അഖില അശോകന് എന്ന യുവതി ഹാദിയ എന്ന് പേരും ഇസ്ലാം മതവും സ്വീകരിക്കാനും മാതാപിതാക്കളുടെ താൽപര്യത്തിന് വിരുദ്ധമായി ഷെഫിന് ജഹാനെന്ന യുവാവിനെ വിവാഹം കഴിക്കാനും തീരുമാനിച്ചത് 2016-18 കാലഘട്ടത്തിൽ വലിയ ചർച്ചയായി. ദേശീയ അന്വേഷണ ഏജന്‍സിയോട് ഇതിനു പിന്നിലെ കാര്യങ്ങൾ അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
2017 ആഗസ്റ്റില്‍ കോട്ടയത്തുള്ള മാതാപിതാക്കളുടെ വീട്ടില്‍ ഹാദിയയെ നേരിൽ കണ്ട ഹിന്ദുത്വപക്ഷ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ റെക്കോഡ് ചെയ്ത വിഡിയോ ദ ന്യൂസ് മിനിറ്റ് എന്ന ഇംഗ്ലീഷ് പോർട്ടലിന് നല്‍കിയിരുന്നു. താൻ ഉടനെ കൊല്ലപ്പെട്ടേക്കാമെന്ന് ഹാദിയ അതിൽ പറയുന്നുണ്ടായിരുന്നു.
സാഹചര്യങ്ങളും സത്യങ്ങളും വിലയിരുത്താനും ആശയവിനിമയം നടത്താനും രേഖ ശര്‍മയും കേരള ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനും കേന്ദ്ര സര്‍ക്കാര്‍ സ്റ്റാൻഡിങ് കോൺസലുമായ കൃഷ്ണദാസ് പി. നായരും അടങ്ങുന്ന ടീം രൂപവത്കരിച്ചു.
2017 നവംബര്‍ ആറിന് ഹാദിയയെ കണ്ട ശേഷം, ഹാദിയ സുരക്ഷിതയാണെന്നും അവർക്ക് മാതാപിതാക്കളുടെ വീട്ടില്‍ ഒരു പീഡനവും നേരിടേണ്ടി വന്നിട്ടില്ലെന്നും രേഖ ശർമ മാധ്യമങ്ങളോട് വിശദീകരിച്ചു. ഐ.എസില്‍ ചേർന്നു എന്ന് ആരോപിക്കപ്പെടുകയും ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമാവുകയും ചെയ്ത ദന്ത ഡോക്ടർ നിമിഷയുടെ അമ്മയേയും രേഖ ശർമ ആ യാത്രയിൽ കണ്ടിരുന്നു.
നിമിഷ ഇസ്ലാം സ്വീകരിക്കുകയും ഭര്‍ത്താവിനൊപ്പം അഫ്ഗാനിസ്താനിലേക്ക് പോവുകയും ചെയ്തു എന്നാണ് അമ്മ, രേഖ ശർമയോട് പറഞ്ഞത്. ശേഷം 2017 നവംബര്‍ എട്ടിന് ന്യൂസ് മിനിറ്റിന് നല്കിയ അഭിമുഖത്തില്‍ രേഖ ശര്‍മ വ്യക്തമാക്കിയത് ഹാദിയയുടെ കാര്യത്തില്‍ 'ലവ് ജിഹാദ്' ഇല്ല എന്നാണ്. എന്നിരുന്നാലും, ദുര്‍ബലരായ യുവതികളെ നിര്‍ബന്ധിതമായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന നിരവധി യുവാക്കള്‍ കേരളത്തിലുണ്ടെന്ന് അവര്‍ ആരോപിച്ചു. ഇവർക്ക് ഒരുപക്ഷേ, വിദേശ ഫണ്ട് ധനസഹായം ലഭിക്കുന്നുണ്ടാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രശ്നം ഗൗരവമായി കാണുന്നില്ലെന്നും അവര്‍ ആരോപിച്ചു.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ), അവരുടെ വനിത വിഭാഗം മേധാവി എ.എസ്. സൈനബ എന്നിവര്‍ ഹാദിയയെയും മറ്റു സ്ത്രീകളെയും നിര്‍ബന്ധിച്ച് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തതായും ശർമ ആരോപിച്ചു.
ഞങ്ങൾ ഹാദിയയെയും മാതാപിതാക്കളെയും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മാധ്യമങ്ങൾക്ക് അഭിമുഖം നൽകേണ്ടെന്നാണ് തീരുമാനമെന്നും ഇനിയും പൊതുജന ശ്രദ്ധയിൽ വരാൻ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
മൂന്നു ദിവസത്തെ മാത്രം 'വിശദമായ അന്വേഷണം' ആയിരുന്നു രേഖ ശർമയെ 'ടൈം ബോംബ്' അവകാശവാദത്തിലേക്ക് നയിച്ചത് എന്നതാണ് രസകരം.
വനിത കമീഷന് മാത്രമല്ല, എൻ.ഐ.എ ഉള്‍പ്പെടെയുള്ള മിക്ക കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഈ വിവാദങ്ങളിൽ എത്ര സത്യമുണ്ടെന്നത് സംബന്ധിച്ച് ഒരു ധാരണയുമില്ല.
പി.എഫ്.ഐയുമായി ബന്ധപ്പെട്ട ആളുകളും സംഘടനകളും അവരുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരുഷനെയോ സ്ത്രീയേയോ ഇസ്ലാം മതം സ്വീകരിക്കാന്‍ സഹായിക്കുന്നു എന്നതിലപ്പുറം ഒന്നും നടക്കുന്നില്ലെന്നായിരുന്നു എൻ.ഐ.എയുടെ കണ്ടെത്തൽ. അവര്‍ക്കെതിരെ കുറ്റം ചുമത്താനാവശ്യമായ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് 2018 ഒക്ടോബറില്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
ലവ് ജിഹാദിെൻറ ഒരു കേസും ഏതെങ്കിലും കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് 2020 ഫെബ്രുവരി നാലിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കൃഷ്ണ റെഡ്ഡി പാര്‍ലമെൻറില്‍ വെളിപ്പെടുത്തി. ഞങ്ങൾ നൽകിയ വിവരാവകാശ അപേക്ഷകൾ പ്രകാരം ലഭ്യമായ രേഖകള്‍ കാണിക്കുന്നത്, സിറോ മലബാര്‍ സഭയുടെ പരാതിയിന്മേല് നടത്തിയ അന്വേഷണത്തില്‍ കേരള പൊലീസും ലവ് ജിഹാദുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തിയില്ലെന്നാണ്.
ദേശീയ ന്യൂനപക്ഷ കമീഷന് 2020 ഫെബ്രുവരി 10ന് കേരള പൊലീസിെൻറ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് സഭയുടെ പരാതിയില്‍ പരാമര്‍ശിച്ച ആരോപണങ്ങളും ആശങ്കകളും സംബന്ധിച്ച് വിശദ അന്വേഷണം നടത്തിയിട്ടുണ്ടെന്നും മുതിര്‍ന്ന പെണ്‍കുട്ടികള്‍ സ്വമേധയാ വിവാഹം കഴിക്കാന്‍ തീരുമാനിച്ച ചില മതേതര വിവാഹങ്ങൾ ഒഴികെ ലവ് ജിഹാദ് മാതൃകയിലുള്ള ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധങ്ങളോ ബലപ്രയോഗങ്ങളോ ഉണ്ടായിട്ടില്ലെന്നും സംസ്ഥാന പൊലീസ് കണ്ടെത്തി.
സിറോ മലബാര്‍ കത്തോലിക്ക സഭ ഉന്നയിച്ച ആരോപണങ്ങളും ആശങ്കകളും അസ്ഥാനത്താണെന്നു പറഞ്ഞുകൊണ്ടാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. വസ്തുതകള്‍ അടിസ്ഥാനമാക്കിയുള്ളതല്ല ലവ് ജിഹാദിനെ സംബന്ധിച്ച പരാതിയെന്ന് ന്യൂനപക്ഷ കമീഷനും കണ്ടെത്തി.
ഹാദിയ കേസ് ഒഴികെ, ലവ് ജിഹാദ് ആരോപിക്കപ്പെടുന്ന വ്യക്തമായ പരാതികളൊന്നും കിട്ടിയിട്ടില്ലെന്നും ഹാദിയയുടെ കേസിൽ പോലും അതു തെളിയിക്കപ്പെട്ടിട്ടില്ലെന്നും കേരള വനിത കമീഷന് മുൻ അധ്യക്ഷ എം.സി. ജോസഫൈന് ഞങ്ങളോട് വ്യക്തമാക്കി.
ഹാദിയ കേസിൽ ലവ് ജിഹാദ് ഇല്ലായിരുന്നെന്നും ആ പെണ്‍കുട്ടി ഒരു തരത്തിലുമുള്ള ബലപ്രയോഗത്തിനും വിധേയയായിരുന്നില്ലെന്നും കേരള വനിത കമീഷന് ഉറപ്പുവരുത്തിയിരുന്നതായി ജോസഫൈന് ഞങ്ങളോട് പറഞ്ഞു. കേരളത്തിൽ ലവ് ജിഹാദ് നടന്നിട്ടേയില്ലെന്ന നിഗമനത്തിലാണ് കമീഷൻ.
ഏകദേശം 12 വര്‍ഷം മുമ്പ്, ഒരു മലയാള ദിനപത്രം സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിലെ അജ്ഞാത സ്രോതസ്സുകളെ അടിസ്ഥാനമാക്കിയെന്ന അവകാശവാദത്തോടെ പ്രസിദ്ധീകരിച്ച റിപ്പോർട്ട് മുതലാണ് 'ലവ് ജിഹാദ്' ആശയം ചര്‍ച്ചയാകുന്നത്. നാലു വര്‍ഷത്തിനിടെ കേരളത്തിൽ 4000ത്തിലധികം ഹിന്ദു യുവതികള്‍ തീവ്ര ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടതായി ഇൗ റിപ്പോർട്ട് അവകാശപ്പെട്ടു. തീവ്ര ഇസ്ലാമിക സംഘടനകളുടെ പിന്തുണയുള്ള 'യുവ ജിഹാദി റോമിയോകള്‍' മതപരിവര്‍ത്തന ജിഹാദിന് പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ട് ആരോപിച്ചു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, ഇന്ത്യയിലെ ഏറ്റവും വലിയ ഭാഷ ദിനപത്രം ഇതേ സിദ്ധാന്തം ആവര്‍ത്തിച്ചു. പൊലീസ് ഇൻറലിജന്‍സ് വൃത്തങ്ങളെ അതിെൻറ ഒന്നാംപേജില്‍ ഉദ്ധരിച്ചു. അവരുടെ എഡിറ്റ് പേജ് പരമ്പരയില്‍, 2009ന് മുമ്പുള്ള നാലു വര്‍ഷങ്ങളില്‍ പ്രണയത്തിനായി ഇസ്ലാം സ്വീകരിച്ച ഹിന്ദു പെണ്‍കുട്ടികളുടെ എണ്ണം പക്ഷേ, 2866 ആയാണ് ആരോപിക്കുന്നത്. ആ പരമ്പര അവസാനിപ്പിച്ചപ്പോഴേക്ക് 'ലവ് ജിഹാദ്' എന്ന പദം സംസ്ഥാനത്തുടനീളം വ്യാപക ചര്‍ച്ചയായി.
കേരള കത്തോലിക്ക ബിഷപ്സ് കൗണ്‍സില്‍ ലവ് ജിഹാദിനെ തടുക്കാൻ യുവതികള്‍ക്കിടയില്‍ ബോധവത്കരണ കാമ്പയിന് നിർദേശിച്ചു. എന്നാൽ, കേരളത്തിലെ മുസ്ലിം സംഘടനകള്‍ ഈ കഥകളെല്ലാം വലതുപക്ഷ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തിെൻറ സാമൂഹിക ശാന്തത ഇല്ലാതാക്കുന്നതിനായി നട്ടുപിടിപ്പിച്ചതാണെന്ന് അവകാശപ്പെട്ടു. 2011ലെ സെന്‍സസ് ഡേറ്റ അനുസരിച്ച്, കേരളത്തിലെ ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും യഥാക്രമം സംസ്ഥാന ജനസംഖ്യയുടെ 54.7, 26.6, 18.4 ശതമാനം എന്നിങ്ങനെയാണ്.
മലയാള പത്രങ്ങളുടെ വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ തീവ്ര വലതു സംഘടനയായ ഹിന്ദു ജനജാഗൃതി സമിതി (എച്ച്.ജെ.എസ്) അവരുടെ വെബ്സൈറ്റിൽ പ്രചരിപ്പിച്ച ആഖ്യാനത്തെയാണ് പ്രതിഫലിപ്പിച്ചത്. രാഷ്ട്രീയ ശാസ്ത്രജ്ഞൻ ക്രിസ്റ്റോഫ് ജാഫ്രെലോട്ട് ആർ.എസ്.എസിെൻറ ഭാഗമായാണ് എച്ച്.ജെ.എസിനെ എണ്ണുന്നത്. ബോംബ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതിനും മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ 2017 സെപ്റ്റംബര്‍ അഞ്ചിന് ബംഗളൂരുവിൽ കൊലപ്പെടുത്തിയതിനും കാരണമായ ഹിന്ദുത്വ സംഘടന സനാതന്‍ സന്‍സ്ത ഇവരുടെ പ്രധാന വിഭാഗമാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.