കഴിഞ്ഞ രണ്ടു ലേഖനങ്ങളിൽ സമ്പദ് വ്യവസ്ഥ, പരിതഃസ്ഥിതി എന്നിവയുടെ മാനേജ്മെന്റിൽ ലോകം നേരിടുന്ന ഗുരുതര പ്രതിസന്ധിയെക്കുറിച്ചാണ് ചർച്ചചെയ്തത്. ഇക്കുറി എക്യുമിനസവും, അതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ്, ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ തുടങ്ങിയ സ്ഥാപനങ്ങളും അടുത്തകാലത്ത് ലോകനവീകരണത്തിനായി മുന്നോട്ടുവെക്കുന്ന ചില കാര്യങ്ങൾ എത്രകണ്ട് പരിഗണന അർഹിക്കുന്നു എന്ന വിഷയം ചർച്ച ചെയ്യുകയാണ്.
ഈ കഴിഞ്ഞ സെപ്റ്റംബർ 9-10 തീയതികളിൽ ഡൽഹിയിൽ സമ്മേളിച്ച ജി20 രാഷ്ട്രങ്ങളുടെ കോൺഫറൻസിന്റെ ആത്യന്തികലക്ഷ്യം ‘വസുധൈവ കുടുംബകം,’ അഥവാ ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി ആയിരുന്നുവെന്നുള്ളത് വളരെ ആശാവഹവും അർഥവത്തുമായ സൂചനയായി അംഗീകരിക്കേണ്ടതുണ്ട്. എന്തായാലും മനുഷ്യരാശിയുടെ സർഗാത്മകമായ അസ്തിത്വമാണ് ഇവിടെ വിവക്ഷ.
ഓയിക്കോമിനേ (Oikoumene) അഥവാ ലോകമെന്ന വാസസ്ഥലം, വീട് എന്ന ഗ്രീക് പദത്തിൽനിന്ന് രൂപംകൊണ്ട എക്യുമിനിസം എന്ന സങ്കൽപനം ഇന്ന് ക്രിസ്തീയ സഭകളുടെ (പ്രത്യേകിച്ച് കത്തോലിക്ക വിശ്വാസികൾ അല്ലാത്തവരുടെ) കൂട്ടായ്മയെക്കുറിച്ച്, ഐക്യത്തെക്കുറിച്ചുള്ള സംരംഭങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. യേശുക്രിസ്തുവിന്റെ മാനവികതയും സ്നേഹവുമാണ് എല്ലാവരെയും കൂട്ടിയിണക്കുന്ന ചരടെന്നുള്ളതിനാൽ മനുഷ്യരാശിയുടെ ഐക്യം, ലോകസമാധാനം, നീതി എന്നീ ലക്ഷ്യങ്ങൾ പരമപ്രധാനമായി അവർ മുന്നോട്ടുവെക്കുന്നുണ്ട്.
പക്ഷേ, ഒരുപാടു സമ്മേളനങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നടത്തപ്പെടുന്നുവെന്നത് ഒഴിച്ചാൽ എക്യുമിനിസത്തിന് കാര്യമായ എന്തെങ്കിലും സ്വാധീനമുണ്ടെന്നു തോന്നുന്നില്ല. ഐക്യരാഷ്ട്ര സഭയിൽ സാന്നിധ്യവും ഓഫിസും ഒക്കെ ഉള്ളതുകൊണ്ടായില്ല. നിലവിലെ പ്രബലമായ വികസന പ്രത്യയശാസ്ത്രത്തെ വെല്ലുവിളിക്കാനുള്ള ആശയശേഷിയും ആൾബലവും രാഷ്ട്രീയ ഇച്ഛാശക്തിയുമുണ്ടാക്കിയെടുക്കാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രസക്തമായ കാര്യം.
കമ്പോള ശക്തികളാണ് ഇന്നു മുഖ്യമായും വിഭവവിന്യാസം നടത്തുക. വിനിമയമാണ് മൂല്യം നിശ്ചയിക്കുക. (Value in exchange). മനുഷ്യന്റെ അടിസ്ഥാന ആവശ്യം അഥവാ ഉപയോഗമൂല്യമല്ല (Value in exchange) വിഭവ വിന്യാസം നടത്തുന്നത്. മനുഷ്യ അധ്വാനം പോലും, അഥവാ മനുഷ്യൻപോലും വിൽപനച്ചരക്കാണ്. ഈ സത്യം പറഞ്ഞ കാൾ മാർക്സ് പലർക്കും അപ്രസക്തനായി. മുഖ്യധാര സാമ്പത്തിക ശാസ്ത്രം ഏദൻതോട്ടത്തിലേക്ക് ദൗർലഭ്യം എന്ന സർപ്പത്തെ കടത്തിവിട്ടും വിഭവവിന്യാസത്തിന്റെ അടിത്തറപണിതു എന്നും ഞാൻ പറയും.
അമിതമായ ആവശ്യങ്ങൾ അഥവാ ആർത്തി എന്ന ഘടകത്തിന്മേലാണ് മുഖ്യധാരാ സാമ്പത്തികശാസ്ത്രം അതിന്റെ അടിത്തറ രൂപകൽപന ചെയ്തിരിക്കുക. മുഖ്യധാരാ സാമ്പത്തിക ശാസ്ത്രത്തിന് എല്ലാറ്റിന്റെയും വില (Price) അറിയാം, പക്ഷേ ഒന്നിന്റെയും മൂല്യം (Value) അറിയില്ലയെന്നിടത്തുനിന്നുവേണം ബദൽ അന്വേഷണം തുടങ്ങാൻ. പുൽക്കൂട്ടിൽ ജനിച്ച യേശുദേവൻ, ആഡംബരത്തിൽ കഴിഞ്ഞ യഹൂദരാജാക്കന്മാരെയും പൗരോഹിത്യ വർഗത്തെയും നോക്കി ഉറക്കെപ്പറഞ്ഞു: ‘‘കുറുനരികൾക്കു കുഴികളുണ്ട്, പറവകൾക്ക് കൂടുകൾ ഉണ്ട്, പക്ഷേ മനുഷ്യപുത്രനോ തലചായ്പാനിടമില്ല’’ കഴുമരത്തിലാണ് തന്റെ അന്ത്യമെന്ന് ഉറപ്പിച്ചുകൊണ്ട് അവരെ ‘സർപ്പസന്തതികളെ’, ‘വെള്ളതേച്ച ശവക്കല്ലറകളെ’ എന്നൊക്കെ വിളിച്ചു പ്രകോപിപ്പിക്കാൻ ക്രിസ്തു മടികാണിച്ചില്ല.
ഞാനിത് പറയാനുള്ള കാരണം വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് പോലുള്ള എക്യുമിനിക്കൽ പ്രസ്ഥാനങ്ങൾക്ക് നിലവിലെ പ്രത്യയശാസ്ത്രങ്ങളെ ശക്തമായി വെല്ലുവിളിക്കാനോ ബദൽ സംസ്കാരങ്ങൾ വളർത്തിയെടുക്കാനോ കഴിയുന്നില്ല എന്ന് പറയാനാണ്. ഉദാഹരണത്തിന് 2012 സെപ്റ്റംബർ 29- ഒക്ടോബർ അഞ്ചുവരെ സാവോപൗലോയിൽ നടന്ന പുത്തൻ ആഗോള ധനകാര്യ സാമ്പത്തിക രൂപകൽപന (New Global Financial Architecture ) കാര്യമായി ഒന്നും പറയാതെ മനുഷ്യന്റെ ആർത്തിക്ക് പരിധികൾ ഉണ്ടാക്കണമെന്നു പറയുന്നു. ഒരുവക വാചാടോപ (rhetorical) ശൈലിയിൽ ദൈവശാസ്ത്രം (theology) നിരത്തി, പരിസ്ഥിതി നാശത്തിലെ അനീതി ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഇന്നത്തെ അധികാരശക്തിയും സാമ്പത്തികശക്തിയും ഇണചേർന്നുള്ള വ്യവസ്ഥിതിയുടെ മർമസ്ഥാനത്ത് സ്പർശിക്കുന്നില്ല.
ഇതിനൊക്കെ എത്രയോ വർഷങ്ങൾക്കുമുമ്പ് മഹാത്മാഗാന്ധി ലോകത്തോടു പറഞ്ഞു ‘‘ഈ ഭൂമിക്ക് എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള വിഭവങ്ങൾ ഉണ്ട്, പക്ഷേ, ഒരാളുടെപോലും ആർത്തി തീർക്കാനുള്ള വകയില്ലതാനും.’’ യഥാർഥത്തിലുള്ള ഒരു സാർവലൗകിക ഐക്യത്തിന്റെ വക്താക്കളാകുവാനാണല്ലോ ക്രിസ്തുവിന്റെ സ്നേഹവും, സൗഖ്യമാക്കുന്ന കൈകളെയും മുൻനിർത്തി എക്യുമിനിക്കൽ പ്രസ്ഥാനങ്ങൾ മുന്നോട്ടുവന്നിട്ടുള്ളത്. അവരുടെ പല സമ്മേളനങ്ങളുടെയും പ്രസ്താവനകളിൽ കണ്ണോടിക്കുമ്പോൾ നിലവിലെ അനീതികളെക്കുറിച്ചും ആത്മീയ തകർച്ചയെക്കുറിച്ചും അവർ മൗനം ദീക്ഷിക്കുന്നതായി തോന്നുന്നു.
ജീവന്റെ മഹത്വവത്കരണത്തെ തൃണവൽഗണിക്കുന്ന വർത്തമാന അധികാരശക്തികളുടെ മനംമാറ്റമല്ലേ വാസ്തവത്തിൽ മനുഷ്യരാശി നേരിടുന്ന പ്രശ്നം? ക്രിസ്തു പറഞ്ഞതുപോലെ സ്വന്തം കണ്ണിലെ കരട് എടുക്കാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാനുള്ള യത്നം വിജയിക്കാൻ വിഷമം. വാസ്തവത്തിൽ അടിമസമ്പ്രദായം മുതൽ, ഫ്യൂഡൽ വ്യവസ്ഥിതിയിലും ഇന്നത്തെ മുതലാളിത്തത്തിലും, എല്ലാ കമ്യൂണിസ്റ്റ് പരീക്ഷണങ്ങളിലും, അശക്തരെയും അബലരെയും കീഴ്പ്പെടുത്താനല്ലാതെ ജീവന്റെ മഹത്വവത്കരണം പ്രസക്തമായ ലക്ഷ്യമായി ആരും ഗൗരവമായി മുന്നോട്ടുവെക്കാത്തതെന്ത് എന്ന ചോദ്യം അവശേഷിക്കുന്നു.
എക്യുമിനിക്കൽ പ്രസ്ഥാനം മുന്നോട്ടുവെക്കുന്നത് മൊത്തം ക്രൈസ്തവ വിശ്വാസികളുടെ 31 ശതമാനത്തിലധികം വരാത്ത പ്രൊട്ടസ്റ്റന്റ് സമൂഹമാണ്. ഏതാണ്ട് 260 കോടി വരുന്ന ക്രൈസ്തവരുടെ 52 ശതമാനം പോപ്പിന്റെ കീഴിലുള്ള കത്തോലിക്ക വിശ്വാസികൾ ഏറക്കുറെ എക്യുമിനിസവുമായി അടുപ്പം പുലർത്തുന്നില്ല. എന്നാൽ, 2013ൽ അർജന്റീനയിലെ ആർച് ബിഷപ് സ്ഥാനത്തുനിന്ന് റോമിൽ മാർപാപ്പയായി അവരോധിക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ച എണ്ണമറ്റ നടപടികൾക്ക് ലോകത്തിന്റെ ചിന്താധാരയിലും നയങ്ങളിലും കുറെ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചുവെന്ന വസ്തുത വിസ്മരിക്കാനാവില്ല.
ക്രൈസ്തവ സമൂഹങ്ങൾക്ക് വിയോജിപ്പല്ല, സാഹോദര്യമാണ് വേണ്ടത് എന്ന് കാണിക്കാൻ പെന്തക്കോസ്തുസഭ മുതൽ റഷ്യൻ ഓർത്തഡോക്സ് സഭ വരെയുള്ള മേലധ്യക്ഷന്മാരുമായി അനുരഞ്ജനത്തിന്റെ ഹസ്തദാനവും ഒന്നിച്ചുള്ള പ്രാർഥനയും നടത്താൻ ഫ്രാൻസിസ് മാർപാപ്പ എടുത്ത മുൻകൈകൾ ചരിത്രത്തിൽ മുമ്പൊരിക്കലും നടന്നിട്ടില്ലാത്ത കാര്യമാണ്. കത്തോലിക്കാസഭ കാട്ടിയ ഒട്ടേറെ അനീതികൾക്ക് ഇന്നത്തെ തലമുറയോട് ക്ഷമ ചോദിച്ച് അദ്ദേഹം ക്രൈസ്തവ മൂല്യങ്ങൾക്ക് സാക്ഷിയായി. സ്വീകരിച്ച നടപടികളെക്കുറിച്ച് ‘‘അനുരഞ്ജിപ്പിക്കപ്പെട്ട വൈവിധ്യം’’ എന്നാണദ്ദേഹം വിശേഷിപ്പിച്ചത്. ഇതെല്ലാം തന്നെ എക്യുമെനിക്കൽ അടയാളപ്പെടുത്തലുകളാണ്. മറ്റു മതവിഭാഗങ്ങളുമായി അദ്ദേഹം സംവാദവും ഐക്യത്തിന്റെ പാലവും പണിതു. ഒരിക്കലും ഈ മാർപാപ്പയുടെ ദൗത്യം ജാടകൾ ആയിരുന്നില്ല. എന്റെ ശ്രദ്ധയിൽപ്പെട്ട ഒരുകാര്യം കൂടി സൂചിപ്പിക്കുകയാണ്. കുറച്ചുനാൾ മുമ്പ് രചനാത്മകമായ മാറ്റത്തിന് തന്നോടൊപ്പം പ്രവർത്തിക്കാൻ അദ്ദേഹം കുറെ യുവ സാമ്പത്തിക ശാസ്ത്രജ്ഞരെ വിളിച്ചുവരുത്തി സംസാരിച്ചു.
പിന്നീട്, 120 രാജ്യങ്ങളിൽ നിന്ന് വ്യവസായ സംരംഭകർ, സാമ്പത്തിക വിദഗ്ധർ, മാറ്റങ്ങൾ ആഗ്രഹിക്കുന്ന ചെറുപ്പക്കാർ തുടങ്ങി 1000 പേരെ അസ്സീസി എന്ന സ്ഥലത്ത് അദ്ദേഹം വിളിച്ചുചേർത്തു. അവസാന ദിവസം അവർ തയാറാക്കിയ ഒരു പ്രഖ്യാപനം ഒപ്പിട്ടശേഷം അവരുടെ നാടുകളിൽ മാറ്റങ്ങൾക്ക് വഴികാട്ടികളാവാൻ ആഹ്വാനം ചെയ്ത് തിരികെയയച്ചു. യുദ്ധമില്ലാത്ത, സമാധാനമുള്ള, ആയുധ വ്യാപാരമില്ലാത്ത, സൃഷ്ടിയെ കരുതലോടെ പരിപാലിക്കുന്ന, എല്ലാ മനുഷ്യരോടും പ്രത്യേകിച്ച്, സ്ത്രീകളോടും അശരണരോടും ആദരവുകാട്ടുന്ന, തള്ളിക്കളഞ്ഞ കല്ലിനെ മൂലക്കല്ലാക്കുന്ന, ധനം യഥാർഥ സമ്പദ്ഘടനയുടെ സഹായി മാത്രമായി പ്രവർത്തിക്കുന്ന, എല്ലാ സംസ്കാരങ്ങളെയും തുല്യമായി കാണുന്ന ക്രിസ്തുവിനോടും ഫ്രാൻസിസ് ഓഫ് അസ്സീസിയോടും ചേർന്ന് ദരിദ്രരായവർ ഭാഗ്യവാന്മാരാണെന്നു ഉറക്കെപ്പറയുന്ന, സമ്പത്തിന്റെ ഉൽപാദനവും വിതരണവും എല്ലാവർക്കും വേണ്ടിയുള്ള പ്രവൃത്തിയാണെന്നും അസമത്വം ഇല്ലാത്തതുമായ സമ്പദ്വ്യവസ്ഥക്ക് വേണ്ടിയാണ് അവർ പ്രതിജ്ഞയെടുത്തത്.
തനിക്ക് സ്വാധീനിക്കാവുന്ന ഒരു യുവതയെ മാറ്റത്തിന്റെ ഉപകരണമാക്കാനുള്ള ഈ പ്രതിരൂപാത്മക പ്രവർത്തനം ഒന്നും വരുത്തിയില്ലെങ്കിൽപ്പോലും ഒരു വലിയ സന്ദേശമാണ് ലോകസമക്ഷം മുന്നോട്ടുവെച്ചത്. ആത്യന്ത വിശകലനത്തിൽ നിസ്സാര കാര്യങ്ങൾക്കുവേണ്ടി തമ്മിൽ അകൽച്ചയും വെറുപ്പും കൂസലില്ലാതെ പ്രകടമാക്കുന്നു. അജയ്യമായി വാഴുന്ന അനീതികളെ തിരുത്തിക്കുറിക്കാതെ മതങ്ങൾക്ക് അനീതിയും ചൂഷണവും അസമത്വവും നിർലജ്ജം സാധൂകരിക്കുന്ന വർത്തമാന യാഥാർഥ്യത്തെ വെല്ലുവിളിക്കാനാവില്ല.
മണിക്കൂറുകൾകൊണ്ട് ലോകത്തെ മുഴുവൻ ഭസ്മീകരിക്കാൻ ശേഷിയുള്ള ആറ്റംബോംബ് ശേഖരത്തിന്റെ പിൻബലത്തിൽ പൈശാചിക ദ്രംഷ്ട്ര കാട്ടുന്ന മനുഷ്യർ സത്യം പറഞ്ഞാൽ തനി മണ്ടന്മാരാണ്. സമുദ്രപരപ്പിൽ പോർകപ്പലുകളും അന്തരീക്ഷത്തിൽ പോർ വിമാനങ്ങളും ചീറിപ്പറത്തി ശക്തി വിളംബരം ചെയ്യുമ്പോൾ സ്വയം നശിപ്പിക്കുന്ന കാർബൺ കൂമ്പാരവും ഭീതിയും വർധിപ്പിക്കുകയാണ്. അതേ സമയം ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ അന്യവത്കരിക്കപ്പെട്ടും, നല്ല ഭക്ഷണത്തിനും കുടിവെള്ളത്തിനും വിദ്യാഭ്യാസത്തിനും കരുതലിനും സ്നേഹത്തിനും വേണ്ടി നിലവിളിക്കുന്നു.
പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുന്നതിലും ആശുപത്രിക്കുമേൽപോലും ബോംബിടുന്നതിനും കുറ്റബോധം പോലുമില്ലാതെ ഗർജിക്കുന്ന കാഴ്ച വർത്തമാന ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെയും ആത്മീയതയുമെല്ലാം പ്രതിക്കൂട്ടിൽ നിർത്തുന്നു. വസുധൈവ കുടുംബകം അതിന്റെ ആത്മപ്രകാശവും അർഥതലവും നിർവചിക്കേണ്ട സന്ദർഭത്തിലാണ് ഇന്ത്യ. ആധുനിക ലോകത്ത് എക്യുമിനിസത്തിന് പ്രസക്തി എത്രകണ്ട് ഉണ്ട്? ഫ്രാൻസിസ് മാർപാപ്പയുടെ ഉദ്യമങ്ങൾക്ക് എങ്ങനെ ഊർജം പകരാം? കാലഹരണപ്പെട്ട ഐക്യരാഷ്ട്ര സഭയും; കമ്പോളത്തിനും ലാഭക്കൊതിക്കും ചൂട്ടുപിടിക്കുന്ന ലോകബാങ്കും, അന്തർദേശീയ നാണ്യനിധിയും എത്രകാലം മനുഷ്യരാശിയെ കബളിപ്പിക്കും? അന്താരാഷ്ട്ര വിപണിയിൽ ഡോളർ വ്യാപാര മാധ്യമം മാത്രമല്ല, രണ്ടാം ലോക യുദ്ധശേഷം വ്യക്തികളുടെയും കമ്പനികളുടെയും രാജ്യങ്ങളുടെയും കേന്ദ്രബാങ്കുകളുടെയും മറ്റും കരുതൽ ശേഖരമാക്കുന്നു എന്ന ചോദ്യം പ്രസ്ക്തമെങ്കിലും, അത്തരം ബദൽ അന്വേഷണത്തെക്കുറിച്ചുകൂടി ആലോചിക്കാൻ അന്താരാഷ്ട്ര ഏജൻസികൾ മുന്നോട്ടുവരാത്തത് എന്തുകൊണ്ട് തുടങ്ങി അനേകം വിഷയങ്ങളെ നാം അഭിമുഖീകരിക്കുന്നില്ല.
ആർത്തിയും വിനിമയ മൂല്യവും മാത്രം ആശ്രയിച്ചു സ്വന്തം കുമ്പ വീർപ്പിക്കുന്ന ഒരു ശതമാനം പേർ 99 ശതമാനത്തിന്റെ ഭാഗധേയം സൃഷ്ടിക്കുന്ന ഇന്നിന്റെ നീതിമത്കരണം നടത്തുന്ന സാമ്പത്തിക ശാസ്ത്രവും ആത്മീയതയും ചോദ്യം ചെയ്യാതെ പോയാൽ നാം എവിടെ എത്തും? ഈ അന്വേഷണം വിവേകത്തിന്റെ പാത മാത്രമാണ്. അവിടെയാണ് വസുധൈവ കുടുംബകം, എക്യൂമിനിസം, ആഫ്രിക്കൻ ഉബുണ്ടു തുടങ്ങിയ ആശയങ്ങൾ ജീവനും രക്തവും ആർജിച്ച് മാനവരാശിക്ക് മാർഗദീപം കാട്ടേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.