ചൈനീസ് പാർട്ടി കോൺഗ്രസ് ലോകത്തോട് പറയുന്നത്

ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലെ ഹെയ്ദിയൻ മേഖലയിലുള്ള ഒരു പാലത്തിനു മുകളിൽ കുറച്ചു ദിവസം മുമ്പ് പൊടുന്നനെ രണ്ടു ബാനറുകൾ പ്രത്യക്ഷപ്പെട്ടു. ഏതാനും നിമിഷം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ അവക്ക്. അതു സ്ഥാപിച്ചത് ആരെന്നോ അവർക്ക് എന്തു സംഭവിച്ചെന്നോ ആർക്കുമറിഞ്ഞുകൂടാ. എന്തായാലും അവർ പറയാൻ ശ്രമിച്ചത് ഇതാണ്.

''കോവിഡ് ടെസ്റ്റുകളല്ല, ഭക്ഷണമാണ് ഞങ്ങൾക്കാവശ്യം, നിയന്ത്രണങ്ങളല്ല, സ്വാതന്ത്ര്യമാണ് ഞങ്ങൾക്കാവശ്യം

നുണകളല്ല, അന്തസ്സാണ് ഞങ്ങൾക്കാവശ്യം

സാംസ്കാരിക വിപ്ലവമല്ല, പരിഷ്കരണമാണ് ഞങ്ങൾക്കാവശ്യം

നേതാക്കളല്ല, വോട്ടവകാശമാണ് ഞങ്ങൾക്കാവശ്യം

അടിമകളാകാതിരിക്കുമ്പോഴാണ് നമുക്ക് പൗരജനങ്ങളാവാൻ കഴിയുക.''

''വിദ്യാലയങ്ങളിലും പണിയിടങ്ങളിലും സമരം ചെയ്യുക, രാജ്യദ്രോഹിയായ ഏകാധിപതി ഷി ജിൻപിങ്ങിനെ നീക്കം ചെയ്യുക.''

നഗരവാസികളായ സാധാരണക്കാരും തൊഴിലാളികളും വിദ്യാർഥികളുമെല്ലാം അതിനകം നൂറുവട്ടം മനസ്സിൽ പറഞ്ഞ ശാപവാക്കുകൾ തന്നെയാണിത്. ലക്ഷണങ്ങൾ ഉള്ളവരും ഇല്ലാത്തവരും മൂന്നു ദിവസത്തിലൊരിക്കൽ കോവിഡ് പരിശോധനക്കു വിധേയരാവണം, രോഗമുണ്ടെന്ന് അധികൃതർക്ക് സംശയം തോന്നിയാൽ നിർബന്ധിത ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പോകണം എന്നിങ്ങനെ നഗരത്തിലേക്ക് വരുന്നതിനും പോകുന്നതിനും അത്രമാത്രം നിയന്ത്രണങ്ങളാണവർ നേരിടുന്നത്.

ലോകത്തിലെ രണ്ടാമത്തെ വലിയ സൈനിക, സാമ്പത്തിക ശക്തിയുടെ ദിശ നിർണയിക്കുന്ന, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിനു മുന്നോടിയായി ഏർപ്പെടുത്തിയ മുൻകരുതലുകളായിരുന്നു ഇതെല്ലാം.

അതേസമയം, നഗരത്തിലെ കെട്ടിടങ്ങളിലെല്ലാം രക്തപതാകകൾ പാറിപ്പറക്കുകയായിരുന്നു. മാധ്യമങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയുടെയും അതിലേറെ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും അപദാനങ്ങൾ പാടിപ്പുകഴ്ത്തുകയായിരുന്നു.

പ്രസിഡന്റ് ഷി ജിൻപിങ്ങി​ന്റെ ഏകാധിപത്യത്തിൽ പ്രതിഷേധിച്ച്

ബെയ്ജിങ്ങിലെ ഹെയ്ദിയൻ മേഖലയിൽ ഉയർത്തപ്പെട്ട ബാനർ


'പാർട്ടി തന്നെയാണ് രാഷ്ട്രം' എന്നതിനാൽ ചൈനയുടെ നയരൂപവത്കരണ സമ്മേളനമാണ് ഞായറാഴ്ച ആരംഭിച്ചത്. വിരുദ്ധതാൽപര്യമുള്ള, തരംകിട്ടുമ്പോഴെല്ലാം ഇന്ത്യയിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുന്ന അയൽരാജ്യമെന്ന നിലക്ക് നമ്മെ സംബന്ധിച്ച് ഇത് പ്രാധാന്യമുള്ളതാണ്.

അതിലേറെ 'ഒരു രാജ്യം ഒരു പാർട്ടി' എന്ന ആശയം എത്രമാത്രം അപകടകരമാണ് എന്നതു സംബന്ധിച്ച ചൂണ്ടുപലകയുമാണിത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കുക എന്നതു തന്നെയാണ് 20ാം പാർട്ടി കോൺഗ്രസിന്റെ മുഖ്യ അജണ്ട.

കൂട്ടായ നേതൃത്വം ഉറപ്പുവരുത്തുക, അപ്രമാദിത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 1976ൽ ചെയർമാൻ മാവോ സേതുങ്ങിന്റെ മരണത്തിനുശേഷം 10 വർഷത്തിലേറെ തുടർച്ചയായി ആരെയും നേതൃസ്ഥാനത്തിരുത്തിയിട്ടില്ല. ആ പതിവ് തിരുത്തി മൂന്നാം തവണയും ഷി ജിൻപിങ്ങിന് പ്രസിഡന്റാകാൻ വരുത്തിയ ഭരണഘടന ഭേദഗതിക്ക് പാർട്ടി കോൺഗ്രസ് അംഗീകാരം നൽകും.

പ്രായപരിധിയുടെയും പത്തുവർഷ കാലാവധിയുടെയും പേരിൽ പല പ്രമുഖ നേതാക്കൾക്കും പുറത്തേക്ക് വഴിയൊരുങ്ങുമ്പോൾ 69കാരനായ ഷിക്ക് വെല്ലുവിളിയില്ല. പാർട്ടി നേതൃത്വത്തിലേക്ക് പുതുനിരയെത്തുമ്പോൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനു മാത്രം ഇളവ് നൽകും.

ഭരണത്തിലെ രണ്ടാമനായ പ്രധാനമന്ത്രി ലി കെക്വിയാങ് (67), വിദേശകാര്യ മന്ത്രി വാങ് യീ അടക്കമുള്ളവർ പരമാവധി രണ്ടുതവണ എന്ന പാർട്ടി നിയമം പാലിച്ച് ഒഴിയും. അക്ഷരാർഥത്തിൽ ഈച്ചപോലും കടക്കാത്ത ഇരുമ്പുമറക്കുള്ളിൽ നടക്കുന്ന സമ്മേളനത്തിന്റെ അജണ്ട നിശ്ചയിച്ചത് ഷി ജിൻപിങ്.

2296 സമ്മേളന പ്രതിനിധികളെ തിരഞ്ഞെടുത്തതും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ തന്നെ. ഇന്ത്യൻ അതിർത്തിയിലെ ഗൽവാനിൽ കുഴപ്പങ്ങളുണ്ടാക്കാൻ നേതൃത്വം നൽകിയ പി.എൽ.എ കമാൻഡർ ക്വി ഫാബോ ഉൾപ്പെടെ സൈനിക, സിവിലിയൻ മേഖലയിൽ നിന്നുള്ളവരെ പ്രതിനിധികളായി ഉൾപ്പെടുത്തിയിരുന്നു.

അതേസമയം, ഷിക്ക് താൽപര്യമില്ലാത്തവരെ വെട്ടിയിട്ടുമുണ്ട്. പീഡന പരാതി നേരിട്ട മുൻ പ്രധാനമന്ത്രി ജങ് ഗൗലി മുൻനിരയിൽ ഇരിപ്പിടമുറപ്പിച്ചതിൽനിന്ന് പ്രസിഡന്റിന് സ്വീകാര്യനായാൽ മറ്റൊന്നും പ്രശ്നമല്ലെന്നു വ്യക്തം.

തായ്‍വാൻ പിടിച്ചടക്കുന്നതിന് നടത്തുന്ന ബലപ്രയോഗത്തിൽനിന്ന് പിന്തിരിയില്ല, സിൻജ്യങ് പ്രവിശ്യയിലെ ഉയിഗൂർ മുസ്‌ലിം ആരാധനാലയങ്ങൾ ഇടിച്ചുനിരത്തിയതിൽ തെറ്റില്ല, യു.എസ്, ഇന്ത്യ, ആസ്ട്രേലിയ, ജപ്പാൻ, യു.കെ എന്നിവ സഖ്യമുണ്ടാക്കുന്നത് ശരിയല്ല തുടങ്ങിയ വിഷയങ്ങളിലൂന്നി ഷി ജിൻപിങ് നടത്തിയ 104 മിനിറ്റ് നീണ്ട ഉദ്ഘാടന പ്രസംഗം ന്യായീകരണങ്ങളുടെയും താൻപോരിമയുടെയും വാചകമേളയായിരുന്നു.

സൈന്യത്തെ ലോകോത്തര നിലവാരത്തിൽ ആധുനികവത്കരിക്കുമെന്നു പറഞ്ഞ പ്രസിഡന്റ്, അച്ചടക്കമുള്ള പൗരരായി രാഷ്ട്രത്തെ സേവിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഗൽവാനിൽ നടത്തിയ ഓപറേഷന്റെ വിഡിയോയും വേദിയിൽ പ്രദർശിപ്പിച്ചു.

കോവിഡ് നിയന്ത്രണങ്ങളിൽ അയവു വരുമോ എന്ന് ഉറ്റുനോക്കിയ ജനം നിരാശരായി. ജനങ്ങൾക്ക് ഏറെ പ്രതിഷേധമുള്ള കോവിഡ് നിയന്ത്രണങ്ങളിലും ലോക്ഡൗണിലും മാറ്റമുണ്ടാകില്ലെന്നും രാഷ്ട്രത്തിനുവേണ്ടി ത്യാഗം സഹിക്കണമെന്നും ഷി ഉറപ്പിച്ചുപറഞ്ഞു. ആഭ്യന്തര-അന്താരാഷ്ട്രീയ വിഷയങ്ങളിൽ ഉരുക്കുമുഷ്ടിയും കർശന നിലപാടും തുടരുമെന്നു തന്നെയാണ് ഏകച്ഛത്രാധിപതി വ്യക്തമാക്കുന്നത്.

ചൈന സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നുവെന്നത് യാഥാർഥ്യമാണ്. തൊഴിലില്ലായ്മ 19 ശതമാനമെന്ന റെക്കോഡ് ഉയരത്തിലാണ്. കഴിഞ്ഞ അഞ്ചുവർഷത്തെ സാമ്പത്തിക വളർച്ച സംബന്ധിച്ച റിപ്പോർട്ട് പാർട്ടി കോൺഗ്രസിൽ വായിക്കാതെ നീട്ടിവെച്ചു.

ഒരു ഏകാധിപതിക്ക് കൂടുതൽ അധികാരം ലഭിക്കുന്നത് അപകടകരമാണെന്നതിന് ചരിത്രവും വർത്തമാനകാലവും സാക്ഷിയാണ്. ആരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ലാത്ത അയാൾ തോന്നിയതൊക്കെ ചെയ്യും.

അതിൽനിന്ന് ലോകശ്രദ്ധ തിരിക്കാൻ അതിലേറെ അതിക്രമങ്ങൾ ചെയ്തുകൂട്ടും. 'രാജാവിനെതിരെ ജനവികാരം ഉയരുമ്പോള്‍ അതിര്‍ത്തിയില്‍ യുദ്ധമുണ്ടാവുക എന്നത് ഒരു രാജതന്ത്രമാണ്' എന്ന് ഒ.വി. വിജയൻ ധർമപുരാണത്തിൽ പറഞ്ഞത് വീണ്ടും ഓർമവരുന്നു. 

Tags:    
News Summary - The Chinese Party Congress tells the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT