങ്ങളായി ആന്ധ്രപ്രദേശ് സർക്കാർ തിരിച്ചു. ആന്ധ്രപ്രദേശ് ഹൈകോടതിയിൽ ഇത് ചോദ്യം ചെയ്യപ്പെട്ടപ്പോൾ ഭരണഘടനയുടെ 341(1)-ാം വകുപ്പനുസരിച്ച് രൂപം നൽകിയ ലിസ്റ്റിനെ വിഭജിക്കാൻ നിയമസഭക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി നിയമം ഭരണഘടന വിരുദ്ധമെന്ന് ഹൈകോടതി വിധിച്ചു. ഇതിനെതിരായ അപ്പീൽ പരിഗണിച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഈ കേസ് (Chinniah Vs Andhra Pradesh) പരിഗണിക്കുകയും ഹൈകോടതി വിധി ഉയർത്തിപ്പിടിക്കുകയുമായിരുന്നു. കേസിലെ സുപ്രീം കോടതിവിധി നിരീക്ഷണങ്ങൾ സുപ്രധാനമാണ്. ഭരണഘ ടനയുടെ 341(1) വകുപ്പനുസരിച്ച് പാർലമെൻറ് പാസാക്കി, ഇന്ത്യൻ പ്രസിഡന്റ് അംഗീകരിക്കുന്ന ലിസ്റ്റ് ഏകതാനകമാണെന്നും (homogenous) ഉപവിഭാഗങ്ങളായി തിരിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും വ്യക്തമാക്കി. മണ്ഡൽ കമീഷനുമായി ബന്ധപ്പെട്ട ഇന്ദിരാസാഹ്നി കേസ് പിന്നാക്കവിഭാഗങ്ങളെ (ഒ.ബി.സി) സംബന്ധിച്ചാണെന്നും വ്യക്തമാക്കിയിരുന്നു. 2004ൽ ഹരിയാന സർക്കാർ എസ്.സി ലിസ്റ്റിൽ ഉപവിഭാഗങ്ങളെ നിർണയിച്ചത് പഞ്ചാബ്-ഹരിയാന ഹൈകോടതി 06.07.2000 ൽ റദ്ദാക്കുകയുണ്ടായി. അതോടൊപ്പം 2006 ൽ പഞ്ചാബ് സർക്കാർ കൊണ്ടുവന്ന Punjab Scheduled Castes & Backward Classes (Reservation in Services) Act 2006 എന്ന നിയമത്തിലും ചില പ്രത്യേക വിഭാഗങ്ങൾക്ക് (Balmiki Mazhabi Sikhs) ഉപസംവരണം നിർണയിച്ചിരുന്നു. ഈ നിയമനിർമാണവും പഞ്ചാബ് ഹരിയാന ഹൈകോടതി റദ്ദാക്കി. മേൽപറഞ്ഞ കേസുകളിലെല്ലാം Chinniah Vs Andhra Pradesh കേസിലെ സുപ്രീംകോടതി ഉയർത്തിപ്പിടിച്ച ഭരണഘടനാതത്ത്വങ്ങൾ തന്നെയാണ് ഹൈകോടതിയും ചൂണ്ടിക്കാട്ടിയത്. കോടതിവിധികൾ വ്യക്തമായിരുന്നിട്ടും Punjab Scheduled Castes and Backward Classes സംവരണവുമായി ബന്ധപ്പെട്ട് വീണ്ടും സുപ്രീംകോടതിയിലെത്തിയ State of Punjab and others Vs Davinder Singh & Others കേസിലാണ് E.V. Chinniah Vs Andhra Pradesh എന്ന കേസിലെ സുപ്രധാന വിധി പുനഃപരിശോധിക്കാൻ വിപുലമായ ബെഞ്ച് നിർദേശിക്കപ്പെടുന്നതും, ഇപ്പോൾ വിധി പറഞ്ഞ ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ചിലെത്തുന്നതും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെയും മറ്റ് അഞ്ച് ജഡ്ജിമാരുടെയും വിധിയിൽ നിന്ന് ഭിന്നമായ നിലപാടെടുത്ത ജസ്റ്റിസ് ബേല ത്രിവേദി ചില സുപ്രധാന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിൽ പ്രധാനം Chinniah Vs Andhra Pradesh കേസിലെ ഏകകണ്ഠവിധി പുനഃപരിശോധിക്കുമ്പോൾ പാലിക്കേണ്ട കോടതിമര്യാദകൾ പാലിച്ചിട്ടില്ല എന്നതാണ്. എസ്.സി/എസ്.ടി ലിസ്റ്റിനെ വിഭജിക്കാനുള്ള വിധി ഭരണഘടന അട്ടിമറിയാണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
വിധി പറഞ്ഞ ബെഞ്ചിന്റെ പരിഗണന വിഷയങ്ങളായിരുന്നത് എസ്.സി/ എസ്.ടി ലിസ്റ്റിന്റെ ഉപവിഭാഗമാക്കലായിരുന്നെങ്കിലും (സബ് ക്ലാസിഫിക്കേഷൻ) ഉപവിഭാഗത്തിൽ ക്രീമിലെയർ വേണമെന്ന് ജഡ്ജിമാർ പറഞ്ഞിട്ടുണ്ട്. ക്രീമിലെയർ വാദം ഉയർന്നുവരുന്നത് മണ്ഡൽ കമീഷൻ റിപ്പോർട്ടിനെ തുടർന്നുണ്ടായ Indra Sawhney കേസിലെ വിധിയെ തുടർന്നാണ്. മണ്ഡൽ കമീഷൻ ഒ.ബി.സി വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഒ.ബി.സി വിഭാഗം പിന്നാക്കാവസ്ഥ നേരിടുന്ന ഒരു വിഭാഗം (ക്ലാസ്) അല്ല. അസംഖ്യം വിഭാഗങ്ങളാണ് (Backward classes). അതുകൊണ്ട് ഭരണഘടനയിലെ 341(1) അനുസരിച്ച് വേർതിരിക്കുന്ന അയിത്തജനവിഭാഗങ്ങളുടെ പട്ടികജാതിയുമായി യാതൊരു ബന്ധവുമില്ല. ഇന്ദ്ര സാഹ്നി കേസിൽ ക്രീമിലെയർ ചർച്ചചെയ്യുമ്പോൾ എസ്.സി/എസ്.ടി വിഭാഗത്തിന് ഈ ചർച്ചകൾ ബാധകമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 341 (1) അനുസരിച്ചുള്ള എസ്.സി/എസ്.ടി ലിസ്റ്റിന് പുറത്താണത്. എന്നാൽ, ഇ.ഡബ്ല്യു.എസ് സംബന്ധിച്ച ചർച്ചകളിലും, ഇപ്പോൾ വിധി പറഞ്ഞ സുപ്രീംകോടതി ചർച്ചകളിലുമെല്ലാം 'പിന്നാക്കാവസ്ഥ'യെക്കുറിച്ചും 'ക്രീമി ലെയർ' തുടങ്ങിയ വിഷയങ്ങളെല്ലാം ഒ.ബി.സി, എസ്.സി/എസ്.ടി എന്നിവർക്കെല്ലാം ഒരുപോലെ ബാധകമായ ഒന്നെന്ന നിലയിലാണ് വിശദീകരിക്കുന്നത്. എസ്.സി/എസ്.ടി വിഭാഗങ്ങളുടെ സവിശേഷമായ പരിരക്ഷ വകുപ്പുകളെക്കുറിച്ച് ബോധപൂർവം അജ്ഞത നടിക്കുന്നു. യഥാർഥത്തിൽ എല്ലാവർക്കും തുല്യതയും നീതിയും ഉറപ്പാക്കുക എന്നതിന് പകരം എസ്.സി/എസ്.ടി ലിസ്റ്റിനെ വിഭജിച്ച് കോടതി തന്നെ നിരീക്ഷിച്ചതുപോലെ ജാതികൾക്ക് ഉൾപ്പെടെ സംവരണം നൽകുന്നതോടൊപ്പം സമ്പത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനം കൂടിയാണ് ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തം. എസ്.സി/എസ്.ടി വിഭാഗത്തിലെ ദുർബല സമുദായങ്ങൾക്ക് നീതി ഉറപ്പാക്കുക എന്ന താല്പര്യത്തെ ഫലത്തിൽ എസ്.സി/എസ്.ടി വിഭാഗങ്ങളിലെ ക്രീമിലെയർ നിർദേശം വഴി നെടുകെ പിളർക്കുക എന്നതാണ് വിധിയുടെ ആത്യന്തിക ഫലം.
പട്ടികജാതി-പട്ടികവർഗവിഭാഗങ്ങളുടെ, പ്രത്യേകിച്ച് ജാതീയമായി ഏറെ അതിക്രമത്തിനും അയിത്തത്തിനും വിധേയമാകുന്ന വിഭാഗങ്ങളുടെ, പരിരക്ഷക്കുവേണ്ടി ഭരണകൂടവും കോടതികളും നാളിതുവരെ എന്തു ചെയ്തു? ഭൂമിയുടെ പുനർവിതരണം, ദാരിദ്ര്യനിർമാർജനം തുടങ്ങി നിരവധി ദൗത്യങ്ങൾ നിർദേശകതത്ത്വങ്ങളിലുണ്ട്. ഏതെങ്കിലും പ്രയോഗവത്കരിക്കപ്പെടണമെന്ന് കോടതികൾ നിരീക്ഷിച്ചിട്ടുണ്ടോ? ദാരിദ്ര്യനിർമാർജനത്തിനുള്ള ഒറ്റമൂലിയല്ല സംവരണം. സംവരണകേക്ക് പല തുണ്ടമാക്കിയാൽ ദാരിദ്ര്യം മാറില്ല. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അന്തസ്സായി ജീവിക്കാൻ പൗരാവകാശനിയമം (1955) വും അതിന്റെ തുടർച്ചയായി എസ്.സി/എസ്.ടി അതിക്രമം തടയൽനിയമവും (1989) രാജ്യത്തുണ്ട്. എന്നിട്ടും ഓരോ മണിക്കൂറിലും ദലിതർ വേട്ടയാടപ്പെടുന്നു. 'തോട്ടിപ്പണി' നിരോധിച്ച നിയമം നടപ്പാക്കപ്പെടുന്നുവോ എന്നുറപ്പാക്കാൻ എന്തെങ്കിലും പരിശോധന കേന്ദ്രസർക്കാറും കോടതികളും കമീഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ടോ? കോടിക്കണക്കിന് രൂപ കേന്ദ്രസർക്കാർ മാന്വൽ സ്കാവഞ്ചിങ് ചെയ്യുന്നവരുടെ ഉന്നമനത്തിന് മാറ്റിയിരുന്നു. ഒരു ശതമാനം പോലും ചെലവഴിച്ചില്ല. കേരളത്തിലെ അതിദുർബലരായ പട്ടികവർഗക്കാർക്കുവേണ്ടി വകയിരുത്തുന്ന കോടികൾ എങ്ങനെ ചെലവഴിച്ചെന്ന് കോടതികൾ പരിശോധിച്ചിട്ടുണ്ടോ? ഇവർക്ക് വാസയോഗ്യമായ വീടും അന്തസ്സുള്ള തൊഴിലും ഉറപ്പുവരുത്തിയിട്ടുണ്ടോ? കേരളത്തിൽ വേടൻ, നായാടി, ചക്ലിയർ തുടങ്ങിയവർക്കുവേണ്ടി എന്ത് സാമ്പത്തിക വികസന പാക്കേജും, വിദ്യാഭ്യാസ പാക്കേജുമാണ് സർക്കാറുകൾ നടപ്പാക്കിയത്?
ആവശ്യമായ പഠനങ്ങളോ, സെൻസസ് റിപ്പോർട്ടുകളോ ഇല്ലാതെ സാമുദായിക സംവരണം കൈകാര്യം ചെയ്യുന്നത് ഫലത്തിൽ അതിനെ അട്ടിമറിക്കലാണ്. EWS ചർച്ചയിൽ കോടതികൾ പഠനങ്ങളെ ആശ്രയിച്ചിട്ടില്ല. എസ്.സി/എസ്.ടി വിദ്യാർഥികളുടെ ഗ്രാൻറുകൾ വിതരണം ചെയ്യുന്നതിന് 2.5 ലക്ഷം വാർഷികവരുമാനപരിധി 2021ലെ ഗൈഡ്ലൈനിൽ സോഷ്യൽ ജസ്റ്റിസ് മന്ത്രാലയം അടിച്ചേൽപിക്കുകയുണ്ടായി. ഒരുവിധ പഠനമോ, നിയമപരമായ പിന്തുണയോ ഇതിനില്ല. ദലിത്ക്രൈസ്തവ/മുസ്ലിം വിഭാഗങ്ങൾക്ക് പട്ടികജാതി പദവി നൽകുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലുള്ള കേസിന്റെ ആവശ്യത്തിനായി മത ഭാഷാ ന്യൂനപക്ഷ കമീഷൻ തയാറാക്കിയ റിപ്പോർട്ട് (രംഗനാഥ് മിശ്ര കമീഷൻ) സംവരണത്തിന് ബി.പി.എൽ ലിസ്റ്റ് മാനദണ്ഡമാക്കണമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ ഇതേ ആവശ്യത്തിന് കേന്ദ്രസർക്കാർ രൂപം നൽകിയ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ കമീഷൻ അതിന്റെ ഒന്നാമത്തെ ടേംസ് ഓഫ് റഫറൻസിൽ അന്വേഷിക്കുന്നത് പട്ടികജാതിയിൽ ഉൾപ്പെടുത്താനുള്ള 'പുതിയ വ്യക്തികളുടെ' സാധ്യതയെക്കുറിച്ചാണത്രെ! എസ്.സി/എസ്.ടിയിൽ ഉപസംവരണവും ക്രീമിലെയറും നിർദേശിച്ചിരിക്കുന്ന ജഡ്ജുമാരും സംസ്ഥാനങ്ങളോട് ഡേറ്റ കണ്ടുപിടിക്കാനാണ് പറയുന്നത്. എസ്.സി/എസ്.ടി വിഭാഗങ്ങളെ സംബന്ധിച്ച ഭരണഘടന സ്ഥാപനമായ പട്ടികജാതി-പട്ടികവർഗ കമീഷൻ ചിത്രത്തിലേ ഇല്ല. ഒരു പഠന റിപ്പോർട്ടും ഒരു കോടതിയും സർക്കാറും ആവശ്യപ്പെടുന്നില്ല. ഭരണഘടനയും, സംവരണത്തെ സംബന്ധിച്ച ഭരണഘടന വകുപ്പുകളും ദുർബലപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പാർലമെൻറ് ഇക്കാര്യം മുഖ്യപരിഗണനയോടെ ചർച്ച ചെയ്യണം. ഭരണഘടന പരിരക്ഷയുള്ള നിലവിലെ എസ്.സി/എസ്.ടി ലിസ്റ്റ് സംരക്ഷിക്കാൻ ഉടനടി നിയമനിർമാണം നടത്തുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.