ബജറ്റിനു മുന്നോടിയായി രാഷ്ട്രപതി ഭവനിലെത്തിയ ധനമന്ത്രി നിർമല സീതാരാമൻ, രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ‘ദഹി ചീനി’ സ്വീകരിക്കുന്നു
നാലുദിവസങ്ങൾക്കകം ബൂത്തിലേക്ക് നീങ്ങുന്ന ഡൽഹിയിലെ മധ്യവർഗ വോട്ടർമാരെയടക്കം അമ്പരപ്പിച്ച ആദായ നികുതി ഇളവുകൊണ്ടും അതുകഴിഞ്ഞ് തെരഞ്ഞെടുപ്പ് വരുന്ന ബിഹാറിന് പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചും സ്വന്തം മണ്ണുറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ബജറ്റ്.
‘ഒരു രാജ്യമെന്നത് അതിലെ മണ്ണല്ല, രാജ്യമെന്നത് അതിലെ ജനങ്ങളാണ്’ എന്ന, പ്രമുഖ തെലുഗുകവി ഗുറജഡ അപ്പ റാവുവിന്റെ വരികൾ ചൊല്ലി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച നരേന്ദ്ര മോദി സർക്കാറിന്റെ 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ മുഴച്ചുനിന്നത് സ്വന്തം മണ്ണും മധ്യവർഗവും. നാലുദിവസങ്ങൾക്കകം ബൂത്തിലേക്ക് നീങ്ങുന്ന ഡൽഹിയിലെ മധ്യവർഗ വോട്ടർമാരെയടക്കം അമ്പരപ്പിച്ച ആദായ നികുതി ഇളവുകൊണ്ടും അതുകഴിഞ്ഞ് തെരഞ്ഞെടുപ്പ് വരുന്ന ബിഹാറിന് പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചും സ്വന്തം മണ്ണുറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ബജറ്റ്.
ആദായ നികുതി ഇളവിന്റെ പ്രയോജനം കിട്ടുന്ന 2.5 കോടി നികുതിദായകർക്കും ബിഹാറിലെ 6.5 കോടി വോട്ടർമാർക്കും മാത്രം സന്തോഷിക്കാവുന്ന, മറ്റൊരു ഇന്ത്യക്കാരനും ഒന്നുമില്ലാത്തതാണ് ബജറ്റെന്ന് പ്രതിപക്ഷം വിമർശിക്കുന്നതും അതുകൊണ്ടുതന്നെ. എന്നാൽ ഒരു ദരിദ്രൻ പോലുമില്ലാത്ത, 100 ശതമാനത്തിനും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്ന, എല്ലാവർക്കും താങ്ങാവുന്ന ചെലവിൽ ഉയർന്ന നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്ന, 70 ശതമാനം സ്ത്രീകളും സാമ്പത്തിക പ്രവൃത്തികളിലേർപ്പെടുന്ന, വൈദഗ്ധ്യ തൊഴിലുകളറിയുന്ന എല്ലാവർക്കും ജോലി കിട്ടുന്ന, രാജ്യത്തെ ലോകത്തിന്റെ ഭക്ഷ്യസഞ്ചിയായി കർഷകർ മാറ്റുന്ന ഒരു വികസിത ഇന്ത്യ 2047ൽ യാഥാർഥ്യമാക്കാനുള്ള യാത്രയിൽ ദരിദ്രരും യുവാക്കളും സ്ത്രീകളുമാണ് ഈ ബജറ്റിന്റെ ഫോക്കസ് എന്നാണ് ധനമന്ത്രി പറഞ്ഞത്.
രാജ്യത്തിന്റെ വളർച്ച താഴോട്ടാണെന്ന സാമ്പത്തികാവലോകന റിപ്പോർട്ടിന് പിന്നാലെയാണ് ഒരു ലക്ഷം കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കി ബി.ജെ.പിയുടെ വോട്ടുബാങ്കായ മധ്യവർഗത്തെ ആദായ നികുതി ഇളവിലൂടെ ബജറ്റിൽ പ്രീതിപ്പെടുത്തുന്നത്. ബജറ്റിലെ ആദായ നികുതി പരിധി ഏഴുലക്ഷത്തിൽ നിന്ന് 12 ലക്ഷമാക്കി ഉയർത്തിയതിന്റെ പ്രയോജനം മാത്രം ഒരു കോടി ജനങ്ങൾക്ക് ലഭിക്കുമെന്നാണ് മന്ത്രിയും ധനകാര്യ സെക്രട്ടറിയും പറഞ്ഞത്. അതിന് പുറമെയാണ് വിവിധ സ്ലാബുകളിൽ നൽകിയ നികുതിയിളവ്. എല്ലാം കൂടി 2.5 കോടി നികുതി ദായകരാണ് ആദായ നികുതി ഇളവിന്റെ മൊത്തം ഗുണഭോക്താക്കൾ. കേവലം തെരഞ്ഞെടുപ്പ് കണ്ടുള്ള പ്രഖ്യാപനമെന്ന് പലരുമിതിനെ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ നിർമലയും സെക്രട്ടറിയും ഈ പണമത്രയും ജനങ്ങൾ വിപണിയിൽ ചെലവഴിക്കുമ്പോൾ അത് സമ്പദ്ഘടനക്ക് കരുത്തേകുമെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ, അമ്പരപ്പിച്ച ഈ ആദായ നികുതി പരിധി ഉയർത്തലിലൂടെ ഖജനാവിൽ കുറവുവരുന്ന ഒരു ലക്ഷം കോടി രൂപ എവിടെ നിന്ന് കണ്ടെത്തുമെന്ന ചോദ്യത്തിന് ഇരുവരും മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
കാലങ്ങളായി തങ്ങൾക്ക് പ്രത്യേക പാക്കേജ് ചോദിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളാണ് ബിഹാറും ആന്ധ്രപ്രദേശും. നരേന്ദ്ര മോദിക്ക് മൂന്നാമതും കേന്ദ്ര ഭരണം സാധ്യമാക്കിയ പ്രധാന ഘടകകക്ഷികളായ ജനതാദൾ യുവും തെലുഗുദേശവും ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഇതിൽ കഴിഞ്ഞ തവണത്തേതുപോലെ ബിഹാറിന് വാരിക്കോരി കൊടുത്തപ്പോൾ ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ കേട്ട രണ്ടുവരി തെലുഗു കവിതയല്ലാതെ ആന്ധ്രപ്രദേശിന് മറ്റൊരു പരിഗണനയും ലഭിച്ചില്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ 6.5 കോടി വോട്ടർമാരിൽ ബി.ജെ.പിക്ക് മണ്ണുറപ്പിക്കാനായിരുന്നു ഔചിത്യത്തിന്റെ പരിധികൾ പോലും കടന്നുള്ള ബിഹാർ പദ്ധതി പ്രഖ്യാപനങ്ങൾ. ബിഹാറിൽ സ്വന്തം മണ്ണുറപ്പിക്കുകയാണ് ലക്ഷ്യമെങ്കിൽ ഡൽഹിയിൽ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കാലിനടിയിൽനിന്ന് ഒലിച്ചുപോകുന്ന മണ്ണ് ഇത്തവണയെങ്കിലും തിരിച്ചുപിടിക്കണമെന്നാണ് ബി.ജെ.പി മോഹം. ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കുവന്ന്, മഹാലക്ഷ്മി നിങ്ങളുടെ വീടുകളിലെത്തുമെന്ന് പറഞ്ഞപ്പോൾത്തന്നെ ആദായ നികുതി പരിധി ഉയർത്തുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. എന്നിരുന്നാലും ഏഴു ലക്ഷത്തിൽനിന്ന് എട്ടോ ഒമ്പതോ പരമാവധി പത്തോ ലക്ഷമായി ഉയർത്തുമെന്ന് പ്രതീക്ഷിച്ച ഭരണപക്ഷത്തെ പോലും ഞെട്ടിച്ചതായി 12 ലക്ഷം വരെ ഇനി ആദായ നികുതിയില്ല എന്ന പ്രഖ്യാപനം.
വികസനത്തിന്റെ നാല് എൻജിനുകളായി കൃഷി, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, നിക്ഷേപം, കയറ്റുമതി എന്നിവയെ കണ്ട് ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ആദ്യം പറഞ്ഞതും ഏറെ ഊന്നിയതും കാർഷിക മേഖലയിലായിരുന്നു. 100 ജില്ലകളിൽ ‘പ്രധാനമന്ത്രി ധാൻ ധാന്യകൃഷി യോജന, പയറുവർഗങ്ങളിലെ ആത്മനിർഭരത, പഴങ്ങൾക്കും പച്ചക്കറികൾക്കും സമഗ്ര പദ്ധതി, യുവ കർഷകരടക്കം ഗ്രാമീണ മേഖലക്ക് വായ്പാ സഹായത്തോടെ പ്രത്യേക പരിപാടി, മഖാന കർഷകർക്കായി ബിഹാറിൽ മഖാന ബോർഡ്, വിത്തുകൾക്കായി ദേശീയ മിഷൻ എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. കാർഷിക മേഖലയിൽ എന്തെല്ലാം ചെയ്തുവെന്ന് വരുത്തിയിട്ടും കർഷകരുടെ രോഷം തണുപ്പിക്കാനാകാത്ത സാഹചര്യത്തിലാണ് ഈ നീക്കം. പരമ്പരാഗത രീതിയിൽ നിന്നും വ്യത്യസ്തമാണ് കാർഷിക മേഖലയിലെ ഊന്നൽ. അതുപോലെ തൊഴിലിനായി പുതിയ മേച്ചിൽപുറങ്ങൾ തേടുന്നുമുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോം തൊഴിലാളികളെയും ഗിഗ് തൊഴിലാളികളെയും ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്യിച്ച് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നത് അതിനാണ്.
സാമ്പത്തിക പരിഷ്കാരങ്ങളിൽ ഇനിയൊരു വിട്ടുവീഴ്ചയുമില്ലെന്ന പ്രഖ്യാപനമാണ് ആണവ നിലയങ്ങളിലെ സ്വകാര്യ പങ്കാളിത്തവും ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപവും. സൗരോർജവും കാറ്റിൽ നിന്നുള്ള വൈദ്യുതിയുമടക്കമുള്ള പരിസ്ഥിതി സൗഹൃദമായ പാരമ്പര്യേതര ഊർജോൽപാദനം തുടരുമ്പോൾത്തന്നെ ആണവ റിയാക്ടറുകൾ സ്വകാര്യപങ്കാളിത്തത്തോടെ സ്ഥാപിക്കേണ്ടതുണ്ടെന്നാണ് സർക്കാർ നിലപാടെന്നാണ് നിർമല വ്യക്തമാക്കിയത്.
ബിഹാറും അസമും ഒഴികെ മറ്റു സംസ്ഥാനങ്ങളുടെ പേരുകൾ കേൾക്കാതിരുന്ന ബജറ്റിൽ പറയാതെ മറഞ്ഞുകിടക്കുന്ന പലതുമുണ്ട്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും പട്ടികജാതി പട്ടിക വർഗങ്ങൾക്കും മറ്റുപിന്നാക്ക ജാതികൾക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള വിവിധ പദ്ധതികളിൽ കോടികളുടെ കുറവ് വരുത്തിയെന്ന് വ്യക്തമാക്കുന്നതാണ് ബജറ്റ്. മുൻബജറ്റുകളിൽ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതികൾക്ക് ബജറ്റ് വിഹിതം വളരെ കുറച്ചതും ശ്രദ്ധേയമാണ്. ഇതിനാവശ്യമായ ഫണ്ടില്ലാത്തതാണോ ഇതിന് പ്രാമുഖ്യമില്ലാതായതാണോ എന്ന ചോദ്യമാണ് ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.