ട്രംപ് ഭരണത്തിലെ ടെക് പ്രഭു സാമ്രാജ്യം

ട്രംപ് ഭരണത്തിലെ ടെക് പ്രഭു സാമ്രാജ്യം

‘അതിരുകടന്ന സമ്പത്തും അധികാരവും സ്വാധീനവുമുള്ള ഒരു പ്രഭുവർഗം (Oligarchs) അമേരിക്കയിൽ രൂപപ്പെടുകയാണ്. നമ്മുടെ ജനാധിപത്യത്തെയും അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഭീഷണിപ്പെടുത്തുന്നവരാണിവര്‍’-മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ വിടവാങ്ങൽ പ്രസംഗത്തിൽ നൽകിയ മുന്നറിയിപ്പാണിത്. പിന്നാലെ നടന്ന ഡോണൾഡ് ട്രംപിന്റെ സ്ഥാനമേൽക്കൽ ചടങ്ങിൽ ഗൂഗിൾ, മെറ്റ, ആമസോണ്‍, ടെസ്ല തുടങ്ങിയ ടെക്നോളജി കമ്പനികളുടെ സി.ഇ.ഒമാരുടെ സാന്നിധ്യം ലോകശ്രദ്ധ നേടിയിരുന്നു. ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയ അമേരിക്കന്‍ പ്രഭുവലയം, ട്രംപിന് ചുറ്റുമുള്ള ടെക്നോളജി പ്രഭുക്കളുടേതാണെന്നാണ് (Tech Oligarchs) ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

2025ൽ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പും ശേഷവും; ഇലന്‍ മസ്ക് അടക്കമുള്ള ടെക്നോളജി മേധാവികള്‍ ട്രംപിന് പിന്തുണയും മില്യണ്‍ കണക്കിന് ഡോളര്‍ സംഭാവനയും നൽകിയിരുന്നു. ട്രംപിന്റെയും ടെക്നോളജി ഭീമന്മാരുടെയും മുതലാളിത്ത താൽപര്യങ്ങളും ലോകത്തിന്റെ മേധാവിത്വവുമായിരുന്നു ഈ പരസ്പര സഹകരണത്തിന്റെ പ്രേരകശക്തി. പരിധിവിട്ട കോർപറേറ്റ് തന്ത്രങ്ങൾ തടയാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ നിയമനിർമാണങ്ങളും നിയന്ത്രണങ്ങളും ഇല്ലാതാക്കാനുള്ള സാധ്യത എന്ന നിലയിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടെക് കമ്പനികള്‍ ട്രംപിനെ കണ്ടത്.

നിർമിതബുദ്ധി, ബഹിരാകാശ ഗവേഷണം, റോബോട്ടിക്സ്, സ്വയം നിയന്ത്രിത ആയുധങ്ങൾ, ബയോസയൻസ് തുടങ്ങിയ ഭാവി സംരംഭങ്ങൾക്ക് ഗവൺമെന്റ് കരാറുകളും കുത്തക വിരുദ്ധ നിയമങ്ങളില്‍നിന്ന് ഇളവും ലഭിക്കുമെന്ന പ്രതീക്ഷയിൽ അവർ ട്രംപിന് വേണ്ടിയുള്ള പ്രചാരണം ഏറ്റെടുത്തിരുന്നു. സർക്കാറിന്റെ ഇടപെടലുകളും ആന്റി-ട്രസ്റ്റ് നിയമങ്ങളും കുറക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തതിലൂടെ, അവർക്ക് തങ്ങളുടെ വ്യവസായ സാമ്രാജ്യങ്ങളെ നിയന്ത്രണങ്ങളില്ലാതെ വികസിപ്പിക്കാനുള്ള സാധ്യത തുറന്നുവെക്കപ്പെട്ടു. ടെക് ഭീമന്മാരുടെ ഈ പിന്തുണ സോഷ്യല്‍ മീഡിയയിലും പുറത്തും ട്രംപിനെ സാങ്കേതിക പുരോഗതിയുടെയും സാമ്പത്തിക വളർച്ചയുടെയും ജേതാവായി അടയാളപ്പെടുത്താൻ സഹായിച്ചു. ഭാവിയിലെ സാങ്കേതികവിദ്യകളിൽ മേധാവിത്വം പുലര്‍ത്തുന്നത്തിനുള്ള ട്രംപിന്റെയും ടെക്നോളജി പ്രഭുക്കളുടെയും ബാന്ധവത്തിന്റെ ഫലമായിരുന്നു രണ്ടാം ട്രംപ് ഭരണകൂടം.

അവിശുദ്ധ ചങ്ങാത്തം

ദേശീയ സുരക്ഷമുതൽ പൊതുജനാരോഗ്യംവരെ സകല മേഖലകളിലും എ.ഐയുടെ വിനാശകരമായ പ്രത്യാഘാതങ്ങളെ തടയുന്നതിനും സുസ്ഥിരവും സുരക്ഷിതവും സമതുലിതവുമായ വളർച്ചയെ ഉറപ്പാക്കുന്നതിനും മുൻ പ്രസിഡന്റ് ജോ ബൈഡന്‍ പുറത്തിറക്കിയ ഉത്തരവ്, അധികാരമേറ്റ ആദ്യദിവസം തന്നെ ട്രംപ് റദ്ദാക്കിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ നിര്‍മിതബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള സ്റ്റാര്‍ഗേറ്റ് (Stargate) എന്ന 500 ബില്യണ്‍ ഡോളറിന്റെ മെഗാ പ്രോജക്റ്റ് പ്രഖ്യാപിക്കുകയുമുണ്ടായി.

എ.ഐ സമ്പദ് വ്യവസ്ഥയില്‍ യു.എസ് ആധിപത്യം ഉറപ്പാക്കുന്നതിൽ ലക്ഷ്യമിട്ടിരിക്കുന്ന ഈ പദ്ധതി, അമേരിക്കന്‍ ടെക്നോളജി കമ്പനിയായ ഓപണ്‍ എ.ഐ, ഒറാക്കില്‍, ജാപ്പനീസ് ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിയായ സോഫ്റ്റ് ബാങ്ക് തുടങ്ങിയ പ്രമുഖ കമ്പനികളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. പദ്ധതിയില്‍ അമേരിക്കന്‍ ഭരണകൂടം സാമ്പത്തിക പങ്കാളിത്തം വാഗ്ദാനം ചെയ്തിട്ടില്ലെങ്കിലും ടെക്നോളജി കമ്പനികള്‍ക്കുവേണ്ടി ട്രംപ് തന്നെയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. കമ്പ്യൂട്ടര്‍ വിപ്ലവത്തിന്റെ ആദ്യ കാലങ്ങളില്‍ ടെക്‌സാസില്‍ സ്ഥാപിതമായ സെമാറ്റെക് കമ്പനി യു.എസിന്റെ സെമികണ്ടക്ടർ വ്യവസായത്തിന് അടിത്തറ പാകിയതുപോലെ സ്റ്റാർഗേറ്റ് അവരുടെ ദീർഘകാല എ.ഐ നേതൃപങ്കിനെ ഉറപ്പാക്കാനുള്ള ശ്രമമാണ്.

സ്റ്റാര്‍ഗേറ്റ് ഒരു എ‌.ഐ പദ്ധതി എന്ന നിലക്കാണ് പ്രഖ്യാപിക്കപ്പെട്ടതെങ്കിലും ‘അമേരിക്കയെ വീണ്ടും ശക്തരാക്കുക’ (Make America Great Again) എന്ന മേധാവിത്വത്തിന്‍റെയും അധിനിവേശത്തിന്‍റെയും ആശയത്തിന് സാങ്കേതികവിദ്യയും സൈനിക ശക്തിയും സംയോജിപ്പിക്കുന്ന സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്. സ്പേസ്എക്സ്, ആമസോൺ, മെറ്റ, ഒറാക്കില്‍ തുടങ്ങിയ കമ്പനികളെ ഉപയോഗപ്പെടുത്തി എ.ഐ അതിഷ്ഠിത സൈനിക സാങ്കേതികവിദ്യകൾ, യുദ്ധ ഉപകരണങ്ങൾ, ഉപഗ്രഹ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങള്‍, യുദ്ധങ്ങളിലും മറ്റുമുള്ള തല്‍സമയ ഡാറ്റാ അനലിറ്റിക്സ് എന്നിവയുടെ ഗവേഷണവും നിര്‍മാണവും ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി. അഞ്ച് വര്‍ഷം കൊണ്ട് ഒരുലക്ഷം തൊഴിലുകള്‍ ഇതിലൂടെ ലഭ്യമാക്കുമെന്ന് കണക്കാക്കപ്പെടുന്നു. നിർമിതബുദ്ധിയുടെ അടിസ്ഥാനമായ ഡാറ്റാ മേധാവിത്വവും ടെക്നോളജി മേധാവിത്വവും അമേരിക്കന്‍ കമ്പനികള്‍ക്ക് വന്നുചേരുന്നതിലൂടെ ആഗോളതലത്തില്‍തന്നെ ആയുധ മേഖലകളിലടക്കം മേധാവിത്വം സാധ്യമാക്കി ആഗോളവരുമാനത്തിന്റെ വലിയ ഒരുഭാഗം നേടുകയാണ് ട്രംപിന്റെ ഉന്നം.

ലോകം കീഴടക്കാനുള്ള അമേരിക്കൻ ചൂതാട്ടം എന്നാണ് സ്റ്റാർഗേറ്റ് പ്രോജക്റ്റിനെ ഫോർബ്സ് വിശേഷിപ്പിച്ചത്. ട്രംപ് ഭരണകൂടത്തിന്റെ ‘അമേരിക്ക ആദ്യം’ എന്ന വംശീയ മേധാവിത്വ ആശയത്തിന് സാങ്കേതികവിദ്യയെ ആയുധമാക്കുകയാണ് പുതിയ ഭരണകൂടം. നിർമിത ബുദ്ധിയുടെയും സാങ്കേതിക വിപ്ലവത്തിന്റെയും സാധ്യതകൾ ഉപയോഗപ്പെടുത്തി ലോകത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ ഘടനകളെ നിയന്ത്രിച്ച് മേധാവിത്വം പുലർത്തുന്ന നയങ്ങള്‍ സാങ്കേതിക സാമ്രാജ്യത്വത്തിലേക്കും (Technological Imperialism) ഡിജിറ്റൽ കൊളോണിയലിസത്തിലേക്കുമാണ് (Digital Colonialism) ലോകത്തെ നയിക്കുക.

ചൈനീസ് വെല്ലുവിളികള്‍

ഇന്ത്യ അടക്കം ലോകത്തിലെ ബഹുഭൂരിഭാഗം രാജ്യങ്ങളും അമേരിക്കന്‍ സാങ്കേതികവിദ്യയെയാണ് നിലവില്‍ ആശ്രയിക്കുന്നത്. ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, അസൂര്‍ ഉള്‍പ്പെടെയുള്ള ലോകത്തിലെ എഴുപത് ശതമാനം ഡാറ്റ സെർവറുകളും ആമേരിക്കന്‍ നിയന്ത്രണത്തിലാണ്. ഈ ഡാറ്റ വഴി അമേരിക്കക്ക് എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക-സാമൂഹ്യ-സൈനിക പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഉപയോഗിക്കാൻ കഴിയും. അമേരിക്കന്‍ ഭരണകൂടം ഈ കമ്പനികളുടെ ആഗോള ആധിപത്യത്തെ പ്രോത്സാഹിപ്പിക്കുകയും അവയുടെ ഡാറ്റ അവരുടെ ലോക മേധാവിത്വ താല്‍പര്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

മറുഭാഗത്ത് നിർമിതബുദ്ധി മേഖലയിൽ ചൈന ലോകത്തെ മറ്റൊരു ജേതാവായി മാറിക്കൊണ്ടിരിക്കുകയാണ്. ഫേഷ്യൽ റെക്കഗ് നിഷൻ, സ്വയം നിയന്ത്രിത വാഹനങ്ങൾ, ബിഗ് ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിൽ ചൈനയുടെ സ്ഥാനം അമേരിക്കയോടൊപ്പമാണ്. ചാറ്റ് ജി.പി.ടിക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ചുരുങ്ങിയ മൂലധനം കൊണ്ട് ചൈനീസ് സ്റ്റാർട്ടപ് പുറത്തിറക്കിയ ഡീപ് സീക്ക് (DeepSeek) പ്ലാറ്റ്ഫോം കുറഞ്ഞ ചെലവിൽ കാര്യക്ഷമമായ എ.ഐ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. അമേരിക്കൻ ടെക് ഭീമന്മാർ ബില്യൺ ഡോളറുകള്‍ ചെലവഴിച്ച സ്ഥാനത്ത് വെറും ആറ് ദശലക്ഷം മാത്രം ചെലവിട്ട് സാധ്യമാക്കിയ ഡീപ്പ് സീക് ചാറ്റ് ജി.പി.ടിയെ മറികടന്ന് ആപ്പിൾ സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനായി മാറി. ഈ മുന്നേറ്റം അമേരിക്കന്‍ ചിപ് നിർമാതാക്കളെ ബാധിക്കുകയും അമേരിക്കൻ ടെക് സ്റ്റോക്കുകളിൽ വൻ നഷ്ടം വരുത്തുകയും ചെയ്തു.

ടെക്നോളജിയും ഡാറ്റയും അധിഷ്ഠിതമായ പുതിയ ലോകത്തിന്റെ മേധാവിത്വത്തിനുവേണ്ടി ചൈനയും അമേരിക്കയും തമ്മിൽ തുടരുന്ന മത്സരം ഇന്ന് സാങ്കേതിക മേഖലയിലെ ശീതയുദ്ധമായി (Technology Cold War) മാറിയിരിക്കുന്നു. ഒന്നാം ട്രംപ് ഭരണകൂടം ചൈനയുടെ ടിക് ടോക്, ഹുവാവി എന്നിവയെ ‘ക്ലീൻ നെറ്റ് വർക്’ പദ്ധതി വഴി നിരോധിച്ചിരുന്നു. എന്നാല്‍, ടിക്‌ ടോക് സ്വന്തമാക്കുന്നതിനായി മൈക്രോസോഫ്റ്റ് ചർച്ചകൾ നടത്തുകയാണെന്നാണ് ട്രംപ് നടത്തിയ വെളിപ്പെടുത്തൽ. 5ജി, നിർമിതബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ്, സൈബര്‍ സുരക്ഷ എന്നിവക്കായി സ്വതന്ത്രമായ സംവിധാനങ്ങള്‍ രൂപവത്കരിക്കുകയും ടെക്നോളജി മേഖലയില്‍ മേധാവിത്വം നേടുകയുമാണ് ചൈന. 2030ഓടെ എ.ഐ മേഖലയിലും സൈനിക പദ്ധതികളിലും ലോക ജേതാവാകാനുള്ള ചൈനയുടെ താൽപര്യങ്ങളെ മറികടക്കാനുള്ളതാണ് ചൈനീസ് ഉൽപന്നങ്ങൾക്ക് ഏര്‍പ്പെടുത്തിയ ഇറക്കുമതി നികുതികളും സ്റ്റാര്‍ഗേറ്റ് പോലുള്ള പദ്ധതികളും. അമേരിക്കൻ നിയന്ത്രണങ്ങൾ ചൈനയുടെ സാങ്കേതിക പുരോഗതിയെ മന്ദഗതിയിലാക്കുന്നതിന് സഹായിച്ചെങ്കിലും ഈ മേഖലയിലെ ചൈനയുടെ വൻ നിക്ഷേപങ്ങൾ ‘അമേരിക്ക ഫസ്റ്റ്’ എന്ന ആശയത്തിന് വെല്ലുവിളിയായി തുടരുന്നു.

വന്‍ശക്തികള്‍ ലോകത്തെ ഒരു സാങ്കേതിക-സൈനിക സാമ്രാജ്യത്വ യുഗത്തിലേക്ക് നയിക്കുകയാണ്. അമേരിക്കയും ചൈനയും തമ്മിലെ സാങ്കേതിക ശീതയുദ്ധം വെറും സാമ്പത്തിക മത്സരമല്ല, ഭാവിയിലെ രാഷ്ട്രീയ, സാമ്പത്തിക മേഖലയിലെ അധീശത്വത്തിനും ഡിജിറ്റൽ കോളനിവത്കരണത്തിനുമുള്ളതാണ്. ഡാറ്റയും റോബട്ടുകളും നിയന്ത്രിക്കുന്ന നാളെയുടെ ലോകത്ത് തീവ്ര ദേശീയതയുടെയും വംശീയതയുടെയും അടിത്തറകളില്‍ പടുത്തുയര്‍ത്തിയ ഭരണകൂടങ്ങള്‍, കോര്‍പറേറ്റ് പ്രഭുക്കളോട് ചേര്‍ന്ന് ഡിജിറ്റൽ കാപ്പിറ്റലിസത്തിന്‍റെ സാമ്രാജ്യങ്ങള്‍ സൃഷ്ടിക്കുന്നു. സാങ്കേതിക പുരോഗതിയുടെ പ്രയോജനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം അതിന്റെ അപകടകരമായ വശങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ അനിവാര്യമാണ്.

Arshad.el@gmail.com

Tags:    
News Summary - Trump administration period and Oligarchs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.